അലമാര
അവർ പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. വിവാഹത്തിനുശേഷം വരന്‍റെ വീട്ടിൽ എത്തിയ അലമാര മൂലം അവരുടെ കുടുംബജീവിതത്തിലും അവരുടെ വീട്ടുകാർക്കിടയിലും ഉണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങളാണ് അലമാര എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.

ഹിറ്റ് ചിത്രമായ ആൻ മരിയ കലിപ്പിലാണ് എന്ന പ്രോജക്ടിനുശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രംകൂടിയാണ് അലമാര. സണ്ണി വെയ്ൻ, അജു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആൻ മരിയ കലിപ്പിലാണ് ഫെയിം മിഥുൻ മാനുവൽ തോമസ് സംവിധാനംചെയ്യുന്ന ഫാമിലി എന്‍റർടെയ്നർ കോമഡി ചിത്രമാണ് അലമാര.

പുതുമുഖം അതിഥി രവിയാണ് നായിക രഞ്ജി പണിക്കർ, സൈജു കുറുപ്പ്, സുധി കോപ്പ, മണികണ്ഠൻ, ബിജുക്കുട്ടൻ, ഇന്ദ്രൻസ്, സാദിഖ്, കുഞ്ചൻ, വിജിലേഷ്, നവീൻരാജ്, സോനു ജോസഫ്, പ്രീത, സീമാ നായർ, മഞ്ജു സതീഷ് തുടങ്ങിയവരാണു മറ്റു പ്രമുഖ താരങ്ങൾ.

അരുണ്‍ ബാംഗളൂരിൽ ബാങ്കുദ്യോഗസ്ഥനാണ്. ബാച്ചിലർ ജീവിതം ആർഭാടത്തോടെ ആഘോഷിക്കുന്ന അരുണ്‍ ആത്മാർഥ സുഹൃത്തുക്കളുടെ പ്രചോദനമാണ്. ഇതിനിടയിലാണ് അരുണ്‍, സ്വാതി എന്നപെണ്‍കുട്ടിയെ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. പുതുതായി ജോലി ലഭിച്ചു ബാംഗളൂരിലെത്തിയ സ്വാതിയുമായി അരുണ്‍ പ്രണയത്തിലാകുന്നു. ഇത് വീട്ടുകാർക്ക് ഇഷ്ടമില്ലായിരുന്നെങ്കിലും വിവാഹം നടത്തിക്കൊടുക്കുന്നു.


കല്യാണം കഴിഞ്ഞ് മൂന്നാംനാൾ വധുവിന്‍റെ വീട്ടിൽനിന്നും വരന്‍റെ വീട്ടിലേക്ക് അടുക്കള കാണൽ ചടങ്ങിനായി എത്തുന്നു. ഈ വരവിൽ ഒരു അലമാര കൊടുക്കുകയെന്നത് പതിവാണ്. അങ്ങനെ വധുവിന്‍റെ വീട്ടിൽനിന്നും വരന്‍റെ വീട്ടിലെത്തിയ അലമാരയുടെ പേരുപറഞ്ഞ് ഓരോ പ്രശ്നങ്ങൾ ഉണ്ടാകുന്നു. തുടർന്ന് അവരുടെ ജീവിതത്തിലും രണ്ടു കുടുംബങ്ങളിലുമുണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങളാണ് അലമാര എന്ന ചിത്രത്തിൽ മിഥുൻ ദൃശ്യവത്കരിക്കുന്നത്.

ഫുൾ ഓൾ സ്റ്റുഡിയോസ് നിർമിക്കുന്ന അലമാരയുടെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവഹിക്കുന്നു.
എ.എസ്. ദിനേശ്