Jeevithavijayam
4/28/2017
    
ദൈവത്തിന്റെ ഷൂസ് പോളിഷ് ചെയ്യാൻ
മതകാര്യങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള ആളായിരുന്നു മൻസൂർ. ഒരിക്കൽ അദ്ദേഹം ഒരു ആട്ടിടയൻ പ്രാർഥിക്കുന്നതു കേൾക്കാനിടയായി. ഇപ്രകാരമായിരുന്നു ആട്ടിടയന്റെ പ്രാർഥന: ‘ദൈവമേ, അങ്ങ് എവിടെയാണ്? അങ്ങയെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ മുടി ഞാൻ ചീകിത്തരാം. അങ്ങയുടെ ഷൂസ് ഞാൻ പോളിഷ് ചെയ്യാം. അങ്ങയുടെ വസ്ത്രങ്ങൾ ഞാൻ അലക്കിത്തരാം.’

‘അങ്ങേയ്ക്കു ഞാൻ പാൽ കൊണ്ടുവന്നുതരാം. എന്റെ ആടുകളെല്ലാം അങ്ങയുടേതാണ്. അങ്ങയുടെ താമസസ്‌ഥലം ഞാൻ അടിച്ചുവൃത്തിയാക്കിത്തരാം. അങ്ങ് എപ്പോഴാണ് ഉറങ്ങാൻ പോകുന്നത്? അതിനു മുമ്പായി അങ്ങയുടെ കാലുകളിലും കൈകളിലും ഞാൻ മുത്തം നൽകാം.’ ആട്ടിടയന്റെ പ്രാർഥന ഈ രീതിയിൽ പുരോഗമിക്കുമ്പോൾ മൻസൂറിനു ദേഷ്യം വന്നു. ‘നിങ്ങൾ ആരോടാണ് ഇങ്ങനെ സംസാരിക്കുന്നത്?’ അദ്ദേഹം ആട്ടിടയനോട് ചോദിച്ചു. ‘നമ്മെയും ഈ ഭൂമിയേയും അതിലെ ചരാചരങ്ങളെയും സൃഷ്ടിച്ചവനോട്,’’ആട്ടിടയൻ വിനീതമായി പറഞ്ഞു.

‘ദൈവത്തോടു പ്രാർഥിക്കുന്ന ഒരു രീതി!’ മൻസൂർ പുച്ഛസ്വരത്തിൽ പറഞ്ഞു: ‘ദൈവത്തോടാണോ ഷൂസ് പോളിഷ് ചെയ്തുതരാമെന്നും മുടി ചീകിത്തരാമെന്നുമൊക്കെ പറയുന്നത്? മുടിയുള്ളവനല്ലേ അതു ചീകേണ്ടതുള്ളൂ. ഷൂസ് ഉള്ളവനല്ലേ അതു പോളീഷ് ചെയ്യേണ്ടതുള്ളൂ. ദൈവത്തിനു മുടിയുണ്ടോ? അവിടത്തേക്കു കാലുകളുണ്ടോ? വിശപ്പുണ്ടോ അവിടുത്തേക്കു ഭക്ഷണം കഴിക്കാൻ?’’

‘നിങ്ങൾ സ്വന്തം അമ്മാച്ചനോടു സംസാരിക്കുന്നതുപോലെയാണല്ലോ ദൈവത്തോടു സംസാരിച്ചത്. അതു ദൈവദൂഷണമാണ്. അവിടുത്തോട് അത്ര ലോഹ്യമായി സംസാരിക്കുന്നതിനു നമുക്ക് ആരാണ് സ്വാതന്ത്ര്യം തന്നിരിക്കുന്നത്?’

‘ശരീരവും ഭക്ഷണവുമൊക്കെ നദിയുടെ ഇക്കരെയുള്ള നമ്മുടെ കാര്യങ്ങളാണ്. അക്കരെ നിൽക്കുന്ന ദൈവത്തോടു സംസാരിക്കാൻ അവിടുത്തേക്കു സ്വീകാര്യമായ വാക്കുകൾ നാം ഉപയോഗിക്കണം. മനുഷ്യരുടെ രീതിയിലേക്കു അവിടുത്തെ തരംതാഴ്ത്തരുത്.’

‘ദൈവമേ, എന്നോടു പൊറുക്കൂ,’ നെഞ്ചത്തടിച്ചു വിലപിച്ചുകൊണ്ട് ആട്ടിടയൻ പറഞ്ഞു. അതിനുശേഷം അയാൾ തന്റെ ആടുകളുടെ പിന്നാലെ പോയി. പെട്ടെന്നു ദൈവത്തിന്റെ സ്വരം മൻസൂർ കേട്ടു.

‘നീ എന്താണു ചെയ്തത്? എന്റെ ഒരു വിനീതഭക്‌തനെ നീ എന്നിൽനിന്നു അകറ്റിക്കളഞ്ഞില്ലേ? നിന്റെ ജോലി എന്റെ ഭക്‌തരെ എന്നിലേക്കു കൂടുതൽ അടുപ്പിക്കുകയല്ലേ?’ ഓരോരുത്തരും ഓരോരോ കാര്യങ്ങൾ കാണുകയും കേൾക്കുകയും അറിയുകയും അവയെക്കുറിച്ചു സംസാരിക്കുകയും ചെയ്യുന്നത് ഓരോരോ രീതിയിലാണ്. ഒരാൾക്കു ശരിയാണെന്നു തോന്നുന്ന കാര്യം മറ്റൊരാൾക്കു തെറ്റായി തോന്നും.’

‘എന്നെ ആരാധിക്കുന്ന രീതികൾ തരംതിരിച്ച് ചെയ്തു നീ സമയം കളയേണ്ട. ആരാധനയിലൂടെ മഹത്ത്വപ്പെടുന്നതു ഞാനല്ല, എന്റെ ആരാധകരാണ്. അവരുടെ വാക്കുകളല്ല ഞാൻ കേൾക്കുന്നത്; അവരുടെ ഹൃദയമാണു ഞാൻ കാണുന്നത്. അവരുടെ ഭാഷയല്ല പ്രധാനം; പ്രത്യുത, ആശ്വാസത്തിനായി കേഴുന്ന അവരുടെ ഹൃദയമാണ്.’

‘മൻസൂർ, പാവപ്പെട്ട ആ ആട്ടിടയന്റെ തെറ്റായ പ്രാർഥന മറ്റു നൂറുപേരുടെ ശരിയായ പ്രാർഥനയെക്കാൾ ശ്രേഷ്ഠമാണ്. എന്നെ സ്നേഹിക്കുന്നവനെ നീ തടയേണ്ട. അവൻ ഏതു ഭാഷയും ശൈലിയും ഉപയോഗിച്ചുകൊള്ളട്ടെ. സ്നേഹിക്കുന്നവന് ദൈവമായ എന്നെയാണു വേണ്ടത്. അവൻ അവനറിയാവുന്ന രീതിയിലൊക്കെ എന്നെ അന്വേഷിക്കുകയും എന്നോടു പ്രാർഥിക്കയും ചെയ്യട്ടെ.’ ദൈവത്തിന്റെ സന്ദേശം ലഭിച്ചപ്പോൾ, താൻ ചെയ്തതു വലിയ തെറ്റായിപ്പോയെന്നു മൻസൂറിനു ബോധ്യമായി. അദ്ദേഹം പശ്ചാത്താപവിവശനായി ആട്ടിടയനെത്തേടിയോടി. കുറേക്കഴിഞ്ഞപ്പോൾ അദ്ദേഹം ആട്ടിടയനെ കണ്ടെത്തി. മൻസൂർ ആട്ടിടയന്റെ കരം ഗ്രഹിച്ചുകൊണ്ടു പറഞ്ഞു:


‘എനിക്കു തെറ്റിപ്പോയി. ദൈവത്തെ എങ്ങനെ ആരാധിക്കണമെന്നു പറയാൻ ഞാൻ ആളല്ല. നിങ്ങളുടെ ഹൃദയത്തിലെന്തു തോന്നുന്നുവോ അതു നിങ്ങൾ ദൈവത്തോടു പറഞ്ഞുകൊള്ളൂ. നിങ്ങളുടെ വാക്കുകൾ ദൈവദൂഷണമാണെന്നു എനിക്കു തോന്നിയതാണ്. ദൈവത്തിനത് യഥാർഥ ഭക്‌തിയായാണ് അനുഭവപ്പെട്ടത്.’ ഉടനെ ആട്ടിടയൻ പറഞ്ഞു: ‘അങ്ങ് എന്നെ ശാസിച്ചതു നന്നായി. ദൈവവുമായി കൂടുതലടുക്കാൻ അത് എനിക്കിടയാക്കി. അങ്ങേക്കു നന്ദി.’

സൂഫി മിസ്റ്റിക്കുകളുടെ പാരമ്പര്യത്തിൽനിന്ന് ഉടലെടുത്ത ഈ കഥ വിവിധ രീതിയിൽ വിവിധ ആളുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, ശിശുസഹജമായ നിഷ്കളങ്കതയോടെ ദൈവവുമായി ഹൃദയസംഭാഷണം നടത്തുന്ന ആട്ടിടയന്റെ ചിത്രമാണ് ഈ കഥ ഏറ്റവും പ്രധാനമായി നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്.

ദൈവത്തോടു സംസാരിക്കുന്നതിന് ഒരു ഭാഷ ആവശ്യമുണ്ടെങ്കിൽ അതു ഹൃദയത്തിന്റെ ഭാഷ മാത്രമായിരിക്കും. കാരണം, നമ്മുടെ പ്രാർഥന ഹൃദയത്തിൽനിന്നുയരുന്നതല്ലെങ്കിൽ ആ പ്രാർഥനയ്ക്ക് അർഥമില്ലല്ലോ. മതകർമങ്ങളിലും ഔദ്യോഗിക പരിപാടികളിലുമൊക്കെ പ്രാർഥന വേണ്ടിവരുമ്പോൾ അതിനുപയോഗിക്കുന്ന ഭാഷയും ശൈലിയുമൊക്കെ എല്ലാവർക്കു സ്വീകാര്യമായത് ആയിരിക്കണം. എന്നാൽ വ്യക്‌തിതലത്തിലുള്ള പ്രാർഥനയ്ക്ക് ഒരു പ്രത്യേക ഭാഷയും ശൈലിയും മാത്രമേ ഉപയോഗിക്കാവൂ എന്നു ശാഠ്യംപിടിക്കുന്നതിൽ അർഥമില്ല.

മൻസൂറിനു തെറ്റുപറ്റിയത് ഇക്കാര്യത്തിലായിരുന്നു. ആട്ടിടയൻ ഹൃദയംതുറന്നു പ്രാർഥിച്ചപ്പോൾ ഒട്ടേറെക്കാര്യങ്ങൾ അയാളുടെ ഹൃദയത്തിൽനിന്നു പുറത്തുവന്നു. മൻസൂറിനെ സംബന്ധിച്ചിടത്തോളം ദൈവദൂഷണമായി തരംതാണ പ്രാർഥനയായിരുന്നു ആ ആട്ടിടയന്റേത്. എന്നാൽ, ദൈവത്തെ സംബന്ധിച്ചിടത്തോളം മറ്റ് ഒട്ടേറെപ്പേരുടെ ‘ശരിയായ’ പ്രാർഥനയേക്കാൾ ഏറെ സ്വീകാര്യമായ പ്രാർഥനയായിരുന്നു ആട്ടിടയന്റെ ‘തെറ്റായ’ പ്രാർഥന.

ആട്ടിടയൻ തന്റെ ഉള്ളിന്റെയുള്ളിലുണ്ടായിരുന്ന ആഗ്രഹങ്ങളാണ് ദൈവത്തോടു പറഞ്ഞത്. എന്നാൽ, എന്തായിരുന്നു ആ ആഗ്രഹങ്ങൾ? തനിക്കു കൂടുതൽ ആടുമാടുകളും സമ്പത്തും വേണമെന്ന് അയാൾ ദൈവത്തോടു ചോദിച്ചോ? തന്റെ ആരോഗ്യം മെച്ചപ്പെടുത്തണമെന്ന് അയാൾ ദൈവത്തോടു പറഞ്ഞോ?

തനിക്കെന്തെങ്കിലും പ്രത്യേക നന്മ നല്കി അനുഗ്രഹിക്കണമെന്ന് അയാൾ യാചിച്ചോ? ഇല്ല. ഇക്കാര്യങ്ങളൊന്നും അയാൾ ചോദിച്ചില്ല. അയാൾ പ്രധാനമായും ദൈവത്തോടു ചോദിച്ചത് ഏതെല്ലാം സേവനങ്ങൾ ദൈവത്തിനുവേണ്ടി ചെയ്തുതരാൻ തനിക്കു സാധിക്കുമെന്നാണ്! അയാളുടെ പ്രാർഥനയിൽ നിറഞ്ഞുനിന്നത് ദൈവവും ദൈവത്തിന് ആവശ്യമെന്ന് അയാൾക്ക് തോന്നിയ കാര്യങ്ങളുമായിരുന്നു. സ്വന്തം കാര്യവും സ്വന്തം ആവശ്യങ്ങളുമൊന്നും പ്രാർഥനയിൽ അയാൾ പരാമർശിച്ചില്ല. അത്രമാത്രം സ്വയംമറന്നാണ് അയാൾ പ്രാർഥിച്ചത്.

എന്നാൽ, നമ്മൾ പ്രാർഥിക്കുമ്പോഴോ? നമ്മുടെ പ്രാർഥനയിൽ നിറഞ്ഞുനിൽക്കുന്നത് ദൈവമെന്നതിനേക്കാൾ നമ്മുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളുമല്ലേ? നമുക്ക് ആവശ്യമായ നൂറുനൂറു കാര്യങ്ങൾ ദൈവത്തെ ഓർമിപ്പിക്കുന്ന അവസരം മാത്രമായി നമ്മുടെ പ്രാർഥന തരംതാഴാറില്ലേ?

നമുക്ക് ആവശ്യമായിരിക്കുന്ന കാര്യങ്ങൾ ദൈവത്തോടു ഹൃദയംതുറന്നു പറയാൻ തീർച്ചയായും നമുക്കവകാശമുണ്ട്. എന്നാൽ, നമ്മുടെ ആവശ്യങ്ങളിൽ ഒതുങ്ങിനിൽക്കുന്ന പ്രാർഥനയാണ് നമ്മുടേതെങ്കിൽ അതു ശരിയായ പ്രാർഥനയാണെന്ന് എങ്ങനെ പറയാനാവും? നമ്മുടെ ഹൃദയങ്ങൾ കാണുന്നവനും നമ്മുടെ ആവശ്യങ്ങൾ അറിയുന്നവനുമാണ് ദൈവം. അതുകൊണ്ട്, ദൈവം നമ്മിൽനിന്ന് എന്താഗ്രഹിക്കുന്നു എന്നു മനസിലാക്കുന്നതിനുവേണ്ടി പ്രാർഥനാസമയം വിനിയോഗിക്കുന്നതല്ലേ ഏറെ നല്ലത്?
    
To send your comments, please clickhere