പരിണാമത്തിന്റെ പതിനെട്ടു മാസം
പരിണാമത്തിന്റെ പതിനെട്ടു മാസം
Wednesday, August 31, 2016 12:02 PM IST
ലണ്ടൻ: കഴിഞ്ഞ പതിനെട്ടു മാസം കൊണ്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് വല്ലാതങ്ങ് വളർന്നു. ഇക്കാലയളവിൽ ഇംഗ്ലണ്ടിന്റെ പ്രകടനം ശ്രദ്ധിച്ചവർ പാകിസ്‌ഥാനെതിരേ ടെന്റ്ബ്രിജിൽ കുറിച്ച ലോകറിക്കാർഡിനെ അത്ര അതിശയത്തോടെ നോക്കിക്കാണാൻ സാധ്യതയില്ല. 2015ലെ ലോകകപ്പിൽ ബംഗ്ലാദേശിനോടു തോറ്റ ടീമിന്റെ രൂപ, ഭാവമാങ്ങളായിരുന്നു പിന്നീട് ക്രിക്കറ്റ് ലോകം ദർശിച്ചത്. എന്നും ടെസ്റ്റ് ക്രിക്കറ്റിന് പ്രാധാന്യം കൊടുത്തിരുന്ന ടീമായിരുന്നു ഇംഗ്ലണ്ട്. അവർക്ക് ഏകദിന ക്യാപ്റ്റൻമാർ ഇല്ലായിരുന്നു എന്നു വേണമെങ്കിൽ പറയാം. ഏകദിനത്തേക്കാൾ കൂടുതൽ ടെസ്റ്റിൽ മികവു തെളിയിച്ചവരായിരുന്നു ഇംഗ്ലണ്ട് ഏകദിനടീമിന്റെ ഒട്ടുമിക്ക ക്യാപ്റ്റൻമാരും. ഇയോൺ മോർഗൻ എന്ന വെടിക്കെട്ടു ബാറ്റ്സ്മാൻ ക്യാപ്റ്റനായതിൽ പിന്നെ ടീമിൽ ഒരു ഊർജസ്വലത നിറയുന്നതാണ് കാണാൻ കഴിഞ്ഞത്.

2015ലെ ലോകകപ്പ് തോൽവി ഇംഗ്ലണ്ടിനെ മാനസികമായി തകർത്തുകളഞ്ഞു. ലോകകപ്പ് കഴിഞ്ഞു രണ്ടുമാസത്തിനു ശേഷമാണ് ഇംഗ്ലണ്ടിന്റെ പഴയ ഓൾറൗണ്ടറായ ട്രെവർ ബെയ്ലി ടീമിന്റെ പരിശീലകനായി ചുമതലയേൽക്കുന്നത്. അവിടെ ഇംഗ്ലണ്ട് ഏകദിനക്രിക്കറ്റിൽ ഒരു പുതിയ ചുവടുവയ്ക്കുകയായിരുന്നു. 2011ൽ ശ്രീലങ്കയെ ലോകകപ്പിന്റെ ഫൈനലിലെത്തിച്ചതും ഐപിഎലിൽ കോൽക്കത്തയെ ചാമ്പ്യന്മാരാക്കിയതും ബെയ്ലിയെ ചുമതലയേൽപ്പിക്കുന്നതിനു കാരണമായി.


പരിമിത ഓവർ ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ കൈപിടിച്ചുയർത്താനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഡയറക്ടറും മുൻ ക്യാപ്റ്റനുമായ ആൻഡ്രൂ സ്ട്രോസിന്റെ പദ്ധതിപ്രകാരമായിരുന്നു ഈ നിയമനം.

ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റുകളിലും വ്യത്യസ്ത ടീമിനെ ഇറക്കാനുമുള്ള പദ്ധതിയും വിഭാവനം ചെയ്തതും സ്ട്രോസായിരുന്നു. 2015ലെ ലോകകപ്പിനു ശേഷമായിരുന്നു ഇംഗ്ലണ്ട് തങ്ങളുടെ ഏറ്റവുമുയർന്ന എട്ടു സ്കോറുകളിൽ അഞ്ചെണ്ണവും കുറിച്ചത്. ഇക്കാലയളവിൽ പങ്കെടുത്ത ആറു പരമ്പരകളിൽ നാലെണ്ണത്തിലും വിജയം ഇംഗ്ളീഷുകാർക്കൊപ്പം നിന്നു. തോറ്റതാവട്ടെ ദക്ഷിണാഫ്രിക്കയോടും ഓസ്ട്രേലിയയോടും. അതാവട്ടെ 3–2 എന്ന മാർജിനിലും.

ഈ വർഷം നടന്ന ട്വന്റി20 ലോകകപ്പ് ഫൈനലിൽ കാർലോസ് ബ്രാത്ത് വെയ്റ്റിന്റെ അപ്രതീക്ഷ പ്രകടനത്തിൽ തോറ്റില്ലായിരുന്നെങ്കിൽ ഒരു ലോകകിരീടം കൂടി ഈ നേട്ടങ്ങൾക്കൊപ്പം ചേർക്കാമായിരുന്നു.

പ്രതാപകാലത്തെ ഓസ്ട്രേലിയൻ ടീമിനെപ്പോലെയാണ് ഇന്നത്തെ ഇംഗ്ലണ്ട് ടീമെന്ന് മുൻ ക്യാപ്റ്റൻ മൈക്കൾ വോഗൻ പറയുന്നു. അടുത്ത വർഷം സ്വന്തം നാട്ടിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കുകയാണ് ഇംഗ്ലണ്ടിന്റെ ഈ അദ്ഭുത ടീമിന്റെ ലക്ഷ്യം. അതിൽ നിന്നും 2019ലെ ക്രിക്കറ്റ് ലോകകപ്പിലേക്കും ഇംഗ്ലണ്ട് കണ്ണുവെക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.