കർക്കടകവും ആയുർവേദവും
കർക്കടകവും ആയുർവേദവും
Monday, July 17, 2017 4:14 AM IST
കേരളീയരെ സംബന്ധിച്ചിടത്തോളം കർക്കടക മാസത്തിലെ ആരോഗ്യ സംരക്ഷണം വളരെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്. അതിൽ ആയുർവേദം അനുശാസിക്കുന്ന ജീവിതചര്യകളും ചികിത്സാ രീതികളും പണ്ടു മുതൽക്കെ അനുവർത്തിച്ചുവരുന്നു.

കൊടുംവേനലിൽ നിന്നും കനത്ത മഴയിലേക്കുള്ള പ്രകൃതിയുടെ മാറ്റം മനുഷ്യശരീരത്തിെൻറ പ്രതിരോധ ശക്തിയെയും സാരമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ കർക്കടകത്തിലെ ആരോഗ്യ സംരക്ഷണ പ്രക്രിയകൾക്കും ഒൗഷധസേവയ്ക്കും പ്രസക്തിയേറുന്നു.

വാതരോഗങ്ങളും ഭക്ഷണക്രമങ്ങളും

ആയുർവേദ ശാസ്ത്രപ്രകാരം ഈ കാലാവസ്ഥയിലുണ്ടാകുന്ന ത്രിദോഷങ്ങളുടെ (വാതം, പിത്തം, കഫം) അസന്തുലിതാവസ്ഥയും ജഠരാഗ്നി മാന്ദ്യവും അസംഖ്യം രോഗങ്ങൾക്ക് ഹേതുവാകുന്നു. അതിൽ പ്രധാനമായി വർഷകാലത്ത് വാതദോഷം അധികമായി കോപിക്കുന്നതിനാൽ വാതരോഗങ്ങൾ മൂർച്ഛിക്കുകയും പ്രകടമായ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നു. വാതശമനത്തിനായുള്ള ഒൗഷധ സേവയും തൈലം, വസ്തി തുടങ്ങിയവയുടെ പ്രയോഗവും ഇവിടെ പ്രാധാന്യമർഹിക്കുന്നു. കൂടാതെ ആസ്ത്മ അലർജി, വിവിധതരം പകർച്ചപ്പനികൾ എന്നിവ വർധിക്കുന്നതിനും അനുകൂലമായ കാലാവസ്ഥയാണ് കർക്കടകത്തിലേത്.

ഈ കാലയളവിൽ ലഘുവായ ആഹാര പദാർത്ഥങ്ങളും പച്ചക്കറികളും, തഴുതാമ, പയറില, ചേന്പില, മത്തൻ എന്നീ ഇലക്കറികളും ഭക്ഷണത്തിലുൾപ്പെടുത്തുന്നതിലൂടെ ദഹനവ്യവസ്ഥയുടെ പ്രവർത്തനം താറുമാറാകാതെ സംരക്ഷിക്കാം.


ഒൗഷധ കഞ്ഞിയും പഞ്ചകർമ്മ ചികിത്സയും

ഈ കാലയളവിലുള്ള ഒൗഷധകഞ്ഞിസേവയും പഞ്ചകർമം പോലുള്ള ചികിത്സാ സന്പ്രദായങ്ങളും ശരീര പുഷ്ടിക്കും ബലവർധനവിനും രോഗശമനത്തിനും ഉതകുന്നവയാണ്.

ഉലുവ, ആശാളി, ഞവര അരി, ദശപുഷ്പങ്ങൾ തുടങ്ങി ഒനവധി ഒൗഷധങ്ങൾ സംയോജിപ്പിച്ചുണ്ടാക്കുന്ന ഒൗഷധക്കഞ്ഞി ആരോഗ്യദായകവും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കുന്നവയുമാണ്.

ഓരോ ദേശത്തും വിവിധതരം കഞ്ഞിക്കൂട്ടുകളാണ് പ്രചാരത്തിലുള്ളത്. ഇതിനോടൊപ്പം സ്നേഹനം (തൈലം, ഘൃതം എന്നിവ കൊണ്ടുള്ള ബാഹ്യവും ആഭ്യന്തരവുമായ ചികിത്സ), സ്വേദനം (വിയർപ്പിക്കൽ), ശോധനം (പഞ്ചകർ വിരേചനം, വസ്തി മുതലായവ) തുടങ്ങിയ ചികിത്സകളും വൈദ്യോപദേശപ്രകാരം തേടാവുന്നതാണ്. ഇത്തരത്തിലുള്ള സുഖചികിത്സയിലൂടെ ആരോഗ്യവും ദീർഘകാലത്തേക്കുള്ള രോഗശാന്തിയും പ്രാപ്തമാകും.

||

ഡോ. ഐശ്വര്യ ആർ.
ചീഫ് കണ്‍സൾട്ടന്‍റ്, മാധവ ഫാർമസ്യൂട്ടിക്കൽ ലബോറട്ടറീസ് ബാനർജി റോഡ്, എറണാകുളം