അദ്ഭുതമായി കോഹ്ലി
അദ്ഭുതമായി കോഹ്ലി
Wednesday, May 18, 2016 11:52 AM IST
ഏകദിനത്തിനു പിന്നാലെ, കുട്ടി ക്രിക്കറ്റിലും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി തരംഗമാകുന്നു. നേരത്തെ അദ്ദേഹം ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന റിക്കാർഡാണ്(നാല്) സ്വന്തമാക്കിയതെങ്കിൽ ഇത്തവണ ഒരു സീസണിൽ ഏറ്റവും അധികം റൺസ് നേടുന്ന എന്ന റിക്കാർഡാണ് കോഹ്ലി സ്വന്തം പേരിൽകുറിച്ചിരിക്കുന്നത്. 13 മത്സരങ്ങളിൽ നിന്ന് 865 റൺസാണ് അദ്ദേഹം നേടിയത്. ഐപിഎലിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറും ഇതാണ്. ഒരു ഐ പി എൽ സീസണിൽ ഏറ്റവും കൂടുതൽ റൺസെടുത്ത റിക്കാർഡ് ഇതുവരെ രണ്ടു പേർ പങ്കിട്ടെടുക്കുകയാരുന്നു. 733 റൺസ് വീതം നേടിയ ക്രിസ് ഗെയിലും (2012), മൈക്കൽ ഹസിയും(2013). ഇതുവരെ റോബിൻ ഉത്തപ്പയുടെ പേരിലായിരുന്നു ഏറ്റവും ഉയർന്ന ഇന്ത്യൻ സ്കോർ; 660 റൺസ്. റോബിൻ ഊത്തപ്പയ്ക്ക് 17 ഇന്നിംഗ്സുകൾ ഇത്രയും റൺസ് എടുക്കാൻ വേണ്ടിവന്നുവെങ്കിൽ കോഹ്ലിക്ക് 12 ഇന്നിംഗ്സുകളേ വേണ്ടിവന്നുള്ളൂ. ഗെയിൽ 2013ൽ 708 റൺസും നേടിയിട്ടുണ്ട്. ഒരു സീസണിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്കോർ. ഒരു ഐ പി എൽ സീസണിൽ ഇതുവരെ മറ്റ് മൂന്നു ബാറ്റ്സ്മാന്മാർ മാത്രമേ മേൽപ്പറഞ്ഞവർക്ക് പുറമെ 600 കടന്നിട്ടുള്ളൂ. സച്ചിൻ തെണ്ടുൽക്കർ 618(2010), ഷോൺ മാർഷ് 616 (2008), ക്രിസ് ഗെയിൽ 608 (2011).

75, 79, 33, 80, 100*, 14, 52, 108*, 20, 7, 109,75,113 എന്നിങ്ങനെയാണ് ഈ സീസണിൽ കോഹ്ലിയുടെ സ്കോറുകൾ. ഈ വർഷം ടി20 അന്താരാഷ്ര്‌ട മത്സരങ്ങളിൽ കോഹ്ലി ഇന്ത്യക്കായി, ഏഴ് അർധശതകങ്ങൾ ഉൾപ്പെടെ, 625 റൺസ് നേടിയിരുന്നു. ഐപിഎലിലെ പ്രകടനം കൂടി കണക്കിലെടുക്കുമ്പോൾ ഒരു വർഷത്തിൽ ഒരു ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും കൂടുതൽ റൺസ്. നിലവിൽ 2010ൽ സുരേഷ് റെയ്ന നേടിയ 1042 റൺസെന്ന ഒരിന്ത്യക്കാരന്റെ റിക്കാർഡും കോഹ്ലി മറികടന്നു. കോഹ്ലി 1302 റൺസെടുത്തിട്ടുണ്ട് ഇപ്പോൾ.


എല്ലാ ടി20 കളികളും എടുത്തുനോക്കിയാൽ ഗെയിൽതന്നെയാണ് ഇപ്പോഴും കേമൻ. 2015ൽ 36 കളികളിൽ നിന്നായി 59.46 ശരാശരിയിൽ 1665 റൺസെടുത്തിട്ടുണ്ട് ഗെയ്ൽ.

ഇക്കൊല്ലം ഇന്ത്യൻ ക്രിക്കറ്റ് ഷെഡ്യൂളിൽ ട്വന്റി–20 കളികളൊന്നും ഇല്ലാത്തതിനാൽ ബാക്കി ഐപിഎൽ കളികളിൽ പടുകൂറ്റൻ സ്കോറുകൾ നേടിയാലേ കോഹ്ലിക്ക് ഗെയ്ലിനെ മറികടക്കാനാകൂ.

ടൂർണമെൻറ് തുടങ്ങും മുമ്പേ ഇന്ത്യൻ ടീമിനെ ട്വന്റി–20 ലോകകപ്പിന്റെ സെമി ഫൈനലിൽ എത്തിച്ച കോഹ്ലി ഓസ്ട്രേലിയക്കെതിരേ പുറത്താകാതെ നേടിയ 82 റൺസും വാങ്കഡെ മൈതാനത്ത് വെസ്റ്റ് ഇൻഡീസിനോട് തോറ്റ കളിയിൽ പുറത്താകാതെ നേടിയ 89 റൺസും മികച്ച ഇന്നിംഗ്സുകളായി. ഈ വർഷം ആദ്യം ഓസ്ട്രേലിയയെ 3–0ത്തിന് തോൽപ്പിച്ചപ്പോൾ 90*, 59*, 50 എന്നിങ്ങനെയായിരുന്നു കോഹ്ലിയുടെ റൺ നേട്ടങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.