യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് നാലു മുതൽ
Wednesday, September 28, 2016 11:21 AM IST
തൃപ്രയാർ: സംസ്‌ഥാന യൂത്ത് വോളിബോൾ 32–ാമത് ചാമ്പ്യൻഷിപ്പ് നാലു മുതൽ ഒമ്പതുവരെ തൃപ്രയാർ ടിഎസ്ജിഎ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. സംസ്‌ഥാന–ജില്ലാ വോളിബോൾ അസോസിയേഷനുകളുടെ സാങ്കേതിക നേതൃത്വത്തിലും ടിഎസ്ജിഎയുടെ സംഘാടനത്തിലുമാണ് ടൂർണമെന്റ്.

പുരുഷ വിഭാഗത്തിൽ 14 ടീമുകളും വനിതാവിഭാഗത്തിൽ എട്ടു ടീമുകളും പങ്കെടുക്കും. ഉച്ചതിരിഞ്ഞു നാലു മുതൽ ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിൽ 38 മത്സരങ്ങളാണു നടക്കുന്നത്. രാജസ്‌ഥാനിലെ ജയ്പൂരിൽ നടക്കുന്ന ദേശീയ മത്സരത്തിലേക്കുള്ള കേരള ടീമുകളെ ഈ ചാമ്പ്യൻഷിപ്പിൽനിന്നു തെരഞ്ഞെടുക്കും. ആദ്യദിവസങ്ങളിൽ ലീഗടിസ്‌ഥാനത്തിൽ നാലു പൂളായി തിരിച്ച് ഒരേസമയം ആറു മത്സരങ്ങളുണ്ടാകും.


ഇവരിൽ ഒന്നും രണ്ടും സ്‌ഥാനം നേടുന്നവരാണു ക്വാർട്ടറിലെത്തുക. ഇൻഡോർ സ്റ്റേഡിയത്തിലാണു മത്സരങ്ങൾ. കൂടുതൽ പേർക്കു 38 മത്സരങ്ങൾ കാണാൻ ഗാലറി സീസൺ ടിക്കറ്റിനു നൂറു രൂപയും ചെയർ സീസൺ ടിക്കറ്റിന് 200 രൂപയും മാത്രമേ ഈടാക്കുന്നുള്ളൂവെന്നു ടിഎസ്ജിഎ ചെയർമാനും മുൻ എംഎൽഎയുമായ ടി.എൻ. പ്രതാപൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.