ചില വീട്ടുകാര്യങ്ങൾ
വീട് ഒരു സ്വപ്നമാണ്. ഒരു വ്യക്‌തിയുടെയും കുടുംബത്തിെൻറയും ഏറെനാളത്തെ സ്വപ്നമാണു വീടായി മാറുന്നത്. ഒരുപാടു സ്വപ്നം കണ്ടും വീടുകൾ കണ്ടും ആശയങ്ങൾ പങ്കുവച്ചുമാണ് ഓരോ വീടും പൂർത്തിയാവുന്നത്. വീടിെൻറ അകത്തളങ്ങൾ, ഫർണിച്ചറുകൾ, ലൈറ്റിംഗ്, ബാത്ത്റൂം ഫിറ്റിംഗ്സ്, ഫ്ളോർ... എല്ലാറ്റിനുമുണ്ട് അഴകുനിറയുന്ന സ്വപ്നങ്ങൾ. സൗന്ദര്യം പീലിവിടർത്തുന്നവയാണ് കേരളത്തിലെ വീടുകൾ. ഓരോ വീടും വ്യത്യസ്തം. എലിവേഷനിൽ മാത്രമല്ല അകത്തളത്തിലെ സൗകര്യങ്ങളിലും വീട്ടുകാരെപ്പോലെ വ്യത്യസ്തമാണ് കേരളീയ ഗൃഹങ്ങൾ. കേരളത്തിനു സ്വന്തമായ വാസ്തുശാസ്ത്രവും ഗൃഹനിർമാണ രീതിയും ഉണ്ടെങ്കിലും കേരളത്തിലെത്തിയ എല്ലാ വിദേശരാജ്യങ്ങളുടെയും സ്വാധീനവും ഇവിടത്തെ വീടുകളിൽ കണ്ടെത്താൻ സാധിക്കും.

ഡച്ചുകാരിലൂടെ വിക്ടോറിയൻ കാലഘത്തിലെ ഗൃഹനിർമാണ രീതികളിലെ നല്ല അംശങ്ങൾ കേരളം സ്വീകരിച്ചിട്ടുണ്ട്. മലയാളി ചെന്ന ഇടങ്ങളിലെ എല്ലാ സൗന്ദര്യാത്മകതയും കേരളീയ ഗൃഹങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അതോടൊപ്പം ഇറ്റാലിയൻ, അറേബ്യൻ, ചൈനീസ് വീടുകളുടെ സൗന്ദര്യം കേരളീയ ഗൃഹങ്ങളിൽ കണ്ടെത്താനാവും.

വീടു നിർമാണത്തിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടി വരും. സമ്പാദ്യത്തിൽ നല്ലൊരു പങ്കും വീടുനിർമാണത്തിനായി ചെലവഴിക്കുന്നവരാണ് ഏറെയും. വീടു നിർമിച്ചു കടക്കാരായവരും നിർമാണം പൂർത്തിയാക്കാതെ വീടു വിൽക്കേണ്ടി വരുന്നവരും കടത്തിൽ മുങ്ങി ആത്മഹത്യ ചെയ്യുന്നവരും മലയാളിയുടെ ഗൃഹപ്രണയത്തിെൻറ ബാക്കിപത്രമാകുന്നു. നമ്മുടെ ബജറ്റിൽ ഒതുങ്ങുന്ന വീട് നിർമിക്കുകയെന്നതാണ് പ്രധാനം.

വീട് എന്ന ആവശ്യവും ബജറ്റും

വീട് ആഡംബരമല്ല ആവശ്യമാണ് എന്ന തിരിച്ചറിവ് ആകണം വീടിെൻറ ആധാരശില. യാത്രയിൽ കണ്ടു മോഹിക്കുന്ന വീടുകൾ, വലുപ്പം കൊണ്ടു ഭ്രമിപ്പിക്കുന്ന വീടുകൾ, സൗകര്യങ്ങൾ കൊണ്ടു അദ്ഭുതപ്പെടുത്തുന്ന വീടുകൾ എന്നിവയൊക്കെ സ്വന്തം വീട് എന്ന സങ്കല്പത്തിനു പുറത്തുനിൽക്കട്ടെ.
സ്വന്തമായി വീടു പണിയുമ്പോൾ സ്വന്തം സൗകര്യങ്ങൾ മാത്രമാണു കണക്കിലെടുക്കേണ്ടത്. വീടുപണിക്കു നീക്കിവയ്ക്കാൻ സാധിക്കുന്ന തുക, വായ്പയിലൂടെ സമാഹരിക്കാവുന്ന തുക, വീട്ടിൽ താമസിക്കുന്ന അംഗങ്ങൾ, അവരുടെ ജോലി... എന്നിവയെല്ലാം പരിഗണിച്ചു വീടിനു പ്ലാൻ തയാറാക്കുക.
വിവാഹിതനായ ഒരു വ്യക്‌തി പത്തുവർഷത്തെ സമ്പാദ്യം കൊണ്ടു വീടുപണിയുക എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഏറിയാൽ പതിനഞ്ചുവർഷത്തെ സമ്പാദ്യം മാറ്റിവയ്ക്കാം. അതു കഴിഞ്ഞാൽ കുട്ടികളുടെ പഠനവും ഉപരിപഠനവും വിവാഹവും ജോലിയിൽ നിന്നുള്ള വിരമിക്കലും എല്ലാം ചേർന്നു വീടിനു വേണ്ടി എടുത്ത വായ്പ ബാധ്യതയായി മാറും. അതിനാൽ മോഹങ്ങളും സ്വപ്നങ്ങളും കൂട്ടിക്കിഴിച്ചു യാഥാർഥ്യബോധത്തോടെ വീടു നിർമാണം ആരംഭിക്കാം.

വ്യക്‌തമായ പ്ലാൻ രൂപീകരിക്കുക

ആവശ്യം വരുമ്പോഴൊക്കെ ഉരുക്കി നിർമിക്കാവുന്ന മെഴുകുരൂപങ്ങളല്ല വീട് എന്നു പ്ലാൻ രൂപപ്പെടുത്തുമ്പോഴെ ചിന്തിക്കുക. വ്യക്‌തമായ മാർഗനിർദേശങ്ങളോടെ വീടിെൻറ പ്ലാൻ ആർക്കിടെക്ടിെൻറ സഹായത്തോടെ വരയ്ക്കുക. പ്ലാൻ ഗൃഹനിർമാണത്തിൽ പരിചയമുള്ളവരെയും മറ്റ് ആർക്കിടെക്ടുമാരെയും കാണിച്ചു പോരായ്മകൾ മനസിലാക്കി തിരുത്തി മാത്രം പണി ആരംഭിക്കുക. പിന്നീട് തുടരെത്തുടരെ പ്ലാൻ മാറ്റാതിരിക്കുക. വീടിനുള്ളിൽ സ്‌ഥലം ഉപയോഗ ശൂന്യമാകാത്ത രീതിയിലാവണം പ്ലാൻ തയാറാക്കേണ്ടത്.

തുടർച്ചയായി പ്ലാൻ മാറ്റുമ്പോഴും നിർമാണത്തിനിടയിൽ പൊളിച്ചു പണിയുമ്പോഴും വളരെയേറെ ധനനഷ്ടം സംഭവിക്കും. കാലതാമസവുമുണ്ടാകും. പണിയിൽ ഫിനിഷിംഗും നഷ്ടമാകും.

വായ്പകൾ ശരിയാക്കിയെടുക്കാം

ബാങ്കുകളല്ലേ വായ്പ ലഭിക്കും. ഈടു നൽകാൻ വസ്തുവില്ലേ. തിരിച്ചടയ്ക്കാൻ കഴിവില്ലേ. പിന്നെന്തിനാണു ബാങ്കു വായ്പയ്ക്കുവേണ്ടി കാത്തുനിൽക്കുന്നത്, പണി തുടങ്ങിക്കോളൂ എന്ന തരത്തിലുള്ള ഉപദേശങ്ങൾ സ്വീകരിക്കാതിരിക്കുന്നതാണ് ബുദ്ധി.

പണി ആരംഭിക്കുകയും വായ്പ ശരിയായ സമയത്തു ലഭിക്കാതിരിക്കുകയും ചെയ്താൽ പ്രതീക്ഷകളാകെ അവതാളത്തിലാവും. പാതിയിൽ പണി മുടങ്ങുന്നതു മാനസികമായും മുറിപ്പെടുത്തും.
വീടു നിർമാണത്തിന് എത്ര ബജറ്റ് ഇട്ടാലും അതിൽ നിന്നും ഇരുപതു ശതമാനമെങ്കിലും അധികം പണം കരുതിയിരിക്കണം. നിർമാണ സാമഗ്രികളുടെ വില അതിവേഗമാണു കുതിച്ചുയരുന്നത്.

വിശ്വാസങ്ങളെ ആദരിക്കാം

സ്വസ്‌ഥവും സമാധാനപൂർണവും ഐശ്വര്യസമൃദ്ധവുമായ താമസത്തിനുവേണ്ടിയാണ് ഓരോരുത്തരും പുതുഗൃഹം നിർമിക്കുന്നത്. സ്‌ഥാനം കാണൽ, കുറ്റിയടിക്കൽ, കല്ലിടൽ, കിള വയ്പ് തുടങ്ങി പാലുകാച്ചൽ വരെയുള്ള നിരവധി ചടങ്ങുകളിലൂടെയും ആചാരങ്ങളിലൂടെയും സമയ നോട്ടത്തിലൂടെയുമാണ് ഓരോ ഗൃഹനിർമാണവും പൂർത്തിയാവുന്നത്. ഇത്തരം ചടങ്ങുകളിലെല്ലാം പ്രാർഥനയും ഒപ്പമുണ്ടാകും. ഈ പ്രാർഥനകൾ സുഗമമായ ഗൃഹനിർമാണത്തിന് ഈശ്വരനോടുള്ള അർഥനയാണ്. വിശ്വാസികളായ വ്യക്‌തികൾ ഇതെല്ലാം പാലിച്ചുകൊണ്ടാണു ഗൃഹനിർമാണം പൂർത്തിയാക്കുന്നത്.


പ്രകൃതിയുടെ ഭാഗമായൊരു വീട്

പ്രകൃതിയുടെ ഭാഗമായിത്തീരുന്ന രീതിയിൽ വീടൊരുക്കുക എന്നതാണ് വീട്ടിലൂടെ പ്രകൃതിയോട് ഇണങ്ങിച്ചേരുന്നതിനുള്ള മാർഗം.

ഭൂമിയുടെ സ്വാഭാവിക രീതിക്കനുസരിച്ചു ഗൃഹനിർമാണം നടത്തണം. തുതായുള്ള ഭൂമിയെ മണ്ണെടുത്തു കുഴിച്ചു നശിപ്പിക്കാതെ തുതായുള്ള വീട് നിർമിക്കാവുന്നതാണ്. ഇത് നിർമാണച്ചെലവിലും വലിയ കുറവുണ്ടാക്കാം.

ജലത്തിെൻറ ഉപയോഗം പരമാവധി കുറയ്ക്കുകയും പ്രകൃതിദത്ത ഊർജസ്രോതസുകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന വീടിെൻറ രൂപകല്പനയാണ് നമുക്കാവശ്യം.

വീടുകൾക്കു നൽകാം പച്ചപ്പിന്റെ പുതപ്പ്

വീടു കാലാവസ്‌ഥയ്ക്ക് ഇണങ്ങുന്നതാവണം. വീട്ടിനുള്ളിൽ കാറ്റും വെളിച്ചവും ആവശ്യത്തിനു ലഭ്യമാകണം. ഇത്തരമൊരു വീട് ഡിസൈനിലൂടെ സ്വന്തമാക്കാനാവും. ഇങ്ങനെയുള്ള ഒരു വീട്ടിൽ പകൽ ലൈറ്റ് ഇടേണ്ട ആവശ്യമില്ല. കാറ്റിനായി ഫാനിനെ ആശ്രയിക്കേണ്ടതില്ല.

സ്‌ഥലത്തിെൻറ പ്രത്യേകത, മരങ്ങളുടെ സ്‌ഥാനം എന്നിവയെല്ലാം ചേർത്താണ് വീടിെൻറ പ്ലാൻ നിർമിക്കേണ്ടത്. തുറസായ ഭൂമിയാണ് ലഭിക്കുന്നതെങ്കിൽ ഗൃഹനിർമാണത്തിനൊപ്പം തന്നെ മരങ്ങൾ നട്ടുപിടിച്ചിച്ചു പച്ചപ്പിെൻറ പുതുപ്പ് ഉണ്ടാക്കാം. വേനൽക്കാലത്തും വീടിനുള്ളിൽ തണുപ്പു നിറയട്ടെ.

സമയബന്ധിതമായി പണി പൂർത്തിയാക്കുക

ഗൃഹനിർമാണം സമയബന്ധിതമായി പൂർത്തിയാക്കണം. പണിക്കാരുടെ ദൗർലഭ്യം, നിർമാണ സാമഗ്രികളുടെ ക്ഷാമം, പണത്തിെൻറ അഭാവം എന്നിങ്ങനെ എന്തുകാരണം കൊണ്ടും ഗൃഹനിർമാണം വൈകിയാലും നിർമാണച്ചെലവു വർധിക്കും. തറകെട്ടുന്നതിന്, ഭിത്തി കെട്ടുന്നതിന്, കോൺക്രീറ്റിംഗിന്, പ്ലാസ്റ്ററിംഗിന്... എന്നിങ്ങനെ സമയക്രമം നിശ്ചയിച്ചു പണി പൂർത്തിയാക്കാനാണ് ശ്രമിക്കേണ്ടത്.

നിർമാണ സാമഗ്രികൾ മൊത്തമായി വാങ്ങി ആവശ്യംപോലെ ഉപയോഗിക്കുന്നതും ഗുണം ചെയ്യും. ട്രാൻസ്പോർഷേൻ ചാർജ്, നിർമാണ സാമഗ്രികളുടെ വിലയിൽ വരുന്ന വ്യത്യാസം എന്നിവയെ മറികടക്കാൻ ഇതു സഹായിക്കും.

പരിചയസമ്പന്നരെ പണി ഏല്പിക്കുക

സ്ട്രക്ചറൽ പൂർത്തിയായാലും ഗൃഹനിർമാണത്തിൽ പിന്നെയും ഏറെയുണ്ട് ജോലികൾ. വയറിംഗ്, പ്ലംബിംഗ്, മരപ്പണി, ഫ്ളോറിംഗ്, പെയിൻറിംഗ് എന്നിങ്ങനെ വീട് വീടായി മാറണമെങ്കിൽ അനേകം കടമ്പകൾ കടക്കണം. ഇതിനെല്ലാം പരിചയസമ്പന്നരെയാണ് ഏർപ്പാടാക്കിയിരിക്കുന്നതെന്നു ഉറപ്പാക്കണം. പണിക്കാരുടെ വാക്കുകൾ വിശ്വസിക്കാതെ ഇവർ മുമ്പ് നടത്തിയ പണികൾ ശ്രദ്ധിക്കുകയും ആ വീടുകളുടെ ഉടമസ്‌ഥരോട് ഇവരെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തതിനുശേഷം മാത്രം പണികൾക്ക് കരാർ നൽകുക.

കരാറുകാരനുമായി വ്യക്‌തമായ ഉടമ്പടി തയാറാക്കുന്നതിലും പ്രത്യേക ശ്രദ്ധയുണ്ടാവണം. മെറ്റീരിയൽ ഉൾപ്പെടെയുള്ള നിർമാണച്ചെലവ്, ലേബർ കോൺട്രാക്ട്, സ്ക്വയർഫീറ്റ് നിരക്ക് എന്നിങ്ങനെ വിവിധ തരത്തിലുള്ള ഉടമ്പടികൾ ഗൃഹനിർമാണവുമായി ബന്ധപ്പെട്ടു നിലവിലുണ്ട്. ഇവയിലെ ലാഭനഷ്ടങ്ങൾ പരിചയസമ്പന്നരുമായി ചർച്ചചെയ്തു വ്യക്‌തമായ കരാറിൽ ഏർപ്പെടേണ്ടതാണ്. പണനഷ്ടം ഒഴിവാക്കുന്നതിനും പിന്നീടുള്ള മാനസിക വ്യഥ ഇല്ലാതാക്കുന്നതിനും കരാർ ഗുണം ചെയ്യും.

ഭാവിയിലേക്കു വീടിനെ ഒരുക്കിയെടുക്കാം

ഒരു വ്യക്‌തിയുടെ ജീവിതത്തിൽ ഹ്രസ്വകാലത്തേക്കു മാത്രമുള്ള ആവശ്യമല്ല വീട്. അയാളുടെ സുഖപൂർണമായ ജീവിതത്തിനുശേഷം പൂർണ സന്തോഷത്തോടെ അനന്തരാവകാശികൾക്കും താമസിക്കുന്നതിനുള്ള സ്‌ഥലമാണ് വീട്. അപ്പോൾ അതിനുകൂടി അനുയോജ്യമായ രീതിയിലാവണം ഗൃഹനിർമാണം.
ശരിയായ വിധത്തിലുള്ള മാലിന്യ നിർമാർജനം, മഴവെള്ള സംരക്ഷണം, ഊർജസംരക്ഷണം എന്നിങ്ങനെയുള്ള കാര്യങ്ങൾ നിർമാണ ഘത്തിൽ തന്നെ ശ്രദ്ധിക്കുകയും അതിനുള്ള കാര്യങ്ങൾ ചെയ്യുകയും വേണം. ഗ്രീൻ ബിൽഡിംഗ് പോലെയുള്ള ആശയങ്ങൾ ഇതിനായി സ്വീകരിക്കാവുന്നതാണ്.

ഗൃഹനിർമാണത്തിന് അനുമതി വാങ്ങുക

വീടുപണിയുന്നതിനു തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ അനുമതി ആവശ്യമാണ്. പഞ്ചായത്തിൽ കേരള പഞ്ചായത്ത് ബിൽഡിംഗ് റൂളും നഗരപ്രദേശങ്ങളിൽ കേരള മുനിസിപ്പിൽ ബിൽഡിംഗ് റൂളും അനുസരിക്കേണ്ടതാണ്.

വീടിെൻറ പ്ലാൻ (സെക്ഷൻ, എലിവേഷൻ ഉൾപ്പെടെ) സൈറ്റ് പ്ലാൻ, സർവീസ് പ്ലാൻ, ലിച്ച് പിറ്റ് പ്ലാൻ എന്നിവ ഉൾപ്പെടെ അംഗീകൃത എൻജിനീയറുടെ ഒപ്പോടുകൂടിയാണ് തദ്ദേശ സ്വയംഭരണ സ്‌ഥാപനത്തിൽ സമർപ്പിക്കേണ്ടത്. ഇതോടൊപ്പം ആധാരത്തിെൻറ പകർപ്പും വില്ലേജ് ഓഫീസിൽ നിന്നു ലഭിക്കുന്ന കൈവശ പകർപ്പവകാശ രേഖയും സമർപ്പിക്കണം. ഗ്രാമപ്രദേശങ്ങളിൽ മൂന്നുനില വരെയുള്ള സ്‌ഥലങ്ങളിൽ പഞ്ചായത്തിൽ നിന്നും അതിനു മുകളിലുള്ളവയ്ക്കു ടൗൺ പ്ലാനിംഗ് വിഭാഗത്തിൽ നിന്നും അനുമതി വാങ്ങേണ്ടതാണ്.

വീടിനു ചുറ്റുമതിൽ, കിണർ എന്നിവ നിർമിക്കുന്നതിനും അനുമതി ആവശ്യമാണ്. പണി പൂർത്തിയായാൽ കംപ്ലീഷൻ പ്ലാൻ പഞ്ചായത്തിൽ നൽകി വീട്ടുനമ്പർ കരസ്‌ഥമാക്കേണ്ടതുമാണ്.

സീമ മോഹൻലാൽ