കല്ലായി എഫ്.എം
കല്ലായി എഫ്.എം
Tuesday, December 27, 2016 6:23 AM IST
ഒരു കമ്യൂണിറ്റി റേഡിയോ ഓപ്പറേറ്റാണ് സിലോൺ ബാപ്പു. പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ കറകളഞ്ഞ ആരാധകൻ. ഇരുപത്തിനാലു മണിക്കൂറിലും മുഹമ്മദ് റാഫിയുടെ സംഗീതത്തിൽ അലിഞ്ഞുജീവിക്കുന്നവൻ. രണ്ടു മക്കളും ഭാര്യ ജമീലയുമായി സന്തോഷകരമായ ജീവിതം നയിക്കുമ്പോഴും സംഗീതം പലപ്പോഴും ഒരു ചർച്ചാവിഷയമായി വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്.

വീട്ടിലെ കാര്യങ്ങൾ നോക്കാൻ ഓരോ ദിവസവും നന്നായി ബുദ്ധിമുട്ടുന്ന ജമീലയ്ക്ക് കുടുംബമാണു വലുത്. മകൾ സൈറ ബാപ്പയെ നൂറു ശതമാനം പിന്തുണയ്ക്കുന്നുണ്ടെങ്കിലും മകൻ അച്ഛന്റെ പഴഞ്ചൻ സംഗീതത്തെ ചോദ്യംചെയ്യുകയാണു പതിവ്. ആധുനിക സംഗീതത്തിൽ താൽപര്യമുള്ള മകൻ പലപ്പോഴും ബാപ്പയെ ചോദ്യംചെയ്യുകയും വീട്ടിൽ അതിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. എങ്കിലും സിലോൺ ബാപ്പു ജനപ്രിയനാണ്. ഇതിനിടയിലാണ് ഒരു പ്രത്യേക സാഹചര്യത്തിൽ അബു എന്ന ചെറുപ്പക്കാരൻ സിലോൺ ബാപ്പുവിന്റെ ജീവിതത്തിലേക്കു കടന്നുവരുന്നത്. തുടർന്നുണ്ടാകുന്ന സംഭവബഹുലവും ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളാണ് കല്ലായി എഫ്.എം എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.

നവാഗതനായ വിനീഷ് മില്ലേനിയം തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന കല്ലായി എഫ്.എം എന്ന ചിത്രത്തിൽ സിലോൺ ബാപ്പുവായി ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രശസ്ത ഗായകൻ മുഹമ്മദ് റഫിയുടെ ഒരു ആരാധകന്റെ ജീവിതപശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രം ലോകമെമ്പാടുമുള്ള മുഹമ്മദ് റഫിയുടെ ആരാധകർക്കുള്ള സമ്മാനമാണ് ഈ ചിത്രമെന്നു സംവിധായകൻ വിനീഷ് മില്ലേനിയം പറഞ്ഞു.




ഇതാദ്യമായിട്ടാണ് മുഹമ്മദ് റഫിയെക്കുറിച്ചൊരു ചിത്രം ഒരുക്കുന്നത്. സിലോൺ ബാപ്പുവിന്റെ മകനായി ശ്രീനാഥ് ഭാസിയും മകൾ സൈറയായി പാർവതി രതീഷും ഭാര്യ ജമീലയായി കൃഷ്ണപ്രഭയും അബുവായി അനീഷ് ജി. മേനോനും അഭിനയിക്കുന്നു. കലാഭവൻ ഷാജോൺ, കോട്ടയം നസീർ, സുനിൽ സുഖദ, വിജിലേഷ്, വിജയൻ വി. നായർ, നിധിൻ തുടങ്ങിയവരാണു മറ്റു താരങ്ങൾ.

ഒരിടവേളയ്ക്കുശേഷം കോഴിക്കോട് കല്ലായിപ്പുഴയുടെയും മരവ്യവസായത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ, 1973–ൽ മുഹമ്മദ് റഫി കോഴിക്കോട് ഒരുക്കിയ ഗാനമേള, അതേ ഭാവരൂപത്തിൽ അവതരിപ്പിക്കുന്നുണ്ട്. മുഹമ്മദ് റഫിയുടെ മകൻ ഷാദിഖ് റഫിയാണ് ബാപ്പയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഒയാസിസ് ഗ്രൂപ്പിന്റെ ബാനറിൽ ഷാജഹാൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജൻ കളത്തിൽ നിർവഹിക്കുന്നു.

എ.എസ്. ദിനേശ്