കാപ്പുചിനോ
അനീഷ് ജി. നായർ, അൻവർ റഷീദ്, നടാഷ, അനീറ്റ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നൗഷാദ് സംവിധാനംചെയ്യുന്ന ചിത്രമാണ് കാപ്പുചിനോ.

വിനീത് മോഹൻ, ധർമ്മജൻ ബോൾഗാട്ടി, സുധി കോപ്പ, ഹരീഷ് കണാരൻ, സുനിൽ സുഖദ, മനോജ് ഗിന്നസ്, പ്രദീപ് കോട്ടയം, ശരണ്യാ ആനന്ദ്, സുബി സുരേഷ്, ജീജാ സുരേന്ദ്രൻ തുടങ്ങിയവരാണു മറ്റു കഥാപാത്രങ്ങൾ.

റിച്ചി ഒരു ആഡ്മേക്കറാണ്. പുതുതായി ഒരുക്കിയ ഒരു ആഡിന്റെ ഹാർഡ് ഡിസ്ക് സർവീസ് ചെയ്യാൻ ഒരു ഷോപ്പിൽ കൊടുക്കുന്നു. കുറച്ചുദിവസം കഴിഞ്ഞ് അതു തിരിച്ചുവാങ്ങി വീട്ടിലെത്തിയപ്പോഴാണ് അറിയുന്നത് അതു മാറിപ്പോയെന്ന്. ഷോ പ്പിൽച്ചെന്ന് അന്വേഷിച്ചപ്പോൾ അത് സ്നേഹ എന്ന പെൺകുട്ടിയാണു കൊണ്ടുപോയതെന്ന് അറിയുന്നു. ഹാർഡ് ഡിസ്ക് കൈമാറാൻ റിച്ചി സ്നേഹയെ വിളിക്കുന്നു. പരിചയമില്ലാത്ത നമ്പരായതിനാൽ സ്നേഹ ഫോൺ എടുക്കുന്നില്ല. ഒടുവിൽ എങ്ങനെയോ തിരിച്ചറിഞ്ഞ് ഫയൽ കൈമാറുന്നു. അതിനിടയിലെപ്പോഴോ ഇരുവരും പരസ്പരം കാണാതെ സൗഹൃദത്തിലാകുന്നു.

ക്രമേണ ആ സൗഹൃദം പ്രണയത്തിലാകുന്നു. ആ കാര്യം റിച്ചി സ്നേഹയെ അറിയിക്കുന്നു. പക്ഷേ, സ്നേഹ അതത്ര കാര്യമായിട്ടെടുത്തില്ലെങ്കിലും നിഷേധിക്കുന്നില്ല. ഒടുവിൽ സ്നേഹയുടെ ഒരു ഫോട്ടോ അയച്ചുതരാൻ ആവശ്യപ്പെടുന്നു. കൂട്ടുകാരിയുടെ നിർദേശപ്രകാരം റിചചി, ജാനകി എന്ന മോഡലിന്റെ ഫോട്ടോ അയച്ചുകൊടുക്കുന്നു. സ്നേഹയാണെന്നു കരുതി റിച്ചി, ജാനകിയുടെ ഫോട്ടോ തന്റെ ഫോട്ടോയുമായി ചേർത്ത് ഒരു ആൽബം ഉണ്ടാക്കുന്നു. അതിന്റെ കോപ്പിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ജാനകിയുടെ ഭർത്താവ് ജീവൻ ഇതു കാണുന്നു. അന്ന് ജീവന്റെയും ജാനകിയുടെയും ആദ്യ വിവാഹ വാർഷികദിനമായിരുന്നു. അതോടെ ഈ നാലുപേരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.


ജീവനായി അനീഷ് ജി. മേനോനും റിച്ചിയായി അൻവർ ഷെറീഫും ജാനകിയായി നടാഷയും സ്നേഹയായി അനീറ്റയും വേഷമിടുന്നു.

പാനിംഗ് ഫിലിം പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോക്ടർ സ്കോട്ട് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നൂറുദ്ദീൻ ബാവ നിർവഹിക്കുന്നു. നൗഷാദ്, റെജികുമാർ, ജോഫി പാലയൂർ എന്നിവരുടെ കഥയ്ക്ക് റെജികുമാർ തിരക്കഥ, സംഭാഷണം എഴുതുന്നു. റഫീഖ് അഹമ്മദ്, വേണു വി. ദേശം, ഹസീന എസ്. കന എന്നിവരുടെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതം പകരുന്നു. പ്രൊഡ. കൺട്രോളർ– ഗിരീഷ് കൊടുങ്ങല്ലർ.

എ.എസ്. ദിനേശ്