ജോമോന്റെ സുവിശേഷങ്ങൾ
ജോമോന്റെ സുവിശേഷങ്ങൾ
Thursday, October 6, 2016 4:55 AM IST
സത്യൻ അന്തിക്കാടും ദുൽഖർ സൽമാനും ആദ്യമായി കൈകോർക്കുമ്പോൾ അതു ദുൽഖറിന്റെ ആദ്യത്തെ കുടുംബചിത്രവുമാകുന്നു.

കുടുംബചിത്രത്തിൽ അഭിനയിക്കണമെന്ന തന്റെ ഏറെക്കാലത്തെ ആഗ്രഹമാണ്, സത്യനങ്കിളിന്റെ ചിത്രത്തിലൂടെ ഇപ്പോൾ സാധിക്കുന്നതെന്ന് ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ ദുൽഖർ പറഞ്ഞു. ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമിക്കുന്ന ഈ ചിത്രം തൃശൂരിൽ ഷൂട്ടിംഗ് തുടങ്ങി. തമിഴ്നാടാണ് ഈ ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. തിരുപ്പൂർ, തഞ്ചാവൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലായി ഈ ചിത്രം പൂർത്തിയാകും.

ദുൽഖറും അനുപമാ പരമേശ്വരനുമാണ് ആദ്യരംഗങ്ങളിൽ അഭിനയിച്ചത്. ജോമോൻ, കാതറിൻ എന്നാണ് ഈ ചിത്രത്തിൽ ഇവരുടെ കഥാപാത്രങ്ങളുടെ പേര്. വിനോദയാത്രയ്ക്കുശേഷം സത്യൻ അന്തിക്കാടും ഛായാഗ്രാഹകൻ എസ്. കുമാറും ഈ ചിത്രത്തിൽ ഒത്തുചേരുന്നു.

ഈ ചിത്രത്തിൽ ഒരു നായിക കൂടിയുണ്ട്. അതു തമിഴ്നാട് ഷെഡ്യൂളിൽ വരുന്ന വൈദേഹി എന്ന കഥാപാത്രമാണ്. മിക്കവാറും ഒരു പുതുമുഖംതന്നെയായിരിക്കും ഈ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്ന് സംവിധായകൻ അറിയിച്ചു.




തൃശൂരിലെ വളരെ സമ്പന്നമായ ഒരു കുടുംബാംഗമാണ് ജോമോൻ. വളരെ സാധാരണ നിലയിൽനിന്നും വലിയ സമ്പന്നതയിലേക്കു വളർന്ന വിൻസന്റിന്റെ നാലു മക്കളിൽ മൂന്നാമനാണ് ജോമോൻ. മൂത്ത സഹോദരി വിവാഹിത, മൂത്ത സഹോദരൻ ഡോക്ടർ, പിന്നെയുള്ള ഇളയ സഹോദരി പഠിക്കുന്നു. ജീവിതത്തെ ഒട്ടും ഗൗരവത്തോടെ കാണാത്തവനാണു ജോമോൻ.

ഒരു ഘട്ടത്തിൽ അവന്റെ ഇതുവരെയുള്ള ജീവിതത്തിൽനിന്നും ഏറെ വ്യതിയാനം ഉണ്ടാകുന്നു. മുകേഷാണ് വിൻസന്റിനെ അവതരിപ്പിക്കുന്നത്. വിനു മോഹൻ, ഇന്നസെന്റ്, മുത്തുമണി, ഇർഷാദ് തുടങ്ങിയവരും അഭിനയിക്കുന്നു. ഡോ. ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണു തിരക്കഥ. –വാഴൂർ ജോസ്