മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ നവീകരിച്ച കെയുവി 100 (വണ്‍ ഡബിൾ ഒ) നിരത്തിലെത്തി. നാൽപ്പത് പുതിയ ഫീച്ചറുകളും പരിഷ്കാരങ്ങളും നൽകിയാണ് കെയുവി 100 എൻഎക്സ്ടി എന്ന പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
കൊച്ചിയിലെ എക്സ്ഷോറൂം വില പെട്രോൾ വകഭേദങ്ങൾക്ക് 4.48 ലക്ഷം രൂപ മുതൽ 6.50 ലക്ഷം രൂപ വരെയും ഡീസൽ വക ഭേദങ്ങൾക്ക് 5.48 ലക്ഷം രൂപ മുതൽ 7.42 ലക്ഷം രൂപ വരെയുമാണ് വില. ഓരോ വിഭാഗത്തിലും അഞ്ചു വകഭേദങ്ങളുണ്ട്.
ഉപയോക്താക്കളുടെ അഭിപ്രായങ്ങൾ കണക്കിലെടുത്ത് 21 മാസങ്ങൾക്കകമാണ് പുതിയ കെയുവി 100 മഹീന്ദ്ര നിരത്തിലെത്തിച്ചിട്ടുള്ളത്. 2016 ജനുവരിയിലാണ് കെയുവി 100 വിപണിയിലെത്തിയത്. ഇതുവരെ അറുപതിനായിരത്തിലധികം സന്തുഷ്ട ഉപഭോക്താക്കളെ സൃഷ്ടിക്കുവാൻ കഴിഞ്ഞു. നാല്പതു പുതിയ ഫീച്ചറുകൾ ചേർത്തിട്ടുണ്ടെങ്കിലും വിലയിൽ കാര്യമായ വ്യത്യാസമില്ലെന്ന് കേരള ഡെപ്യൂട്ടി സെയിൽസ് മാനേജർ ഇ എസ് സുരേഷ് കുമാർ പറഞ്ഞു.
ഏഴെട്ടു മാസങ്ങൾക്കുള്ളിൽ എഎംടി ( ഓട്ടോമേറ്റഡ് മനുവൽ ട്രാൻസ്മിഷൻ) വപണിയിലെത്തിക്കുമെന്നും സുരേഷ്കുമാർ പറഞ്ഞു.
എസ് യു വി രൂപത്തിനു മാറ്റുകൂട്ടും വിധം ഫ്രണ്ട് ഗ്രിൽ, ബന്പറുകൾ എന്നിവ നവീകരിച്ചു. വീൽ ആർച്ച് ക്ലാഡിംഗും ഡോർ - സിൽ ക്ലാഡിംഗും എസ് യു വിയുടെ പൗരുഷഭാവം വർദ്ധിപ്പിക്കുന്നു. പുതിയതാണ് 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ബട്ടണ്‍ അമർത്തി ക്രമീകരിക്കാനാവുന്ന ഇൻഡിക്കേറ്റർ ഉൾപ്പെടുത്തിയ ബാഹ്യ റിയർ വ്യൂ മിറർ, ഏഴിഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പാർക്കിങ്ങ് സെൻസറുകൾ, ബട്ടണ്‍ അമർത്തി മടക്കാവുന്ന ബാഹ്യമിററുകൾ, ഇലക്ട്രോണിക് ടെംപറേച്ചർ കണ്ട്രോൾ പാനൽ എന്നിവ പുതിയ കെയുവ 100-ൽ ഉൾപ്പെടുന്നു. കറുപ്പ് നിറത്തിലുള്ള ഇന്റീരിയർ, പുതിയ ഫാബ്രിക്ക് അപ്ഹോൾസറ്ററി, നവീകരിച്ച സെന്റർ കണ്‍സോൾ എന്നിവയും പ്രത്യേകതകളാണ്.
ഫയറി ഓറഞ്ച്, ഫ്ളേന്പോയന്റ് റെഡ്, പേൾ വൈറ്റ്, ഡാസ്ലിങ് സിൽവർ, ഡിസൈനർ ഗ്രേ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങൾ കൂടാതെ ഫ്ളേന്പോയന്റ് റെഡ് + മെറ്റാലിക് ബ്ലാക്ക്, ഡാസലിംഗ് സിൽവർ + മെറ്റാലിക് ബ്ലാക്ക് എന്നീ വർണ്ണ സങ്കലനത്തിലും കെയുവി 100 എൻഎക്സ്ടി ലഭിക്കും.