ഇന്ത്യ വിജയഗാഥ തുടരുന്നു
ഇന്ത്യ വിജയഗാഥ തുടരുന്നു
Sunday, October 16, 2016 10:36 AM IST
ധർമശാല: ടെസ്റ്റ് പരമ്പരയിലെ വിജയഗാഥ ടീം ഇന്ത്യ ഏകദിനത്തിലും തുടരുകയാണ്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യക്ക് ആറു വിക്കറ്റിന്റെ തകർപ്പൻ വിജയം. ബാറ്റിംഗിൽ ഒരിക്കൽക്കൂടി വിരാട് കോഹ്്ലി തിളങ്ങിയപ്പോൾ ബൗളിംഗിൽ ഹർദിക് പാണ്ഡ്യയും ഉമേഷ് യാദവും മാറ്ററിയിച്ചു. സന്ദർശകർ ഉയർത്തിയ 191 റൺസ് പിന്തുടർന്ന ഇന്ത്യ 33.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സ്കോർ: ന്യൂസിലൻഡ് 43.5 ഓവറിൽ 190. ഇന്ത്യ 33.1 ഓവറിൽ നാലിന് 194.

പുറത്താകാതെ 85 റൺസ് നേടിയ വിരാട് കോഹ്്ലിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ സവിശേഷത. അജിങ്ക്യ രഹാനെ (33) മികച്ച പ്രകടനം പുറത്തെടുത്തു.

നേരത്തേ ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ടോം ലാഥത്തിന്റെയും (79*) ടിം സൗത്തിയുടെയും (55) അർധ സെഞ്ചുറി മികവിലാണ് ന്യൂസിലൻഡ് നാണക്കേട് ഒഴിവാക്കിയത്. ന്യൂസിലൻഡ് നിരയിൽ മൂന്നു പേർ സംപൂജ്യരായപ്പോൾ മൂന്നു പേർക്ക് ഒറ്റയക്കം കടക്കാനായില്ല. എട്ടിന് 106 എന്ന നിലയിൽ തകർന്ന കിവികളെ ലാഥവും സൗത്തിയും ചേർന്നാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ലാഥം 98 പന്ത് നേരിട്ടപ്പോൾ 45 പന്തിൽനിന്ന് മൂന്നു സിക്സും ആറു ബൗണ്ടറികളുമായി സൗത്തിയാണ് അതിവേഗം സ്കോർ ഉയർത്തിയത്. ലാഥവും സൗത്തിയും ക്രീസിൽ ഒത്തു ചേർന്നപ്പോൾ മാത്രമാണ് ഇന്ത്യൻ ബൗളർമാർ പരീക്ഷിക്കപ്പെട്ടത്. സൗത്തി പുറത്തായതോടെ കിവികളുടെ ഇന്നിംഗ്സും പെട്ടെന്നു പൂട്ടിക്കെട്ടി.

പാണ്ഡ്യ തകർത്തു

ഹർദിക് പാണ്ഡ്യയുടെ മിന്നും ബൗളിംഗാണ് ഇന്ത്യക്കു മികച്ച തുടക്കം നൽകിയത്. നായകന്റെ തീരുമാനത്തെ ശരിവയ്ക്കും വണ്ണം പന്തെറിഞ്ഞ അദ്ദേഹം വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടു. മൂന്നു ഫോറുമായി കത്തിക്കയറിയ ഗപ്ടിലായിരുന്നു പാണ്ഡ്യയുടെ ആദ്യ ഇര. മൂന്നാമനായെത്തിയ വില്യംസണെയും (3) പിന്നാലെയെത്തിയ റോസ് ടെയ്ലറെയും (0) ഉമേഷ് യാദവ് മടക്കി. പാണ്ഡ്യയുടെ പന്തുകൾ വീണ്ടും കിവിനിരയിൽ ദുരന്തം വിതച്ചപ്പോൾ ഇരകളായത് കോറി ആൻഡേഴ്സണും (4) റോഞ്ചിയും (0). വാലറ്റത്തെ പറിക്കാനുള്ള ഊഴം കേദാർ യാദവിനും അമിത് മിശ്രയ്ക്കുമായിരുന്നു. ജയിംസ് നീഷം (10), മിച്ചൽ സാന്റ്നർ (0) എന്നിവരെ കേദാർ യാദവ് മറിച്ചു. പിന്നീടെത്തിയ ബ്രേസ് വെല്ലിനെ (15) അമിത് മിശ്രയും മറിച്ചു. ഒരറ്റത്തു വിക്കറ്റ് കാത്ത ലാഥത്തിനു കൂട്ടായി സൗത്തി എത്തിയതോടെ കളി മാറി. പതുക്കെ കളം പിടിച്ച സൗത്തി ടോപ് ഗിയറിലേക്ക് മാറിയതോടെ പന്ത് തുടരെ അതിർത്തിക്കയറിനെ ചുംബിച്ചു കടന്നുപോയി. ചില പന്തുകൾ നിലംതൊടാതെ ഗാലറിയിലേക്കും.

ഇതിനിടെ, പത്താം നമ്പറിലിറങ്ങി അർധസെഞ്ചുറി നേടുന്ന ആദ്യ കിവീസ് താരമെന്ന നേട്ടം ടിം സൗത്തിക്കു സ്വന്തമായി. 40 പന്തിൽനിന്നാണ് സൗത്തി 50 പിന്നിട്ടത്.

ഒരുഘട്ടത്തിൽ ഏഴിന് 65 എന്ന നിലയിൽ തകർച്ച നേരിട്ട കിവീസിനെ ഒമ്പതാം വിക്കറ്റിൽ സൗത്തിയും ടോം ലാഥവും ചേർന്നു കൂട്ടിച്ചേർത്ത 71 റൺസാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. 45 പന്തിൽനിന്ന് ആറു ഫോറും മൂന്നു സിക്സറുകളും ഉൾപ്പെടെ 55 റൺസ് നേടിയാണ് സൗത്തി പുറത്തായത്.


അമിത് മിശ്ര സൗത്തിയെ പാണ്ഡ്യയുടെ കൈയിൽ എത്തിക്കുംവരെ ഇന്ത്യ വെള്ളം കുടിച്ചു. സൗത്തി വീണതിനു പിന്നാലെ ലാഥം ആഞ്ഞടിച്ചെങ്കിലും അവസാനക്കാരൻ ഇഷ് സോധിക്കു പിടിച്ചു നിൽക്കാനായില്ല. ഇന്ത്യക്കു വേണ്ടി ഹർദിക് പാണ്ഡ്യയും അമിത് മിശ്രയും മൂന്നു വിക്കറ്റ് വീതവും ഉമേഷ് യാദവ്, കേദാർ യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് രോഹിത് ശർമയും അജിങ്ക്യ രഹാനെയും മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ, പന്തിന്റെ ഗതി മനസിലാക്കുന്നതിൽ പരാജയപ്പെട്ട രോഹിത് ശർമ (14) എൽബിഡബ്ല്യുവിൽ പുറത്തായി. ബ്രേസ്വെലാണ് രോഹിതിനെ പുറത്താക്കിയത്. പിന്നീട് ക്രീസിലെത്തിയ വിരാട് കോഹ്്ലിക്കൊപ്പം ചേർന്ന രഹാനെ മികച്ച പ്രകടനം പുറത്തെടുത്തു. നീഷമിന്റെ പന്തിൽ രഹാനെ പുറത്താകുമ്പോൾ ഇന്ത്യ 12.1 ഓവറിൽ രണ്ടിന് 62 എന്ന നിലയിലായി. ഒരറ്റത്ത് കോഹ്്ലി മിന്നും പ്രകടനം തുടർന്നു.

ധോണി (21), മനീഷ് പാണ്ഡെ (17) എന്നിവർക്കൊപ്പം കോഹ്്ലി കൂട്ടുകെട്ടുകൾ പടുത്തുയർത്തി. ഇതിനിടെ കോഹ്്ലി അർധ സെഞ്ചുറിയും കടന്നു കുതിച്ചു. ഇന്നിംഗ്സ് പിന്തുടരുമ്പോൾ കോഹ്്ലി നേടുന്ന 32–ാം അർധസെഞ്ചുറിയായിരുന്നു ഇത്. 81 പന്തിൽ ഒമ്പതു ബൗണ്ടറിയും ഒരു സിക്സുമടക്കം 85 റൺസ് നേടിയ കോഹ്ലിക്കൊപ്പം കേദാർ യാദവ് (10) പുറത്താകാതെനിന്നു. ഹർദിക് പാണ്ഡ്യയാണ് മാൻ ഓഫ് ദ മാച്ച്.

സ്കോർബോർഡ്

ന്യൂസിലൻഡ് ബാറ്റിംഗ്

മാർട്ടിൻ ഗപ്ടിൽ സി രോഹിത് ശർമ ബി പാണ്ഡ്യ 12, ടോം ലാഥം നോട്ടൗട്ട് 79, വില്യംസൺ സി മിശ്ര ബി യാദവ് 3, റോസ് ടെയ്ലർ സി ധോണി ബി യാദവ് 0, ആൻഡേഴ്സൺ സി യാദവ് ബി പാണ്ഡ്യ 4, ലൂക്ക് റോഞ്ചി സി യാദവ് ബി പാണ്ഡ്യ 0, നീഷം സി ആൻഡ് ബി യാദവ് 10, സാന്റ്നർ സി ധോണി ബി യാദവ് 0, ബ്രേസ് വെൽ സി രഹാനെ ബി മിശ്ര 15, ടിം സൗത്തി സി പാണ്ഡ്യ ബി മിശ്ര 55, സോധി എൽബിഡബ്ല്യു ബി മിശ്ര 1, എക്സ്ട്രാസ് 11.

ആകെ 43.5 ഓവറിൽ 190നു പുറത്ത്

ബൗളിംഗ്

ഉമേഷ് യാദവ് 8–0–31–2, ഹർദിക് പാണ്ഡ്യ 7–0–31–3, ബുംറ 8–1–29–0, കേദാർ യാദവ് 3–0–6–2, അമിത് മിശ്ര 8.5–0–49–3



ഇന്ത്യ ബാറ്റിംഗ്

രോഹിത് ശർമ എൽബിഡബ്ല്യു ബി ബ്രേസ് വെൽ 14, അജിങ്ക്യ രഹാനെ സി റോഞ്ചി ബി നീഷം 33, വിരാട് കോഹ്്ലി നോട്ടൗട്ട് 85, മനീഷ് പാണ്ഡെ സി വില്യംസൺ ബി സോധി 17, ധോണി റണ്ണൗട്ട് 21, കേദാർ യാദവ് നോട്ടൗട്ട് 10, എക്സ്ട്രാസ് 14

ആകെ 33.1 ഓവറിൽ നാലിന് 194

ബൗളിംഗ്

ടിം സൗത്തി 9–0–57–0, ബ്രേസ്വെൽ 8–2–44–1, നീഷം 6–0–40–1, സോധി 4.1–34–1, സാന്റ്നർ 6–0–18–0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.