ആര്‍ത്തവ സുരക്ഷയ്ക്കായി മിത്ര
ആര്‍ത്തവ സുരക്ഷയ്ക്കായി മിത്ര
Monday, May 21, 2018 3:40 PM IST
ആര്‍ത്തവകാലം പല സ്ത്രീകളുടെയും പേടിസ്വപ്‌നമാണ്. വയറുവേദനയ്‌ക്കൊപ്പം സാനിറ്ററി നാപ്കിനുകളുടെ ഉപയോഗവും അതുമൂലമുണ്ടാകുന്ന അലര്‍ജിയും ആ നാളുകളെ കൂടുതല്‍ അസ്വസ്ഥമാക്കും. പലപ്പോഴും ജോലിസ്ഥലത്ത് മണിക്കൂറുകളോളം നാപ്കിന്‍ മാറ്റാന്‍ സാധിക്കാതെ വരും. ഈര്‍പ്പം വലിച്ചെടുക്കാനും മറ്റും പാഡില്‍ ഉപയോഗിക്കുന്ന കെമിക്കലിന്റെ റിയാക്ഷനും സ്ത്രീകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. കോട്ടണ്‍ തുണിയാണ് ഏറ്റവും നല്ലതെന്ന് പറയുമെങ്കിലും അത് ഉപയോഗിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ സ്ത്രീകളെ നാപ്കിനുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നു. പക്ഷേ, അവ അത്ര സുരക്ഷിതമല്ല.

കൂട്ടിനുണ്ട് മിത്ര

സ്ത്രീകളുടെ ഈ ബുദ്ധിമുട്ടുകള്‍ക്കൊരു പരിഹാരം എന്ന നിലയ്ക്കാണ് വയനാട് ജില്ലയിലെ പുല്‍പ്പള്ളിക്കടുത്ത് ഇരുളത്തുള്ള വിജില വി.കെയും സംഘവും ആരോഗ്യകരമായ പാഡുകളുടെ നിര്‍മാണത്തിലേക്ക് എത്തിയത്. വിജിലയുടെ നേതൃത്വത്തില്‍ അഞ്ചുപേരാണ് മിത്രയെന്ന പേരിലുള്ള സ്ത്രീസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ സാനിറ്ററി നാപ്കിനുകളുടെ നിര്‍മാണത്തിലും വിപണനത്തിലുമേര്‍പ്പെട്ടിരിക്കുന്നത്. കുടുംബശ്രീയില്‍ ചെറുകിട സംരംഭമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംരംഭത്തിന്റെ അമരക്കാര്‍ ഗീത, രേഷ്മ എം.വി, സരോജനി വി.ജി, വിജി മോഹനന്‍ എന്നിവരാണ്.

'ഞാന്‍ അക്കൗണ്ടന്റായി ഒരു കടയില്‍ ജോലി ചെയ്യുകയായിരുന്നു. ആ ജോലി വളരെ ടെന്‍ഷനുള്ളതായതുകൊണ്ട് ഉപക്ഷേിക്കാന്‍ തീരുമാനിച്ചു. പുതുമയുള്ള ഒരു സംരംഭം സ്വന്തം നിലയ്ക്ക് തുടങ്ങണമെന്നാഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് സാനിറ്ററി നാപ്കിനുകളെക്കുറിച്ച് വായിക്കുന്നതും അത്തരമൊരു സംരംഭത്തെക്കുറിച്ച് ചിന്തിക്കുന്നതും.' പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിജില പറയുന്നു.

നാപ്കിന്‍ ഉണ്ടാക്കുന്ന മെഷീനറി സെറ്റ് കോയമ്പത്തൂരില്‍ നിന്നുമാണ് വാങ്ങിയത്. പത്തു ലക്ഷം രൂപ സംരംഭത്തിന് മുതല്‍ മുടക്കി.

എന്തുകൊണ്ട് മിത്ര

കടകളില്‍ നിന്നു ലഭിക്കുന്ന വിവിധ കമ്പനികളുടെ പാഡില്‍ ഈര്‍പ്പം വലിച്ചെടുക്കാന്‍ കെമിക്കല്‍ ചേര്‍ക്കാറുണ്ട്. ലീക്കേജ് ഉണ്ടാകാതിരിക്കാന്‍ പ്ലാസ്റ്റിക്കും ഉപയോഗിക്കും. പക്ഷേ, മിത്രയില്‍ പൈന്‍മരത്തിന്റെ പള്‍പ്പാണ് ഉപയോഗിക്കുന്നത്. ഇതിനെ നല്ല ഗുണമേന്‍മയുള്ള കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞാണ് ഓരോ പാഡും നിര്‍മിക്കുന്നത്.




കടകളില്‍ ലഭിക്കുന്ന പാഡില്‍ വില കുറഞ്ഞ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതുകൊണ്ട് ചൂട് കൂടുകയും അതുവഴി ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും ചെയ്യാറുണ്ട്. മിത്രയെക്കുറിച്ച് ഇത്തരത്തിലൊരു ഭയം വേണ്ട. പഞ്ഞിയും നശിച്ചുപോകുന്ന തരത്തിലുള്ള പ്ലാസ്റ്റിക്കുമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ അലര്‍ജി ഉണ്ടാകില്ല. കത്തിച്ചു കളഞ്ഞാലും പരിസ്ഥിതിക്ക് ദോഷവും വരില്ല. കത്തിച്ചു കളയാന്‍ സാധിക്കാത്തവര്‍ക്ക് ഫ്‌ളഷ് ചെയ്തു കളയാം. പെെട്ടന്ന് നശിച്ചു പോകുന്നതിനാല്‍ ടോയ്‌ലറ്റില്‍ ബ്ലോക്ക് ഉണ്ടാകുമെന്ന പേടിയും വേണ്ട. ഇങ്ങനെ ഒരു വിധത്തിലുള്ള ദോഷവും പ്രകൃതിക്കും മനുഷ്യനും ഉണ്ടാകാത്ത വിധത്തിലാണ് മിത്ര തയ്യാറാക്കിയിരിക്കുന്നത്. വീണ്ടും വീണ്ടും ഉപയോക്താക്കള്‍ ഉത്പന്നം തേടിയെത്തുന്നതാണ് മിത്രയുടെ വിജയവും.

വളരാനുള്ള തയാറെടുപ്പില്‍

കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴിയും അയല്‍ക്കൂട്ടങ്ങള്‍ വഴിയുമാണ് മാര്‍ക്കറ്റിംഗ് നടത്തുന്നത്. വയനാട്ടിലാണ് വില്‍പന. വീടുകളില്‍ കൊണ്ടുപോയി കൊടുക്കുന്നവരുണ്ട്. ദൂരെയുള്ളവര്‍ക്ക് കൊറിയര്‍ ചെയ്തു നല്കും. എട്ടു പാഡുകളുള്ള ഒരു പാക്കറ്റിന് 35 രൂപയാണ്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന പൈന്‍ മരത്തിന്റെ പള്‍പ്പ് കോയമ്പത്തൂരില്‍ നിന്നാണ് വാങ്ങുന്നത്. നിലവിലെ ഉത്പാദനശേഷി ഒരു ദിവസം 400 പാക്കറ്റാണ്. കോഴിക്കോട് ജില്ലയിലും മിത്രയ്ക്ക് ഉപയോക്താക്കളുണ്ട്. പലരും ഉപയോഗിച്ചതിനു ശേഷം വീണ്ടും വീണ്ടും ആവശ്യപ്പെ് എത്താറുണ്ടെന്ന് വിജില പറയുന്നു.

സംരംഭം എങ്ങനെ മുന്നോട്ടുകൊണ്ടു പോകണം എന്നതിനെക്കുറിച്ച് കല്‍പറ്റ എസ്ബിഐ ശാഖ ഇവര്‍ക്ക് പരിശീലനം നല്കിയിരുന്നു. ജില്ലാവ്യവസായ കേന്ദ്രം നല്‍കിയ പരിശീലനവും ഏറെ ഉപകാരപ്രദമായിരുന്നുവെന്ന് വിജില പറയുന്നു. ഒരു മാസം അഞ്ച് മുതല്‍ ആറ് ലക്ഷം വരെ പാഡുകള്‍ വില്‍ക്കാറുണ്ട്. കുടുംബശ്രീ ജില്ലാമിഷനും അഞ്ചുപേരുടെയും കുടുംബവും എല്ലാ പിന്തുണയുമായി ഇവര്‍ക്കൊപ്പമുണ്ട്.

നൊമിനിറ്റ ജോസ്