വിജയത്തോടെ 20–ാം വാർഷികം ആഘോഷിക്കാൻ വെംഗർ
വിജയത്തോടെ 20–ാം വാർഷികം ആഘോഷിക്കാൻ വെംഗർ
Friday, September 23, 2016 11:51 AM IST
ലണ്ടൻ: ആഴ്സീൻ വെംഗർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ് ആഴ്സണലിന്റെ പരിശീലകനായിട്ട് 20 വർഷം തികയുകയാണ്. 1996 സെപ്റ്റംബറിലായിരുന്നു വെംഗർ പീരങ്കിപ്പടയെ പരിശീലിപ്പിക്കാനായി ഫ്രാൻസിൽനിന്നെത്തിയത്. ഇന്ന് ആഴ്സണലിന്റെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ചെൽസിയെ തോൽപ്പിച്ച് ക്ലബ്ബിനൊപ്പമുള്ള ഇരുപതാം വാർഷികം മനോഹരമാക്കാമെന്ന പ്രതീക്ഷയോടെയാണു വെംഗർ ഇറങ്ങുന്നത്. ക്ലബ്ബിനെ നീണ്ട വർഷത്തോളം മുന്നിൽ നിന്നു നയിച്ച വെംഗർക്കു മികച്ചൊരു ജയം നൽകുയാണ് കളിക്കാരുടെയും ലക്ഷ്യം.

വെംഗർ ആഴ്സണലിലെത്തിയപ്പോൾ ഉണ്ടായിരുന്ന മറ്റ് 19 ക്ലബ്ബുകളുടെ പരിശീലകർ ആരുംതന്നെ ഇപ്പോൾ പ്രീമിയർ ലീഗ് ടീമുകളെ പരിശീലിപ്പിക്കാനായി രംഗത്തില്ല. ആഴ്സണലിന്റെ പ്രകടനം മോശമായപ്പോഴും വെംഗറെ മാറ്റണമെന്ന് ആരാധകർ ശബ്ദമുയർത്തിയപ്പോഴും അദ്ദേഹത്തിന്റെ സ്‌ഥാനത്തിന് ഇളക്കം തട്ടിയില്ല. ഇംഗ്ലണ്ടിലെ പ്രസ്റ്റീജ് കിരീടമായ പ്രീമിയർ ലീഗ് കിരീടം ആഴ്സണലിന്റെ ഷെൽഫിലെത്തിയിട്ട് വർഷം 12 കഴിഞ്ഞു. 2003–04 സീസണിലാണ് അവസാനമായി ആഴ്സണൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാകുന്നത്.

ആഴ്സണലിനൊപ്പം ഇരുപതുവർഷം ആഘോഷിക്കുന്ന വെംഗർ ആദ്യമായാണ് ആന്റോണിയോ കോന്റൊ പരിശീലിപ്പിക്കുന്ന ചെൽസിയെ നേരിടുന്നത്. പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ശത്രുക്കളാണ് ആഴ്സണലും ചെൽസിയും. ചെൽസി–ആഴ്സണൽ പോരാട്ടത്തിനൊപ്പം പരിശീലകരുടെ പോരാട്ടവും പ്രസിദ്ധമാണ്. 2011 ഒക്ടോബർ 11ന് ചെൽസിയെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ 5–3ന് പരാജയപ്പെടുത്തിയശേഷം ആഴ്സണലിന് കഴിഞ്ഞ ഒമ്പത് പ്രീമിയർ ലീഗ് മത്സരങ്ങളിൽ അവർക്കെതിരേ ജയിക്കാനായിട്ടില്ല. 2010 ഡിസംബറിൽ 3–1ന് തോറ്റശേഷം എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ചെൽസി ആഴ്സണലിനോടു തോറ്റിട്ടില്ല. പ്രീമിയർ ലീഗിൽ ചെൽസിക്കെതിരേ അവസാന ആറു മത്സരങ്ങളിലും വെംഗറുടെ ടീമിനു ഗോൾ നേടാനായിട്ടില്ല. ഈ കണക്കുകൾ ചെൽസിക്ക് അനുകൂലമാണെങ്കിലും അവ തിരുത്താനാണു വെംഗറും കൂട്ടരും ശ്രമിക്കുക.


<ആ>മാഞ്ചസ്റ്റർ യുണൈറ്റഡ്– ലീസ്റ്റർ സിറ്റി

മറ്റൊരു പ്രധാന മത്സരത്തിൽ തുടർച്ചയായ രണ്ടു പ്രീമിയർ ലീഗ് തോൽവികൾ ഏൽപ്പിച്ച ആഘാതത്തിൽനിന്നു കരകയറാൻ മൗറിഞ്ഞോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിലെ ചാമ്പ്യന്മാരായ ലീസ്റ്ററിനെ നേരിടാൻ ഇന്ന് സ്വന്തം ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ ഇറങ്ങും.


<ആ>ഇന്നത്തെ മത്സരങ്ങൾ

മാൻ. യുണൈറ്റഡ്–ലീസ്റ്റർ –വൈകുന്നേരം 5.00

ബോൺമൗത്ത്–എവർട്ടൺ –രാത്രി 7.30

സ്റ്റോക് സിറ്റി–വെസ്റ്റ്ബ്രോംവിച്ച് –രാത്രി 7.30

മിഡിൽസ്ബ്രോ–ടോട്ടനം– രാത്രി 7.30

ലിവർപൂൾ–ഹൾസിറ്റി രാത്രി 7.30

സ്വാൻസി സിറ്റി–മാഞ്ചസ്റ്റർ സിറ്റി –രാത്രി 7.30

സണ്ടർലൻഡ്–ക്രിസ്റ്റൽ പാലസ്– രാത്രി 7.30

ആഴ്സണൽ–ചെൽസി രാത്രി –10.00
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.