ബ്ലൗസിൽ ട്രൻഡിയാകാം
വിവിധ ഡിസൈനുകളിലുള്ള അതിമനോഹരങ്ങളായ റെഡിമെയ്ഡ് ബ്ലൗസുകളും വ്യത്യസ്ത ബോർഡറുകളുള്ള സാരികളുമാണ് സ്ത്രീകൾക്കിടയിലെ ലേറ്റസ്റ്റ് ട്രെൻഡ്. തുണിക്കടകളിൽ നിന്ന് ഇവ ഒരുമിച്ചു വാങ്ങാൻ ആയിരങ്ങൾ മുടക്കേണ്ടി വരും. കാരണം പിന്നിൽ കെട്ടുള്ള ലേറ്റസ്റ്റ് മോഡൽ ഡിസൈനർ റെഡിമെയ്ഡ് ബ്ലൗസുകൾക്കു മാത്രം 800 രൂപ വില വരും. അപ്പോൾ ഇത്തരം ഭംഗിയേറിയ സാരികളും സ്റ്റേറ്റ്മെന്റ് ബ്ലൗസുകളും അധികം പണം മുടക്കാതെ സ്വന്തമായിത്തന്നെ ഉണ്ടാക്കിയെടുത്താലോ. കൈയിലെ പണം നഷ്ടമാകുകയുമില്ല, ആൾക്കൂട്ടത്തിൽ തിളങ്ങുകയുമാകാം. കുറഞ്ഞ ചെലവിൽ പലതരം ഡിസൈനർ സാരികളും വ്യത്യസ്ത മാതൃകകളിലെ ബ്ലൗസുകളും തുന്നിയെടുക്കാം. ഇതിന് വില കൂടിയ സാരികളുടെ ലുക്ക് കിട്ടുകയും ചെയ്യും. ഇതാ, ഒന്നു ശ്രമിച്ചു നോക്കൂ.

300 രൂപ മുതൽ ഷിഫോൺ, ക്രേപ്, ജോർജറ്റ് മെറ്റീരിയലുകളിലുള്ള സാരികൾ ഇന്ന് ലഭ്യമാണ്. ഇഷ്ടാനുസരണം വ്യത്യസ്ത ഡിസൈനുകളിലുള്ള ബ്ലൗസ് പീസുകൾ എപ്പോഴും ലഭിക്കണമെന്നില്ല. അതിനാൽ ചുരിദാർ തുണിത്തരങ്ങളിൽ നിന്നോ ദുപ്പട്ടയിൽ നിന്നോ (റണ്ണിംഗ് മെറ്റീരിയലുകൾ) ബ്ലൗസ്പീസുകൾ തെരഞ്ഞെടുക്കാം. സാരിയുടെ ബോർഡറിലും ഇതേ തുണി വച്ചുപിടിപ്പിക്കാം.

റണ്ണിംഗ് മെറ്റീരിയലുകൾ ആകുമ്പോൾ വളരെ വ്യത്യസ്തങ്ങളായ ഡിസൈനുകളിൽ ലഭിക്കും. ബാത്തിക്, ടൈ ആൻഡ് ടൈ, മ്യൂറൽ ചിത്രമാതൃക, കലംകാരി ഡിസൈൻ അങ്ങനെ പലതരം തുണിത്തരങ്ങൾ വിപണിയിൽ ലഭ്യമാണ്. ജീൻസ് തുണിത്തരംകൊണ്ടും (ഡെനിം) വ്യത്യസ്ത ബ്ലൗസുകൾ തയ്ക്കാം.

ഇഷ്ടമുള്ള സാരികൾക്കു വേണ്ടി സാരികളുടെ വിഭാഗത്തിൽത്തന്നെ തെരയണമെന്നില്ല. സാരിയുടെ അളവിൽ ദുപ്പട്ട തുണി മുറിച്ചെടുത്താലും മതി. തുണിത്തരങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നമ്മുടേതായ ഒരു കലാവാസന ഉപയോഗിക്കണമെന്നു മാത്രം. ആർട്ടിസ്റ്റിക് സെൻസുള്ള സുഹൃത്തുക്കളുടെ സഹായവും തേടാവുന്നതാണ്. വളരെ കോൺട്രാസ്റ്റായ (തികച്ചും എതിരായിട്ടുള്ളത്) സാരിയും ബ്ലൗസും നമുക്കു സ്വയം നിർമിക്കാൻ സാധിക്കും എന്നതും മറ്റൊരു പ്രത്യേകതയാണ്.


പ്ലെയിൻ സാരികൾ ധരിക്കുമ്പോൾ ബ്ലൗസുകൾ നല്ല നിറപ്പകിട്ടുള്ളതോ ധാരാളം വർക്കുകൾ ചെയ്തതോ ആക്കി മാറ്റി ഷൈൻ ചെയ്യാം. മുന്നൂറു രൂപയുള്ള ഒരു ഷിഫോൺ സാരികൊണ്ട് ഇങ്ങനെ എലഗന്റ് സ്റ്റൈൽ തീർക്കാം.

ഉദാഹരണത്തിന് കറുത്ത പ്ലെയിൻ സാരിയുടെ കൂടെ പച്ചനിറത്തിൽ (ടെർക്കോയിസ് ഗ്രീൻ) പൂക്കളുടെ ഡിസൈനുള്ള ചുരിദാറിന്റെ ദുപ്പട്ട തുണി വാങ്ങി. ദുപ്പട്ട തുണി ലൈനിംഗ് വച്ച് തുന്നി. സാരിക്കുവേണ്ടി ചെലവായത് വെറും 300 രൂപയാണ്. ബ്ലൗസിന്റെ ചെലവ് 200 രൂപയും (മീറ്ററിന് 100 രൂപ). തയ്യൽകൂലി 350 രൂപ (നീളൻ കൈയും പിന്നിൽ കെട്ടും). അങ്ങനെ വെറും 850 രൂപയ്ക്ക് സ്റ്റൈലിഷ് സാരിയും ബ്ലൗസും തയാറാക്കാം. ലൈനിംഗ് വേണ്ടാത്ത തുണി സാധാരണരീതിയിലാണു തുന്നുന്നതെങ്കിൽ നൂറോ, നൂറ്റിയൻപതോ രൂപ മാത്രമേ തയ്യൽകൂലിയായി ചെലവാകൂ. അങ്ങനെയെങ്കിൽ 600, 650 രൂപയ്ക്ക് ഒരു ഭംഗിയേറിയ ഡിസൈനർ സാരി റെഡി!

അതുപോലെതന്നെ 300 രൂപയ്ക്ക് പ്ലെയിൻ മഞ്ഞസാരി വാങ്ങി മഞ്ഞയും പിങ്കും പച്ചയും നിറത്തിലെ പൂക്കൾ നിറഞ്ഞ ചുരിദാർ മെറ്റീരിയൽകൊണ്ട് ആധുനികരീതിയിലെ കെട്ടുവച്ച ബ്ലൗസ് തുന്നി. സാരിയുടെ ബോർഡറിലും ബ്ലൗസിന്റെ തുണി വച്ചുപിടിപ്പിച്ചു. ഇപ്പോൾ ഈ മഞ്ഞസാരിക്കു വലിയ ഡിമാൻഡാണ്.

കടുംവയലറ്റ് സാരിയിൽ കോപ്പർ ബോർഡർ വച്ചു കോപ്പർ നിറത്തിലെ ബ്ലൗസ് തുന്നിയപ്പോഴും സ്റ്റൈൽ ആകെ മാറി. മുന്തിയ ഇനം സാരികൾ വാങ്ങാൻ കഴിവുള്ളവർക്കു വിലകൂടിയ സാരികൾ വാങ്ങി ഇതുപോലെ പുതിയ ഡിസൈനുകൾ തീർക്കാം. ഉപയോക്‌താക്കളുടെ ഇഷ്ടവും സാമ്പത്തികസ്‌ഥിതിയുമനുസരിച്ച് ഡിസൈനുകളിൽ മാറ്റംവരുത്താം. വിലപിടിപ്പുള്ള സെറിവർക്ക് (വിലയേറിയ കല്ലുകളും മുത്തുകളും ത്രെഡുകളും മറ്റും ചേരുന്നവ) സെർദോസി (മുന്തിയ ഇനം ത്രെഡ് വർക്ക്) മ്യൂറൽ വർക്ക്, എംബ്രോയ്ഡറി അങ്ങനെ എന്തുവേണമെങ്കിലും ആവശ്യാനുസരണം തെരഞ്ഞെടുത്തു വച്ചുപിടിപ്പിക്കാം.

ഡോ. അഖിത ഗോപിനാഥ്
ഫോട്ടോ: ടി.സി ഷിജുമോൻ