ബുണ്ടസ് ലിഗയ്ക്ക് ഇന്നു കിക്കോഫ്
ബുണ്ടസ് ലിഗയ്ക്ക് ഇന്നു കിക്കോഫ്
Thursday, August 25, 2016 11:58 AM IST
<ആ>ജോസ് കുമ്പിളുവേലിൽ

ബർലിൻ: ക്ലബ് ഫുട്ബോളിന്റെ ഈറ്റില്ലമായ ജർമനിയിൽ ഇനി ആരാധകരുടെ ആരവം. സ്പെയിനിൽ ലാ ലിഗയും ഇംഗ്ലണ്ടിൽ പ്രീമിയർ ലീഗും ഫ്രാൻസിൽ ലീഗ് വണ്ണും ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ജർമനിയിൽ ആബാലവൃദ്ധം ജനങ്ങളും നെഞ്ചോടു ചേർക്കുന്ന ലീഗയിൽ വാതുവയ്പുകൾ പൊടിപൊടിക്കുകയാണ്.

ബുണ്ടസ് ലിഗയുടെ അമ്പത്തിനാലാം സീസണാണ് ഇന്നു തുടക്കം കുറിക്കുന്നത്. തുടരെ നാലാം കിരീടം നേടിയ ബയേൺ മ്യൂണിക്കിന് കാര്യങ്ങൾ ഇക്കുറി ഒട്ടും എളുപ്പമായിരിക്കില്ലെന്നു തന്നെ വേണം കരുതാൻ. യുവ താരങ്ങളിൽ കൂടുതൽ നിക്ഷേപം നടത്താൻ ഇക്കുറി താത്പര്യം കാണിച്ചിരിക്കുന്നത് എഫ്സി ഷാൽക്കെയും ബൊറൂസിയ ഡോർട്ട്മുണ്ടും ആണ്.

കഴിഞ്ഞതവണ പെപ്പ് ഗാർഡിയോളയായിരുന്നു പരിശീലകനെങ്കിൽ ഇത്തവണ ബയേൺ താരങ്ങളെ ചൊൽപ്പടിക്കു നിർത്തുന്നത് കാർലോ ആഞ്ചലോട്ടിയെന്ന ഇറ്റാലിയൻ പ്രതിഭയാണ്. കഴിഞ്ഞതവണ ഫൈനലിൽ കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടപ്പെട്ട ബോറൂസിയ ഡോർട്ട്മുണ്ടിന്റെ പരിശീലകൻ തോമസ് ടുഹൽ അരയും തലയും മുറുക്കിതന്നെയാണ് കളിക്കാരെ ഇറക്കുന്നത്. ബയേണിന് ഏറ്റവും വലിയ വെല്ലുവിളിയും ഇവരിൽനിന്നു തന്നെയാകാം.

ജർമൻ ഫുട്ബോൾ ലിഗയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ആദ്യ മത്സരത്തിൽ ബയേൺ മ്യൂണിക് വെർഡർ ബ്രെമ്മനുമായി കൊമ്പുകോർക്കും. മ്യൂണിക്കിലെ അലിയൻസ് അരീനയിലാണ് മത്സരം.

എഫ്സി കൊളോൺ, എഫ്സി ഔഗ്സ്ബുർഗ്, ടിഎസ്ജി ഹോഫൻഹൈം തുടങ്ങിയ പതിനെട്ടു ടീമുകളാണ് ഈ സീസണിൽ മാറ്റുരയ്ക്കുന്നത്. മിക്ക വാരാന്ത്യങ്ങളിലുമായി മത്സരം മുന്നേറും. 2017 മെയ് 20 നാണ് അവസാനത്തെ മത്സരം. 1963ൽ തുടങ്ങിയ ലിഗ പരമ്പര ജർമനിയിലെ ഫുട്ബോൾ പ്രേമികളുടെ ഫുട്ബോൾ സ്പന്ദനങ്ങളുടെ ആകെത്തുകയാണ്.


റിയോ ഒളിമ്പികസ്സിൽ ഫൈനലിൽ ബ്രസീലിനോടു ജർമൻകാർ തോറ്റെങ്കിലും വനിതകൾ ആദ്യമായി സ്വർണം നേടിയതിന്റെ ആഹ്ലാദത്തിലാണ് ജർമൻ ജനത.

<ആ>വരവും പോക്കും

ജർമൻ ഫുട്ബോൾ ലീഗിന്റെ മറ്റൊരു സീസണ് ഇന്നു തുടക്കം കുറിക്കുമ്പോൾ കൂടുമാറ്റങ്ങൾ ഏറെ നടന്നു കഴിഞ്ഞിരിക്കുന്നു. പ്രമുഖ ക്ലബ്ബുകളായ ബയേൺ മ്യൂണിക്കും ബോറൂസിയ ഡോർട്ട്മുണ്ടും തന്നെ പതിവുപോലെ ട്രാൻസ്ഫറിന്റെ കാര്യത്തിലും മുന്നിൽ നിൽക്കുന്നു.

ബോറൂസിയയിൽനിന്ന് മാറ്റ്സ് ഹമ്മൽസിനെ ടീമിലെത്തിച്ചതാണ് ബയേൺ ഈ സീസണിൽ നടത്തിയ ഏറ്റവും വലിയ നീക്കമായി വിലയിരുത്തപ്പെടുന്നത്. കൂടാതെ, ബെൻഫിക്കയിൽനിന്ന് പോർച്ചുഗൽ യുവതാരം റെനറ്റോ സാഞ്ചസ്, സ്വന്തം ജൂണിയർ ടീമിൽ നിന്ന് നിക്ലാസ് കോഡ്, ഫാബിയൻ ബെങ്കോ എന്നിവരെയും ബയേൺ നിരയിൽ ഉൾപ്പെടുത്തി.

വിഎഫ്എൽ വോൾവ്സ്ബർഗിൽനിന്നെത്തിയ ആന്ദ്രെ ഷൂർലെയാണ് ബോറൂസിയയിൽ ഇക്കുറി നടന്ന ഏറ്റവും താരമൂല്യമുള്ള ട്രാൻസ്ഫർ. ബയേണിൽ നിന്ന് മരിയോ ഗോട്സെ തിരിച്ചുവന്നത് ആരാധകർക്ക് അത്ര രുചിച്ചിട്ടില്ല. വിവിധ ക്ലബ്ബുകളിൽ നിന്ന് റാഫേൽ ഗുരേരോ, എംറെ മോർ, സെബാസ്റ്റ്യൻ റോഡെ, മാർക്ക് ബാർട്ര തുടങ്ങിയവരെയും ക്ലബ് എത്തിച്ചു കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.