റിക്കാർഡ് ശാലയായി ധർമശാല
Monday, October 17, 2016 12:04 PM IST
ധർമശാല: ഇന്ത്യ – ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തോടെ പഴങ്കഥയായത് നിരവധി റിക്കാർഡുകൾ. മുൻനിര താരങ്ങളെല്ലാം റിക്കാർഡുകൾ വാരിക്കൂട്ടി. തകർത്തടിച്ച ഉപനായകൻ വിരാട് കോഹ്്ലിയുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ ആറു വിക്കറ്റിന് വിജയിച്ചിരുന്നു. മത്സരത്തിൽ പഴങ്കഥയായ റിക്കാർഡുകൾ ചുവടെ.

* 900 ഏകദിന മത്സരങ്ങൾ പൂർത്തിയാക്കിയ ആദ്യ ടീമെന്ന ഖ്യാതി ഇന്ത്യക്കു സ്വന്തം. ഇത്രയും മത്സരങ്ങളിൽനിന്ന് 455 വിജയങ്ങളും 399 തോൽവികളുമാണ് ഇന്ത്യയുടെ സമ്പാദ്യം. 39 മത്സരങ്ങൾ ഉപേക്ഷിച്ചു. ഏഴെണ്ണം സമനിലയിലായി. 888 മത്സരങ്ങൾ കളിച്ച ഓസ്ട്രേലിയയാണ് പട്ടികയിൽ രണ്ടാം സ്‌ഥാനത്തുനിൽക്കുന്നത്.

* ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേട്ടം പൂർത്തിയാക്കുന്ന ഇന്ത്യൻ കളിക്കാരൻ എന്ന നേട്ടം അമിത് മിശ്ര സ്വന്തം പേരിലെഴുതി. 32മത് മത്സരത്തിലാണ് മിശ്രയുടെ നേട്ടം. ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് പൂർത്തിയാക്കുന്ന നാലാമത്തെ ഇന്ത്യൻ ബൗളറാകാനും മിശ്രയ്ക്കു കഴിഞ്ഞു. അജിത് അഗാർക്കറാണ് ഈ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്.’


* ക്യാരി ഹിസ് ബാറ്റ്’ ബഹുമതി നേടുന്ന 10–ാമത് കളിക്കാരൻ എന്ന നേട്ടം കിവീസ് ഓപ്പണർ ടോം ലാഥത്തിനു സ്വന്തം. ഓപ്പണറായി ഇറങ്ങി ഇന്നിംഗ്സിന്റെ അവസാനം വരെ പുറത്താകാതെ നിൽക്കുന്നവർക്കാണ് ഈ നേട്ടം സ്വന്തമാകുന്നത്. സിംബാബ്്വെയുടെ ഗ്രാൻഡ് ഫ്ളവർ തുടക്കമിട്ട ഈ പട്ടികയിൽ ഇന്ത്യൻ കളിക്കാർ ആരും ഇടം പിടിച്ചിട്ടില്ല.

* പത്താം നമ്പറിലിറങ്ങി അർധസെഞ്ചുറി നേടുന്ന ആദ്യ കിവീസ് താരമെന്ന നേട്ടം ടിം സൗത്തിക്കു സ്വന്തം. 40 പന്തിൽനിന്നാണ് സൗത്തി 50 പിന്നിട്ടത്. 45 പന്തിൽനിന്ന് ആറു ഫോറും മൂന്നു സിക്സറുകളും ഉൾപ്പെടെ 55 റൺസ് നേടിയാണ് സൗത്തി പുറത്തായത്.

* അരങ്ങേറ്റത്തിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ കളിക്കാരനെന്ന നേട്ടം ഹാർദിക് പാണ്ഡ്യക്കു സ്വന്തം. 31 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ പ്രകടനമാണ് പാണ്ഡ്യയെ പുരസ്കാരത്തിന് അർഹനാക്കിയത്. കളിയിൽ ആദ്യ ഓവറിൽതന്നെ വിക്കറ്റ് നേടാൻ പാണ്ഡ്യക്കു കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.