പഠിച്ചും പണിയെടുത്തും പുതുതലമുറ
പഠിച്ചും പണിയെടുത്തും പുതുതലമുറ
പുതിയ തലമുറയ്ക്ക് അടിച്ചുപൊളി മാത്രമേ അറിയൂ എന്ന പൊതു അഭിപ്രായം മാറ്റാൻ സമയമായെന്നാണ് കാമ്പസുകൾ ഇപ്പോൾ പറയുന്നത്. ആഘോഷിക്കാൻ മാത്രമല്ല പണിയെടുക്കാനും
പുതുതലമുറയ്ക്കറിയാം എന്നതാണ് പുതിയ വാർത്ത. പഠനത്തോടൊപ്പം ജോലി ചെയ്യുന്ന
കോളജ് വിദ്യാർഥികളുടെ എണ്ണം വർധിച്ചു വരികയാണ്. ഈ പുതിയ പ്രവണതയെക്കുറിച്ച് മാർ ഈവാനിയോസ് കോളജിലെ ജേർണലിസം വിദ്യാർഥികളായ <യ> ഒ. സംഗീതയും ഹസീന താജ്നിസയും ചേർന്ന് തയ്യാറാക്കിയ പരമ്പര.

പോക്കറ്റ് മണിക്കു വേണ്ടി വീട്ടുകാരുടെ നീണ്ട ഉപദേശവും ചോദ്യങ്ങളും യുവാക്കൾ കേട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. പഠിച്ച് ജോലി വാങ്ങിച്ചാൽ ആദ്യം തനിക്കിഷ്ടപ്പെട്ടതൊക്കെ വാങ്ങിക്കണമെന്നായിരുന്നു അന്ന് ഭൂരിപക്ഷം പേരുടേയും ആഗ്രഹം. പക്ഷേ ഇന്നത്തെ ന്യൂ ജനറേഷനാകെ സ്മാർട്ടാണ്. പഠനത്തോടൊപ്പം ജോലി ചെയ്യുക എന്നത് ഇന്നത്തെ ട്രെൻഡ് ആണ്. കോളജ് വിദ്യാർഥികളിൽ ഭൂരിപക്ഷം പേരുമിന്ന് പാർട്ട് ടൈം ജോലിക്കാരാണ്. നഗരപ്രദേശങ്ങളിലാണ് ഇതൊരു ട്രെൻഡായി വളർന്നു വരുന്നത്. പോക്കറ്റ് മണിക്കായാണ് ഇവരിൽ ഭൂരിപക്ഷം പേരും ജോലി ചെയ്യുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കുടുംബങ്ങളിലെ കുട്ടികൾ മാത്രമായിരുന്നു കുറച്ചു കാലം മുൻപു വരെ ഇത്തരത്തിൽ പഠനത്തിനൊപ്പം ജോലി ചെയ്തിരുന്നത്. എന്നാലിന്ന് സമ്പത്തുള്ളവനും ഇല്ലാത്തവനുമെന്ന വ്യത്യാസം കുട്ടിജോലിക്കാർക്കില്ല. ആൺ–പെൺ വ്യത്യാസവും ഇക്കാര്യത്തിൽ വളരെ കുറവാണെന്നതാണ് മറ്റൊരു വസ്തുത.

പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണം കൂടാനുള്ള ആദ്യ കാരണം ജീവിതരീതിയിലെ മാറ്റങ്ങളാണ്. വല്ലപ്പോഴും കിട്ടിയിരുന്ന പോക്കറ്റ് മണികൊണ്ടോ അമ്മയെ മണിയടിച്ച് വാങ്ങുന്ന കാശുകൊണ്ടോ ഒരു സിനിമ കാണുന്നതോ പുറത്തെ ഭക്ഷണം കഴിക്കുന്നതോ ആയിരുന്നു പഴയതലമുറയുടെ ആകെയുള്ള അപ്രഖ്യാപിത ചെലവുകൾ. എന്നാലിന്നത്തെ കുട്ടികൾക്ക് ഭാരിച്ച ചെലവുകളുണ്ട്. എന്തിനും സുഹൃത്തുക്കൾക്ക് പാർട്ടി നടത്തണം, ഗിഫ്റ്റ് കൊടുക്കണം, തനിക്ക് മാറി മാറി വരുന്ന ട്രെൻഡി വസ്ത്രങ്ങൾ വാങ്ങണം, പുതിയ സിനിമകൾ എല്ലാം കാണണം, ഇടയ്ക്കിടെ പുറത്തു പോയി ഭക്ഷണം കഴിക്കണം. ഇങ്ങനെ മാതാപിതാക്കൾ വല്ലപ്പോഴും നൽകുന്ന പോക്കറ്റ് മണിയിൽ ഒതുക്കാനാകാത്ത ചെലവുകൾ അവർക്കുണ്ട്.

<ശാഴ െൃര=/ളലമേൗൃല/െുലരശമഹബ2016ങമ്യ04്യമ2.ഷുഴ മഹശഴി=ഹലളേ>

‘‘എപ്പോഴും സിനിമയ്ക്ക് പോകാൻ കാശു ചോദിച്ചാൽ തരാൻ വീട്ടുകാർക്കുണ്ടാവില്ല. എനിക്ക് പറ്റിയ ഒരു ജോലി ചെയ്ത് എന്തുകൊണ്ട് എനിക്കെന്റെ ആവശ്യങ്ങൾ നടത്തിക്കൂടാ എന്ന വിചാരമാണ് ഞാൻ കാറ്ററിംഗ് ജോലി തുടങ്ങാൻ കാരണം’’– ആറ്റിങ്ങൽ ഐ.ടി.ഐ യിലെ നൗഫലിന്റെ വാക്കുകളാണിത്.

‘‘അവധി ദിവസങ്ങളിലാണ് ജോലി. അതുകൊണ്ട് കോളജിൽ പോകുന്നതിന് ബുദ്ധിമുട്ടില്ല. പണിയുള്ളപ്പോൾ കാശും ഫുഡും വേണ്ടപോലെ’’.

കൂലിപ്പണിയും ട്യൂഷനും മാത്രമായിരുന്നു പണ്ട് പഠിക്കുന്നവർക്ക് ചെയ്യാനുണ്ടായിരുന്ന തൊഴിലുകൾ.എന്നാൽ ഈ മേഖല വൈവിധ്യം കൊണ്ട് നിറഞ്ഞിരിക്കുകയാണിപ്പോൾ. ഓൺലൈൻ മാർക്കറ്റിംഗ്, ഡാറ്റ എൻട്രി, കണ്ടന്റ് റൈറ്റിംഗ്, കാറ്ററിംഗ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിങ്ങ്, ഡാൻസ്, മോഡലിംഗ്, ഷോറൂം ബോയ്സ്, നോട്ടീസ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഇങ്ങനെ നിര നീണ്ട് പോകും.

‘‘എന്റേതു മാത്രമായ ആവശ്യങ്ങൾക്ക് ഒരിക്കലും മാതാപിതാക്കളെ ബുദ്ധിമുട്ടിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. എനിക്ക് നന്നായി നീന്തലറിയാം. നീന്തൽ പരിശീലിപ്പിച്ചാലോ എന്നായി ഞാൻ. നീന്തൽ പഠിക്കാൻ കുട്ടികൾക്ക് താത്പര്യമുണ്ടെന്നറിഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല’’– മാർ ഈവാനിയോസ് കോളജിലെ രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർഥി സാബിറയുടെ വാക്കുകളാണിത്.


പഠനത്തെ ഒരുതരത്തിലും ബാധിക്കാതെ ജോലി ചെയ്യാമെന്ന ആകർഷണീയത മറ്റൊരു ഘടകമാണ്. ‘‘ഞാനിപ്പോൾ ചെയ്യുന്ന ഓൺ ലൈൻ ജോലി എപ്പോൾ ചെയ്യുമെന്നതായിരുന്നു എനിക്ക് ആശങ്ക ഉണ്ടായിരുന്ന കാര്യം. എന്നാൽ ഞാൻ വെറുതെ ടിവി കാണുന്ന സമയം മതി ഇതു ചെയ്യാനെന്ന് തുടങ്ങിക്കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി’’– രണ്ടാം വർഷ ഡിഗ്രി വിദ്യാർഥി അജയുടെ വാക്കുകളാണിത്.

ആകർഷകമായ ശമ്പളമാണ് പലയിടത്തും കുട്ടി ജോലിക്കാർക്ക് കിട്ടുന്നത്. രണ്ടു– മൂന്ന് മണിക്കൂർ പണിയെടുക്കുന്ന ആളിന് 300 മുതൽ 500 വരെയാണ് ശമ്പളം. പഠിക്കുന്ന മക്കൾ ജോലി ചെയ്യുന്നതിനെ പോസിറ്റീവായി കാണാൻ മാതാപിതാക്കളും തുടങ്ങിയെന്നത് മറ്റൊരു ഘടകം. പണത്തിന്റെയും അധ്വാനത്തിന്റെയും മൂല്യമറിഞ്ഞ് കുട്ടികൾ വളരുമെന്നാണ് അവരുടെ അഭിപ്രായം.

അനേഷിച്ചു നടന്ന് ജോലികൾ കണ്ടെത്തുന്നതിലുപരി സ്വന്തം കഴിവുകളെ എങ്ങനെ തൊഴിലാക്കാമെന്നത് ഇവരിൽ പലരും പരീക്ഷിച്ച് തെളിയിച്ചുകഴിഞ്ഞു. കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടാണ് പണിയെടുക്കേണ്ടതെന്നാണ് ഇവരുടെ പക്ഷം.

കഴിവിലൂടെ കാശു വാരുന്നവർ

പാർട്ട് ടൈം ജോലി ചെയ്യുന്നവരിൽ പലരും തങ്ങളുടെ കഴിവിലൂടെ സമ്പാദിക്കുന്നവരാണ്. ജോലി ചെയ്ത് കാശുണ്ടാക്കുക എന്നതുപോലെ കഴിവു വളർത്താനുള്ള അവസരങ്ങളെ കണ്ടു കൊണ്ട് കൂടിയാണ് ഇത്തരക്കാർ പാർട്ട് ടൈം ജോലികൾ തിരഞ്ഞെടുക്കുന്നത്. കഴിവുകൾ ഉപയോഗിച്ച് ജോലി ചെയ്യുന്നതുകൊണ്ട് ധാരാളം ഗുണങ്ങളുണ്ടെന്ന് അനുഭവസ്‌ഥർ പറയുന്നു.

‘‘അമ്മ ഡബ്ബിങ്ങ് ആർട്ടിസ്റ്റാണ്. കുഞ്ഞുന്നാളിലേ ഞാനും ഡബ്ബ് ചെയ്തു തുടങ്ങി. പഠിത്തത്തിനിടയിൽ ഞാനൊരിക്കലും ഡബ്ബിംഗിനെ ഉപേക്ഷിച്ചില്ല. പാർട്ട് ടൈം ജോലിയായി അത്് തുടർന്നുപോന്നു. ഈ മേഖലയിൽ കുറഞ്ഞ പ്രായം കൊണ്ട് ധാരാളം അനുഭവങ്ങൾ സമ്പാദിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് . ആത്മവിശ്വാസം ജോലി ചെയ്യുന്നതിലൂടെ വർധിച്ചിട്ടുണ്ട്. കഴിവിനെ മിനുക്കാനുള്ള അവസരം കൂടിയായാണ് ഞാൻ ഈ ജോലിയെക്കാണുന്നത്’’– രണ്ടാം വർഷ ജേർണലിസം വിദ്യാർഥി ദേവയാനിയുടെ അനുഭവം ഇങ്ങനെയാണ്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട പൂപ്പിയെന്ന കാർട്ടൂൺ കഥാപാത്രത്തിനു ശബ്ദം നൽകിയത് ദേവയാനിയാണ്. മാസം 10,000 രൂപയോളമാണ് ഡബ്ബിംഗിലൂടെ ദേവയാനി സമ്പാദിക്കുന്നത്.

ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്, ഡാൻസ്, പരിപാടികളുടെ അവതരണം, മോഡലിങ്ങ്, അഭിനയം, എഴുത്ത്, തർജമ, സ്വന്തം ബിസിനസ്സുകൾ ഇങ്ങനെ നിരവധി രംഗങ്ങളിൽ പാർട്ട് ടൈം ജോലി എടുക്കുന്നവരുണ്ട്. കഴിവ് ഉപയോഗിച്ച് ചെയ്യുന്ന ജോലികൾക്ക് മറ്റു ജോലികളേക്കാൾ ശമ്പളം കൂടുതലാണ്. പാർട്ട് ടൈമായി പരസ്യ കമ്പനിക്ക് ഫോട്ടോകൾ എടുത്തു നൽകുന്ന രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനി ഇവോണിന്റെ അനുഭവത്തിൽ ചെയ്യുന്ന ജോലിക്കനുസരിച്ച് 7000 മുതൽ 12,000 വരെ ലഭിക്കാറുണ്ട്. ഒപ്പം ജോലി ഒട്ടും തിരക്കു തോന്നിക്കുകയോ പഠനത്തെ ബാധിക്കുകയോ ചെയ്തിട്ടില്ല. അങ്കിൾ നൽകിയ ചെറിയ ജോലികളിലൂടെ പാർട്ട് ടൈം ജോലി തുടങ്ങിയ ഇവോണിന് തന്റെ പല ആഗ്രഹങ്ങളും ഇതുകൊണ്ട് നടത്താനായിട്ടുണ്ട്. അതിൽ ഏറ്റവും സന്തോഷം തന്റെ കാശു കൊണ്ട് കാമറയ്ക്ക് ലെൻസ് വാങ്ങിയ നിമിഷമായിരുന്നുവെന്ന് ഇവോൺ പറയുന്നു. മാർ ഈവാനിയോസ്് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ വിഘ്നേഷ് ആനന്ദ് പാർട്ട് ടൈം ജോലിയായി ഫോട്ടോഗ്രഫി, വീഡയോഗ്രഫി, ആർട്ട് ഡയറക്ഷൻ, വീഡിയോ എഡിറ്റിംഗ്, സൗണ്ട് എഡിറ്റിങ്ങ് എന്നിവയൊക്കെ ചെയ്യുന്നുണ്ട്. ഒരു ചാനലിൽ പാർട്ട് ടൈം കാമറാമാനായും വിഘ്നേഷ് പോകാറുണ്ട്. (തുടരും..)