നെയ്മർ നായകസ്‌ഥാനം രാജിവച്ചു
നെയ്മർ നായകസ്‌ഥാനം രാജിവച്ചു
Sunday, August 21, 2016 11:25 AM IST
ബ്രസീലിനെ ആദ്യമായി ഒളിമ്പിക് സ്വർണ മെഡലണിയിച്ച സൂപ്പർ താരം നെയ്മർ ടീമിന്റെ നായക സ്‌ഥാനം രാജിവച്ചു. ബ്രസീലിന് ഇതുവരെ അന്യമായിരുന്ന ഒളിമ്പിക് സ്വർണം നേടിക്കൊടുത്ത ശേഷം അഭിമാനത്തോടെയാണ് നെയ്മർ ആം ബാൻഡ് അഴിക്കുന്നത്. ഇന്നു മുതൽ ഞാൻ ഒരു ജേതാവ് എന്ന് അറിയപ്പെടും. എന്റെ ആംബാൻഡ് മറ്റൊരാൾക്ക് കൈമാറുകയാണ്– നെയ്മർ പറഞ്ഞു. നായകനായി ഇരിക്കുന്നത് വലിയ ബഹുമതിയാണ്, പക്ഷേ ഇന്നുമുതൽ ഞാൻ നായകനാകുന്നില്ല –വിജയശേഷം നെയ്മർ പറഞ്ഞു.

ഇതോടെ ബ്രസീലിന്റെ പുതിയ പരിശീലകനായ ടിറ്റെയുടെ അരങ്ങേറ്റ മത്സരത്തിൽ നെയ്മർ നായകനായിരിക്കില്ലെന്ന് ഉറപ്പായി. ലോകകപ്പ് യോഗ്യതയിൽ ഇക്വഡോറിനെതിരേ സെപ്റ്റംബർ ഒന്നിനാണ് ബ്രസീലിന്റെ മത്സരം.


നായകസ്‌ഥാനം രാജിവയ്ക്കുന്നതായി ടിറ്റെയ്ക്കു താൻ സന്ദേശമയച്ചതായി നെയ്മർ പറഞ്ഞു. നെയ്മറിന്റെ തീരുമാനം ശ്രേഷ്‌ടമെന്നാണ് ഒളിമ്പിക് പരിശീലകൻ റൊജേരിയോ മിക്കാളെ പറഞ്ഞത്. ഇതേക്കുറിച്ച് ഞങ്ങൾ നേരത്തെ ചർച്ച നടത്തിയിരുന്നു. എന്നാൽ, അപ്പോഴത് പരസ്യമായി പ്രഖ്യാപിക്കേണ്ടതില്ലെന്നു തോന്നി. ടീമിന്റെ നായകനായി ഏറ്റവും മികച്ചയാളെ തന്നെ വേണമായിരുന്നു. നെയ്മർ മാത്രമായിരുന്നു അതിനു യോഗ്യൻ– പരിശീലകൻ പറഞ്ഞു. ഇനിയുള്ള തീരുമാനം ടിറ്റെയ്ക്കു വിട്ടതിലൂടെ നെയ്മർ ശ്രേഷ്‌ടമായ പ്രവൃത്തി ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.