നന്മ പകരുന്ന സുവിശേഷങ്ങൾ...
പാഠങ്ങൾ പകർന്നാണ് ഓരോ സുവിശേഷങ്ങളും നമുക്കു മുന്നിലെത്തുന്നത്. ജീവിതവും പ്രതീക്ഷയും അതിജീവനവും ഗുണപാഠവുമൊക്കെയായി മന്നോട്ടുള്ള പാതയിൽ കരുത്തു പകരാൻ ഈ സുവിശേഷങ്ങൾക്കു കഴിയുന്നു. മലയാളികൾക്കു പുതിയ സുവിശേഷം പകർന്നുകൊണ്ട് സത്യൻ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങൾ എത്തിയിരിക്കുന്നു. ഈ സുവിശേഷവും പ്രേക്ഷക മനസിനു നന്മ പകർന്നുകൊണ്ടാണ് മികച്ച വിജയം നേടുന്നത്.

സിനിമാ സമരം കഴിഞ്ഞു തിയറ്ററുകളെ സജീവമാക്കിക്കൊണ്ടാണ് ചിത്രം തിയറ്ററുകളിലെത്തിയത്. കുടുംബ ചിത്രങ്ങളുടെ സംവിധായകനും യൂത്ത് ഐക്കൺ ദുൽഖർ സൽമാനും ഒന്നിക്കുന്ന ചിത്രത്തെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നതും. തിരക്കഥാകൃത്തായി ഇക്ബാൽ കുറ്റിപ്പുറവും ഒപ്പം ചേരുന്നതോടെ ചിത്രം പ്രേക്ഷകരുടെ മനസ് നിറയ്ക്കും എന്നത് ഉറപ്പായിരുന്നു. പതിവു പാതയിൽ തികച്ചും കുടുംബ പശ്ചാത്തലത്തിൽ അച്ഛൻ– മകൻ വൈകാരികതയിലൂന്നിയാണ് ജോമോൻ തന്റെ സുവിശേഷങ്ങൾ പ്രേക്ഷകരോട് പറയുന്നത്. ചിത്രത്തിൽ കഥാംശത്തിൽ ഏറെ പുതുമ അവകാശപ്പെടാനില്ല എന്നത് സത്യമാണെങ്കിലും അതിനെ പുതിയ മേച്ചിൽ പുറത്തിൽ നർമ്മം, പ്രണയം, വിരഹം, അതിജീവനം തുടങ്ങിയ വികാരവ്യാപാരങ്ങളെ തത്തുല്യമായി സന്നിവേശിപ്പിച്ചിരിക്കുന്നതാണ് ചിത്രം വ്യത്യസ്തമാക്കുന്നത്.

തൃശൂരിന്റെ ഭൂമികയിലാണ് കഥ തുടങ്ങുന്നത്. വിൻസെന്റ് എന്ന പ്രതാപിയായാണ് മുകേഷ് ചിത്രത്തിലെത്തുന്നത്. അടുത്ത കാലത്ത് മുകേഷിൽ നിന്നും മലയാളികൾ കണ്ട ശക്‌തമായ വേഷമാണ് ഇതിലെ വിൻസെന്റ്. വിൻസെന്റിന്റെ ആൺമക്കളിൽ ഏറ്റവും ഇളയ ആളാണ് ദുൽഖറിന്റെ ജോമോൻ. ഉത്തരവാദിത്വമില്ലാത്ത മകന്റെയും അവൻ സൃഷ്ടിക്കുന്ന സംഭവങ്ങളിലൂടെയും മുന്നേറുന്ന ആദ്യ പകുതിക്കു ശേഷം കഥ സങ്കീർണമാകുന്നു. പിന്നീട് തിരുപ്പൂരിലാണ് കഥ അരങ്ങേറുന്നത്. മകൻ–അച്ഛൻ ബന്ധത്തിന്റെ എല്ലാ ഭാവതലങ്ങളും ചിത്രം പ്രേക്ഷകനു പകരുന്നുണ്ട്. ഒപ്പം ക്ലീഷെ ആയിപ്പോകാതെ വൈകാരികതയുടെ മർമ്മത്തിൽ നർമ്മത്തിന്റെ മേലങ്കിയെ ചിത്രം വിദഗ്ദമായി ഇഴ ചേർത്തിരിക്കുന്നു.

മുകേഷിന്റെ വിൻസെന്റും ദുൽഖറിന്റെ ജോമോനും മലയാളികളുടെ മനസിലാണ് ഇടം പിടിച്ചിരിക്കുന്നത്. സിനിമകളുടെ തെരഞ്ഞെടുപ്പിൽ ഏറെ വൈവിധ്യം പുലർത്തുന്ന ദുൽഖറിലെ അഭിനേതാവിന് എത്രത്തോളം വളർച്ച നേടാനായി എന്നത് ജോമോന്റെ കഥാപാത്രം കാണിച്ചു തരുന്നുണ്ട്. സമകാലികരായ മറ്റു നടന്മാർ സുരക്ഷിതമായ സ്‌ഥിരം പാറ്റേണിൽ മാത്രം കുരുങ്ങിക്കിടക്കുമ്പോൾ നർമ്മരസത്തിലും വൈകാരികതയിലും ഈ നടൻ പ്രകടിപ്പിക്കുന്ന മികവ് പ്രശംസനീയമാണ്.

രണ്ടു നായികമാരാണ് ദുൽഖറിനൊപ്പം ചിത്രത്തിലെത്തുന്നത്. പ്രേമം ഫെയിം അനുപമ പരമേശ്വരൻ ആദ്യ പകുതിയിൽ മാത്രം ഒതുങ്ങിപ്പോകുന്ന പ്രണയിനിയാകുന്നു. തമിഴ് ചിത്രം കാക്കമുട്ടൈ ഫെയിം ഐശ്വര്യ രാജേഷിന്റെ തമിഴ് പെൺകുട്ടി ജോമോന്റെ മാത്രമല്ല മലയാളികളുടെ മുഴുവൻ മനസാണ് കീഴടക്കിയിരിക്കുന്നത്.


തമിഴ് സിനിമ സംവിധായകനും നടനുമായ മനോബാലയുടെ പെരുമാൾ എന്ന കഥാപാത്രം ചിത്രത്തിൽ ഏറെ ശ്രദ്ധേയമായിരുന്നു. ഒപ്പം സത്യൻ ചിത്രങ്ങളിലെ നിറസാന്നിധ്യമായ ഇന്നസെന്റും തന്റെ കഥാപാത്രം മികച്ചതാക്കി. ഇവർക്കൊപ്പം വിനു മോഹൻ, മുത്തുമണി, ജേക്കബ് ഗ്രിഗറി, ശിവജ് ഗുരുവായൂർ, ഇർഷാദ്, രസ്ന പവിത്രൻ എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. മക്കളും മരുമക്കളുമടങ്ങുന്ന കുടുംബത്തിന്റെ സന്തോഷം പകർത്തുമ്പോൾ ചിത്രത്തിൽ സഹസംവിധായകനും സത്യൻ അന്തിക്കാടിന്റെ മകനുമായ അഖിൽ സത്യൻ കാസ്റ്റിംഗിൽ കാണിച്ച വൈഭവം ചിത്രത്തിനു മുതൽക്കൂട്ടാവുകയായിരുന്നു.

ഇളയരാജ സംഗീതത്തിനു ശേഷം ഇപ്പോൾ സ്‌ഥിരമായി സത്യൻ ചിത്രങ്ങൾക്കു സംഗീതം ഒരുക്കുന്നത് വിദ്യാസാഗറാണ്. ചിത്രം തിയറ്ററിലെത്തുന്നതിനു മുന്നേ തന്നെ ഗാനങ്ങളോരോന്നും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. മധ്യപ്രദേശുകാരനായിരുന്ന അഭയ് ജോധ് പുർകറും മെറിൻ ഗ്രിഗറിയും ചേർന്നു പാടിയ ‘നോക്കി നോക്കി നിന്നു’, നജിം അർഷാദും സുജാതയും ചേർന്നു പാടിയ ‘നീലാകാശം നീരണിഞ്ഞ’ എന്നീ ഗാനങ്ങൾ ഇപ്പോൾ മലയാളികളുടെ ചുണ്ടിൽ നിറഞ്ഞു നിൽക്കുകയാണ്.

മലയാള സിനിമയിൽ പ്രൊഡക്ഷൻ കൺഡ്രോളറായിരുന്ന സേതു മണ്ണാർക്കാട് ആദ്യമായി നിർമാതാവിന്റെ വേഷം കൂടി അണിയുകയാണ് ഈ ചിത്രത്തിലൂടെ. കൂടാതെ വിനോദയാത്രയ്ക്കു ശേഷം കാമറാമാൻ എസ്. കുമാറാണ് ഈ സത്യൻ ഈ ചിത്രത്തിനും കാമറ ഒരുക്കിയിരിക്കുന്നത്. തിരുപ്പൂരിന്റെ ഗ്രാമീണ ഭംഗിയും നാഗരികത വേരുകളാഴ്ത്താത്ത ജീവിത സംസ്കാരവും തന്റെ കാമറക്കണ്ണുകൾ കൊണ്ട് മനോഹരമായി ചിത്രത്തിൽ വരച്ചിടുന്നുണ്ട് എസ്. കുമാർ. നെയ്ത്തു ഗ്രാമത്തിന്റെ ദൃശ്യവിരുന്നൊരുക്കുന്നതിൽ കലാസംവിധായകന്റെ കൈ യൊപ്പും അഭിനന്ദനീയമാണ്.

ക്രിസ്മസ് കാലയളവിൽ സംഭവിച്ച ഇടവേളയ്ക്കു ശേഷം തിയറ്ററുകളെ വീണ്ടും സജീവമാക്കുകയാണ് ജോമോനും വിൻസെന്റും ഒപ്പം അവർ പകരുന്ന സുവിശേഷങ്ങളും. മൂല്യച്ചുതി സംഭവിച്ചു പോകുന്ന കുടുംബബന്ധങ്ങളുടെ ഇക്കാലയളവിൽ നന്മയുടെ വെളിച്ചങ്ങൾ ഇനിയും നമ്മുടെയുള്ളിൽ കെട്ടുപോയിട്ടില്ലെന്നു ചിത്രം ഓർമപ്പെടുത്തുന്നു. സന്ദേശം പകർന്നു പ്രേക്ഷകരെ മുഷിപ്പിക്കാതെ ജീവിതങ്ങളെ കാണിച്ച് പ്രേക്ഷകരുടെ മനസ് നിറയ്ക്കുകയാണ് ജോമോന്റെ സുവിശേഷങ്ങൾ.

പുതിയ സിനിമാ ലോകത്തിൽ പഴയ സംവിധായകരുടെ കാലം കഴിഞ്ഞെന്നുള്ള പുതിയ താരങ്ങൾക്ക് സത്യൻ അന്തിക്കാടിന്റെ മറുപടിയാണ് ഈ ചിത്രം. ഇതു സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ വിജയമാണ്... ഒപ്പം ദുൽഖർ സൽമാൻ– മുകേഷ് കൂട്ടുകെട്ടിന്റെ നാട്യമികവും...

സ്റ്റാഫ് പ്രതിനിധി