വിരമിച്ചില്ലായിരുന്നെങ്കിൽ സച്ചിനെ പുറത്താക്കിയേനെ: സന്ദീപ് പാട്ടീൽ
വിരമിച്ചില്ലായിരുന്നെങ്കിൽ സച്ചിനെ പുറത്താക്കിയേനെ: സന്ദീപ് പാട്ടീൽ
Thursday, September 22, 2016 11:50 AM IST
ന്യൂഡൽഹി: സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്‌ഥാനത്തുനിന്ന് ഒഴിയുന്ന സന്ദീപ് പാട്ടീൽ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത്. ഇത്തവണയും സച്ചിൻ തെണ്ടുൽക്കറുടെ വിരമിക്കലുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാണ് സന്ദീപ് നടത്തിയിരിക്കുന്നത്. 2012ൽ സച്ചിൻ ഏകദിനത്തിൽ നിന്നു വിരമിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യൻ ടീമിൽ നിന്നു പുറത്താക്കാൻ തീരുമാനിച്ചിരുന്നതായി സന്ദീപ് പറഞ്ഞു. മറാത്തി ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ ക്രിക്കറ്റിനെ ഞെട്ടിപ്പിച്ച വെളിപ്പെടുത്തൽ സന്ദീപ് നടത്തിയത്. ഇക്കാര്യത്തെ കുറിച്ച് സച്ചിനുമായി സെലക്ടർമാർ നേരിട്ട് സംസാരിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. നാഗ്പൂരിലായിരുന്നു ആ കൂടിക്കാഴ്ച. വിരമിക്കുന്നതിനെക്കുറിച്ച് അതുവരെ താൻ ആലോചിച്ചിട്ടില്ലെന്നാണ് സച്ചിൻ തങ്ങളോടു പറഞ്ഞത്. എന്നാൽ വിരമിക്കാൻ തീരുമാനിച്ചില്ലെങ്കിൽ സച്ചിനെ മാറ്റുക എന്ന തീരുമാനം സെലക്്ഷൻ കമ്മിറ്റിയെടുത്തിരുന്നു. ഈ തീരുമാനം ബിസിസിഐയെ അറിയിക്കുകയും ചെയ്തിരുന്നു.

സംഭവിക്കാൻ പോകുന്നത് സുഖകരമായ കാര്യമല്ലെന്നു മനസിലാക്കിയ സച്ചിൻ വിരമിക്കാൻ തീരുമാനിക്കുകയായിരുന്നു– സന്ദീപ് പാട്ടീൽ പറഞ്ഞു.ഇക്കാര്യം സന്ദീപ് ഇതുവരെ മറച്ചുവച്ചിരുന്നു. ടെസ്റ്റിൽനിന്നു വിരമിക്കുന്നതിനു മുമ്പും സന്ദീപിനോട് ഇതേ ചോദ്യം മാധ്യമങ്ങൾ ആവർത്തിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര തട്ടിക്കൂട്ടല്ലേ എന്നു ചോദിച്ചപ്പോൾ ബിസിസിഐക്കും തങ്ങൾക്കും അത്തരത്തിലുള്ള കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു സന്ദീപ് അന്നു പറഞ്ഞത്. 2012 ഡിസംബർ 23നാണ് സച്ചിൻ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 463 ഏകദിനങ്ങളിൽ കളിച്ച സച്ചിൻ 18426 റൺസും 49 സെഞ്ചുറികളും നേടിയിട്ടുണ്ട്. 2013 നവംബറിൽ വാങ്കഡെയിലായിരുന്നു സച്ചിന്റെ അവസാന ടെസ്റ്റ്.


അതിനിടെ, മഹേന്ദ്രസിംഗ് ധോണിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകസ്‌ഥാനത്തുനിന്ന് നീക്കുന്നതിനെ സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നതായി സന്ദീപ് പാട്ടീൽ പറഞ്ഞു ഇത്തരം ചർച്ചകൾ നടക്കുന്നതിടെ ധോണി വിരമിച്ചത് ബിസിസിഐയെ ഞെട്ടിച്ചെന്നും പാട്ടീൽ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പാട്ടീൽ തുറന്നുപറച്ചിൽ നടത്തിയത്.

തന്റെ കാലത്ത് പലതവണ ധോണിയെ നായകസ്‌ഥാനത്തുനിന്നു മാറ്റാൻ ആലോചന നടത്തിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ചത് ഞെട്ടിച്ചു. ധോണിയെ മാറ്റാൻ എടുത്ത അനേകം ആലോചനകളിൽ ഒന്ന് ലോകകപ്പിന് തൊട്ടുമുമ്പായിരുന്നു. എന്നാൽ 2015 ലോകകപ്പ് പോലെയുള്ള ഒരു നിർണായക ഘട്ടത്തിൽ എടുക്കുന്ന തീരുമാനം ശരിയല്ലെന്ന് വിവിധ കോണുകളിൽനിന്ന് അഭിപ്രായം ഉയർന്നു. പുതിയ നായകന് കാര്യങ്ങൾ ശരിയായ ദിശയിൽ എത്താൻ സമയം നൽകേണ്ടതുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് ലോകകപ്പിൽ ധോണിയെ തന്നെ നായകനായി നിലനിർത്തിയത്– പാട്ടീൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.