500–ാം ടെസ്റ്റ്: മുൻ ക്യാപ്റ്റന്മാരെ ആദരിച്ചു
500–ാം ടെസ്റ്റ്: മുൻ ക്യാപ്റ്റന്മാരെ ആദരിച്ചു
Thursday, September 22, 2016 11:50 AM IST
കാൺപുർ: ഇന്ത്യൻ ക്രിക്കറ്റിന്റെ അഞ്ഞൂറാം ടെസ്റ്റിനോടനുബന്ധിച്ച് നടത്തിയ ആഘോഷവേളയിൽ മുൻ ടെസ്റ്റ് ക്യാപ്റ്റൻമാരെ ബിസിസിഐ ആദരിച്ചു. ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രാജീവ് ശുക്ലയാണ് മുൻ ടെസ്റ്റ് ക്യാപ്റ്റൻമാരായ അജിത് വഡേക്കർ, കപിൽ ദേവ്, സുനിൽ ഗാവസ്കർ, ദിലീപ് വെംഗ്സാർക്കർ, കൃഷ്ണമാചാരി ശ്രീകാന്ത്, രവി ശാസ്ത്രി, മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, അനിൽകുംബ്ലെ, മഹേന്ദ്ര സിംഗ് ധോണി എന്നിവരെ ആദരിച്ചത്. നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ആദരവ് ഏറ്റുവാങ്ങി. ചരിത്ര ടെസ്റ്റിന് കാൺപൂരിൽ തുടക്കം കുറിക്കുന്നതിന് മുമ്പായിരുന്നു ക്യാപ്റ്റൻമാരെ ആദരിച്ചത്.

നേരത്തെ, മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയിൽ അഭിപ്രായവ്യത്യാസം രൂപപ്പെട്ടിരുന്നു. കോഴവാങ്ങിയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ബിസിസിഐ ആജീവനാന്തം വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് കോടതിയിൽ കേസെത്തിയെങ്കിലും പ്രോസിക്യൂഷന് തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. അതിനെത്തുടർന്ന് കോടതി അദ്ദേഹത്തെ കുറ്റ വിമുക്‌തനാക്കിയിരുന്നു. എന്നാൽ, ബിസിസിഐ വിലക്ക് പിൻവലിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ ക്ഷണിക്കുന്നതിനെതിരേ ഒരു വിഭാഗം രംഗത്തെത്തിയത്. വിവാദങ്ങൾക്ക് വഴിതെളിച്ചേക്കുമെന്ന ആശങ്കയെത്തുടർന്ന് ബിസിസിഐ ഔദ്യോഗികമായി അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. ഇന്ത്യയുടെ വനിതാ ക്യാപ്റ്റന്മാരെയും ചടങ്ങിൽ ആദരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.