ഗൂഗിളിൽ ലക്ഷങ്ങൾ തെരഞ്ഞത് സിന്ധുവിന്റെ ജാതി
Saturday, August 20, 2016 12:29 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കിട്ടിയ വെള്ളിക്കു പൊന്നിൻ തിളക്കമാണെന്നു പുകഴ്ത്തിപ്പാടുന്നതിനിടെ സിന്ധുവിന്റെ ജാതി തെരഞ്ഞ് ഗൂഗിളിൽ വൻ തെരച്ചിൽ നടത്തിയത് ഒമ്പതു ലക്ഷം ഇന്ത്യക്കാർ. ഒളിമ്പിക്സ് സെമി ഫൈനലിനുള്ള പോരാട്ടങ്ങൾക്കായി പി.വി. സിന്ധു തയാറെടുക്കുന്നതിനിടെ ഗൂഗിൾ സെർച്ചിൽ ഏറ്റവുമധികം തെരച്ചിൽ നടന്നത് അവരുടെ ജാതി തേടിയുള്ള അമ്പേഷണങ്ങളാണ്. സിന്ധുവിന്റെ ജന്മദേശമായ ആന്ധ്രപ്രദേശിൽ നിന്നും തെലുങ്കാനയിൽ നിന്നമുള്ളവരാണ് ഈ വിവരമൊന്നറിയാൻ വേണ്ടി കുത്തിയിരുന്നു ഗൂഗിളിൽ തെരഞ്ഞത്. ഗൂഗിളിൽ ഗുസ്തി താരം സാക്ഷി മാലിക്കിന്റെ ജാതി തേടിയും വൻ തെരച്ചിൽ നടന്നിരുന്നു. രാജസ്‌ഥാൻ, ഡൽഹി, ഉത്തർ പ്രദേശ് തുടങ്ങിയ സ്‌ഥലങ്ങളിൽ നിന്നുള്ളവരാണ് ഗൂഗിളിൽ സാക്ഷിയുടെ ജാതി തെരഞ്ഞു കണ്ടുപിടിക്കാൻ മുൻനിരയിൽ നിന്നത്.

ഓഗസ്റ്റ് 14 വരെ സിന്ധുവിന്റെ ജാതി തേടിയുള്ള തെരച്ചിൽ ഗൂഗിളിൽ സാവധാനത്തിലായിരുന്നു. എന്നാൽ, സെമി ഫൈനലിലേക്കു കടന്നതോടെ പത്തിരട്ടി ആളുകളാണ് ഗൂഗിളിനോട് സിന്ധുവിന്റെ ജാതി ചോദിച്ചത്. ഇന്നലെ വെള്ളി നേടിയതോടെ ജാതി തിരയുന്നവരുടെ എണ്ണം വീണ്ടും കൂടി. ഇന്നലെ വരെ സിന്ധുവിന്റെ കരിയറും ഒളിമ്പിക്സ് പ്രകടനത്തേക്കാളും ഗൂഗിളിൽ നിന്നറിയാൻ ആളുകൾ കൂടുതൽ താത്പര്യം കാണിച്ചത് ജാതി എന്തെന്നറിയാനായിരുന്നു.


കഴിഞ്ഞ ഏഴു ദിവസങ്ങളായി സിന്ധുവിനെ സംബന്ധിച്ച വിവരങ്ങളാണ് സെർച്ചിൽ നിറഞ്ഞു നിന്നത്. ജാതി സംബന്ധിച്ച അന്വേഷണങ്ങൾ അതിന്റെ പരകോടിയിലത്തെിയതാകട്ടെ ഇന്ത്യക്ക് ഒരു മെഡൽ ഉറപ്പിച്ച് സിന്ധു ചരിത്രം രചിച്ച സെമിഫൈനൽ, ഫൈനൽ പോരാട്ടങ്ങൾ നടന്ന സമയത്തായിരുന്നുവെന്നു ഗൂഗിൾ തന്നെ വ്യക്‌തമാക്കുന്നു. ജൂൺ, ജൂലൈ മാസങ്ങളിലും ഗൂഗിളിലൂടെ ഇന്ത്യക്കാർ സിന്ധുവിന്റെ ജാതി തേടിയെങ്കിലും ഓഗസ്റ്റിൽ ഇത് ജൂലൈയെ അപേക്ഷിച്ച് പത്ത് ശതമാനം ഇരട്ടിയായി.

ആന്ധ്രയ്ക്കും തെലുങ്കാനയ്ക്കും പുറമേ ഹരിയാന, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരും ഗൂഗിളിൽ സിന്ധുവിന്റെ ജാതി തെരഞ്ഞു തലപുകച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.