വാഹന കയറ്റുമതി: റെനോ വിപുലമാക്കുന്നു
വാഹന കയറ്റുമതി: റെനോ വിപുലമാക്കുന്നു
Friday, August 12, 2016 4:56 AM IST
ന്യൂഡൽഹി: പ്രമുഖ ഫ്രഞ്ച് വാഹനനിർമാതാക്കളായ റെനോ ഇന്ത്യയിൽനിന്നുള്ള വാഹന കയറ്റുമതി വർധിപ്പിക്കാനൊരുങ്ങുന്നു. ഇന്ത്യയിൽനിന്ന് അയൽരാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കുമുള്ള കയറ്റുമതി ഉയർത്തി രാജ്യത്തെ ഉത്പാദന ഹബ് ആക്കി മാറ്റാനാണു റെനോ പദ്ധതിയിടുന്നത്.

റെനോയുടെ ജനപ്രിയ മോഡലുകളായ ഡസ്റ്റർ, ക്വിഡ് എന്നിവ കഴിഞ്ഞ മാസം ശ്രീലങ്കയിലേക്കു കയറ്റി അയയ്ക്കാൻ ആരംഭിച്ചു. ഈ മാസം നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ റെനോയുടെ വാഹനങ്ങളെത്തിക്കുമെന്നു റെനോ ഇന്ത്യ സിഇഒയും മനേജിംഗ് ഡയറക്ടറുമായ സുമിത് സ്വാനി അറിയിച്ചു.

ആഫ്രിക്കൻ രാജ്യങ്ങളിലും റെനോയുടെ സാന്നിധ്യം അറിയിക്കാനൊരുങ്ങുകയാണ്. ഇതിനുള്ള ഒരുക്കങ്ങൾ ഉടൻ പൂർത്തിയാക്കും. കൂടാതെ, റെനോയുടെ ചെറിയ കാറായ ക്വിഡ് ബ്രസീലിൽ നിർമിക്കും. ഇതിനുള്ള സാമഗ്രികൾ ഇന്ത്യയിൽനിന്ന് അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ 441 കാറുകളാണു റെനോ കയറ്റി അയച്ചത്. കഴിഞ്ഞ വർഷം ഈ സമയത്ത് ഇത് 56 എണ്ണമായിരുന്നു. ക്വിഡിന് ആഭ്യന്തര വിപണിയിൽ പ്രചാരം വർധിച്ച സാഹചര്യത്തിൽ ഉത്പാദനം കൂട്ടാനും കമ്പനി ആലോചിക്കുന്നുണ്ട്.

റെനോയുടെ മൂന്നാമത്തെ പ്ലാന്റ് ചെന്നൈയിൽ ആരംഭിച്ചതിലൂടെ ഉത്പാദനക്ഷമത വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് റെനോ ആഭ്യന്തര വിപണിയിൽ 195 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയിരിക്കുന്നത്.

ജനുവരി മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ 73,863 കാറുകളാണ് റെനെ ആഭ്യന്തരവിപണിയിൽ എത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 25,032 എണ്ണം ആയിരുന്നു.