മാഡ്രിഡ് മഹാമഹം
മാഡ്രിഡ് മഹാമഹം
Thursday, May 5, 2016 12:38 PM IST
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കലാശപ്പോരാട്ടം സ്പെയിൻകാരുടെ വക. ഫൈനലിൽ ഏറ്റുമുട്ടുന്നത് നഗരവാസികളായ റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും. അത്ലറ്റിക്കോ, ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ചു ഫൈനലിലെത്തിയപ്പോൾ റയലിന്റെ ജയം മാഞ്ചസ്റ്റർ സിറ്റിക്കെതിരേയായിരുന്നു.

സാന്റിയാഗോ ബർണേബുവിൽ ഇരമ്പയാർക്കുന്ന ആരാധകർക്കു മുന്നിൽ നടന്ന രണ്ടാം പാദ സെമിയിൽ റയൽ ഏകപക്ഷീയമായ ഒരു ഗോളിനു മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി. സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ആദ്യപാദ സെമി ഗോൾരഹിതമായി കലാശിക്കുകയായിരുന്നു. മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ച റയൽ 20 മിനിറ്റിൽ ഫെർണാണ്ടോയുടെ സെൽഫ് ഗോളിൽ വിജയം കുറിച്ചു. ഗാരത് ബെയ്ലിന്റെ കനത്ത അടി സിറ്റി മധ്യനിര താരത്തിന്റെ കാലിൽതട്ടി വലയിൽ വീഴുകയായിരുന്നു. മത്സരത്തിലുടനീളം ബെയ്ൽ മികച്ച പ്രകടനമാണ് നടത്തിയത്. നിർണായക മത്സരങ്ങളിൽ ബെയ്ൽ പുറത്തെടുക്കുന്ന മികവ് സിറ്റിക്കെതിരെയുള്ള മത്സരത്തിലും വ്യക്‌തമായി. സെർജിയോ അഗ്വേറോയും കെവിൻ ഡി ബ്രുയിനെയും റയൽ പ്രതിരോധം പിടിച്ചുകെട്ടിയതാണ് സിറ്റിയുടെ മുന്നേറ്റങ്ങൾക്ക് തടസമായത്.

സാന്റിയാഗോ ബർണേബുവിൽ ഇറങ്ങുമ്പോൾ റയൽ സൂപ്പർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിക്കൊണ്ട് സിനദിൻ സിദാൻ ടീമിനെ ഒരുക്കി. പരിക്ക് ഭേദമാകാത്തതിനെത്തുടർന്ന് കരിം ബെൻസമയെ പുറത്തിരുത്തി. ആദ്യപാദ സെമിയിലും സ്പാനിഷ് ലീഗിലെ രണ്ടു മത്സരവും പോർച്ചുഗീസ് താരം കളിച്ചിരുന്നില്ല. രണ്ടാംപാദ പോരാട്ടത്തിന് റൊണാൾഡോ കൂടി ചേർന്നതോടെ റയൽ നിര ശക്‌തമായി. വലിയ നഷ്‌ടത്തോടെയാണ് സിറ്റി തുടങ്ങിയത്. നായകൻ വിൻസന്റ് കോംപാനിയെ പരിക്കിനെത്തുടർന്ന് പത്താം മിനിറ്റിൽ പിൻവലിക്കേണ്ടിവന്നു. ഇത് അവരുടെ പ്രകടനത്തെ കാര്യമായി ബാധിച്ചു. റയലിന്റെ തട്ടകത്തിലും സമ്മർദം അതിജീവിച്ചു കളിച്ച സിറ്റിയുടെ ഗോൾകീപ്പർ ജോ ഹാർട്ട് നടത്തിയ മികച്ച സേവുകളാണ് കൂടുതൽ ഗോൾ വീഴുന്നതിൽനിന്നും തടഞ്ഞത്.

എട്ടാം മിനിറ്റിലേ കോംപാനിയെ തുടയിലെ പരിക്ക് അലട്ടിത്തുടങ്ങി. ഇതേത്തുടർന്ന് മെഡിക്കൽ സംഘത്തിന്റെ സഹായത്തിൽ കളി തുടർന്ന സിറ്റി നായകൻ പത്താം മിനിറ്റിൽ പന്തിനു പിറകെ ഓടുന്നതിനിടെ വീണു. അതോടെ മാനുവൽ പെല്ലിഗ്രിനി പകരക്കാനെ ഇറക്കാൻ നിർബന്ധിതനായി. മത്സരത്തിൽ റയൽ പതിനഞ്ചു ഷോട്ടുകൾ പായിച്ചതിൽ അഞ്ചെണ്ണം വല ലക്ഷ്യമാക്കിയായിരുന്നു. സിറ്റിയിൽനിന്നും അഞ്ച് ഷോട്ട് മാത്രമാണ് പിറന്നത്. ഇതിൽ ഒരണ്ണം മാത്രമേ വലയിലേക്കു തൊടുക്കാനുമായുള്ളൂ.

പരിക്കിനു ശേഷമെത്തിയ റൊണാൾഡോയും ബെയ്ലും തുടക്കത്തിൽ തന്നെ സിറ്റിയുടെ ഗോൾമുഖത്തു സമ്മർദമുണ്ടാക്കി. ഗോൾമുഖത്തേക്കു റയൽ താരങ്ങൾ ഇരച്ചുകയറിയതാണ് ഗോളിനു വഴിതെളിയിച്ചത്.


പെനാൽറ്റി ഏരിയയുടെ വലതുവശത്തുനിന്നും ബെയ്ലിന്റെ കനത്ത അടി ഫെർണാണ്ടോയുടെ കാലിൽതട്ടി വലയ്ക്കുള്ളിൽ മുകൾ ഭാഗത്ത് തറച്ചിറങ്ങി. ഇതിനു മറുപടി നൽകാൻ ജീസസ് നവാസ് നടത്തിയ ശ്രമം കെയ്ലർ നവാസ് കൈക്കലാക്കി. രണ്ടാം പകുതി തീരാൻ ഒമ്പത് മിനിറ്റ് ബാക്കിയിരിക്കേ റയലിന്റെ ടോണി ക്രൂസ് എടുത്ത ഫ്രീകിക്ക് പെപെ വലയിലാക്കി. എന്നാൽ, ഓഫ് സൈഡ് വിളിവന്നു. ഇടവേളയ്ക്കു തൊട്ടുമുമ്പ് ഫെർണാണ്ടീഞ്ഞോയുടെ ഷോട്ട് റയലിന്റെ പോസ്റ്റിൽ തട്ടി തെറിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ റൊണാൾഡോയുടെ ഷോട്ടും ലൂക്കാ മോഡ്രിച്ചിന്റെ ഗോളെന്നുറച്ച് ക്ലോസ് റേഞ്ച് ഷോട്ടും ഹാർട്ട് രക്ഷപ്പെടുത്തി. ഇതിനുശേഷം റൊണാൾഡോ തുടർച്ചയായി ഹാർട്ടിനെ പരീക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ സിറ്റി ഗോളിയെ കബളിപ്പിക്കാൻ പോർച്ചൂഗീസ് താരത്തിനായില്ല. 64–ാം മിനിറ്റിൽ ബെയ്ലിന്റെ ഗോളെന്നുറച്ച ഹെഡർ ക്രോസ്ബാറിൽ തട്ടി പുറത്തേക്കു പോയി. ഫൈനലിലേക്കു ഒരു ഗോൾ മാത്രം മതിയായിരുന്ന സിറ്റി അവസാന മിനിറ്റുകളിൽ കെവിൻ ഡി ബ്രുയിൻ, സെർജിയോ അഗ്വേറോ എന്നിവരിലൂടെ റയൽ വല ലക്ഷ്യമാക്കി എത്തിയെങ്കിലും ഗോൾ നേടാനായില്ല.

<ആ>ഫൈനൽ മിലാനിൽ

അത്ലറ്റിക്കോ മാഡ്രിഡ്– റയൽ മാഡ്രിഡ് പോരാട്ടം നടക്കുന്നത് ഇറ്റാലിയൻ നഗരമായ മിലാനിലാണ്. 1955–56 സീസണിലെ യൂറോപ്യൻ കപ്പ് ആദ്യ എഡിഷനിൽ ചാമ്പ്യനായ റയൽ മാഡ്രിഡ് 58 വർഷങ്ങൾക്കുശേഷം 2014ൽ കിരീടമുയർത്തിക്കൊണ്ട് പത്താം തവണയും ചാമ്പ്യൻപട്ടം മാഡ്രിഡിലെത്തിച്ചു. 2015–16 സീസണിൽ റയൽ മാഡ്രിഡും അയൽക്കാരായ അത്ലറ്റിക്കോ മാഡ്രിഡും 2013–14 സീസണിന്റെ ആവർത്തനമായി ഒരിക്കൽക്കൂടി കലാശപ്പോരിനു നേർക്കുനേർ എത്തി.

മൂന്നു വർഷത്തിനിടെ ഇതു രണ്ടാം തവണയാണ് ചാമ്പ്യൻസ് ലീഗിൽ മാഡ്രിഡ് ഡെർബി ഫൈനൽ അരങ്ങേറുന്നത്. യൂറോപ്യൻ കപ്പ് /ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരേ നഗരത്തിലെ രണ്ടു ഫുട്ബോൾ ക്ലബ്ബുകൾ രണ്ടു തവണ ഫൈനലിൽ ഏറ്റുമുട്ടുന്നതും. ഈ മാസം 28ന് മിലാനിലെ സാൻ സിറോ സ്റ്റേഡിയത്തിൽ റയൽ തങ്ങളുടെ പതിന്നാലാമത് ചാമ്പ്യൻസ് ലീഗ് ഫൈനലിനും പതിനൊന്നാം കിരീടത്തിനുമാണ്് ഇറങ്ങുന്നത്.

അത്ലറ്റിക്കോയാണെങ്കിൽ ചാമ്പ്യൻസ് ലീഗിൽ ആദ്യമായി കിരീടം മുത്തമിടാനും. കൂടാതെ 2014ൽ റയലിൽനിന്നേൽക്കേണ്ടിവന്ന തോൽവിക്കു പകരം വീട്ടുകയെന്നതും അത്ലറ്റിക്കോയുടെ ലക്ഷ്യത്തിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.