കുരുതികൊടുക്കാൻ കീടനാശിനി
കുരുതികൊടുക്കാൻ കീടനാശിനി
1984 ഡിസംബർ രണ്ടിനു രാത്രി ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡിന്റെ കീടനാശിനി ഫാക്ടറിയിൽനിന്ന്് മീതൈൽ ഐസോസയനേറ്റ് എന്ന മാരകവിഷവാതകം ചോർന്നൊഴുകി. ആ രാത്രിയും പിറ്റേന്നുമായി മൂവായിരത്തിലേറെ പേർ വിഷവാതകം ശ്വസിച്ചു മരിച്ചു. പതിനായിരങ്ങൾ മാരകരോഗികളായി.

പരുത്തിച്ചെടിയിൽ ഉപയോഗിക്കുന്ന കീടനാശിനിയായിരുന്നു യൂണിയൻ കാർബൈഡിൽ നിർമിച്ചിരുന്നത്.

ലോകവ്യാപകമായി കീടനാശിനികൾ മൂലം ഓരോ വർഷവും കൊല്ലപ്പെടുന്നത് രണ്ടു ലക്ഷത്തിലേറെ പേരാണ്. കീടനാശിനികൾ കീടങ്ങളെ നിയന്ത്രിക്കുന്നില്ല; വാസ്തവത്തിൽ അവ മിത്രകീടങ്ങളെ കൊന്നൊടുക്കി അപകടകാരികളായ കീടങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
ഇതരസംസ്‌ഥാനങ്ങളിൽനിന്നു വിലകൊടുത്തു വാങ്ങുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി അനുവദനീയമായതിന്റെ പതിൻമടങ്ങു കൂടുതലുണ്ടെന്ന് സംസ്‌ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടി.വി അനുപമ പറഞ്ഞപ്പോൾ കീടനാശിനി കമ്പനികളുയർത്തിയ പ്രതിഷേധം ചില്ലറയല്ല.
കീടനാശിനി കമ്പനികളുടെ കൂട്ടായ്മയായ ക്രോപ് കെയർ ഫൗണ്ടേഷൻ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുവന്നു.

വിത്തും വിളവും നോക്കിയല്ല നമ്മുടെ കീടനാശിനി പ്രയോഗം എന്നതിന് രണ്ടു പക്ഷമില്ല. കീടം വരുമ്പോഴല്ല കീടബാധ വരാതിരിക്കാൻ അളവോ തൂക്കമോ കാലമോ പക്കമോ നോക്കാതെ കീടനാശിനി പ്രയോഗിക്കുന്നവരാണ് ഏറെപ്പേരും. കൃഷി വകുപ്പിന്റെ നിർദേശമോ കാർഷിക അനുഭവമോ അല്ല കീടനാശിനി കടക്കാരൻ പറയുന്നതാണ് മരുന്ന്. ഇനവും അളവും എണ്ണവും നിർദേശിക്കുന്നത് ലാഭക്കൊതിയുള്ള കടക്കാരൻ. കടക്കാരനും ലാഭം കമ്പനിക്കും ലാഭം. വേണ്ടത്ര ജാഗ്രതയും സുരക്ഷാമാനദണ്ഡങ്ങളുമില്ലാതെ കീടനാശിനി കാലങ്ങളായി പ്രയോഗിക്കുന്നു തൊഴിലാളികളും കർഷകരും. വിത മുതൽ കൊയ്ത്തുവരെ നീളുന്ന മരുന്നടിക്കുശേഷം വിഷമാണ് തിന്നാൻ ചന്തയിലെത്തുക. ഈ വിഷക്കനികൾ മാരകരോഗങ്ങളായി ജീവജാലങ്ങളെ കാലങ്ങളായി വേട്ടയാടുന്നു. ആശങ്കയും അജ്‌ഞതയും ഒന്നുചേർന്ന കർഷകരുടെ ധാരണ കീടനാശിനിയില്ലാതെ ഇവിടെ കൃഷി നടക്കില്ലെന്നാണ്. പറഞ്ഞു പറ്റിക്കാൻ ഇടനിലക്കാർ പാടങ്ങളിലും തോട്ടങ്ങളിലും എത്തി ഭീതിയുടെ നിഴൽപരത്തുന്നു. ഇടനിലക്കാർ പറയുന്ന കമ്പനിയുടെ വിഷം പറയുന്ന അളവിൽ വാങ്ങി നടത്തുന്ന പ്രയോഗം വിളവിനെ മാത്രമല്ല മണ്ണിനെയും വെള്ളത്തെയും അന്തരീക്ഷത്തെയും വിഷലിപ്തമാക്കുന്നു. മനുഷ്യൻ മാത്രമല്ല മിത്രകീടങ്ങളും ജന്തുജാലങ്ങളും ചത്തൊടുങ്ങുന്നു.



വാരി വിതറുന്ന വിഷം

കീടനാശിനി പ്രയോഗത്താൽ കോഴിയും എലിയും പാമ്പും തവളയും മീനും ചാകുന്നതൊക്കെ കർഷകർ കാണുന്നുണ്ട്. കുപ്പി തുറന്നു മണത്താൽ തലചുറ്റലും തലവേദനയുമുണ്ടാകും. തൊഴിലാളികളും വിദ്യാർഥികളും ബോധരഹിതരാകുന്ന സംഭവങ്ങളും കേട്ടറിയുന്നു. വീര്യം കുറഞ്ഞ വിഷം ലഭ്യമാക്കാനില്ലാത്ത സാഹചര്യത്തിൽ കൊടുംവീര്യമുള്ളതു വാങ്ങി പ്രയോഗിക്കുന്നു. പരമാവധി പ്രയോജനം കിട്ടാൻ വെള്ളത്തിൽ നേർപ്പിക്കാതെയും പ്രയോഗിക്കുന്നു.

കീടബാധയും മുഞ്ഞയും എക്കാ ലവുമുണ്ട്. അവയെ പ്രതിരോധിക്കാൻ മുൻപ് നാടൻ മാർഗങ്ങളും മരുന്നുകളുമുണ്ടായിരുന്നു. രാസകീടനാശിനി കീടത്തെ മാത്രമല്ല മിത്രകീടങ്ങളെയും കൊല്ലുന്നുവെന്നതാണ് വസ്തുത. ഓരോ വർഷവും കീടങ്ങൾ കൂടുതൽ പ്രതിരോധം നേടുകയും ചെയ്യുന്നു. ഭീമമായ കൂലി കൊടുത്ത് കള പറിപ്പിച്ച് കൃഷി നടത്തിയാൽ മുതലാവില്ല. തൊഴിലാളികളെ നാട്ടിൽ കിട്ടാനുമില്ല. അതിനാൽ കളയ്ക്കും കീടത്തിനും പ്രയോഗം വിഷമാണ്. തടപ്പുഴു, കൊമ്പൻചെല്ലിയെയും ചെറുക്കാൻ ഫ്യൂറിഡാനും ഫോറേറ്റും. കുറുനാമ്പിനെ ചെറുക്കാൻ ഫ്യൂറിഡാൻ.

2000 ടൺ രാസവളങ്ങളും 500 ടൺ കീടനാശിനികളും 50 ടൺ കുമിൾ നാശിനികളും കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിൽ മാത്രം ഉപയോഗിക്കുന്നതായാണ് കൃഷിവകുപ്പിന്റെ കണക്ക്. നിരോധിക്കപ്പെട്ട എൻഡോസൾഫാൻ, നിയന്ത്രണമുള്ള ലിൻഡേൻ, ക്ലോർപൈറിഫോസ്, മീഥൈൽ പാരാതയോൺ എന്നിവയും അമിതമായ അളവിൽ നമ്മുടെ പാടങ്ങളിലെത്തുന്നു. ഇത് കാർഷിക സർവകലാശാല ശിപാർശ ചെയ്തതിനെക്കാൾ വളരെ അധികമാണ്. 50 മുതൽ 75 ശതമാനംവരെ അധികം കീടനാശിനി കുട്ടനാട്ടിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് മുമ്പ് നടന്ന പഠനത്തിൽ കണ്ടെത്തിയത്. ഉപയോഗിക്കുന്നതിൽ 50 ശതമാനം മരുന്നുകളും ഡി.ഡി.ടി ഉൾപ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതാണ്.

എൻഡോസൾഫാൻ ഉൾപ്പെടെ നിരോധിത മരുന്നുകളും പല പേരുകളിലായി കുട്ടനാട്ടിൽ വിതരണം ചെയ്യുന്നുമുണ്ട്. വിതയിൽ തുടങ്ങി വിളഞ്ഞ കതിരിൽ വരെയുള്ള വിഷപ്രയോഗം. ഇത്തരത്തിൽ വ്യാപകമായി മരുന്ന് ഉപയോഗിക്കുമ്പോഴും അതിെൻറ അഞ്ച് ശതമാനം വരെ മാത്രമാണ് കീടങ്ങളിൽ എത്തുന്നത് എന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്‌ഥർ സാക്ഷ്യപ്പെടുത്തുന്നത്.


കെട്ടിനിൽക്കുന്ന വെള്ളത്തിൽക്കൂടി കീടനാശിനി കലർത്തുന്ന രീതിയിലാണ് വിഷപ്രയോഗം നടക്കുന്നത്. രാസവളം ഉപയോഗിക്കുന്ന കാര്യത്തിലും ഇതുതന്നെയാണ് സ്‌ഥിതി. കുട്ടനാട്ടിലെ ജലാശയങ്ങളിൽനിന്ന് ലഭിക്കുന്ന മത്സ്യങ്ങളിൽ അനുവദനീയമായതിെൻറ 10 ഇരട്ടി വിഷാംശമുള്ളതായാണ് പഠനങ്ങളിൽ കണ്ടെത്തിയത്.

കുട്ടനാട്ടിലെ പുഞ്ചകൃഷിക്ക് 370 ടൺ കീടനാശിനിയും രണ്ടാം കൃഷിക്ക് 130 ടൺ കീടനാശിനിയുമാണ് കർഷകർ ഉപയോഗിക്കുന്നത്. കുട്ടനാടൻ പ്രദേശം സമുദ്രനിരപ്പിനു താഴെയായതിനാൽ നെൽകൃഷിക്കുപയോഗിക്കുന്ന കീടനാശിനികൾ സമീപത്തുള്ള ആറുകളിലും തോടുകളിലും കലരുന്നത് മത്സ്യ സമ്പത്തിനെയും നശിപ്പിക്കുന്നു.

ദേശീയ തലത്തിലെ സ്‌ഥിതി ഇങ്ങനെ. രാജ്യത്ത് 150– ലേറെ കീടനാശിനികൾ മാർക്കറ്റിലുണ്ട്. ഇതിൽ 50 ശതമാനവും പരുത്തികൃഷിയിലാണ് ഉപയോഗിക്കുന്നത്. 17 ശതമാനം നെൽകൃഷിയിലും 13 ശതമാനം പഴംപച്ചക്കറി കൃഷിയിലും ഉപയോഗിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ അതായത് 12,000 മെട്രിക് ടൺ എൻഡോസൾഫാൻ ഉത്പാദിപ്പിക്കുന്ന വിപണിയാണ് ഇന്ത്യ. ലോകാരോഗ്യസംഘടനയുടെ കണക്കിൽ 250 ലക്ഷം തൊഴിലാളികൾ ഓരോ വർഷവും കീടനാശിനികൾ കൊണ്ടുള്ള വിഷബാധയ്ക്ക് വിധേയമാകുന്നു. വർഷം രണ്ടു ലക്ഷത്തോളം പേരാണ് കീടനാശിനി ദൂഷ്യഫലങ്ങൾ മൂലം മരണപ്പെടുന്നത്.

അതിശക്‌തരാണ് കീടനാശിനി കമ്പനികൾ

രാസകീടനാശിക്കു ബദൽ കൊണ്ടുവന്നാലും രക്ഷയില്ല. കീടനാശിനിയില്ലാതെ ഇവിടെ കൃഷി വേണ്ടെന്ന നിലപാടാണ് ചില കമ്പനികൾക്ക്. പച്ചക്കറി വിഷാംശം തടയാൻ കേരള കാർഷിക സർവകലാശാല വികസിപ്പിച്ച വെജിവാഷ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ്ചാൻസലർമാർക്കും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കും കീടനാശിനി കമ്പനികൾ വക്കീൽ നോട്ടീസയച്ചതും അടുത്ത കാലത്താണ്. അതിർത്തി കടന്നെത്തുന്ന പച്ചക്കറിയിൽ അമിതമായ അളവിൽ വിഷാംശമുള്ളതായി കാർഷിക സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് വെജിവാഷ് സർവകലാശാല വികസിപ്പിച്ചെടുത്തത്. നിശ്ചിത അളവിൽ ഈ മിശ്രിതം വെള്ളത്തിൽ ചേർത്ത് പച്ചക്കറി കഴുകിയെടുത്താൽ പുറമെയുള്ള വിഷാംശം കുറയ്ക്കും. വെജി വാഷ് സംസ്‌ഥാനത്തിനകത്തും പുറത്തും വ്യാപകമായി വിൽക്കുന്നുമുണ്ട്. അഞ്ചു വർഷത്തെ ഗവേഷണത്തിലൂടെയാണ് രണ്ടു വർഷം മുൻപ് വെജിവാഷ് വികസിപ്പിച്ചത്. കാർഷിക സർവകലാശാലയിലെ പിഎച്ച്ഡി, എംഎസ്സി വിഭാഗങ്ങളാണ് ഡോ. ബിജു തോമസ് വർഗീസിന്റെ നേതൃത്വത്തിൽ ഗവേഷണം നടത്തിയത്. വീടുകളിൽ നിത്യേന ഉപയോഗിക്കുന്ന വാളൻപുളി, വിനാഗിരി, നാരങ്ങാനീര്, മഞ്ഞൾ ഉൾപ്പടെയുള്ളവയാണ് ജൈവ ലായനിയായ വെജ് വാഷിൽ അടങ്ങിയിരിക്കുന്നത്. നാൽപതിലധികം കമ്പനികൾ കരാർ അടിസ്‌ഥാനത്തിൽ വെജ് വാഷിന്റെ സാങ്കേതികവിദ്യ പിൻപറ്റുന്നുണ്ട്. ഇതിനെതിരെയാണ് കീടനാശിനി കമ്പനികൾ രംഗത്തെത്തിയത്.
അമേരിക്ക, കാനഡ, യൂറോപ്യൻ യൂണിയൻ, ബ്രസീൽ, ഓസ്ട്രേലിയ തുടങ്ങി എൺപതോളം രാഷ്ര്‌ടങ്ങൾ എൻഡോസൾഫാന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇതിന്റെ നിരോധനം പ്രായോഗികമാകുന്നില്ല. ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം എൻഡോസൾഫാന്റെ ആഗോള വാർഷിക ഉത്പാദനം 1980 കളുടെ തുടക്കത്തിൽ 9000 മെട്രിക് ടൺ ആയിരുന്നു. 1989 ആയപ്പോൾ 10,500 മെട്രിക് ടൺ ആയി. 1990 കളിൽ എൻഡോസൾഫാൻ ഉൽപ്പാദനം 12,800 മെട്രിക് ടണ്ണായി വർധിച്ചു.

കാസർഗോഡ് ഉൾപ്പെടെ ഒട്ടേറെയിടങ്ങളിൽ എൻഡോസൾഫാൻ രക്‌തസാക്ഷികൾ ഇപ്പോഴുമുണ്ട്. കാസർഗോഡ് ജില്ലയിലെ കശുമാവു തോട്ടങ്ങളിൽ കാലങ്ങളോളം പ്രയോഗിച്ച എൻഡോസൾഫാൻ തലമുറകളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു. ഇതുകൊണ്ടൊന്നും കശുമാവുകൃഷി ലാഭത്തിലെത്തിയില്ലതാനും.

എൻഡോസൾഫാൻ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാഷ്ട്രമായി ഇന്ത്യ. ഹിന്ദുസ്‌ഥാൻ ഇൻസെക്ടിസൈഡ്സ്, എക്സൽ ക്രോപ്കയർ, കൊറോമാണ്ഡൽ ഫെർട്ടിലൈസേഴ്സ് തുടങ്ങിയ നിരവധി സ്‌ഥാപനങ്ങൾ പ്രതിവർഷം 8500 ടൺ എൻഡോസൾഫാൻ ഉൽപ്പാദിപ്പിക്കുന്നു. അതിൽ 4500 ടണ്ണിന്റെ വിപണിയും ഇന്ത്യതന്നെ.

1868ൽ പാരീസ്ഗ്രിൻ ഡൈ എന്ന പേരിലാണ് ആദ്യ കൃത്രിമ കീടനാശിനി വികസിപ്പിച്ചത്. ഹരിത വിപ്ലവവും തുടർന്ന് അത്യുത്പാദനശേഷിയുള്ള പുതിയ വിത്തിനങ്ങളും കീടനാശിനിയെ കൃഷിയിടത്തിലെ അവശ്യവസ്തുവാക്കി മാറ്റി. കീടനാശിനികളുടെ രംഗത്ത് വലിയ മുന്നേറ്റമായിരുന്നു ഡിഡിറ്റി. 1939ൽ സ്വിറ്റ്സർലൻഡിലെ പോൾ ഹെമൻമുള്ളർ എന്ന ശാസ്ത്രജ്‌ഞനാണ് ഡി ഡി റ്റി കണ്ടുപിടിച്ചത്. 1968ൽ അമേരിക്കയും തുടർന്ന് മറ്റു പല രാജ്യങ്ങളും ഡി ഡി റ്റി നിരോധിച്ചു.
(തുടരും).

റെജി ജോസഫ്