തിരിച്ചടിച്ച് ബാഴ്സ
തിരിച്ചടിച്ച് ബാഴ്സ
Thursday, September 29, 2016 12:01 PM IST
മ്യൂണിക്: ജെറാർഡ് പിക്വെ വിജയഗോൾ നേടിയതോടെ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പ് മത്സരത്തിൽ ബാഴ്സലോണ ബൊറൂസിയ മോൺചൻഗ്ലാഡ്ബാഷിനോടു പിന്നിൽനിന്ന ശേഷം വിജയം നേടി. 2–1നായിരുന്നു ബാഴ്സയുടെ വിജയം. ഗ്രൂപ്പ് സിയിൽ ബാഴ്സയുടെ തുടർച്ചയായ രണ്ടാം ജയമായിരുന്നു. കളി തീരാൻ 16 മിനിറ്റ് ബാക്കിയുള്ളപ്പോൾ മോൺചൻഗ്ലാഡ്ബാഷ് ഗോൾ കീപ്പർ യാൻ സോമർ വരുത്തിയ പിഴവാണ് ബാഴ്സയുടെ വിജയത്തിലേക്കു കലാശിച്ചത്. നെയ്മറുടെ കൃത്യതയാർന്ന കോർണർ ലൂയിസ് സുവാരസ് വലയിലേക്കു തൊടുത്തു. എന്നാൽ, അത് ഗോൾകീപ്പർ തടഞ്ഞു. ആ പന്ത് ക്ലോസ് റേഞ്ചിൽനിന്നും പിക്വെ വല കുലുക്കി. 34–ാം മിനിറ്റിൽ തോർഗൻ ഹാസാർഡിന്റെ ക്ലോസ് റേഞ്ചിൽ ആതിഥേയർ മുന്നിലെത്തി. പിന്നീട് ഒരു ഗോൾ തിരിച്ചടിക്കാൻ ബാഴ്സയ്ക്കു 20 മിനിറ്റ് കാത്തിരിക്കേണ്ടിവന്നു. പകരക്കാനായി ഇറങ്ങിയ ടുർക്കി അന്താരാഷ് ട്ര താരം ആർഡാ ടുറാൻ 65–ാം മിനിറ്റിൽ സ്പാനിഷ് ചാമ്പ്യന്മാർക്കു സമനില നൽകി. 57–ാം മിനിറ്റിൽ ഇവാൻ റാക്കിട്ടിച്ചിനു പകരക്കാനായാണ് തുർക്കിഷ് താരം കളത്തിലെത്തിയത്. ലൂയിസ് എൻറികെയുടെ ഈ നീക്കമാണ് ബാഴ്സയ്ക്കു തിരിച്ചുവരാനുള്ള ഊർജം നൽകിയത്. പന്തടക്കത്തിലും വല ലക്ഷ്യമാക്കി പന്തു തൊടുത്ത എണ്ണത്തിലും ബാഴ്സയായിരുന്നു മുന്നിൽ.

ഗ്രൂപ്പിലെ മറ്റൊരു ആവേശകമായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും സെൽറ്റിക്കും സമനിലയിൽ പിരിഞ്ഞു. ആറു ഗോളുകളാണ് മത്സരത്തിൽ പിറന്നത്. മൂന്നു തവണ പിന്നിൽനിന്നശേഷം തിരിച്ചടിച്ചാണ് സിറ്റി സമനില പിടിച്ചത്. സെൽറ്റിക്കിനുവേണ്ടി മൂസ ഡെംബെലെ (3,47) ഇരട്ട ഗോൾ നേടി. റഹിം സ്റ്റെർലിംഗിന്റെ (20) സെൽഫ് ഗോളും ചേർന്നു. സിറ്റിക്കുവേണ്ടി ഫെർണാണ്ടീഞ്ഞോ (11), സെൽഫ് ഗോളിനുള്ള പ്രായച്ഛിത്തമായി സ്റ്റെർലിംഗ് 28–ാം മിനിറ്റിൽ സിറ്റിക്കു സമനില നൽകി. 47–ാം മിനിറ്റിൽ ഡെബെലെ സെൽറ്റിക്കിനു ലീഡ് നൽകി. എന്നാൽ 55–ാം മിനിറ്റിലെ നോലിറ്റയുടെ ഗോളിൽ സിറ്റി സമനില കണ്ടെത്തി.


ആഴ്സണൽ 2– എഫ്സി ബാസൽ 0

ആദ്യ പകുതിയിൽ തിയോ വാൽകോട്ട് നേടിയ ഇരട്ട ഗോളിൽ ആഴ്സണൽ വിജയം നേടി. 7, 26 മിനിറ്റുകളിലായിരുന്നു വാൽകോട്ട് വലകുലുക്കിയത്. മറ്റൊരു മത്സരത്തിൽ എഡിൻസൺ കവാനിയുടെ ഇരട്ട ഗോൾ മികവിൽ പാരി സാൻ ഷെർമയിൻ ഒന്നിനെതിരേ മൂന്നു ഗോളിനു ലുഡോഗൊറെറ്റ്സ് റസ്ഗാർഡിനെ പരാജയപ്പെടുത്തി. 15–ാം മിനിറ്റിൽ നാഥാനിയൽ പിമിയെറ്റയുടെ ഗോളിൽ റസ്ഗാർഡ് മുന്നിലെത്തി. എന്നാൽ പകുതി തീരും മുമ്പ് ബ്ലെയ്സ് മറ്റോഡി (41) പിഎസ്ജിക്കു സമനില നൽകി. രണ്ടാം പകുതിയിൽ കവാനി 55, 60 മിനിറ്റുകളിൽ ഗോൾ നേടി ജയം ഉറപ്പിച്ചു.

മറ്റ് മത്സരങ്ങളിൽ നാപ്പോളി 4–2ന് ബെൻഫിക്കയെ തോൽപ്പിച്ചു. റോസ്റ്റോവ് പിഎസ്പി ഐന്തോവൻ മത്സരം 2–2ന് സമനിലയായി. ബെസിക്റ്റാസ്–ഡൈനാമോ കീവ് മത്സരം 1–1ന് പിരിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.