ഇരവികുളം പോയാൽ രണ്ടുണ്ട് കാര്യം
ഇരവികുളം പോയാൽ രണ്ടുണ്ട് കാര്യം
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം– വിശപ്പും മാറും തലയിൽ തേയ്ക്കാൻ എണ്ണയും കിട്ടുമെന്ന് പറയുമ്പോലെയാണ് ഇരവികുളം പോയാൽ രണ്ടുണ്ട് കാര്യം. വരയാടിനെ കാണാം ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസവും കിട്ടും. ദിനംപ്രതി ചൂടിന്റെ കാഠിന്യം വർദ്ധിച്ചുവരുമ്പോളും സഞ്ചാരികളുടെ പറുദീസയായ ഇടുക്കി ജില്ലയിലെ ഇരവികുളത്തെ ഇതൊന്നും ബാധിച്ചിട്ടില്ല. ഇപ്പോഴും ഇവിടെ കോടമഞ്ഞും തണുത്ത കാറ്റും സഞ്ചാരികളുടെ മനം നിറച്ചുകൊണ്ടിരിക്കുന്നു.

കൊടുംചൂടിൽ മനസും ശരീരവും തണുപ്പിച്ചേക്കാമെന്ന് കരുതി ഇരവികുളത്തിന് ഫസ്റ്റ് ഗിയർ ഇടുമ്പോൾ നിങ്ങളെ കാത്ത് മനസും ശരീരവും മാത്രമല്ല കൺകുളിർക്കെ കാഴ്ചകളും കാത്തിരിപ്പുണ്ട്. വംശനാശം നേരിടുന്ന വരയാടിന്റെ പ്രസവകാലം അവസാനിച്ചതോടെ ഇപ്പോൾ ഇരവികുളം ദേശീയോദ്യാനം സന്ദർശകർക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. മറ്റു വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വരയാടിൻ കുഞ്ഞുങ്ങൾ ഉണ്ടായിട്ടുള്ളത് ഈ വർഷമാണെന്ന പ്രത്യേകതകൂടിയുണ്ട് ഇപ്പോൾ ഇരവികുളം ദേശീയോദ്യാനത്തിന്. അതായത് ഇരവികുളത്ത് എത്തിയാൽ രാജമലയിൽ രാജകീയമായി വസിക്കുന്ന വരയാടിനെ മാത്രമല്ല കുഞ്ഞിനെയും കാണാമെന്ന് ചുരുക്കം.

മൂന്നാറിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് ഇരവികുളം ദേശീയോദ്യാനം സ്‌ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്‌ഥിതിചെയ്യുന്ന ദേശീയോദ്യാനം കൂടിയാണിത്. പശ്ചിമഘട്ടത്തിൽ 2,000 മീറ്റർ ഉയരത്തിലാണ് ഇരവികുളം. വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണത്തിനുവേണ്ടി മാത്രം നിലവിൽ വന്നതാണ് ഈ ദേശീയോദ്യാനം. നമ്മൾ പൊന്നുപോലെ സംരക്ഷിക്കുന്ന നീലഗിരി താർ എന്ന് വിളിക്കുന്ന ഈ വരയാടുകൾ തമിഴ്നാടിന്റെ സംസ്‌ഥാന മൃഗമാണെന്ന പ്രത്യേകതകൂടിയുണ്ട്.

ഇരവികുളം ദേശീയോദ്യാനത്തിൽ രാജമല, പന്തുമല, ചിന്നപ്പന്തുമല, മീശപ്പുലിമല തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും വരയാടുകളെ കണ്ടുവരുന്നത്. ഇരവികും ദേശീയോദ്യാനത്തിൽ വരയാടുകൾ മാത്രമെയുള്ളുവെന്ന് വിചാരിച്ചെങ്കിൽ തെറ്റി. കടുവ, ആന, കാട്ടുപൂച്ച, മങ്കൂസ്, സിംഹവാലൻ കുരങ്ങ്, മാനുകൾ, കാട്ടുപോത്ത് തുടങ്ങിയ നിരവധി മൃഗങ്ങളും ഇവിടെ വിഹരിക്കുന്നുണ്ട്. ഹാമിൽറ്റന്റെ പീഠഭൂമിയെന്ന് അറിയപ്പെട്ടിരുന്ന ഇവിടം 1895ൽ ഹൈറേഞ്ച് ഗെയിം പ്രിസർവേഷൻ അസോസിയേഷൻ സംരക്ഷിതപ്രദേശമാക്കി മാറ്റി. 1971ൽ കേരളസർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്ത് വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു. 1975ൽ ദേശീയോദ്യാനമാക്കുകയും 1978ൽ ഇതിന്റെ പേര് ഇരവികുളം ദേശീയോദ്യാനമെന്നാക്കുകയും ചെയ്തു.

ഇതോടെ കേരളത്തിലെ ആദ്യ ദേശീയോദ്യാനമായി ഇരവികുളം. പുൽമേട്, കുറ്റിക്കാട്, ചോലവനം എന്നിങ്ങനെ വ്യത്യസ്തങ്ങളായ ആവാസവ്യവസ്‌ഥകളുള്ള ഉദ്യാനത്തിന്റെ വലിപ്പം 97 ചതുരശ്ര കിലോമീറ്ററാണ്. അതുപോലെ തന്നെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഇരവികുളം ദേശീയോദ്യാനത്തിലാണ് സ്‌ഥിതി ചെയ്യുന്നത്. ഇരവികുളത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട് 12 വർഷത്തിലൊരിക്കൽ നീലക്കുറിഞ്ഞി പൂക്കുന്നത് ഇവിടെയാണ്. 2018ലാണ് ഇനി നീലക്കുറിഞ്ഞി പൂക്കുക.

രാജമലയിൽ എത്തുന്ന സഞ്ചാരികൾ കാണിക്കുന്ന രണ്ടു ക്രൂരതകളാണ് നീലക്കുറിഞ്ഞി ചെടികൾ പറിക്കാൻ ശ്രമിക്കുന്നതും വരയാടുകളെ തൊടുവാൻ ശ്രമിക്കുന്നതും. മതിയായ സുരക്ഷയും സഞ്ചാരികളെ നിരീക്ഷിക്കാൻ ഗാർഡുകളെയും നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ച് പലരും ഈ സാഹസങ്ങൾക്ക് മുതിരാറുണ്ട്. പുരുഷൻമാരെക്കാളും സ്ത്രീകളാണ് ഇവിടെ നിയമം തെറ്റിക്കുന്നതിൽ മുൻപന്തിയിൽ. ആരും കാണാതെ ചെടികൾ പറിച്ച് ബാഗിൽ കടത്താൻ ആണ് സ്ത്രീകൾ ശ്രമിക്കുക. പലപ്പോഴും നീലക്കുറിഞ്ഞിയാണെന്ന് തെറ്റിധരിച്ച് മറ്റു പല കാട്ടുചെടികളും പറിച്ചുകൊണ്ട് പോകാറുണ്ടെന്ന് സുരക്ഷാ ഗാർഡുകൾ പറയുന്നു. നീലക്കുറിഞ്ഞി പറിച്ചുകൊണ്ടുപോയി വീട്ടിൽ വളർത്താമെന്നത് വെറും തെറ്റിധാരണയാണെന്നും ഈ ചെടി ഇവിടങ്ങളിൽ മാത്രമെ വളരുകയുള്ളുവെന്നും ഇവർ പറയുന്നു.


ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിലുള്ള വരയാടുകളെ മനുഷ്യൻ തൊടുന്നത് മൂലം ഇവയ്ക്ക് അസുഖങ്ങൾ പകരാനും അതു വഴി കൂട്ടത്തോടെ ചത്തൊടുങ്ങാനും സാധ്യതയുള്ളതുകൊണ്ടാണ് ഇവയെ തൊടുന്നത് കർശനമായി വിലക്കിയിരിക്കുന്നത്. നമ്മൾ വീടുകളിൽ വളർത്തുന്ന ആടുകളോട് സാദൃശ്യമുണ്ടെങ്കിലും വരയാടും വളർത്താടും തമ്മിൽ ഒത്തിരി വ്യത്യാസങ്ങൾ ഉണ്ട്. പ്രധാന വ്യത്യാസം വരയാട് സമുദ്രനിരപ്പിൽനിന്ന് 1,500 മീറ്ററിലധികം ഉയരത്തിൽ മാത്രമെ ജീവിക്കുകയുള്ളു. അതായത് ഒരെണ്ണത്തിനെ പിടിച്ചുകൊണ്ടുവന്ന് മൃഗശാലയിൽ പ്രദർശിപ്പിക്കാമെന്ന് വച്ചാൽ ചത്തുപോകുമെന്ന് അർഥം.

പെണ്ണാടിനും ആണാടിനും പിന്നിലേക്കു വളഞ്ഞ കൊമ്പുണ്ടെങ്കിലും പെണ്ണാടിന്റെത് താരതമ്യേന ചെറിയ കൊമ്പായിരിക്കും അതുപോലെ തന്നെ പെൺആടിനെക്കാളും വലിപ്പം ആണാടിനായിരിക്കും. ജനിച്ച് രണ്ടുമാസം വരെ ആട്ടിൻകുഞ്ഞ് മാതാവിന്റെ പൂർണ സംരക്ഷണയിലായിരിക്കും. 16മാസമാണ് ആട്ടിൻകുട്ടി പ്രയപൂർത്തിയാകാൻ എടുക്കുന്ന കാലയളവ്. ഒമ്പതു വർഷം വരെ ജീവിക്കുമെങ്കിലും ഇപ്പോഴത്തെ ശരാശരി ആയുസ് മൂന്നരവർഷമാണ്. ശരീരത്തിൽ വരകളൊന്നും കാണുന്നില്ലല്ലോ പിന്നെയെങ്ങനെ ഇതിന് വരയാടെന്ന് പേരുവന്നുവെന്നാണ് പലരുടെയും സംശയം. കൊമ്പുകളിൽ വൃത്താകൃതിയിൽ വരകളുള്ളതുകൊണ്ടാണ് ഈ പേരു വന്നതെന്ന് പലരും തെറ്റിധരിക്കാറുണ്ടെങ്കിലും സത്യം ഇതൊന്നുമല്ല.

പുൽമേടുകൽ നിറഞ്ഞ കുന്നിൻപ്രദേശങ്ങളാണ് ഇവയുടെ വിഹാരകേന്ദ്രങ്ങളെങ്കിലും പാറക്കെട്ടുകളുള്ള പ്രദേശങ്ങളോട് ഇവയ്ക്ക് പ്രത്യേക മമതയുണ്ട്. പാറക്കെട്ടുകളിലെ ചെരിവുകളിലൂടെ വരയാടുകൾക്ക് സഞ്ചരിക്കാൻ കഴിയും. ഇരപിടിയൻമാരിൽ നിന്ന് രക്ഷപ്പെടാനും ഇത്തരം പാറക്കെട്ടുകൾ ഉപയോഗിക്കാറുണ്ട്. ആടുകളുടെ പ്രസവവും പലപ്പോഴും പാ റയിടുക്കുകളിൽ ആകാറുണ്ട്. ഇത്തരത്തിൽ പാറയിലൂടെ നടക്കുന്ന ആടായതുകൊണ്ട് തമിഴർ ഇതിനെ വരൈആട് (വരൈ എന്ന തമിഴ് വാക്കിന്റെ അർഥം പാറയെന്നാണ്) എന്ന് വിളിച്ചു. നമ്മൾ കേരളീയർ അതിനെ വിളിച്ച് വിളിച്ച് വരൈ എന്നത് വരയാക്കിയെന്നു മാത്രം. സത്യത്തിൽ വരയാടല്ല വരൈയാടാണ് ഇരവികുളം ദേശീയോദ്യാനത്തിലുള്ളത്. രാവിലെ 7.30ന് തുറക്കുകയും വൈകുന്നേരം നാലിന് അടയ്ക്കുകയും ചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ കടക്കണമെങ്കിൽ 90 രൂപയുടെ പ്രവേശനപാസ് എടുക്കണം. തുടർന്ന് നാലു കിലോമീറ്റർ ദൂരത്തിലുള്ള രാജമലയിൽ വനംവകുപ്പിന്റെ ബസിൽ സഞ്ചാരികളെ എത്തിക്കും. ഇതിനായി ആറു ബസുകളാണ് ഇവിടെയുള്ളത്.

<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.ലൃമ്ശസൗഹമാ.ീൃഴ എന്ന അഡ്രസിൽ 150 രൂപ നിരക്കിൽ ഓൺലൈൻവഴിയും ബുക്കു ചെയ്യാവുന്നതാണ്. വളഞ്ഞുപുളഞ്ഞ് കിടക്കുന്ന കണ്ണൻദേവൻ തേയിലത്തോട്ടത്തിലൂടെ രാജമലയിൽ എത്തിയാൽ അവിടെനിന്ന് ഒരുകിലോമീറ്റർ നടന്ന് വേണം വരയാടിനെ കാണാൻ. സഞ്ചാരികൾക്ക് പ്രവേശനമുള്ളയിടം അവസാനിക്കുന്നിടത്ത് ഒരു ടെലസ്കോപ്പ് സ്‌ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ സമീപ പ്രദേശങ്ങൾ നിരീക്ഷിക്കാനുള്ള സൗകര്യമുണ്ട്. മലകയറി മടുക്കുന്നവർക്ക് വിശ്രമിക്കാൻ വഴിയിൽ നിരവധി ഇടങ്ങളിൽ ചെറുമാടങ്ങൾ വനംവകുപ്പ് നിർമിച്ചിട്ടുണ്ട്. മദ്യപാനം,പുകവലി,പ്ളാസ്റ്റിക്ക് ബാഗുകൾ, ഭക്ഷണസാധനങ്ങൾ തുടങ്ങിയവയ്ക്ക് രാജമലയിൽ നിരോധനമുണ്ട്. ഈ ചൂടു കാലത്ത് തണുപ്പുതേടിയുള്ള യാത്ര മൂന്നാറിൽ അവസാനിപ്പിക്കേണ്ട ഇനി അത് ഇരവികുളം ദേശീയോദ്യാനത്തിലേക്ക് നീട്ടിക്കൊള്ളൂ. കാരണം മറ്റ് എവിടെയും കാണാൻ സാധിക്കാത്ത, കുട്ടികൾക്കും മതിർന്നവർക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന ഈ പ്രത്യേക ഇനം ആടിനെയും കുഞ്ഞിനെയും കാണാം. കൂടെ പൂക്കാലം കാത്ത് ഉറങ്ങുന്ന നീലക്കുറിഞ്ഞികളും.

<ആ>അരുൺ ടോം