വീണ്ടും അർജന്റീന – ചിലി കലാശം
വീണ്ടും അർജന്റീന – ചിലി കലാശം
Thursday, June 23, 2016 11:36 AM IST
ഷിക്കാഗോ: കോപ്പ അമേരിക്ക ഫുട്ബോൾ നിലവിലെ ചാമ്പ്യന്മാരായ ചിലി ശതാബ്ദി ടൂർണമെന്റിന്റെ ഫൈനലിൽ. സെമി ഫൈനലിൽ ചാൾസ് അരാങ്കിസ് (7), ഹൊസെ പെഡ്രോ ഫ്യുൻസാലിഡ (11) എന്നിവരുടെ ഗോളുകളിൽ കൊളംബിയയെ 2–0ന് തകർത്ത് ചിലിയുടെ ചുവപ്പ് സേന ശതാബ്ദി ടൂർണമെന്റിന്റെ ഫൈനലിലേക്കു കുതിച്ചെത്തി. കൊളംബിയ മൂന്നാം സ്‌ഥാനക്കാർക്കുവേണ്ടിയുള്ള മത്സരത്തിൽ അമേരിക്കയുമായി ഏറ്റുമുട്ടും.

കോപ്പ അമേരിക്ക ഫൈനലിനു ശേഷം മൂന്നാം തവണയാണ് ഫുട്ബോൾ ലോകം അർജന്റീന–ചിലി പോരാട്ടം കാണാൻ പോകുന്നത്. വേദി മാറുകയാണെങ്കിലും ഫൈനലിൽ ഏറ്റുമുട്ടുന്ന ടീമുകൾ മാറുന്നില്ല. കഴിഞ്ഞ വർഷം ചിലിയൻ തലസ്‌ഥാനം സാന്റിയാഗോയിലാണ് ഫൈനൽ നടന്നതെങ്കിൽ ഇക്കുറി ന്യൂജേഴ്സിയാണ് തെക്കേ അമേരിക്കൻ കരുത്തരുടെ പോരാട്ടത്തിനു വേദിയാക്കുന്നത്. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ മുഴുവൻ സമയത്തും അധിക സമയത്തും ഗോൾരഹിതമായതോടെ അർജന്റീനയെ ഷൂട്ടൗട്ടിൽ ചിലി 4–1ന് തകർത്തു. അതിനുശേഷം ലോകകപ്പ് യോഗ്യതയിലും കോപ്പ അമേരിക്ക സെന്റിനാരിയോ ടൂർണമെന്റിന്റെ ഗ്രൂപ്പ് ഡി പോരാട്ടത്തിലും ഇരുടീമും നേർക്കുനേർവന്നു. രണ്ടിലും ജയം അർജന്റീനയ്ക്കായിരുന്നു. ഗ്രൂപ്പ് പോരാട്ടത്തിന്റെ ആവർത്തനം കൂടിയാണ് ഫൈനൽ. ചിലി ഒരു ചരിത്രത്തിന്റെ വക്കിലാണ് ശതാബ്ദി കിരീടം കൂടി നേടിയാൽ തുടർച്ചയായ രണ്ടു വർഷം കോപ്പ കിരീടത്തിൽ മുത്തമിടുന്ന രണ്ടാമത്തെ ടീമാകും. ഇതിനു മുമ്പ് അർജന്റീന 1946ലും 1947ലും കോപ്പ അമേരിക്ക ചാമ്പ്യന്മാരായിരുന്നു. ഫൈനലിലും മൂന്നാം സ്‌ഥാനത്തിനും വേണ്ടി ഏറ്റുമുട്ടുന്ന ടീമുകളെല്ലാം ഗ്രൂപ്പിൽ പോരാടിയവരാണെന്ന പ്രത്യേകതയുമുണ്ട്.

2004ലെ കോപ്പ സെമി ഫൈനലിനുശേഷം ആദ്യമായി സെമിയിലെത്തിയ കൊളംബിയയുടെ തുടക്കം പതിഞ്ഞ തലത്തിലായിരുന്നു. തുടക്കത്തിൽ തന്നെ വഴങ്ങി രണ്ടു ഗോളുകൾ കൊളംബിയയെ തളർത്തി. ഫിനിഷിംഗിലെ പോരായ്മയും കൊളംബിയയുടെ മുന്നേറ്റത്തെ ബാധിച്ചു. രണ്ടാം പകുതിയിൽ കൊളംബിയ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഗ്രൗണ്ട് മുക്കി പെയ്ത മഴ കൊളംബിയയുടെ മുന്നേറ്റത്തിന്റെ മുനയൊടിച്ചു. കനത്ത മഴയും ഇടിമിന്നലും മൂലം രണ്ടു മണിക്കൂറിനുശേഷമാണ് രണ്ടാം പകുതി തുടങ്ങാനായത്. മഴയിൽ കുതിർന്ന ഗ്രൗണ്ടിൽ കളിക്കാർ പന്തുമായി മുന്നേറാൻ പാടുപെട്ടു. നിലയുറപ്പിച്ചു കളിക്കാനും ഗ്രൗണ്ടിലെ നനവ് തടസമായി. 57–ാം മിനിറ്റിൽ കൊളംബിയയുടെ മധ്യനിര കളിക്കാരൻ കാർലോസ് സാഞ്ചസ് രണ്ടാം മഞ്ഞക്കാർഡും കണ്ടതിനെത്തുടർന്ന് പത്തു പേരുമായാണ് മത്സരം പൂർത്തിയാക്കിയത്.


സസ്പെൻഷനിലായ മധ്യനിരതാരം അർതുറോ വിദാൽ പരിക്കിനെത്തുടർന്ന മാഴ്സലോ ഡയസ് എന്നിവരില്ലാതെയാണ് ചിലി ഇറങ്ങിയത്. കളിക്കിടെ ചിലിയുടെ മധ്യനിരയിലെ പെഡ്രോ പാബ്ലോ ഹെർണാണ്ടസിന് കൊളംബിയൻ കളിക്കാരനുമായി കൂട്ടിയിടിച്ച് വീണു പരിക്കേറ്റതിനെത്തുർന്ന് ആദ്യ പകുതിയിൽ പിൻവലിക്കേണ്ടിവന്നു.

കൊളംബിയ പരിശീലകൻ ഹൊസെ പെക്കർമാൻ കഴിഞ്ഞ ദിവസം തന്റെ ടീമിന്റെ ഫിനിഷിംഗിലുള്ള പോരായ്മയെക്കുറിച്ച് പറഞ്ഞിരുന്നു. അതേ പോരായ്മ ചിലിക്കെതിരെയും വെളിപ്പെട്ടു. പന്തുമായി ഗോൾപോസ്റ്റിനരുകിൽ വരെ എത്തുന്നുണ്ടെങ്കിലും ഒരിക്കൽപ്പോലും വലയ്ക്കുള്ളിൽ പന്തെത്തിക്കാൻ അവർക്കായില്ല. റോഡ്രിഗസും റോജർ മാർട്ടിനെസും കാർലോസ് സാഞ്ചസും വലയിലേക്കു പന്തു തൊടുത്തെങ്കിലും ക്ലോഡിയോ ബ്രാവോയെ മറികടക്കാനായില്ല. നിറഞ്ഞ കൊളംബിയൻ ആരാധകരുടെ ആവേശം തകർത്തുകൊണ്ട് ചിലി ആദ്യം വലകുലുക്കി. പെനാൽറ്റി ബോക്സിനുള്ളിൽവച്ച് ഫ്യുൻസാലിഡ ഉയർത്തി വിട്ട പന്ത് കൊളംബിയയുടെ യുവാൻ ക്വാർഡ്വാഡോ അശ്രദ്ധമായി ഹെഡ് ചെയ്ത ബോക്സിന്റെ മധ്യഭാഗത്തേക്കു വിട്ടു. പന്തിനായി ഓടിയെത്തി അരാങ്കിസ് കൊളംബിയൻ ഗോൾകീപ്പറെ വെട്ടിച്ച് വല കുലുക്കി. ചിലിയൻ കുപ്പായത്തിൽ നൂറാം അന്താരാഷ്ര്‌ട മത്സരം കളിക്കുന്ന അലക്സിസ് സാഞ്ചസിന്റെ ആക്രമണത്തിന്റെ ഫലമായിരുന്നു ചിലിയുടെ രണ്ടാം ഗോളിനുള്ള വഴി തെളിഞ്ഞത്. സാഞ്ചസിന്റെ അടി ഇടതു പോസ്റ്റിൽ തട്ടി തെറിച്ച് ക്ലോസ് റേഞ്ചിൽ നിന്ന ഫ്യുൻസാലിഡയുടെ കാലുകളിൽ ഓസ്പിനയ്ക്കു തിരിച്ച വലത്തേയ്ക്കു ചാടാൻ കഴിയും മുമ്പ് ചിലി താരം വല കുലുക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.