പൂന: ഈ ബംഗളൂരു രക്ഷപ്പെടില്ല. ലോകോത്തര ബാറ്റിംഗ് നിരയുണ്ടായിട്ടും വിജയം എന്ന സ്വപ്നം ഇനിയും അകലെയാണ് ബംഗളൂരുവിന്. നായകൻ വിരാട് കോഹ്ലി അർധസെഞ്ചുറിയുമായി ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും ബംഗളൂരുവിനെ രക്ഷിക്കാൻ അതുമാത്രം പോരായിരുന്നു. പതിനൊന്നിൽ പത്തുപേരും പത്തിൽ താഴെ സ്കോർ ചെയ്ത റോയൽ ചലഞ്ചേഴ്സിനെ 61 റൺസിനാണ് റൈസിംഗ് പൂന സൂപ്പർ ജയന്റ് പരാജയപ്പെടുത്തിയത്.
പത്തിൽ ഏഴുകളികളും തോറ്റ റോയൽ ചലഞ്ചേഴ്സിന് ഇപ്പോൾ അഞ്ചു പോയിന്റ് മാത്രമാണുള്ളത്. ഇതോടെ ബംഗളൂരുവിന്റെ പ്ലേ ഓഫ് മോഹങ്ങൾ ഇതോടെ ഏതാണ്ട് പൂർത്തിയായി. ഇനി അദ്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ബംഗളൂരുവിന് പ്ലേ ഓഫിലെത്താനാകൂ.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പൂന മൂന്നു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗളൂരുവിന് നിശ്ചിത 20 ഓവറിൽ 96 റൺസെടുക്കാനേ സാധിച്ചുള്ളൂ. നായകൻ വിരാട് കോഹ്ലി (55) ഇത്തവണ അർധ സെഞ്ചുറിയുമായി തിളങ്ങിയെങ്കിലും മറ്റാർക്കും രണ്ടക്കം കടക്കാൻപോലുമായില്ല. ഫോം ഔട്ടായ ക്രിസ് ഗെയ്ലില്ലാതെ ഇറങ്ങിയ ബംഗളൂരുവിന് തുടക്കം തൊട്ടേ വിക്കറ്റുകൾ കൊഴിഞ്ഞു കൊണ്ടിരുന്നു. കോഹ്ലിക്കൊപ്പം ട്രാവിസ് ഹെഡാണ് ഇറങ്ങിയത്. ഓപ്പണറായി എത്തിയ കോഹ്ലി മറുവശത്ത് വിക്കറ്റ് കൊഴിയുന്നത് അവസാന ഓവറുകൾവരെ നിസഹായതയോടെ നോക്കിനിന്നു. എട്ടു റൺസെടുത്ത ശ്രീനാഥ് അരവിന്ദാണ് ബംഗളൂരു നിരയിലെ രണ്ടാമത്തെ ടോപ്പർ. മലയാളി താരം സച്ചിൻ ബേബിയുടെ സംഭാവന രണ്ടു റൺസ് മാത്രമായിരുന്നു. എബി ഡിവില്യേഴ്സ് മൂന്നു റൺസിന് പുറത്തായി.
പൂനയ്ക്കു വേണ്ടി ഇമ്രാൻ താഹിർ മൂന്നു വിക്കറ്റും ഫെർഗൂസൻ രണ്ടു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ സ്റ്റീവൻ സ്മിത്തിന്റെയും (45) മനോജ് തിവാരിയുടേയും (44) മികച്ച ബാറ്റിംഗാണ് പൂനയ്ക്ക് പൊരുതാവുന്ന സ്കോർ നൽകിയത്. 32 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സുമടക്കമാണ് സ്മിത്ത് 45 റൺസ് നേടിയത്. രാഹുൽ ത്രിപാഠിയുടെ ഇന്നിംഗ്സിൽ നാലു ബൗണ്ടറിയും ഒരു സിക്സുമുണ്ടായിരുന്നു.
രാഹുൽ രഹാനെയെ (6) പെട്ടെന്ന് നഷ്ടമായെങ്കിലും ത്രിപാഠിയും (37) സ്മിത്തും ചേർന്ന് പൂനയുടെ സ്കോർബോർഡ് ചലിപ്പിച്ചു. ഇരുവരും പുറത്തായ ശേഷം ധോണിയും (21) മനോജ് തിവാരിയും (44) പൂന സ്കോറിനെ മാന്യമായ നിലയിലെത്തിച്ചു. ഇരുവരും പുറത്താകാതെ നിന്നു. പൂനയ്ക്കു വേണ്ടി പവൻ നെഗി, ബദ്രി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
സ്കോര്‍ബോര്‍ഡ് / പൂന ബാറ്റിംഗ്
രഹാനെ സി മില്‍നെ ബി ബദ്രി 6, രാഹുല്‍ ത്രിപാഠി സി ജാദവ് ബി നെഗി 37, സ്റ്റീവന്‍ സ്മിത്ത് സി മില്‍നെ ബി ബിന്നി 45, മനോജ് തിവാരി നോട്ടൗട്ട് 44, ധോണി നോട്ടൗട്ട് 21, എക്സ്ട്രാസ് 4.
ആകെ 20 ഓവറില്‍ മൂന്നിന് 157
ബൗളിംഗ്
ആഡം മില്‍നെ 4-0-35-0, ബദ്രി 4-0-31-1, അരവിന്ദ് 4-0-30-0, ചാഹല്‍ 2-0-25-0, നെഗി 4-0-18-1, ബിന്നി 2-0-17-1.
ബംഗളൂരു ബാറ്റിംഗ്
ട്രാവിസ് ഹെഡ് ബി ഉനദ്കഡ് 2, വിരാട് കോഹ്്ലി സി മായങ്ക് അഗര്‍വാള്‍ ബി ക്രിസ്റ്റിയന്‍ 55, ഡിവില്യേഴ്സ് സി തിവാരി ബി ഫെര്ഗൂസന് 3, ജാദവ് റണ്ണൗട്ട് 7, സച്ചിന് ബേബി സി സ്മിത്ത് ബി സന്‍ഡര്‍ 2, ബിന്നി സി സന്‍ഡര്‍ ബി ഫെര്ഗൂസന് 1, നെഗി സി ക്രിസ്റ്റ്യന്‍ ബി ഇമ്രാന് താഹിര്‍ 3, മില്‍നെ സി സ്മിത്ത് ബി താഹിര്‍ 5, ബദ്രി ബി താഹിര്‍ 2, അരവിന്ദ് നോട്ടൗട്ട് 8, ചാഹല്‍ നോട്ടൗട്ട് 4, എക്സ്ട്രാസ് 4.
ആകെ 20 ഓവറില്‍ ഒമ്പതിന് 96
ബൗളിംഗ്
ദീപക് ചഹാര്‍ 2-0-18-0, ഉനദ്കഡ് 4-0-19-1, ഫെര്ഗൂസന് 4-1-7-2, ക്രിസ്റ്റ്യന്‍ 4-0-25-1, ഇമ്രാന് താഹിര്‍ 4-0-18-3, സന്‍ഡര്‍ 2-0-7-1.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.