സ്മാർട്ട് ഗെയിംസ്
സ്മാർട്ട് ഗെയിംസ്
Friday, February 3, 2017 1:54 AM IST
കൗമാരം വസന്തകാലമാണ്. മനസിലും ശരീരത്തിലും ഉണർവും ഉന്മേഷവും നിറഞ്ഞുകവിയേണ്ട നാളുകൾ. സൗഹൃദങ്ങൾ പൂത്തുവിടരേണ്ട ആഘോഷകാലം കൂടിയാണത്. എന്നാൽ, തന്നിലേക്കുതന്നെ ഉൾവലിയുന്ന ഒരു തലമുറയെയാണ് ഇപ്പോൾ കാണുന്നത്. ചൊടിയും ചുണയുമില്ലാത്ത കുട്ടികൾ മാതാപിതാക്കളുടെ നെഞ്ചിൽ തീ പകരുന്നു. ജീവിതശൈലി രോഗങ്ങളുടെ ഭയാനകമായ നിഴലിലാണിപ്പോൾ കൗമാരക്കാർ. മനസുകൾ സമ്മർദ്ദങ്ങളുടെ തടവറയിലും. ഓടിയും ചാടിയും പൊട്ടിത്തെറിക്കേണ്ട പ്രായത്തിൽ രോഗങ്ങളുടെ കൂടാരമായി കുഞ്ഞുശരീരങ്ങൾ മാറി. ഇവിടെയാണ് മനസിനും ശരീരത്തിനും ഒരുപോലെ ഊർജം പകരുന്ന ഹോബികളുടെയും കായിക വിനോദങ്ങളുടെയും പ്രസക്‌തി. മധ്യവയസ്കനായ ഒരു അധ്യാപകൻ പറഞ്ഞതോർക്കുന്നു. ഞങ്ങൾക്കൊക്കെ പഠനത്തിൽ നിന്നു രക്ഷപ്പെടാൻ രണ്ടുവഴികളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ സിനിമയ്ക്കു പോകുക. അല്ലെങ്കിൽ തുറസായ സ്‌ഥലം കണ്ടുവച്ചു കളിക്കാനിറങ്ങുക. സിനിമ കാണൽ പണച്ചെലവുള്ള കാര്യമാണ്. അതുകൊണ്ട് രണ്ടാമത്തെ സാധ്യതയാണ് ഞങ്ങളൊക്കെ തേടിയത്. അങ്ങനെയാണ് നാട്ടിൽ പുതിയപുതിയ കളികൾ രൂപപ്പെട്ടതെന്നു പറഞ്ഞാൽ അതിശയോക്‌തിയില്ല.

ഇപ്പോഴത്തെ കുട്ടികളുടെ കാര്യം അങ്ങനെയല്ല. അവരുടെ മുമ്പിൽ തെരഞ്ഞെടുക്കാനായി അനേകം വിനോദോപാധികളുണ്ട്. പക്ഷേ, അവർ അതിനു മെനക്കെടുന്നില്ല. കംപ്യൂട്ടറും വീഡിയോ ഗെയിമും മൊബൈൽ ഫോണുമായി ചടഞ്ഞുകൂടിയിരിപ്പാണ്. അതിനെയൊന്നും അടച്ചാക്ഷേപിക്കേണ്ട കാര്യമില്ല. അതിലൊക്കെ നന്മകളുണ്ട്. പക്ഷേ, പലപ്പോഴും അതിലേക്കു കുട്ടികൾ പിടിവിട്ടുവീഴുമ്പോഴാണ് ഗുരുതരമായ ശാരീരിക, മാനസിക പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നത്. ഇവിടെ ത്യജിക്കപ്പെടുന്നത് അമൂല്യമായ ആരോഗ്യം മാത്രമല്ല, കുട്ടികളുടെ സാമൂഹിക സമ്പർക്കങ്ങളും കൂടിയാണ്.

നടന്നുതുടങ്ങാം വിനോദങ്ങളിലേക്ക്

കായിക വിനോദങ്ങളും ഹോബികളും ഒരുപാടുണ്ട്. ഓരോരുത്തരുടെയും താത്പര്യമനുസരിച്ച് അതു വളർന്നുകൊണ്ടേയിരിക്കും. കൂുചേർന്നുള്ള വിനോദങ്ങളിലേക്ക് കൗമാരക്കാരെ ആകർഷിക്കുകയാണ് അഭികാമ്യം. അതവർക്ക് മാനസികോല്ലാസവും ആരോഗ്യവും മാത്രമല്ല, പൊതുസമൂഹത്തിൽ ഇടപെടാനുള്ള ആവിശ്വാസവും പകരും.

നല്ലൊരു ഹോബിയുടെ തുടക്കം നല്ലൊരു ദിനചര്യയോടെ ആകട്ടെ. അതൊരു പോസിറ്റീവ് ലൈഫ് സ്റ്റൈൽ ഹോബിയുമാകും. പേരുകേട്ട് ഞെണ്ടേ. നമ്മുടെ നടത്തം തന്നെ. ശരീരം അനങ്ങുന്നില്ലെന്നതാണല്ലോ കൗമാരക്കാരെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി. അതിനുള്ള ഏറ്റവും നല്ല മരുന്നാണ് നടത്തം. മാതാപിതാക്കളും മനസുവയ്ക്കണമെന്നു മാത്രം. മക്കളോട് നടക്കാൻ പറഞ്ഞു പുലർകാലേ മടിപിടിച്ചു കിടന്നുറങ്ങരുത്. അവരെയും കൂട്ടി നടക്കാനിറങ്ങുക. അടുത്തുള്ളവരെയും കൂട്ടുക. നടക്കാൻവേണ്ടിയെന്ന് തോന്നിക്കാത്ത, ആസ്വാദ്യകരമായൊരു കൂട്ടനടത്തം.

തിരുവനന്തപുരത്ത് കാൽനടക്കാരുടെ പ്രശസ്തമായൊരു ക്ലബുണ്ട്. അതിെൻറ തുടക്കം രസകരമായിരുന്നു. അതിനു ചുക്കാൻപിടിച്ച ആൾ തടികുറയ്ക്കാൻ വഴിതേടി ഡോക്ടറെ സമീപിച്ചു. ദിവസവും രാവിലെ ‘നല്ലനടപ്പിനാണ്’ ഡോക്ടർ വിധിച്ചത്. ഒരു ദിവസം നടന്നു, രണ്ടുദിവസം നടന്നു... കഷ്‌ടി ഒരാഴ്ച. പിന്നെ അതങ്ങനെ നിന്നു. ഈ കഥ അദ്ദേഹം കായികാധ്യാപകനായ ഒരു സുഹൃത്തിനോട് പറഞ്ഞു. അദ്ദേഹം കുറിച്ച പരിഹാരമാണ് കാൽനടക്കാരുടെ ക്ലബിനു വഴിയൊരുക്കിയത്. നടക്കാൻ മടിയുള്ളവർക്കായി അധ്യാപകൻ കാണിച്ച കുറുക്കുവഴി ആർക്കും മാതൃകയാക്കാവുന്നതാണ്.

അധ്യാപകൻ ചോദിച്ചു: വീട്ടിൽ പാലു മേടിക്കാറുണ്ടോ? ഉണ്ടെന്നു മറുപടി വന്നതോടെ എങ്ങനെയാ പാലെത്തിക്കുന്നതെന്നായി. ഒരാൾ സൈക്കിളിൽ കൊണ്ടുവരും. രാവിലെ എണീറ്റുപോയി ആ പാലു വാങ്ങിക്കൂടെ? നല്ലൊരു നടത്തമായില്ലേ? കുറച്ചുദിവസം കഴിഞ്ഞാൽ കുറച്ചുകൂടി വളഞ്ഞുചുറ്റി വീട്ടിലെത്താൻ ശ്രമിക്ക്. ദൂരം കൂടിയില്ലേ? പിന്നെ അടുത്ത സുഹൃത്തിനെയും കൂട്ടി നടന്നുനോക്ക്. എന്താ രസമല്ലേ.... അങ്ങനെ ആ നടത്തം 150ലേറെ പേരടങ്ങുന്ന ഒരു ക്ലബായി മാറി. ചിരപരിചിതമായ കാര്യങ്ങളിലൂടെ ഒരാളെ ഒരു ഹോബിയിലേക്ക് കൊണ്ടുവന്നതു കണ്ടില്ലേ. കുട്ടികളെയും ഇത്തരം ചില നമ്പറുകളിലൂടെ നല്ല ശീലങ്ങളുടെ ഭാഗമാക്കുകയാണ് മാതാപിതാക്കളും അധ്യാപകരും ചെയ്യേണ്ടത്.

സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന വിനോദങ്ങളാണ് ഇന്നിെൻറ ആവശ്യം. സ്വയം ചുരുങ്ങാനുള്ള പ്രവണത കുട്ടികളിലേറിവരുന്ന കാലഘത്തിൽ പ്രത്യേകിച്ചും. അവിടെയാണ് കമ്യൂണിറ്റി സ്പോർട്സ് സെൻററുകളുടെ പ്രസക്‌തി. കളിക്കാനുള്ള സൗകര്യങ്ങളും വിനോദോപാധികളും ഒത്തുചേരുന്ന നല്ലൊരു പാർക്ക് കമ്യൂണിറ്റി സ്പോർട്സ് സെൻററിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. കുട്ടികൾ സമൂഹത്തിലേക്ക് ഇറങ്ങി പരിചയിക്കാനുള്ള നല്ലൊരു വേദിയായി അതുമാറും. സമൂഹത്തിൽ ആസകലം മുഴുകുമ്പോൾ അവരുടെ കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടാകും.

വെൽനെസ് കോറിയോഗ്രഫി

കുക്കിംഗ്, പെയിൻറിംഗ്, ഡാൻസിംഗ് തുടങ്ങിയവയൊക്കെ ക്രിയേറ്റീവ് ഹോബീസിൽ ഉൾപ്പെടുത്താം. വിദേശങ്ങളിലും മുംബൈ, ബംഗളൂരു നഗരങ്ങളിലും പുതിയ തരംഗമാണ് ഡാൻസും പാട്ടും ചേരുന്ന വെൽനെസ് കോറിയോഗ്രഫി. കേരളത്തിലെ ചില വിദ്യാലയങ്ങളിലും ഇതിനു തുടക്കമിട്ടുകഴിഞ്ഞു. സംഗതി ഇത്രയേയുള്ളൂ. ഡപ്പാം കൂത്ത് പാുകോൽ ഏതു കൊച്ചുകുഞ്ഞും ശരീരമിളക്കി തുള്ളില്ലേ. അപ്പോൾ അതിനൊരു ചിട്ടവട്ടമൊക്കെ നൽകി ഹോബിയായി വളർത്തിയെടുത്താലോ.

മുംബൈ നഗരത്തിലെ ഒരു വിദ്യാലയത്തിൽ വെൽനസ് കോറിയോഗ്രഫി തുടങ്ങിയശേഷം അദ്ഭുതകരമായ മാറ്റങ്ങളാണുണ്ടായത്. വെള്ളിയാഴ്ച ദിവസം നൂറുശതമാനം ഹാജർ. കാരണം ഇന്നു ഡാൻസുള്ള ദിവസമല്ലേ. സ്കൂളിൽ പോകാതിരിക്കുന്നതെങ്ങനെ. ഓരോ കുട്ടിയും ചിന്തിക്കും. വെൽനസ് കോറിയോഗ്രഫിയുടെ ചുവടുകൾ പഠിച്ചെടുക്കാൻ മിനിുകൾ മതി. ഒരു കൂട്ടായ്മയാകുമ്പോൾ അതിവേഗം ശീലിക്കാനുമാകും. നിർബന്ധിച്ച് ചെയയുകയാണെന്ന് തോന്നിപ്പിക്കരുതെന്ന് മാത്രം. ഇതിനായി തെരഞ്ഞെടുക്കുന്ന പാുകൾക്കു താളവും ആസ്വദിക്കാനുള്ള ഘടകവും വേണം. ഇൻസ്ട്രുമെൻറ് മ്യൂസിക്കുമാകാം.


കുട്ടികളുടെ സ്വതന്ത്രചലനത്തിന് ആവശ്യമായ സ്‌ഥലസൗകര്യം മാത്രം മതി. ഏതുപാട്ടും ഇതിനായി പ്രയോജനപ്പെടുത്താം. വിദേശരാജ്യങ്ങളിൽ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ളത് ദക്ഷിണാഫ്രിക്കൻ ലോകകപ്പിലൂടെ നാടിനെയിളക്കിയ വക്കാ വക്കായായിരുന്നു. നമുക്ക് കൗമാരങ്ങളെ ഇളക്കാൻ കലാഭവൻ മണിയുടെ നാടൻപാട്ടു മുതൽ അടിപൊളി സിനിമാഗാനങ്ങൾ വരെ എത്രയെത്ര. അടുത്തൊരുനാൾ കണ്ണൂർ യൂണിവേഴ്സിറ്റി കായികപഠന വിഭാഗത്തിലെ വിദ്യാർഥികൾ വെൽനസ് കോറിയോഗ്രഫി ഫ്ളാഷ് മോബ് ആക്കി കാമ്പസിനെ ഇളക്കിമറിച്ചു. ഇപ്പോൾ ഇവിടത്തെ വിദ്യാർഥികൾ വിവിധ സ്കൂളുകളിൽ ഇതിനുള്ള പരിശീലനവും നൽകുന്നുമുണ്ട്.

നീന്തൽ, ക്യാമ്പിംഗ്, ട്രക്കിംഗ്, ഹൈക്കിംഗ്

എല്ലാ സ്കൂൾ കുട്ടികളും നീന്തൽ പഠിക്കണമെന്നത് കേരള വിദ്യാഭ്യാസചട്ടത്തിൽ വ്യക്‌തമാക്കിയിട്ടുള്ളതാണ്. പക്ഷേ, ആരും അതിനു ശ്രമിക്കുന്നില്ലെന്നു മാത്രം. നീന്തൽ നല്ലൊരു ഹോബി മാത്രമല്ല, ഓരോരുത്തരും അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട ശീലവുമാണ്. ജീവിതത്തിൽ എപ്പോഴെങ്കിലും ആവശ്യം വരുമെന്നുറപ്പ്. പഠനത്തിന് സ്വിമ്മിംഗ് പൂളിെൻറ ആവശ്യമൊന്നുമില്ല. അത്രയധികം പുഴകളും കായലുകളും ക്ഷേത്രക്കുളങ്ങളും ചിറകളും ഇവിടെയുണ്ട്.

പാശ്ചാത്യരാജ്യങ്ങളിലെ സ്കൂളുകളിൽ ഇപ്പോൾ പ്രകൃതിയുമായി ഇഴുകിച്ചേരുന്ന കളികൾക്കു (നാച്വറൽ പ്ലേ) പ്രാധാന്യമേറി വരികയാണ്. അതായതു പ്രത്യേക കളിസ്‌ഥലങ്ങളൊന്നുമില്ല. ചെടികളും മരങ്ങളും നിറഞ്ഞ സ്‌ഥലം. മണൽ, വിറക്, വൈക്കോൽ, തടിക്കഷണങ്ങൾ തുടങ്ങിയവയൊക്കെ അവിടെയവിടെയായി കൂട്ടിയിട്ടിരിക്കുന്നു. കുികളെ അങ്ങോട്ടിറക്കി വിടുകയാണ്.

അവർ ആ പ്രകൃതിയിലേക്ക് ഇറങ്ങി ഓരോരുത്തരുടെ താത്പര്യങ്ങൾക്കനുസരിച്ച് കൂട്ടുകൂടി ആവശ്യങ്ങൾക്കനുസരിച്ച് സാധനങ്ങളെടുത്തു കളിക്കുന്നു, നിർമാണ പ്രവൃത്തികൾ നടത്തുന്നു. മുതുമുത്തച്ഛൻമാരുടെ കാലത്തുണ്ടായിരുന്ന സ്വാഭാവികമായ കളികളിലേക്കാണ് അവർ മടങ്ങുന്നത്. അതായത് നമ്മുടെ നാടൻഭാഷയിൽ മരംകേറി കളിയിലേക്ക്. ഇത്തരം കളികൾ കുട്ടികൾക്ക് മാനസികോല്ലാസവും ആരോഗ്യവും മാത്രമല്ല പകരുന്നത്. ഒരു ടീമിനെ രൂപപ്പെടുത്തിയെടുക്കാൻ അവർ പ്രാപ്തരാകുന്നു. സഹകരണവും ത്യാഗവും വിട്ടുവീഴ്ചകളും ശീലിക്കുന്നു. മാനസികസമ്മർദ്ദം അവരുടെ പരിസരത്തേയില്ല. ചെറുതായി മനസുവച്ചാൽ നമ്മുടെ നാട്ടിലും ഇതൊക്കെ സാധിക്കാവുന്നതേയുള്ളൂ. എത്രയെത്ര നാടൻകളികളാണ് നമ്മുടെ നാട്ടിലുണ്ടായിരുന്നത്. അവയൊക്കെ തിരിച്ചുകൊണ്ടുവരിക.

സ്കൂൾതലം കഴിഞ്ഞാൽ ഇതിനെ ക്യാമ്പിംഗ് ആയി വളർത്താം. അടുത്തുള്ള പ്രകൃതിദത്തമായ ടൂറിസം കേന്ദ്രങ്ങളിലേക്കു അവരെ നയിക്കാം. ആ ഉയരങ്ങളിലേക്ക് നടന്നെത്തുമ്പോൾ അനുഭവിക്കുന്ന സംതൃപ്തി വല്ലാത്ത മാനസികോല്ലാസം കൊണ്ടുവരും. മാതാപിതാക്കളും അധ്യാപകരുമൊക്കെ ചേർന്നു അതിനെയൊരു ക്യാമ്പിംഗ് ആയി മാറ്റിയെടുക്കാനും പ്രയാസമില്ല. അപ്പോൾ കമ്യൂണിറ്റി സ്പോർട്സ് എന്ന നല്ലൊരു വിനോദോപാധിയാകും. മ്യൂസിക്കൽ ചെയർ, ലെമൺ സ്പൂൺ റേസ്, ത്രോബോൾ തുടങ്ങിയ കളികൾ ഇതിെൻറ ഭാഗമാക്കാം. ശാരീരികമായ അധ്വാനം കൂടി ആവശ്യപ്പെടുന്നതാണല്ലോ ഇവയൊക്കെ. അപ്പോൾ ആരോഗ്യസംരക്ഷണവുമായി.

യോഗയും കളരിയും

ആരോഗ്യവുമായി ബന്ധപ്പെട്ട ഹോബികളിൽ പ്രധാനമാണ് യോഗ. ശാരീരികവും മാനസികവുമായ കരുത്തുപകരുന്ന യോഗ പാഠ്യപദ്ധതിയുടെ ഭാഗമാകാൻ പോകുകയാണ്. ആധുനിക ജീവിതത്തിൽ പ്രായോഗികമായി നടപ്പാക്കാൻ എളുപ്പമുള്ള ആരോഗ്യദായകമായ ഹോബിയും കൂടിയാണിത്. അധികം സ്‌ഥലസൗകര്യവും ആവശ്യമില്ല. മനസിനും ഏകാഗ്രതയും ശ്രദ്ധയും പകരുന്ന യോഗ ആത്മീയമായ ഉണർവും സമ്മാനിക്കുന്നു. തുടക്കത്തിൽ പരിശീലകെൻറ സഹായം അത്യാവശ്യമാണ്.

കേരളത്തിൽ ഒരുകാലത്ത് ഏറ്റവുമധികം പേരുകേട്ടതായിരുന്നു കളരി സമ്പ്രദായം. കളരിയഭ്യാസവും നല്ലൊരു ഹോബിയായി മാറ്റാം. കളരികളും ഗുരുക്കന്മാരും കുറഞ്ഞുവരുന്നുവെന്നതാണ് ഒരു പ്രശ്നം. ചെലവും അപകടങ്ങളും കുറവായ മെയ്പ്പയറ്റ് മാത്രം പഠിച്ചാലും മതിയാകും. കുട്ടികളെ തുടക്കത്തിലേ കളരിയുടെ ഭാഗമായി മാറ്റിയാൽ പലവിധ രോഗങ്ങളിൽ നിന്നും മോചനമാകും. അത്രയ്ക്കു മെയ്വഴക്കമാണ് കളരി നൽകുന്നത്.

ഹോബികൾ തെരഞ്ഞെടുക്കുമ്പോൾ

വിൻഡോ ഷോപ്പിംഗ് ആണു ഹോബികളിലെ പുതിയ ട്രെൻഡ്. ഷോപ്പിംഗ് മാളുകളിലൂടെ വെറുതെ ചുറ്റിക്കറങ്ങുക. എസ്കലേറ്റർ വഴിയൊക്കെ മുകളിലെത്തിയാലും മാളുകളിലെ കാഴ്ചകൾ പൂർത്തിയാക്കണമെങ്കിൽ നല്ലൊരു നടപ്പു ആവശ്യമുണ്ട്. അരുമമൃഗങ്ങളെ പോറ്റുന്നതും അണിയിച്ചൊരുക്കി കൊണ്ടുനടക്കുന്നതുമായ പെറ്റ്സ് ട്രെയിനിംഗ് ആൻഡ് ഗ്രൂമിംഗ് ആരോഗ്യകരമായ ഹോബിയാണ്.

ആദ്യം പറഞ്ഞതുപോലെ കൗമാരക്കാർക്കായി ഒരുപാട് വിനോദോപാധികളുണ്ട്. ആരോഗ്യകരമായ തെരഞ്ഞെടുപ്പിന് അവരെ സഹായിക്കുകയാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും കടമ. അവരുമായി ചർച്ചചെയ്ത് അനുയോജ്യമായത് തെരഞ്ഞെടുത്തു നൽകുക. അവരുടെ ഇഷ്‌ടത്തിനും നന്മയ്ക്കും പ്രാധാന്യം നൽകുക.

സിജി ഉലഹന്നാൻ

വിവരങ്ങൾക്കു കടപ്പാട്
ഡോ. കെ.സുരേഷ് കുട്ടി
(അസോസിയേറ്റ് പ്രഫസർ, കായിക പഠന വിഭാഗം, കണ്ണൂർ യൂണിവേഴ്സിറ്റി)