കെയുവി 100 എസ്യുവി അല്ല, കാർ
കെയുവി 100 എസ്യുവി അല്ല, കാർ
Tuesday, December 20, 2016 6:12 AM IST
മഹീന്ദ്ര ആൻഡ് മഹീന്ദ്രയെന്നാൽ യൂട്ടിലിറ്റി വെഹിക്കിൾ. കമ്പനിയുടെ ഏറ്റവും ജനശ്രദ്ധയാകർഷിച്ച മോഡലുകളായ ബൊലേറോ, സ്കോർപിയോ, എക്സ്യുവി 500, ടിയുവി 300 എല്ലാം യൂട്ടിലിറ്റി വാഹനങ്ങളുടെ പട്ടികയിൽപ്പെടും. എസ്യുവിയുടെ വസ്ത്രമണിയിച്ച് മഹീന്ദ്രയുടെ സ്വന്തം ഡിഎൻഎയിൽ സൃഷ്ടിച്ചിരിക്കുന്ന ചെറുകാറാണ് കെയുവി 100. ഹാച്ച്ബാക് വിഭാഗത്തിലേക്ക് മഹീന്ദ്രയുടെ ചുവടുവയ്പ്.

സ്വന്തം സാങ്കേതികവിദ്യ: ചെന്നൈയിലെ മഹേന്ദ്ര റിസർച്ച് വാലിയിൽ ഡിസൈൻ ചെയ്ത് മഹാരാഷ്ര്‌ടയിലെ ചാക്കൻ ഫാക്ടറിയിൽ കെയുവി 100 പിറന്നു. നേരത്തേ സെഡാൻ മോഡലായ വെറിറ്റോ ഇറക്കിയിരുന്നെങ്കിലും റെനോയുടെ ടെക്നോളജിയായിരുന്നു അതിനുപയോഗിച്ചത്.

വലുപ്പം: 3,675 എംഎം നീളവും 1,705 എംഎം വീതിയും 1,635 എംഎം ഉയരവുമുള്ള കെയുവി 100ന് 170 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. 14 ഇഞ്ച് വീലുകൾ. ഈ വിഭാഗത്തിൽ ഏറ്റവും ഉയരമുള്ള വാഹനം എന്ന വിശേഷണവും കെയുവി 100നുണ്ട്.

പുറംമോടി: മഹീന്ദ്രയുടെ എസ്യുവികളോട് സാമ്യം. ഡുവൽ ടോൺ ബമ്പറുകൾ, മുന്നിൽ സിൽവർ സ്കിഡ് പ്ലേറ്റ്, വശങ്ങളിലെ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗുകൾ, എസ്യുവി ലുക്ക് നല്കുന്ന വീൽ ആർച്ചുകളും റൂഫ് റെയിലും പ്രത്യേകതയാണ്. മുന്നിൽ ചെറിയ ഗ്രില്ലും ഇരുവശത്തുമായി ഡേടൈം റണ്ണിംഗ് എൽഇഡി ലാമ്പുകളോടുകൂടിയ ഹെഡ്ലാമ്പും. ഹെഡ്ലാമ്പ് എ പില്ലറിലേക്ക് നീളുന്നു. ഇവിടെ മഹീന്ദ്രയുടെ സ്വന്തം എൻജിനായ എംഫാൽകൺ ലോഗോ പതിപ്പിച്ചിട്ടുണ്ട്. ബമ്പറിൽ വലിയ എയർ ഡാം നല്കിയിരിക്കുന്നതിനൊപ്പം ഇരു വശത്തും ലംബമായി ക്രോം ഫിനിഷിംഗോടുകൂടിയ ഫോഗ് ലാമ്പുകൾ ക്രമീകരിച്ചിരിക്കുന്നു. റിയർ ഡോറുകൾ ഷവർലെ ബീറ്റിനു സമം.
ഉൾവശം: ഡുവൽ ടോൺ കളർ സ്കീമിൽ തയാറാക്കിയിരിക്കുന്ന ഡാഷ്ബോർഡ്. നിലവാരമുള്ള പ്ലാസ്റ്റിക് ആണ് ഉള്ളിൽ ഉപയോഗിച്ചിരിക്കുന്നത്. സെന്റർ കൺസോളിൽത്തന്നെ ഗിയർ നോബ്, ഹാൻഡ് ബ്രേക്ക്, ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ്, ഇൻഫോടെയ്മെന്റ് സിസ്റ്റം (ചെറിയ സ്ക്രീൻ, ബ്ലൂടൂത്ത്, യുഎസ്ബി, ഓക്സിലറി കണക്ടിവിറ്റി) എന്നിവ നല്കിയിരിക്കുന്നു. ഇതിനു മുകളിലായി എസി വെന്റുകളും. സ്റ്റിയറിംഗ് വീലിൽ ഓഡിയോ, ടെലിഫോണി ബട്ടനുകളുണ്ട്.

മുന്നിലും പിന്നിലും മൂന്നു പേർക്ക് യാത്രചെയ്യാവുന്ന രീതിയിലാണ് സീറ്റിംഗ് സംവിധാനം. അതായത് സിക്സ് സീറ്റർ വാഹനം. ഫൈവ് സീറ്റർ വേരിയന്റുമുണ്ട്. സെന്റർ കൺസോളിൽ ഗിയർ നോബ് നല്കിയിരിക്കുന്നതിനാൽ മുന്നിൽ മൂന്നു പേർക്ക് ഇരിക്കാം. എങ്കിലും മുതിർന്നവർക്കാവശ്യമായ ലെഗ് സ്പേസ് നടുവിലെ സീറ്റിന് ഇവിടെ കിട്ടില്ല. സീറ്റ് മടക്കിയാൽ ഹാൻഡ് റെസ്റ്റായും ഉപയോഗിക്കാം.


സ്റ്റോറേജ്: കൂളിംഗ് വെന്റ്, പെൻ ഹോൾഡർ, കാർഡ് ഹോൾഡർ എന്നിവയുള്ള മീഡിയം സൈസ് ഗ്ലവ് ബോക്സാണ് കെയുവിക്കുള്ളത്. െരഡെവറിന്റെ വലതുവശത്ത് ഒരു ചെറിയ ഗ്ലവ് ബോക്സുമുണ്ട്. മുൻസീറ്റിനടിയിൽ (െരഡെവർ സിറ്റ് ഒഴികെ) പത്തു കിലോഗ്രാം കപ്പാസിറ്റിയുള്ള സ്റ്റോറേജ് സ്പേസും പിൻ സീറ്റിനു സമീപം അണ്ടർ ഫ്ളോർ സ്റ്റോറേജ് ഏരിയയും കെയുവി 100നുണ്ട്. 243 ലിറ്റർ ബൂട്ട് സ്പേസും നല്കിയിട്ടുണ്ട്. ചുരുക്കത്തിൽ ചെറു വാഹനമാണെങ്കിലും സ്ഥലസൗകര്യമുണ്ട്. പിൻസീറ്റിന്റെ ബേസ് ഊരി മാറ്റി സീറ്റ് ബാക്ക് മടക്കിയാൽ ഡിക്കി സ്പേസ് കൂട്ടാം.

എൻജിൻ: 1.2 ലിറ്റർ പെട്രോൾ, ഡീസൽ എൻജിനുകളിൽ കെയുവി 100 ലഭ്യമാണ്. മഹീന്ദ്രയുടെ പുതിയ എംഫാൽകൺ എൻജിനാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് സിലിണ്ടർ 1198 സിസി പെട്രോൾ എൻജിൻ 82 ബിഎച്ച്പി പവറിൽ 115എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. മൂന്ന് സിലിണ്ടർ 1,198 സിസിയുള്ള ഡീസൽ എൻജിൻ 77 ബിഎച്ച്പി പവറിൽ 190 എൻഎം ടോർക്കാണ് ഉത്പാദിപ്പിക്കുന്നത്. ഭാരത് സ്റ്റാൻഡേർഡ് നാല് നിബന്ധനകൾ അനുസരിച്ച് തയാറാക്കിയിരിക്കുന്ന രണ്ട് എൻജിനുകളും തമ്മിൽ മാറ്റങ്ങളൊന്നുമില്ല.

സുരക്ഷ: ബേസ് മോഡൽ മുതൽ എബിഎസ്, ഇബിഡി, രണ്ട് എയർ ബാഗുകൾ ഉണ്ട്.

മൈലേജ്: 25.32 കിലോമീറ്റർ (ഡീസൽ).

വില: 4.73 ലക്ഷം മുതൽ.

* ഔദ്യോഗികമായി സിക്സ് സീറ്റർ വാഹനം. ഫൈവ് സീറ്റർ ആയും ലഭിക്കും.
* പേൾ വൈറ്റ്, അക്വാമറൈൻ, ഡ്സ്ലിംഗ് സിൽവർ, ഫ്ളാംബൊയന്റ് റെഡ്, ഫയറി ഓറഞ്ച്, ഡിസൈനർ ഗ്രേ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ ഏഴു നിറങ്ങൾ.
* ഓട്ടോ ലോക്ക് ഡോറുകൾ.
* ഫൈവ് സീറ്റർ വേരിയന്റിൽ ബക്കറ്റ് സീറ്റാണുള്ളത്. കൂടാതെ സിക്സ് സീറ്ററിനുള്ള സീറ്റിനടിയിലെ സ്റ്റോറേജ് സംവിധാനം ഇതിനില്ല.
* ബേസ് മോഡൽ മുതൽ ടിൽറ്റബിൾ പവർ സ്റ്റിയറിംഗ്.
* ഓയിൽ ചെയ്ഞ്ച് 10,000 കിലോമീറ്ററിൽ മതി.
* മുന്നിലും പിന്നിലുമായി 12 വോൾട്ട് ചാർജിംഗ് സ്ലോട്ടുകൾ.
* ഡീസൽ വേരിയന്റിൽ പവർ/ഇക്കോ മോഡുകൾ.

ടെസ്റ്റ് ഡ്രൈവ്: ടിവിഎസ് * സൺസ്, നാട്ടകം,കോട്ടയം.
മൊബൈൽ: 9061067370

ഐബി