ജയമാവർത്തിക്കാൻ റയൽ
ജയമാവർത്തിക്കാൻ റയൽ
Monday, October 17, 2016 12:04 PM IST
മാഡ്രിഡ്: തുടർച്ചയായ നാലു സമനിലകൾക്കുശേഷം വിജയത്തിലേക്കു തിരിച്ചുവന്ന സിനദിൻ സിദാന്റെ റയൽ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ വിജയം ആവർത്തിക്കാൻ ഇന്നിറങ്ങും. റയലിന്റെ സ്വന്തം സാന്റിയാഗോ ബർണേബ്യു സ്റ്റേഡിയത്തിൽ പോളിഷ് ചാമ്പ്യൻമാരായ ലെഗിയ വാഴ്സോയാണ് നേരിടാനെത്തുന്നത്. ഗ്രൂപ്പ് എഫിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനു പിന്നിൽ രണ്ടാം സ്‌ഥാനത്താണ് നിലവിലെ ചാമ്പ്യന്മാർ. ഗോൾ ശരാശരിയിലാണ് റയൽ രണ്ടാം സ്‌ഥാനത്തേക്കു തള്ളപ്പെട്ടത്. ഇന്ന് മികച്ച വിജയം നേടിയാൽ റയലിനു ഗ്രൂപ്പിൽ മുന്നിലെത്താം. പരിക്കു മൂലം റയലിന്റെ പല പ്രധാന താരങ്ങളും പുറത്തിരിക്കുകയാണ്.

സ്പാനിഷ് ലീഗിൽ റയൽ ബെറ്റിസിനെതിരേ 6–1ന്റെ വൻ ജയം നേടിക്കൊണ്ട് നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആത്മവിശ്വാസത്തിലെത്തിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ, ഇസ്കോ എന്നിവർ ഈ മത്സരത്തിൽ ഗോൾ നേടുകയും ചെയ്തിരുന്നു. ഇതുവരെ ഒരു പോയിന്റ് പോലും നേടാത്ത വാഴ്സോ വിജയം തേടിയാണ് സ്പാനിഷ് തലസ്‌ഥാനത്തെത്തുന്നത്. ഇവിടെ ജയമോ സമനിലയോ നേടാനായാൽ പോളിഷ് ക്ലബ്ബിന് ആശ്വസിക്കാം. രണ്ടു കളിയിൽ ഒരു ജയം ഒരു സമനില എന്ന നിലയിൽ ബൊറൂസിയ ഒന്നാമതും അത്രതന്നെ പോയിന്റുള്ള റയൽ രണ്ടാമതും മൂന്നു പോയിന്റുള്ള സ്പോർട്ടിംഗ് മൂന്നാം സ്‌ഥാനത്തുമാണ്. മറ്റൊരു മത്സരത്തിൽ ബൊറൂസിയ സ്പോർട്ടിംഗിനെ നേരിടും. റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച ബൊറൂസിയ ആത്മവിശ്വാസത്തിലാണ്.

വിജയക്കുതിപ്പ് തുടരാൻ ലീസ്റ്റർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ലീസ്റ്റർ സിറ്റിക്ക് ലീഗിൽ കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കാനാകുന്നില്ല. എന്നാൽ, ചാമ്പ്യൻസ് ലീഗിൽ രണ്ടു മത്സരവും ജയിച്ച് ഗ്രൂപ്പ് ജിയിൽ ആറ് പോയിന്റുമായി ഒന്നാം സ്‌ഥാനത്താണ്. ഇന്ന് ലീസ്റ്റർ സ്വന്തം കിംഗ് പവർ സ്റ്റേഡിയത്തിൽ കോപ്പൻഹേഗനെതിരേ ഇറങ്ങും.

കോപ്പൻഹേഗനും ഇതുവരെ ചാമ്പ്യൻസ് ലീഗിൽ തോൽവി അറിഞ്ഞിട്ടില്ല. ഒരു ജയം, ഒരു സമനില എന്ന നിലയിൽ രണ്ടാമതാണ് കോപ്പൻഹേഗൻ. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ലീസ്റ്ററിന്റെ വല കുലുക്കാൻ എതിരാളികൾക്കായിട്ടില്ല. ഷിൻജി ഒകാസാകിയും റിയാദ് മെഹ്റസും ജെയ്മി വാർഡിയും ഫോമിലെത്തിയാൽ ലീസ്റ്ററിന് അനായാസ ജയം സ്വന്തമാക്കാനാകും. മറ്റൊരു മത്സരത്തിൽ ഇതുവരെ ഒരു പോയിന്റ് പോലും നേടാത്ത ക്ലബ് ബ്രൂഗി പോർട്ടോയെ നേരിടും.


ഒന്നാമതെത്താൻ യുവന്റസ്, സെവിയ്യ

ഗ്രൂപ്പ് എച്ചിൽ ഒന്നും രണ്ടും സ്‌ഥാനത്തുള്ള യുവന്റസും സെവിയ്യയും ഇന്നിറങ്ങുന്നുണ്ട്. ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് ഒളിമ്പിക് ലിയോണിനെ നേരിടുമ്പോൾ സെവിയ്യ ഡൈനാമോ സാഗ്രെബിനെ നേരിടും. യുവന്റസിനും സെവിയ്യയ്ക്കും നാലു പോയിന്റ് വീതമാണുള്ളത്. ഗോൾ ശരാശരിയിലാണ് ഇറ്റാലിയൻ ക്ലബ് ഒന്നാമതെത്തിയത്. ലിയോൺ മൂന്നാമതും സാഗ്രെബ് നാലാമതുമാണ്.

വിജയിക്കാൻ ടോട്ടനം

ബയേർ ലെവർകൂസന്റെ തട്ടകം ബേഅരീനയിൽ ഇറങ്ങുന്ന ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പർ ഗ്രൂപ്പ് ഇയിൽ ഇനിയൊരു തോൽവി പ്രതീക്ഷിക്കുന്നുണ്ടാവില്ല. ഗ്രൂപ്പിൽ ആദ്യ മത്സരം തോറ്റ ടോട്ടനം രണ്ടാം മത്സരത്തിൽ സിഎസ്കെ മോസ്കോയെ റഷ്യയിൽവച്ച് തോല്പിച്ച് വിജയ വഴിയിലെത്തിയിരുന്നു. ഹാവിയർ ഹെർണാണ്ടസ് നേതൃത്വം നൽകുന്ന ലെവർകൂസന്റെ ആക്രമണനിരയെ പ്രതിരോധിക്കാൻ ടോട്ടനത്തിനു ശക്‌തമായ പ്രതിരോധക്കോട്ടകെട്ടിയേ മതിയാകൂ. പരിക്ക് ഭേദമായി ടോട്ടനം താരം ഹാരി കെയ്ൻ തിരിച്ചെത്തിയാൽ ടീമിന്റെ ആക്രമണ നിര ശക്‌തമാകും. കഴിഞ്ഞ കളിയിൽ ഗോൾ നേടിയ ഹൂംഗ് മിൻ സൺ ഇന്നും മികവിലെത്തിയാൽ ടോട്ടനത്തിന് എവേ മത്സരത്തിൽ മികച്ച പ്രകടനം നടത്താനാകും. ഹെർണാണ്ടസിന്റെ വേഗമാണ് ലെവർകൂസന്റെ കരുത്ത്. മറ്റൊരു മത്സരത്തിൽ ഒരു പോയിന്റ് മാത്രമുള്ള സിഎസ്കെഎ മോസ്കോ സ്വന്തം ഗ്രൗണ്ടിൽ ഒന്നാം സ്‌ഥാനത്തുള്ള മോണക്കോയെ നേരിടും.

ഇന്നത്തെ മത്സരങ്ങൾ

ലെവർകൂസൻ–ടോട്ടനം
ക്ലബ് ബ്രൂഗി–പോർട്ടോ
സിഎസ്കെഎ മോസ്കോ–മോണക്കോ
സാഗ്രെബ്–സെവിയ്യ
ലീസ്റ്റർ–കോപ്പൻഹേഗൻ
ഒളിമ്പിക് ലിയോൺ–യുവന്റസ്
റയൽ മാഡ്രിഡ്–ലെഗിയ വാഴ്സോ
സ്പോർടിംഗ്–ബൊറൂസിയ ഡോർട്മുണ്ട്

(മത്സരങ്ങൾ രാത്രി 12.15ന് ടെൻ ചാനലുകളിൽ തത്സമയം)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.