പഠിച്ചുരസിക്കാൻ അവധിക്കാലം
പഠനത്തിെൻറ കർശനചിട്ടകളിൽ നിന്നു മാറി മനസും ശരീരവും സ്വതന്ത്രമാകുന്ന ഒരു അവധിക്കാലം കൂടി. യൂണിഫോമിനും പുസ്തകസഞ്ചിക്കും ഇനി തെല്ലു വിശ്രമം. പാടത്തും പറന്പിലുമെല്ലാം യഥേഷ്ടം കളിച്ചു തിമർക്കാനുള്ള അവസരമായിരുന്നു മുൻകാലങ്ങളിൽ അവധിക്കാലം. എന്നാലിന്ന് സ്ഥിതി മാറിയിരിക്കുന്നു. ഭാവിയിലേക്കു ഗുണം ചെയ്യുന്ന ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന കാലമാണ് വേനലവധി. കുട്ടികളിലെ പാഠ്യേതര കഴിവുകൾ മിനുക്കിയെടുക്കാൻ ഉപയോഗപ്പെടുത്താവുന്ന കാലം. വിനോദവും വിജ്ഞാനവും ഒന്നിക്കുന്ന അനേകം അവധിക്കാല കോഴ്സുകൾ ഇന്ന് നമുക്കുചുറ്റുമുണ്ട്.

കംപ്യൂട്ടർ പഠിക്കാം

അവധിക്കാലകോഴ്സുകളെക്കുറിച്ച് ആലോചിക്കുന്പോൾ ഭൂരിഭാഗം പേരും ആദ്യം പരിഗണിക്കുക കംപ്യൂട്ടർ പഠനത്തെയാകും. അവധിക്കാലമാകുന്നതോടെ വിവിധ കോഴ്സ് പാക്കേജുകളുമായി കംപ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടുകൾ രംഗത്തെത്താറുണ്ട്. മോഹിപ്പിക്കുന്ന പരസ്യങ്ങളും അവകാശവാദങ്ങളുമല്ല കോഴ്്സ് തെരഞ്ഞെടുക്കുന്പോൾ മാനദമാക്കേണ്ടത്. കുിയുടെ അഭിരുചി, സ്ഥാപനത്തിലെ സൗകര്യങ്ങൾ, പഠനപദ്ധതി, ഫീസ്, കാലദൈർഘ്യം തുടങ്ങിയവ വിലയിരുത്തിയാകണം ചേരേണ്ടത്. സ്ഥാപനത്തിൽ നേരിട്ട് പോയി അന്വേഷിച്ച് കോഴ്സിെൻറ വിശദാംശങ്ങൾ അറിഞ്ഞ ശേഷം മാത്രം കുട്ടികളെ ചേർക്കുക. കംപ്യൂട്ടർ എന്ന ഉപകരണത്തെ അടുത്തറിയാനും ഭാവിയിലെ ഉപയോഗം ലളിതമാക്കാനും വേണ്ടിയാകണം പഠനം. അൽപം മുതിർന്ന കുട്ടികളാണെങ്കിൽ അടുത്തതായി ചേരാൻ പോകുന്ന പഠനപദ്ധതിക്ക് ഗുണകരമായ വിധത്തിലുള്ള കോഴ്സ് തെരഞ്ഞെടുക്കാം. ഇതുവരെ കംപ്യൂട്ടർ പരിചയിച്ചിട്ടില്ലാത്ത വരാണങ്കിൽ എതെങ്കിലും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ഓഫീസ് പാക്കേജ് പഠിക്കുന്നതാകും ഉചിതം. സ്ഥാപനങ്ങളുടെ അവകാശവാദങ്ങളിൽ വീഴാതെ ഈ രംഗത്തെ വിദഗ്ധരുമായി ആശയവിനിമയം നടത്തിയും കോഴ്സ് തെരഞ്ഞെടുക്കാം. കെൽട്രോണ്‍, സിഡിറ്റ്, ഐഎച്ച്ആർഡി, എൽബിഎസ്, പോളി ടെക്നിക്കുകൾ തുടങ്ങിയ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളും അവധിക്കാല കോഴ്സുകൾ നടത്താറുണ്ട്. സ്വകാര്യ സ്ഥാപനങ്ങളാകുന്പോൾ അവയ്ക്ക് ഏതെങ്കിലും തരത്തിലുള്ള അംഗീകാരമുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്.

വരച്ചുതുടങ്ങാം

ചിത്രരചനയിൽ അഭിരുചിയുള്ള കുട്ടികൾക്ക് ആ കഴിവ് മിനുക്കിയെടുക്കാൻ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച അവസരമാണ് അവധിക്കാലം. പ്രമുഖ കലാകാര·ാരും കലാപഠന സ്ഥാപനങ്ങളും സന്നദ്ധസംഘടനകളുമെല്ലാം കുട്ടികൾക്കായി അവധിക്കാല കോഴ്സുകൾ ഒരുക്കാറുണ്ട്. അഞ്ചുവയസുമുതൽ മുകളിലേക്കുള്ള കുട്ടികളെ പരിശീലിപ്പിക്കാം. പെൻസിൽ ഡ്രോയിംഗ് പഠനമാണ് തുടക്കക്കാർക്ക് യോജിച്ചത്. ചിത്രരചനയിൽ അത്യാവശ്യം വേണ്ട കൈവഴക്കം സാധ്യമാക്കാൻ ഇത് ഉപകരിക്കും. ഭാവിയിൽ പഠനാവശ്യത്തിനുള്ള വർക്ക് റെക്കോർഡുകളും മറ്റും വരയ്ക്കാനുള്ള പരിചയവും ഇതുവഴി ലഭ്യമാകും. ഓയിൽ പെയിൻറിംഗ്, വാട്ടർകളർ, അക്രലിക് തുടങ്ങിയ മാധ്യമങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നു പഠിപ്പിക്കുന്ന കോഴ്സുകളുമുണ്ട്. ഫാബ്രിക് പെയിൻറിംഗ് കോഴ്സുകൾ പെണ്‍കുട്ടികൾക്ക് യോജിച്ചവയാണ്.

അഭിനയപാഠം

അവധിക്കാല നാടകപരിശീലന ക്യാന്പുകൾ ഇന്ന് മിക്കയിടങ്ങളിലും സംഘടിപ്പിക്കാറുണ്ട്. അഭിനയത്തോട് അഭിരുചിയുള്ള കുട്ടികളെ ഇത്തരം പരിശീലനക്കളരിയിൽ ചേർക്കാം. അഭിനയപഠനം കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും അവരിൽ ആവിശ്വാസം വളർത്തുന്നതിനും ഉപകരിക്കുന്നതാണ്. കൂട്ടായ്മയുടെ പാഠം കൂടിയാണ് നാടകക്കളരികൾ പകർന്നു നൽകുന്നത്. പാഠ്യഭാഗങ്ങൾ നാടകരൂപത്തിലാക്കി പരിശീലിപ്പിക്കുന്ന ബോധനരീതി ഫലപ്രദമാണെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു. അതിനാൽ സ്കൂളുകളും അവധിക്കാല നാടകക്യാന്പുകൾ ഒരുക്കാറുണ്ട്. യുപിതലം മുതൽക്കുള്ള കുട്ടികളെയാണ് സാധാരണയായി പരിശീലനത്തിൽ പങ്കെടുപ്പിക്കാറുള്ളത്. എന്നാൽ അഭിരുചിയുള്ള ചെറിയ ക്ലാസുകാർക്കും അഭിനയപാഠങ്ങൾ സ്വായത്തമാക്കാം. പ്രാദേശിക ക്ലബുകളും മറ്റും നടത്തുന്ന ക്യാന്പുകൾ സമയക്രമത്തിനനുസരിച്ച് തെരഞ്ഞെടുക്കാം. നഗരങ്ങളിൽ പത്തും ഇരുപതും ദിവസത്തെ റസിഡൻഷൽ ക്യാന്പുകളും സംഘടിപ്പിക്കാറുണ്ട്. മുതിർന്ന കുട്ടികൾക്കാണ് ഇവ യോജിക്കുക. മോണോആക്ട്, മിമിക്രി തുടങ്ങിയവയിൽ വാസനയുള്ളവർക്കും നാടകക്യാന്പുകൾ ഗുണകരമാണ്.

സംഗീതം, നൃത്തം

സംഗീത, നൃത്ത ക്ലാസുകൾ നിരവധിയുണ്ടെങ്കിലും അനുയോജ്യമായവയുടെ തെരഞ്ഞെടുപ്പാണ് പ്രശ്നം. ശാസ്ത്രീയ സംഗീതപഠനം ചെറുപ്രായത്തിലേ തുടങ്ങുന്നത് ഗുണകരമാകും. മികച്ച ഗുരുവിനെ കണ്ടെത്താൻ സാധിക്കണം. മറ്റുള്ളവർ പോകുന്നതു കൊണ്ട് എെൻറ കുട്ടിയും പോകണം എന്ന നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കരുത്. രാവിലെ നടക്കുന്ന സംഗീതക്ലാസുകളാണ് ഉചിതം. ക്ലാസിൽ നിന്നു ലഭിക്കുന്ന പാഠങ്ങൾ പരിശീലിക്കാൻ വീട്ടിലും സൗകര്യമൊരുക്കണം. ഇക്കാര്യത്തിൽ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തുന്നത് നന്ന്. ഉപകരണസംഗീതപഠനത്തിനും അവധിക്കാലം ഏറെ യോജിച്ചതാണ്. ്രാദേശിക തലത്തിൽപോലും മികച്ച ക്ലാസുകൾ യഥേഷ്ടം ലഭ്യമാണ്. ഗിറ്റാർ, വയലിൻ, തബല, കീബോർഡ് എന്നിവയാണ് തുടക്കക്കാർക്ക് യോജിക്കുക. ചില കുട്ടികൾക്ക് റിഥംപാഡ് പോലുള്ള ഇലക്ട്രോണിക് സംഗീതോപകരണങ്ങളോടു പ്രത്യേക താത്പര്യമുണ്ടാകും.


ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും ഒരുപോലെ നടത്താവുന്നതാണ് നൃത്തപഠനം. ഒന്നോ രണ്ടോ മാസത്തെ പരിശീലനം കൊണ്ട് ഒന്നുമാകില്ലെങ്കിലും ചുവടുകളെയും താളത്തെയും കുറിച്ച് സാമാന്യധാരണയുണ്ടാകും. ആരിൽ നിന്നു പഠിച്ചാലും ശാസ്ത്രീയമാകണം എന്ന ഒറ്റ നിബന്ധനയേ കുച്ചുപ്പുഡി, ഭരതനാട്യം, മോഹിനിയാം എന്നിവയുടെ കാര്യത്തിൽ പാലിക്കേണ്ടതുള്ളൂ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നു ശാസ്ത്രീയപഠനം പൂർത്തിയാക്കിയവരോ ഈ രംഗത്ത് സജീവമായവരോ ആകണം പരിശീലകർ. നാലുവയസു മുതലുള്ളവരെ അവധിക്കാല കോഴ്സുകളിൽ പ്രവേശിപ്പിക്കാറുണ്ട്. സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻഡാൻസ് പരിശീലനവും അവധിക്കാലത്ത് നടത്താം.

വ്യക്തിത്വവികസനവും നേതൃപാടവവും

കുട്ടികളിൽ നേതൃപാടവം വളർത്തുന്നതിനുതകുന്ന കോഴ്സുകളുടെ എണ്ണം സമീപകാലത്തായി വർധിച്ചുവരുന്നുണ്ട്. സന്നദ്ധസംഘടനകൾ, ആരാധനാലയ കിറ്റികൾ, റസിഡൻറ്സ് അസോസിയേഷനുകൾ, സ്കൂളുകൾ എന്നിവയുടെ ആഭിമുഖ്യത്തിലെല്ലാം അവധിക്കാല കോഴ്സുകൾ നടത്തിവരുന്നു. റസിഡൻഷൽ രീതിയിലാണ് ചിലയിടങ്ങളിൽ പരിശീലനം. മികച്ച പരിശീലകരാണ് ക്ലാസെടുക്കുന്നതെന്ന് ഉറപ്പുവരുത്തിയാകണം കോഴ്സ് തെരഞ്ഞെടുക്കേണ്ടത്. വ്യക്തിത്വ വികസനത്തിനു തിയറി ക്ലാസിനേക്കാൾ നല്ലത് പ്രായോഗിക പരിശീലനമാണ് എന്ന് അറിഞ്ഞുവേണം കോഴ്സിനു ചേർക്കാൻ. നമ്മുടെ കുട്ടികൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ആശയവിനിമയത്തിനുള്ള കഴിവില്ലായ്മ. ഇത്തരം കുട്ടികളെ ആശയ വിനിമയപാടവം വർധിപ്പിക്കാൻ പരിശീലനം നൽകുന്ന കോഴ്സുകൾക്കു ചേർക്കാം. സ്പോക്കണ്‍ ഇംഗ്ലീഷ്, മലയാളം കോഴ്സുകൾ ഇതിെൻറ ഭാഗമാണെന്നു പറയാം. ഏഴാംക്ലാസ് മുതലുള്ള വിദ്യാർഥികളെയാണ് ലീഡർഷിപ്പ്, പേഴ്സണാലിറ്റി ഡെവലപ്മെൻറ് കോഴ്സുകളിൽ പ്രവേശിപ്പിക്കാറുള്ളത്.

നീന്തൽ

അവധിക്കാലത്തു സ്വായത്തമാക്കാവുന്ന ഒന്നാണ് നീന്തൽ. വെള്ളത്തിൽ വീണുള്ള അപകടങ്ങൾ വർധിച്ചുവരുന്ന ഇക്കാലത്ത് നീന്തൽ അറിഞ്ഞിരിക്കേണ്ടതിെൻറ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ല. സുരക്ഷ ഉറപ്പുള്ള കോഴ്സുകൾക്ക് മാത്രമേ വിദ്യാർഥികളെ ചേർക്കാവൂ. അക്വാട്ടിക് അസോസിയേഷെൻറയും മറ്റും നിയന്ത്രണത്തിലുള്ള നീന്തൽക്കുളങ്ങളിൽ വിദ്യാർഥികൾക്കുള്ള അവധിക്കാല പരിശീലന സൗകര്യം ലഭ്യമാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഫയർ ആൻഡ് റസ്്ക്യൂ ഫോഴ്സിെൻറ ആഭിമുഖ്യത്തിലും നീന്തൽപരിശീലനം നടത്തിവരുന്നുണ്ട്. ഈ രംഗത്തു ശ്രദ്ധേയരായ സ്വകാര്യവ്യക്തികളും അവധിക്കാലത്ത് പരിശീലനം നൽകുന്നുണ്ട്. നാട്ടിൻപുറങ്ങളിൽ പുഴകളും കുളങ്ങളും കേന്ദ്രീകരിച്ചുള്ള പരിശീലനം ലഭ്യമാണ്.

മറ്റു കായിക ഇനങ്ങൾ

ഫുട്ബോളും ക്രിക്കറ്റുമാണ് അവധിക്കാല പരിശീലനത്തിൽ ഡിമാൻഡുള്ള ഇനങ്ങൾ. പ്രമുഖ പരിശീലകർ നേരിട്ടു നടത്തുന്ന അവധിക്കാല ക്യാന്പുകൾ ഇന്ന് എല്ലാ ജില്ലകളിലുമുണ്ട്. അസോസിയേഷനുകളുടെ അംഗീകാരമുള്ള ക്യാന്പുകളാണ് ഉചിതം. മതിയായ സൗകര്യവും സുരക്ഷയും ഉറപ്പുവരുത്തിയേ കുട്ടികളെ ചേർക്കാവൂ. ഹോക്കി, ബാഡ്മിൻറണ്‍, ബാസ്കറ്റ്ബോൾ, വോളീബോൾ ക്യാന്പുകളും സജീവമാണ്. ചെറുപ്രായക്കാർക്ക് അവധിക്കാലത്തു പഠിക്കാവുന്ന ഒന്നാണ് റോളർ സ്കേറ്റിംഗ്. കരാട്ടെ, കളരി, കുംഗ്ഫു, ജൂഡോ തുടങ്ങിയ ആയോധനകലകളിലും അവധിക്കാല കോഴ്സുകൾ നടന്നുവരുന്നു. പരിശീലകരുടെ മികവും വിശ്വാസ്യതയും ബോധ്യപ്പെതിനു ശേഷം മാത്രം കുട്ടികളെ അയയ്ക്കുക. കായിക ഇനങ്ങളിലെ പരിശീലനം രാവിലെയോ വൈകുന്നേരമോ ആകുന്നതാണ് അനുയോജ്യം.

അഭിരുചി പരിഗണിക്കുക

ഏതു കോഴ്സിനു ചേരുന്പോഴും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കോഴ്സ് ഒരു ഭാരമായിത്തീരില്ലെന്ന് ഉറപ്പുവരുത്തണം. രണ്ടുമാസത്തെ അവധി നമ്മുടെ കാലാവസ്ഥയും മറ്റും പരിഗണിച്ചുള്ളതാണ്. കഠിനമായ വേനൽച്ചൂടിെൻറ കാലമാണിത്. അതുകൊണ്ടുതന്നെ ശരീരത്തിനും മനസിനും നല്ല വിശ്രമം വേണം. ഇതൊക്കെ തടസപ്പെടുന്ന അവധിക്കാലപഠനം അഭികാമ്യമല്ല. കുട്ടിയുടെ അഭിരുചിക്കു പ്രാധാന്യം നൽകിയാകണം കോഴ്സ് തെരഞ്ഞെടുക്കേണ്ടത്. മറ്റുള്ളവർ ചെയ്യുന്നതു കൊണ്ടു ഞാനും എന്ന നിലപാട് ഒരിക്കലും നല്ലതല്ല. വീട്ടിലെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കുട്ടികളെ പഠിപ്പിക്കാനും അവധിക്കാലം നല്ലതുതന്നെ. മാതാപിതാക്കളെ വീട്ടുകാര്യങ്ങളിൽ സഹായിക്കാം. വീടും പരിസരവും വൃത്തിയാക്കാം. ചെടികൾ വച്ചു പിടിപ്പിക്കാം ഇങ്ങനെ പലതും കുട്ടികളെ ശീലിപ്പിക്കാം.

ടി.വി. ജോഷി
ഫോട്ടോ: രമേശ് കോട്ടുളി