തിരിച്ചറിയണം അപകടക്കെണി
തിരിച്ചറിയണം അപകടക്കെണി
കുരുതികൊടുക്കാൻ കീടനാശിനി–2
കേരളത്തിൽ വിറ്റഴിക്കപ്പെടുന്ന പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനിയുടെ അളവ് കൂടുതലാണെന്നതിൽ സംശയം വേണ്ട.

പച്ചക്കറിക്കടകളിൽനിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തുന്ന പ്ലാൻസ്കീം കൃഷിവകുപ്പും കാർഷിക സർവകലാശാലയും ചേർന്ന് സംസ്‌ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. 2013ൽ ആരംഭിച്ച പദ്ധതി അനുസരിച്ച് പ്രതിമാസം 60 ഇനം പച്ചക്കറികളുടെ 100 സാമ്പിളുകൾ വീതം വെള്ളായണി കാർഷിക കോളജിലെ കീടനാശിനി അവശിഷ്‌ട വിഷാംശ പരിശോധനാ ലബോറട്ടറിയിലാണ് പരിശോധിക്കുന്നത്. 2014ൽ പഴവർഗങ്ങൾ സുഗന്ധവ്യഞ്ജനങ്ങൾ, മസാലപ്പൊടികൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവകൂടി പരിശോധനാവിധേയമാക്കി.

നിലവിൽ സാമ്പിളുകളുടെ എണ്ണം 200 ആയി വർധിപ്പിക്കുകയും അതിൽ 100 എണ്ണം ജൈവ ജില്ലയായി പ്രഖ്യാപിച്ചിട്ടുള്ള കാസർഗോട്ടുനിന്നുമാത്രം ശേഖരിക്കുകയും ചെയ്തുവരുന്നു. അടുത്തയിടെ നടത്തിയ പരിശോധനയിൽ 27 സാമ്പിളുകളിൽ ആറെണ്ണത്തിൽ മാത്രമേ നിഷ്കർഷിച്ചിരിക്കുന്ന പരിധിക്കുതാഴെ വിഷാംശം ഉണ്ടായിരുന്നുള്ളൂ. പ്രൊഫെനോഫോസ്, സൈപെർ മെത്രിൻ (കറിവേപ്പില, കോളിഫ്ളവർ), ലാംഡ സൈഹാലോത്രിൻ (ബീൻസ്), ഡൈമെത്തോയേറ്റ് (പടവലം), എത്തയോൺ (പച്ചമുളക്, പയർ), സൈപെർമെത്രിൻ (മുരിങ്ങക്കായ), ക്യൂനാൽഫോസ് (ചുവപ്പ് ചീര) എന്നീ കീടനാശിനികളാണ് സാമ്പിളുകളിൽ കണ്ടെത്തിയത്. തിരുവനന്തപുരത്തെ ജൈവ പച്ചക്കറി മാർക്കറ്റുകളിൽനിന്ന് പരിശോധനയ്ക്കെടുത്ത 11 സാമ്പിളുകളിൽ നാലെണ്ണത്തിൽ അപകടസാധ്യതയുള്ള അളവിൽ വിഷാംശം കണ്ടെത്തി. ആറു സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ മാത്രമേ നിഷ്കർഷിച്ചിരിക്കുന്ന പരിധിക്ക് താഴെ വിഷാംശം ഉണ്ടായിരുന്നുള്ളൂ. ഇവയിൽ ബൈഫെൻത്രിൻ, ക്ലോർപൈറിഫോസ്, സൈപെർമെത്രിൻ, എത്തയോൺ, പ്രൊഫെനോഫോസ് (കറിവേപ്പില), ഫെൻവാലറേറ്റ് (കോവയ്ക്ക), ക്യൂനാൽഫോസ് (പയർ), ബൈഫെൻത്രിൻ (പച്ചമുളക്) എന്നീ കീടനാശിനികൾ കണ്ടെത്തി.



പച്ചക്കറിയിലും പഴങ്ങളിലും നിരോധിച്ച കീടനാശിനികളുടെ സാന്നിധ്യമുള്ളതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. അവരുടെ പഠനത്തിൽ വഴുതനയിലാണ് ഇതേറ്റവും കൂടുതൽ കണ്ടത്. അനുവദിച്ചതിന്റെ 860 ശതമാനത്തിലേറെയായിരുന്നു വഴുതനയിലെ കീടനാശിനി സാന്നിധ്യം. കോളിഫ്ളവറിലും കാബേജിലും സമാനമായരീതിയിൽ കീടനാശിനി വിഷമുണ്ട്.

ആപ്പിളിലും ഓറഞ്ചിലും നിരോധിത കീടനാശിനിയുടെ അളവ് അനുവദിക്കപ്പെട്ടതിലും 140 ശതമാനം കൂടുതലാണ്. പഴങ്ങൾ മെഴുക് പുരട്ടി ഭംഗിയാക്കുന്നത് അടുത്തകാലത്തുള്ള സമ്പ്രദായം. സാധാരണ കഴുകലിൽ ആ രാസവസ്തുവിന്റെ സാന്നിധ്യം പോകുന്നില്ല. കോളിഫ്ളവർ, കാബേജ് തുടങ്ങിയവയിൽ അഞ്ചുദിവസത്തിലൊരിക്കലാണ് കീടനാശിനി തളിക്കുന്നത്. വിളവെടുക്കാൻ അഞ്ചുമാസം വേണ്ട കാരറ്റിൽ 53 തവണയാണ് മരുന്നടിക്കുന്നതത്രെ. തമിഴ്നാട്ടിലെയും കർണാടകത്തിലെയും കർഷകർ ഇപ്പോൾ രണ്ടും മൂന്നും കീടനാശിനികളുടെ കോക്ക്ടെയ്ലുകളാണ് ഉപയോഗിക്കുന്നത്. അതിമാരകമായ രണ്ടോ മൂന്നോ കീടനാശിനികൾ കൂട്ടിക്കലർത്തിയുള്ള പ്രയോഗമാണ് പച്ചക്കറികളിലും പഴത്തോട്ടങ്ങളിലും നടത്തിവരുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വീതമാണ് വിഷപ്രയോഗം.

വിഷാംശം അടങ്ങിയിരിക്കുന്നതിന്റെ അളവനുസരിച്ച് കീടനാശിനികളെ നാലായിട്ടാണ് ലോകാരോഗ്യ സംഘടന തരംതിരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ വിഷാംശമടങ്ങിയവയെ ചുവപ്പ്, കൂടുതൽ വിഷാംശമുള്ളവയെ മഞ്ഞ, കുറച്ച് വിഷാംശമുള്ളവയെ നീല, വിഷാംശം കുറഞ്ഞവയെ പച്ച എന്നിങ്ങനെ നിറങ്ങളിൽപെടുത്തിയിരിക്കുന്നു. എലികളിൽ കീടനാശിനി ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളുടെ അടിസ്‌ഥാനത്തിലായി രുന്നു ഈ തരം തിരിക്കൽ.

കാടു കരിയിക്കാനും കീടനാശിനി

മുറ്റത്തും പറമ്പിലും കളകൾ കരിച്ചുകളയാനും കീടനാശിനി. പണിക്കൂലി കൂടുതലും പണിക്കാർക്കു ക്ഷാമവുമായതോടെ കളനശീകരണത്തിന് പരക്കെ പ്രയോഗിക്കുകയാണ് റൗണ്ടപ്പ്. 1970 ൽ മോൺസാന്റോ കമ്പനിയാണ് റൗണ്ടപ്പ് കീടനാശിനി കളനാശിനി എന്ന പേരിൽ അമേരിക്കൻ വിപണിയിൽ അവതരിപ്പിച്ചത്. പേറ്റന്റ് ലഭിച്ചതിനു ശേഷം റൗണ്ടപ്പിന്റെ ആദ്യ പ്രയോഗം വിയറ്റ്നാം യുദ്ധകാലത്തായിരുന്നു. വിയറ്റ്നാം ഗറില്ലാ പോരാളികൾ കാട്ടിൽ ഒളിച്ചിരിക്കുമ്പോൾ ഹെലികോപ്റ്ററിൽ നിന്നും അമേരിക്കൻ സേന റൗണ്ടപ്പ് തളിച്ചാണ് ശത്രുക്കളെ തുരത്തിയിരുന്നത്. റൗണ്ടപ്പ് തളിക്കുമ്പോൾ അടിക്കാടുകൾ കരിഞ്ഞ് പോരാളികൾക്ക് ഒളിച്ചിരിക്കാൻ സാധിക്കാതാവും. ഈ സമയത്ത് അമേരിക്കൻ സേന കരയാക്രമണം നടത്തുകയായിരുന്നു പതിവ്. വിയറ്റ്നാം യുദ്ധത്തിന് ശേഷം ആഫ്രിക്കയിലെ മൊസാംബിക്, കെനിയ, സിംബാവെ തുടങ്ങിയ രാജ്യങ്ങളിൽ കുറ്റിക്കാടുകൾ വെട്ടിത്തെളിച്ച് കൃഷി ചെയ്യാനായി റൗണ്ടപ്പ് ഉപയോഗിച്ചുതുടങ്ങി. എന്നാൽ ഇവിടങ്ങളിലെല്ലാം വൻ പാരിസ്‌ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കിയ റൗണ്ടപ്പ് ആഫ്രിക്കൻ രാജ്യങ്ങൾ പിന്നീടു നിരോധിക്കുകയായിരുന്നു.


റൗണ്ടപ്പ് തളിക്കുമ്പോൾ മിത്രസസ്യങ്ങളും ജൈവവൈവിധ്യവും മിത്ര കീടങ്ങളും നശിക്കും. തൊലിപ്പുറത്തെ കാൻസറിന് കാരണമാകുന്ന ജിനോടോക്സിക്ക് രാസപദാർഥങ്ങളും ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് നിലയ്ക്കുന്ന രോഗാവസ്‌ഥയ്ക്ക് കാരണമാകുന്ന കാർബണിക സംയുക്‌തങ്ങളും റൗണ്ടപ്പിലുണ്ടെന്നാണ് പഠനങ്ങൾ. റൗണ്ടപ്പ് കാൻസറിനു കാരണമാകുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് യുഎസ് എൻവയൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി, യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി, ലോകാരോഗ്യ സംഘടന എന്നീ ഏജൻസികൾ റൗണ്ടപ്പിന്റെ ഉപയോഗം നിരോധിക്കുകയോ നിയന്ത്രിക്കണമെന്ന മുന്നറിയിപ്പുകൾ നൽകുകയോ ചെയ്തിട്ടുണ്ട്. അതേസമയം ഇവിടെ റൗണ്ടപ്പിന് നിരോധനമില്ല. അന്തർദേശീയ ഭക്ഷ്യകോൺഗ്രസിൽ ലോകാരോഗ്യ സംഘടന റൗണ്ടപ്പ് നിയന്ത്രിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

റൗണ്ട്അപ്പ് പ്രോ മാക്സ്, ഫാസ്റ്റ് ആക്ഷൻ റൗണ്ടപ്പ്, ലിക്വിഡ് കോൺസൻട്രേറ്റ് റൗണ്ടപ്പ്, എക്സ്റ്റൻഡഡ് കൺട്രോൾ റൗണ്ടപ്പ് തുടങ്ങിയ പേരുകളിൽ കടകളിൽ റൗണ്ടപ്പ് സുലഭം.

1970ൽ കളനാശിനിയായാണ് റൗണ്ടപ്പ് വിപണനം ആരംഭിച്ചത്. 115 രാജ്യങ്ങളിലേക്ക് അതിവേഗം വിൽപ്പന വ്യാപിച്ചു. പത്ത് വർഷത്തിനുള്ളിൽ റൗണ്ടപ്പ് മൊൺസാന്റോയുടെ ഏറ്റവും ലാഭകരമായ രാസഉൽപ്പന്നമായി മാറി. എലികൾ ഉപ്പു വിഴുങ്ങിയാലുണ്ടാകുന്നതിലും കുറച്ച് അപകടമേ മനുഷ്യർ ഗ്ലൈഫോസേറ്റ് കുടിച്ചാൽ ഉണ്ടാവുകയുള്ളൂ എന്നായിരുന്നു ഈ മാരക കളനാശിനിക്ക് മൊൺസാന്റോ ആദ്യം നൽകിയ പരസ്യം. ജൈവികമായി വിഘടിക്കുന്ന ലോകത്തിലെ ആദ്യത്തെ കളനാശിനിയെന്നും റൗണ്ടപ്പിനെ മൊൺസാന്റോ വിശേഷിപ്പിച്ചു. 1996ൽ മൊൺസാന്റോയുടെ ഈ വ്യാജ പരസ്യത്തിനെതിരേ ന്യൂയോർക്കിലെ കൺസ്യൂമർ ഫ്രോഡ്സ് ആൻഡ് പ്രൊട്ടക്ഷൻ ബ്യൂറോയ്ക്ക് മുമ്പാകെ പരാതി ഫയൽ ചെയ്യപ്പെട്ടു. റൗണ്ടപ്പിന്റെ ഇല്ലാത്ത സുരക്ഷിതത്വത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പരസ്യമാണ് കമ്പനിയുടേതെന്നായിരുന്നു അറ്റോർണിയുടെ കണ്ടെത്തൽ.

ഇന്ന് മൊൺസാന്റോയുടെ വരുമാനത്തിന്റെ പകുതിയിലേറെയും റൗണ്ടപ്പിന്റെയും റൗണ്ടപ്പ് റെഡി വിത്തിന്റെയും വിൽപ്പനയിൽ നിന്നാണ്. അമേരിക്കയിലുള്ള സോയാബീൻ കൃഷിയുടെ 94 ശതമാനവും മക്കച്ചോളത്തിന്റെ 89 ശതമാനവും റൗണ്ടപ്പ് റെഡി വിത്തുകളാണ്. ജനിതകമായി പരിവർത്തനം ചെയ്ത റൗണ്ടപ്പ് റെഡി വിത്തുകളുടെ കൃഷി അമേരിക്കൻ ഐക്യനാടുകളിലും ലാറ്റിൻ അമേരിക്കയിലും വ്യാപകമായതോടെ റൗണ്ടപ്പ് റെഡി വിത്തുകൾ വിപണിയിലെത്തിയ 1996ന് ശേഷം റൗണ്ടപ്പ് കളനാശിനിയുടെ വിൽപ്പന 1000 ശതമാനം വർധിച്ചു.

ഇന്ത്യയിൽ 201314 ൽ 208.89 കോടി രൂപയായിരുന്നു ഈ കീടനാശിനിയിൽ നിന്നുള്ള വിറ്റുവരവ്. സുരക്ഷിത കളനാശിനി എന്ന പേരിൽ ഓരോ വർഷവും ഈ കളനാശിനിയുടെ വിൽപ്പന ഇന്ത്യയിൽ വർധിച്ച് വരികയാണ്. 20–12–13ൽ 139.03 കോടിക്കായിരുന്നു ഇന്ത്യയിൽ റൗണ്ടപ്പിന്റെ വിൽപന.
കുറഞ്ഞ അളവിലാണെങ്കിൽ പോലും കീടനാശിനികളുടെ അംശം ദീർഘനാൾ ഉള്ളിലെത്തിയാൽ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. മുതിർന്നയാളുടെ ശരീരത്തിൽ കീടനാശിനി സൃഷ്‌ടിക്കുന്നതിലധികമാണ് കുട്ടികളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ. കുട്ടികളിൽ അവരുടെ ശരീരഭാരത്തെ അപേക്ഷിച്ച് ഗണ്യമായ അളവിൽ കീടനാശിനികൾ ഉള്ളിലെത്തുന്നു. 1 പിപിഎം കീടനാശിനി 60 കിലോ ഉള്ള ഒരാളിൽ സൃഷ്‌ടിക്കുന്നതിലും അപകടകരമായിരിക്കും 10 കിലോ തൂക്കമുള്ളയാളിൽ സൃഷ്‌ടിക്കുന്നത്. വളരുന്ന പ്രായത്തിൽ ഉണ്ടാകുന്ന കീടനാശിനി കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വികാസത്തെ തന്നെ ദോഷകരമായി ബാധിക്കും. അമ്മയുടെ ശരീരത്തിലെത്തുന്ന രാസമാലിന്യങ്ങൾ മറുപിള്ളയിലൂടെ കുഞ്ഞിലേക്കു നീക്കപ്പെടുന്നുണ്ട്. കുഞ്ഞ് വളരുന്ന ആദ്യ അന്തരീക്ഷം തന്നെ അങ്ങനെ വിഷമയമാകുന്നു. കുഞ്ഞുങ്ങളിൽ മുതിർന്നവരിലെ പോലെ വിഷങ്ങൾ വിഘടിച്ചു നിർവീര്യമാകാനും സാധ്യത കുറവാണ്. കീടനാശിനി പ്രയോഗമുള്ളിടങ്ങളുമായി സമ്പർക്കമുണ്ടായ ഗർഭിണികളുടെ കുഞ്ഞുങ്ങൾ വൈകല്യങ്ങളോടെ ജനിക്കാനുള്ള സാധ്യത കൂടുതലാണ്. കാസർഗോട്ട് സംഭവിച്ചതും ഇത്തരത്തിലുള്ള ദുരന്തമാണ്.

കേരളത്തിൽ നിരോധിച്ച കീടനാശിനികൾ അതിർത്തി ചെക്ക്പോസ്റ്റുകൾ വഴി എത്തിച്ചുള്ള വിൽപ്പന വ്യാപകമാണ്. ട്രൈസോ ഫോസ്, പ്രഫന്ന ഫോസ്, മോണോക്രോട്ടോഫോസ്, ഫ്യൂരഡാൻ, ഫോറേറ്റ് തുടങ്ങിയ നിരോധിത കീടനാശിനികളാണ് കേരളത്തിൽ സുലഭമായി വിറ്റഴിക്കുന്നത്.
കവറിലും പേരിലും മാറ്റംവരുത്തി മരുന്നുകൾ വിപണിയിൽ എത്തുന്നതിനാൽ പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കുകയില്ല.

ജനിതക വൈകല്യങ്ങൾക്ക് കാരണമായ എൻഡോസൾഫാൻ, എമിസാൻ, ക്ലോറോഫോരിസ്, എത്തിഫാൻ, കാർബോഫ്യൂറിഡാൻ, റൗണ്ടപ്പ്, ഗ്ലൈസിൽ തുടങ്ങിയ മാരകവിഷാംശം അടങ്ങിയ മരുന്നുകളാണ് കേരളത്തിൽ വ്യാപകമായി പ്രയോഗിക്കുന്നത്. (തുടരും)

റെജി ജോസഫ്