എം.ജെ. രാധാകൃഷ്ണൻ- കളവില്ലാത്ത കാമറ
എം.ജെ.രാധാകൃഷ്ണന്‍റെ കാമറ കളവു കാണിക്കില്ല. കാമറകൊണ്ട് ഗിമ്മിക്സുകളോ ഇന്ദ്രജാലങ്ങളോ കാട്ടാറില്ല ഈ കലാകാരൻ. മറിച്ച് ദൃശ്യങ്ങളെ അതിന്‍റെ പൂർണതയിൽ യാഥാർത്ഥ്യബോധത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഈ ഛായാഗ്രാഹകൻ ചെയ്യാറ്. അതുകൊണ്ടു തന്നെയാവണം ഇന്ത്യയിലെ എണ്ണപ്പെട്ട ഛായാഗ്രഹകരിൽ ഒരാളായി എം.ജെ മാറിയതും. പുരസ്കാരങ്ങൾ ഒന്നിനു പിറകേ ഒന്നായി ലഭിക്കുന്പോഴും ജാഡകളും ബഹളങ്ങളുമില്ല. മികച്ച കാമറാമാനുള്ള സംസ്ഥാന പുരസ്കാരം ഏഴാം തവണയും രാധാകൃഷ്ണനെ തേടിയെത്തുന്പോൾ തലശേരിയിൽ പി.ടി.കുഞ്ഞുമുഹ്മദിന്‍റെ വിശ്വാസപൂർവം മൻസൂർ എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.

1996-ൽ ജയരാജിന്‍റെ ദേശാടനത്തിനാണ് ആദ്യ സംസ്ഥാന അവാർഡ് രാധാകൃഷ്ണനെ തേടിയെത്തുന്നത്. 99-ൽ കരുണത്തിനും 2007-ൽ അടയാളങ്ങൾക്കും സംസ്ഥാന ബഹുമതി ലഭിച്ചു. 2008-ൽ ബയോസ്കോപിനും 2010-ൽ വീട്ടിലേയ്ക്കുള്ള വഴിക്കും 2011-ൽ ആകാശത്തിന്‍റെ നിറത്തിനും വീണ്ടും പുരസ്കാരം. വിവിധ ചലച്ചിത്ര മേളകളിലായ് നാല് ഇന്‍റർനാഷണൽ പുരസ്കാരവും നേടിയിട്ടുണ്ട്. ഇപ്പോൾ കാടുപൂക്കുന്ന നേരം എന്ന സിനിമയിലെ കാമറക്കാണ് വീണ്ടും ബഹുമതി തേടിയെത്തിയിരിക്കുന്നത്. വിശ്വാസപൂർവം മൻസൂറിന്‍റെ സെറ്റിൽവച്ച് രാധാകൃഷ്ണൻ മനസു തുറന്നപ്പോൾ...

കാടുപൂക്കുന്ന നേരത്തിലൂടെ വീണ്ടും സംസ്ഥാന അവാർഡ്. എന്താണ് ഇതിലെ കാമറയുടെ പ്രത്യേകത?

അങ്ങനെയെന്തെങ്കിലും കുടുതലായ് പറയാൻ എനിക്കറിയില്ല. കാടിന്‍റെ പച്ചപ്പും കാട്ടിലുള്ള മൂവ്മെന്‍റും ഭംഗിയായി ചെയ്യാൻ പറ്റി. രാത്രി ഷോട്ടുകളായിരുന്നു മറ്റൊരു പ്രത്യേകത. അതും നന്നായി ചെയ്തുവെന്നാണ് വിശ്വാസം. അതിന്‍റെ റിസൽറ്റാണ് ഈ അവാർഡ് എന്നു ഞാൻ കരുതുന്നു. ഒട്ടും ഗ്ലാമറൈസ്ഡ് ആയ കഥയോ പശ്ചാത്തലമോ അല്ല സിനിമയുടേത്. സിനിമയുടെ മൂഡിനു ചേരുന്ന രീതിയിലുള്ള ലൈറ്റപ്പും കളറിംഗുമാണ് നൽകിയിരിക്കുന്നത്.

പേരറിയാത്തവർ, ആകാശത്തിന്‍റെ നിറം, ഇപ്പോൾ കാടുപൂക്കുന്ന നേരം ഡോ.ബിജുവുമായി ചേർന്നൊരുക്കുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുന്നുണ്ടല്ലോ?

ഡോക്ടറുടെ പടങ്ങളിൽ പൊതുവേ അദ്ദേഹം പശ്ചാത്തലം ശ്രദ്ധിക്കാറുണ്ട്. അതു നമുക്കും ഒരു ഇൻസ്പിരേഷനാണ്. അതുകൊണ്ടായിരിക്കും കാമറയും ശ്രദ്ധിക്കപ്പെടുന്നത്.

സുദീർഘമായ ഒരു കരിയറാണല്ലോ സിനിമയിലുള്ളത്. കാമറയുടെ സാങ്കേതിക രംഗത്തു വന്ന മാറ്റങ്ങളെ എങ്ങനെ ഉൾക്കൊള്ളുന്നു?

ഉൾക്കൊള്ളാതെ ഈ രംഗ ത്തു നിലനിൽക്കാൻ പറ്റില്ലല്ലോ. തുടങ്ങിയത് ഫിലിമിലാണ്. ഇപ്പോൾ ഡിജിറ്റലായി. എച്ച്.എം.വി പോലുള്ള ലൈറ്റുകളും ഇപ്പോൾ കാണാനില്ല. ഡിജിറ്റലായതിന്‍റെ ഇത്തരം പ്രത്യേകതകൾ നമ്മൾ ഉൾക്കൊള്ളാതെ പറ്റില്ല.
div id="div-clmb-ctn-311045-1" style="float:left;min-height:2px;width:100%;" data-slot="311045" data-position="1" data-section="0" data-ua="M" class="colombia">


സാങ്കേതികത്വം കൂടിയതോടെ കലാപരമായ അംശം കുറഞ്ഞുപോയതായി തോന്നുന്നുണ്ടോ. ആർക്കും ഇത്തരം മേഖലകളിൽ കൈവയ്ക്കാമെന്ന അവസ്ഥ?

പോസിറ്റീവും നെഗറ്റീവും ഇതിലുണ്ട്. ഒരു ഷോർട്ട് ഫിലിമാണെങ്കിൽ പോലും പണ്ടൊക്കെ മൊത്തത്തിലുള്ള കളർ കറക്ഷനേ സാധിക്കുമായിരുന്നുളുള്ളൂ. ഇപ്പോൾ ഒരു പ്രത്യേക ഫ്രെയിമിൽ ഇന്ന സ്ഥലത്ത് കളർ കൂട്ടാനും ഇന്ന സ്ഥലത്ത് ബ്രൈറ്റ്നസ് കുറയ്ക്കാനുമൊക്കെ സാധിക്കും. പക്ഷേ ഇതിന്‍റെയൊക്കെ അമിത ഉപയോഗം മൊത്തത്തിലുള്ള കലാംശത്തെ നഷ്ടപ്പെടുത്തുകയേയുള്ളൂ.

ഇപ്പോഴത്തെ പല സിനിമകളിലും കഥയ്ക്കും സിനിമക്കും മേലേ കാമറ ശ്രദ്ധിക്കപ്പെടുന്നതു കാണാം. പക്ഷേ സിനിമയോടൊപ്പം കാമറ സഞ്ചരിക്കുന്നതല്ലേ അഭികാമ്യം?

എന്‍റെയൊരു രീതി എന്നു പറഞ്ഞാൽ കാമറയുടെ ഫീൽ പരമാവധി ഒരു സിനിമയിൽ നിന്നൊഴിവാക്കുക എന്നതാണ്. കാമറ ആവശ്യമില്ലാതെ ചലിച്ചാൽ റിയാലിറ്റി മാറിപ്പോകാൻ സാധ്യതയുണ്ട്. സീനിനെ മനോഹരമാക്കുന്നതിന് അത്തരം ചില മൂവ്മെന്‍ററുകൾ ഗുണം ചെയ്യുമെങ്കിൽ നല്ലത്. പക്ഷേ ആവശ്യത്തിൽ കൂടുതലായാൽ റിയാലിറ്റി നഷ്ടപ്പെടും.

കൊമേഴ്സ്യൽ സിനിമകളിൽ സാന്നിധ്യമറിയിക്കാറില്ലല്ലോ?

അങ്ങനെ വിളിക്കാറില്ല. പോകാറുമില്ല. തുടക്കകാലത്ത് അത്തരം സിനിമകൾ ചെയ്തിട്ടുണ്ട്. ജഗദീഷ് നായകനായ സ്ത്രീധനമൊക്കെ നൂറുദിവസം ഓടിയ സിനിമയാണ്.

ഛായാഗ്രഹണത്തിലേയ്ക്ക് കടന്നു വന്നത് എങ്ങനെയാണ്?

സ്റ്റിൽ ഫോട്ടോഗ്രാഫറായാണ് തുടക്കം. എൻ.എൻ.ബാലകൃഷ്ണനൊപ്പമായിരുന്നു തുടക്കം. ബാലകൃഷ്ണന് വരാൻ സാധിക്കാത്തിനെ തുടർന്ന് പഞ്ചവടിപ്പാലത്തിന്‍റെ സ്റ്റിൽഫോട്ടോഗ്രാഫറായി. പിന്നീട് പല സിനിമകളിലും സ്റ്റിൽ ഫോട്ടോഗ്രാഫറായി. അങ്ങനെ വർക്കു ചെയ്യുന്ന സമയത്താണ് ഷാജി എൻ കരുണുമായി പരിചപ്പെട്ടതും അദ്ദേഹത്തിന്‍റെ കാമറാ അസിസ്റ്റന്‍റായി കൂടുന്നതും. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത അമ്മാനംകിളിയാണ് ആദ്യമായി സ്വതന്ത്ര കാമറാമാനായ ചിത്രം.

കാമറാരംഗത്ത് ഒട്ടേറെ പുതുമുഖങ്ങൾ ഇപ്പോൾ കടന്നു വരുന്നു. അവരുടെയൊക്കെ വർക്കുകൾ നിരീക്ഷിക്കാറുണ്ടോ?

മിക്കവാറും എല്ലാ സിനിമകളും കാണാറുണ്ട്. അവരിൽ പലരും നല്ലരീതിയിൽ വർക്കു ചെയ്യുന്നവരാണ്. അതിൽ സന്തോഷം തോന്നുന്നു.

പുതുതായി ചെയ്യുന്ന പ്രോജക്ടുകൾ?

കുഞ്ഞുമുഹമ്മദിന്‍റെ ചിത്രത്തിനുശേഷം ചെയ്യുന്നത് ഡോ. ബിജുവിന്‍റെ സിനിമയാണ്. ഷാജി.എൻ.കരുണിന്‍റെ ചിത്രവുമുണ്ട്.

ബിജോ ജോ തോമസ്