ഓർമയ്ക്കായി ടോംസ് കഥകൾ
ഓർമയ്ക്കായി ടോംസ് കഥകൾ
മിക്കി മൗസെന്ന കാർട്ടൂൺ എലിയെ സൃഷ്ടിച്ച് ലോക കാർട്ടൂൺ രംഗം കീഴടക്കിയ വാൾട്ട് ഡിസ്നിയുടെ സ്‌ഥാനമാണ് മലയാളത്തിൽ റ്റോംസിനുള്ളത്. ബോബനും മോളിയുമെന്ന അദ്ദേഹത്തിന്റെ കുസൃതി കഥാപാത്രങ്ങൾ തീർത്ത കാർട്ടൂൺ ലോകം നാല്പതു വയസിനു മേലെയുള്ള എല്ലാ മലയാളികളെയും അത്രമേൽ സ്വാധീനിച്ച നർമസ്പർശമാണ്.അതിന് റ്റോംസിന്റെ അസാമാന്യ പ്രതിഭക്കു പുറമെ ഒരു ഭൗതിക സാഹചര്യം കൂടെയുണ്ടായിരുന്നു. അറുപതു വർഷം മുമ്പ് നവമാധ്യമങ്ങളും ടിവിയും ഇല്ലാതിരുന്ന കാലത്ത് മലയാളിക്ക് ആഴ്ചതോറും ഹാസ്യ വിരുന്നൊരുക്കിയിരുന്ന ഏക ഇടം മനോരമ വാരികയുടെ അവസാന പേജിലുള്ള റ്റോംസിന്റെ കാർട്ടൂൺ പരമ്പര മാത്രമായിരുന്നു. ഒന്നാം കോളത്തിൽ തുടങ്ങി അവസാനകോളത്തിലെ ക്ലൈമാക്സിലെ കൂട്ടപ്പെരിച്ചലിൽ അവസാനിക്കുന്ന ഹാസ്യ സംഭവങ്ങളാണ് ഓരോ ബോബനും മോളിയിലും അവതരിപ്പിച്ചിരുന്നത്. അതിനോടൊപ്പം ഓരോ കോളത്തിലും പ്രത്യക്ഷപ്പെടുന്ന സൈഡ് വിറ്റുകളും പരമ്പരയെ ആകർഷകമാക്കി. നമുക്കു ചുറ്റും പരിചിതരായ പോത്തൻ വക്കിൽ പഞ്ചായത്തു പ്രസഡന്റ് ചേട്ടത്തി അപ്പിഹിപ്പി നേതാവ് ആശാൻ തുടങ്ങി എത്രയെത്ര കഥാപാത്രങ്ങളെയാണ് ചിരിവിരുന്നിനായി അദ്ദേഹം അണി നിരത്തിയത്. വെറും ചിരിക്കപ്പുറം അതാതു കാലത്തെ സാമുഹ്യ പ്രശ്നങ്ങളും നർമത്തിലൂടെ വലിച്ചു കീറി റ്റോംസ് വിചാരണ ചെയ്തിട്ടുണ്ട്. വാരികയിൽ കാർട്ടൂണിന്റെ പ്രാധാന്യം കണ്ടറിഞ്ഞാണ് പിന്നീട് വന്ന മാ പ്രസിദ്ധീകരണങ്ങളുടെ വസന്ത കാലത്ത് എല്ലാ വാരികയിലും അവസാനപുറം ബോബനും മോളിയുടെ അനുകരണങ്ങൾ കൊണ്ടു നിറഞ്ഞത്.

അറുപതു വർഷങ്ങൾക്കു മുമ്പ് ആധുനിക പ്രിന്റിംഗ് സംവിധാനങ്ങളില്ലാതിരുന്ന കാലത്തു വരച്ചു തുടങ്ങിയ റ്റോംസ് അന്നത്തെ ബ്ലോക്ക് പ്രിന്റിംഗിനിണങ്ങുന്ന കട്ടി കൂടിയ ബ്രഷ് സ്ട്രോക്കുകളുടെ രചനാ ശൈലിയാണു സ്വീകരിച്ചിരുന്നത്. റ്റോംസിന് ഏറെ ഇഷ്ടപ്പെട്ട വിശ്വപ്രശസ്ത കാർട്ടൂണിസ്റ്റ് ഡോവിഡ് ലോ യുടെ രചനാരീതിയും ആ മട്ടിലുള്ളതാണ്. പിൽക്കാലത്ത് റ്റോംസ് ഏറെ ആദരിച്ചിരുന്ന മറ്റൊരു കാർട്ടൂണിസ്റ്റ് ആർ.കെ ലക്ഷ്മണനായിരുന്നു.

അനായാസമുള്ള കാർട്ടൂൺ രചന പോലെ തന്നെ സരസമായ സംഭവ വിവരണത്തിലും റ്റോംസ് കേമനായിരുന്നു. ആദ്യകാലം തൊട്ടുള്ള കാർട്ടൂൺ അനുഭവങ്ങൾ പലതും റ്റോംസ് എന്നോടു പങ്കുവച്ചിരുന്നു. അവയിൽ ചിലതിവിടെ കുറിക്കാം.

കാർട്ടൂണുകൾ മലയാളത്തിൽ വന്നു തുടങ്ങിയ കാലം. മലയാള മനോരമ ഇടക്കാലത്തു നിന്ന പോയി. അക്കാലത്ത് ദീപികയ്ക്കു പുറമെ ദേശബന്ധുവും പൗരദ്ധ്വനിയും മലയാളത്തിലെ പ്രമുഖസ്‌ഥാനങ്ങളിലെത്തി. അവർ തമ്മിൽ കൂടുതൽ പ്രചാരണത്തിനായുള്ള മത്സരത്തിലുമായിരുന്നു. ദേശബന്ധു സ്വരാജ് കമ്പനിയുടമ കെ.എൻ ശങ്കുണ്ണിപ്പിള്ളയുടേതായിരുന്നു. പത്രാധിപർ ആർ.കെ കർത്ത, ശക്‌തവും മൂർച്ചയുമുള്ള തൂലികയായിരുന്നു അദ്ദേഹത്തിന്റേത്. ലേശം വർഗീയതയും സർക്കാർ വിരുദ്ധതയും പുലർത്തിയിരുന്നു. പക്ഷേ അതിലെ കാർട്ടൂണിസ്റ്റ് കെ.എസ് പിള്ളയുടെ കാർട്ടൂണുകൾ മനോഹരമായിരുന്നു. കുറിക്കു കൊള്ളുന്ന തൂലികയിലൂടെ കാർട്ടൂണിന്റെ ശക്‌തി ജനം തിരിച്ചറിഞ്ഞു. അതോടെ നാട്ടിൽ കാർട്ടൂണുകൾ കൂടുതൽ ജനപ്രീതി കൈവരിച്ചു.

ദേശബന്ധുവിൽ വരുന്ന കാർട്ടൂണുകളുടെ അംഗീകാരം തിരിച്ചറിഞ്ഞ കേരളഭൂഷണം ചീഫ് എഡിറ്റർ സ്കറിയാച്ചൻ നമ്മുടെ പത്രത്തിനും വേണം പടമെന്ന് സഹ പത്രാധിപരോടു പറഞ്ഞു. നമുക്കിഷ്ടം പോലെ പടമുണ്ടല്ലോ. ദേ ഇന്നു തന്നെ മൂന്നെണ്ണമുണ്ട്...

അതല്ലടോ ഈ വരക്കണ പടം എന്തുവാ അതിന്റെ പേര് കാർ........? കാർട്ടൂൺ അതുതന്നെ!
അവർ കാർട്ടൂണുകൾ വരയ്ക്കാൻ റ്റോംസിനെയാണു സമീപിച്ചത്.

സ്കറിയാച്ചൻ അക്കാലത്ത് രണ്ടളവുകളിലാണ് ഫോട്ടോകൾ ബ്ലോക്കു ചെയ്തിരുന്നത്. സമചതുരത്തിലും ദീർഘചതുരത്തിലും. കോട്ടയത്തെ പ്രമുഖ ബ്ലോക്ക് മേക്കറും കാർട്ടൂണിസ്റ്റുമായിരുന്ന ശ്രീ ജോൺമാത്യുവിനോട് അതിന്റെ നിരക്കു തിരക്കി. ഒന്ന് 20 രൂപ മറ്റത് 16 രൂപ. നമുക്കു പതിനാറിന്റെ മതി... പതിനാറിന്റെ അളവിന് കാർട്ടൂൺ വരക്കാനായിരുന്നു റ്റോംസിനു കിട്ടിയ നിർദ്ദേശം. കാർട്ടൂണിന്റെ വിഷയമോ ഭംഗിയോ ഒന്നും സ്കറിയാച്ചൻ നോക്കാറില്ല. ചെലവു കുറയണം അതാണു മാനദണ്ഡം.

കാർട്ടൂൺ കലയെക്കുറിച്ച് അറിവ് തുലോം കുറവായിരുന്ന ആ ബ്ലാക്ക് ആന്റ് വൈറ്റ് ബ്ലോക്കു കാലഘട്ടത്തിൽ റ്റോംസ് ദീപികയിലും കാർട്ടൂൺ വരച്ചിരുന്നു. അന്നത്തെ ചുമതലക്കാരനായിരുന്ന വില്യം അച്ചന് റ്റോംസിന്റെ കാർട്ടൂണുകൾ ഇഷ്ടമായിരുന്നു. കറപ്പും വെളുപ്പും മാത്രമുള്ള കാർട്ടൂൺ ചിത്രങ്ങളിൽ മറ്റു നിറങ്ങൾ കാണിക്കാൻ സാധ്യതയില്ലല്ലോ അതിനാൽ കളറിന്റെ കടുപ്പം അനുസരിച്ച് വലിയ,ചെറിയ വരകളുടെ ഡിസൈനിട്ട പൊടിക്കൈകളാണ് സ്വീകരിക്കുക. കമ്യുണിസ്റ്റുകാരെയും അവരുടെ കൊടിയും ചിത്രികരിക്കുമ്പോൾ ചുവപ്പിനു പകരം കറുത്ത ചായമേ നിവർത്തിയുള്ളൂ. വില്യമച്ചൻ അതൊരിക്കൽ ചോദിക്കുകയും ചെയ്തു.


ഇതെന്താ കമ്യൂണിസ്റ്റുകാർക്ക് കറുത്ത നിറം?

ചുവപ്പു ദ്യോതിപ്പിക്കാൻ ഇതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന കാര്യം റ്റോംസ് പറഞ്ഞു. പിന്നീടൊരിക്കൽ കേന്ദ്രമന്ത്രി എ.ജെ ജോണിനെ വരച്ചപ്പോൾ അദ്ദേഹത്തിന്റെ സ്‌ഥാനത്തിന്റെ ഗൗരവമനുസരിച്ച് കറുത്ത കോട്ടും സ്യൂട്ടുമാണ് റ്റോംസ് വരച്ചത്. അതുകണ്ട് വില്യം അച്ചൻ ചിരിച്ചുകൊണ്ടു പറഞ്ഞു:
എ.ജെ ജോൺ കമ്യൂണിസ്റ്റുകാരനൊന്നുമല്ലാ കേട്ടോ!
കാർട്ടൂൺവരച്ച് പുലിവാലും ഭീഷണിയും നേരിട്ട പല കഥകൾ റ്റോംസ് പറഞ്ഞിട്ടുണ്ട്. അതിലൊരെണ്ണം പറയാം. രാത്രിയിൽ ഒരു മണിയോടെ ഫോണടിച്ചു. സാധാരണ പാതിരാത്രിയിൽ വരുന്ന ഫോൺ കോളെല്ലാം മരണ വാർത്തകളായിരിക്കും. അതു പ്രതീക്ഷിച്ചെടുത്തപ്പോൾ മറു ഭാഗത്ത് ഒരു ഭീഷണിയുടെ സ്വരമായിരുന്നു.

കമ്യാണിസ്റ്റു പാർട്ടിയുടെ ഓഫിസിൽ നിന്നാണു വിളിക്കുന്നത്. ഇംഎംഎസിനെയോ ഗൗരിയേയോ കാർട്ടൂൺ വരച്ചോ പക്ഷേ മാർക്സിനെ തൊട്ടാൽ വിവരമറിയും.
ആരാണു വിളിക്കുന്നത്?

ഞാനെന്റെ പേരു പറയുന്നില്ല.

പേടിച്ചു വിറച്ചെങ്കിലും ഒരു മൂച്ചിന് ഉള്ള ധൈര്യത്തിൽ റ്റോംസ് ഇങ്ങനെ പറഞ്ഞു:
പേരുപോലും അതും ഫോണിൽ കൂടി പറയാൻ ധൈര്യമില്ലാത്ത നിങ്ങളുടെ ഭീഷണി ഞാൻ വകവയ്ക്കുന്നില്ല. നിങ്ങളെനിക്കിട്ട് ഒന്നും ചെയ്യാനുമില്ല.
പിറ്റേന്ന് പരിചയക്കാരനായി കോട്ടയം ക്രൈബ്രാഞ്ച് എസ്.പി മൈക്കിളിനോട് ഈ വിവരം സൂചിപ്പിച്ചു.തന്റേടമുള്ള കമ്യൂണിസ്റ്റുകാർ കേരളത്തിലുണ്ട്. പക്ഷേ കോഴിയുടെ കഴുത്തു ഞെരിക്കാൻ പോലും ധൈര്യമുള്ളവർ കോട്ടയം ജില്ലയിലില്ല എന്നു പറഞ്ഞ് എസ്പി ആശ്വസിപ്പിച്ചു.

––––––––––––––––––––––
പഴയ കാലത്തെ പത്രപ്രവർത്തന മേഖലയിലെ കഥകളുടെ റ്റോംസ് വിവരണം രസകരമാണ്. കുട്ടനാട്ടിലെ പണച്ചാക്കായ കെ.എം ചാക്കോയാണ് പൗരദ്ധ്വനി പുറത്തിറക്കിയിരുന്നത്. സത്യം എഴുതുന്നവനാണ് യഥാർത്ഥ കലാകാരൻ എന്ന ധാരണ വച്ചു പുലർത്തിയിരുന്നയാളായിരുന്നു അദ്ദേഹം. ഒരിക്കൽ പ്രശസ്ത എഴുത്തുകാരൻ കേശവദേവ് ഒരു കഥയുമായി ചാക്കോച്ചനെ കണ്ടു. സെക്സും ക്രൈമും വേണ്ടുവോളമുള്ളതായിരുന്നു കഥ. അതു വായിച്ചു രസിച്ച ചാക്കോ ദേവിനോടു തിരക്കി:
ഇതു സംഭവിച്ചതാണോ?

ദേവ് പറഞ്ഞു ഇതു കഥയാണ്.
കഥയോ? അപ്പോൾ നുണയാണല്ലേ. കഷ്ടം! സത്യമായിരുന്നെങ്കിൽ ഇത് ഒന്നാന്തരം വാർത്തയായിരുന്നു. കളഞ്ഞില്ലേ?

പലതും പറഞ്ഞു ചാക്കോയെ ബോധ്യപ്പെടുത്തിയെടുക്കാൻ ദേവ് കിണഞ്ഞു പരിശ്രമിച്ചതിന്റെ ഫലമായി അവസാനം വാരാന്തപ്പതിപ്പിൽ ഒരു കഥയായി അതു പ്രസിദ്ധീകരിച്ചു. എന്നാൽ പ്രതിഫലം കൊടുക്കുന്ന കാര്യത്തിലും ചാക്കോച്ചൻ മഹാ ലുബ്ധനായിരുന്നു. പ്രതിഫലത്തിനായി ചരഞ്ഞു നിന്ന ദേവിനോടുള്ള പ്രതികരണം ഇങ്ങനായിരുന്നു:

സത്യം എഴുതി അയക്കുന്ന ഏജന്റുമാർക്കു കൊടുക്കാൻ പോലും ഇവിടെ പണമില്ല, പിന്നാ കണ്ട നുണയൊക്കെ എഴുതിത്തരുന്നവനു കൊടുക്കുന്നത്!

ചാക്കോച്ചന്റെ നോട്ടത്തിൽ കാറൽമാൻ കഥകളാണു നല്ല കഥ. കാരണം അതു നടന്നതാണ്. യഥാർത്ഥ കലാകാരൻ കുന്നംകുളം ഏജന്റാണ്, അയാൾ സത്യം മാത്രമേ എഴുതൂ.
––––––––––––––––––––––––––
പത്രക്കടലാസിന്റെ ലഭ്യതയനുസരിച്ചാണ് ചാക്കോച്ചൻ ഓരോ ലക്കവും പത്രമടിക്കുന്നത്. കടലാസ് കുറവാണെങ്കിൽ ഒരുപുറം മാത്രമെ ആദ്യം അടിക്കൂ. പിന്നെ കടലാസിനായുള്ള അന്വേഷണമാണ്. ഡേറ്റ്ലൈനു മുമ്പ് കടലാസ് കിട്ടിയാൽ മറുഭാഗം കൂടി പ്രിന്റു ചെയ്യാൻ ഓഫിസിലേയ്ക്കു ഫോൺ ചെയ്യും. പുതുതായി കിട്ടിയ കടലാസിൽ വേറെ ഒന്നാം പേജുണ്ടാക്കി കൂടുതൽ പേജോടെ പൗരദ്ധ്വനി ഇറക്കും. കടലാസ് കിട്ടിയില്ലെങ്കിൽ മറുഭാഗം ഒന്നാം പേജാക്കി രണ്ടു പേജിലായിരിക്കും പത്രം ഇറങ്ങുക.
ഒരിക്കൽ ഒരു പേജ് പ്രിന്റു ചെയ്ത് കടലാസിനായി പ്രസുകാർ കാത്തിരുന്നു. കടലാസിനു പോയ ചാക്കോച്ചന് കടലാസു കിട്ടിയപ്പോൾ പാതിരാത്രിയായി. ഉടൻ തന്നെ ഓഫിസിലേയ്ക്കു ഫോൺ ചെയ്തു. പക്ഷേ ഫോൺ നമ്പർ മാറിപ്പോയി. കിട്ടിയത് കോട്ടയത്തെ പ്രമുഖ ബിസിനസുകാന്റെ ഈയിടെ വിവാഹിതനായ കൊച്ചു മുതലാളിക്ക്. ഫോൺ മെസേജ് ഇതായിരുന്നു:
പൗരദ്ധ്വനി ചാക്കോച്ചനാ വിളിക്കുന്നത്. ഇനി നോക്കണ്ടാ മറിച്ചിട്ടടിച്ചോ.
–––––––––––––

മലയാളം കണ്ട ഏറ്റവും ജനകീയനായ കാർട്ടൂണിസ്റ്റിനെ മലയാളികൾ നെഞ്ചിലേറ്റിയെങ്കിലും കേരള സർക്കാർ വേണ്ടവിധം അംഗീകരിച്ചില്ലെന്ന കാര്യം ഖേദകരമാണ്. പത്മ അവാർഡുകൾക്കു ഒരിക്കലും പരിഗണിച്ചില്ലെന്നു മാത്രമല്ല എന്തെങ്കിലും അംഗീകാരമോ ബഹുമതിയോ നൽകി ആദരിക്കുകയോ ഉണ്ടായില്ല. സർക്കാർ കാണിച്ച ഈ നെറികേടു മൂലം അദ്ദേഹത്തിന് സംസ്‌ഥാന ബഹുമതിയോടെയുള്ള സംസ്കാരം പോലും നൽകില്ലെന്നു കേൾക്കുന്നു. അങ്ങനെവന്നാൽ ഏറെ ലജ്‌ജാകരവുമാണിത്. സംസ്കാരശൂന്യരായ ഈ ജനതയോട് അദ്ദേഹത്തിന്റെ ആത്മാവ് പൊറുക്കട്ടെ.

<യ> –രാജുനായർ