മൗറീഞ്ഞോ കരാറിൽ ഒപ്പിട്ടു
മൗറീഞ്ഞോ കരാറിൽ ഒപ്പിട്ടു
Friday, May 27, 2016 12:36 PM IST
ലണ്ടൻ: പുതിയ മാനേജരായി ഹോസെ മൗറീഞ്ഞോയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ് കരാറിൽ ഒപ്പിട്ടു. മൂന്നുവർഷത്തേക്കാണു കരാർ. പ്രതിവർഷം 14 മില്യൺ ഡോളറാകും ശമ്പളമായി മൗറീഞ്ഞോയ്ക്ക് ലഭിക്കുക. ലൂയിസ് വാൻഗാലിനെ മാറ്റിയിട്ടാണ് യുണൈറ്റഡ് മൗറീഞ്ഞോയെ സ്‌ഥാനമേൽപ്പിച്ചത്.

യുണൈറ്റഡിന്റെ മാനേജരാകുകയെന്നത് വലിയ ബഹുമതിയായിട്ടാണ് കാണുന്നതെന്ന് കരാറിൽ ഒപ്പിട്ടശേഷം മൗറീഞ്ഞോ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച മാനേജറെന്നാണ് മൗറീഞ്ഞോയെ യുണൈറ്റ് വൈസ് ചെയർമാൻ എഡ് വുഡ്വാർഡ് വിശേഷിപ്പിച്ചത്. താരങ്ങളെയും ആരാധകരെയും ഉത്തേജിപ്പിക്കാൻ അദ്ദേഹത്തിനായി. യുണൈറ്റഡിനെ യൂറോപ്പിലെ മികച്ച ക്ലബ്ബാക്കുകയെന്ന ചുമതല ഭംഗിയായി നിർവഹിക്കാൻ മൗറീഞ്ഞോയ്ക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മാനേജറെന്ന നിലയിൽ മികച്ച റിക്കാർഡാണ് പോർച്ചുഗീസുകാരനായ മൗറീഞ്ഞോയ്ക്കുള്ളത്. യൂറോപ്പിലെ മുൻനിര ടീമുകളെ പല ഘട്ടങ്ങളിലായി കിരീടത്തിലേക്കു നയിക്കാൻ അദ്ദേഹത്തിനായി. 2003നുശേഷം റയൽ മാഡ്രിഡ്, ഇന്റർമിലാൻ, ചെൽസി ടീമുകൾക്കു നേടിക്കൊടുത്തത് 22 ട്രോഫികൾ. നാലു രാജ്യങ്ങളിലെ ക്ലബ്ബുകളെ ലീഗ് ചാമ്പ്യന്മാരാക്കാനും ഈ തന്ത്രശാലിക്കു സാധിച്ചിട്ടുണ്ട്. രണ്ടു തവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിൽ പങ്കാളിയായി. 2004ൽ എഫ്സി പോർട്ടോയ്ക്കും 2010ൽ ഇന്റർ മിലാനുമൊപ്പം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.