ഐപിഎലിന്റെ ജനപ്രീതി ഇടിയുന്നു
ഐപിഎലിന്റെ ജനപ്രീതി ഇടിയുന്നു
Wednesday, April 27, 2016 12:34 PM IST
മുംബൈ: ഒത്തുകളി വിവാദത്തിനും വേദി മാറ്റത്തിനും പിന്നാലെ ഐപിഎലിനു മറ്റൊരു തിരിച്ചടി. ലീഗിന്റെ ടിവി വ്യൂവർഷിപ്പിൽ ആദ്യ ആഴ്ച്ച വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) കണക്കെടുപ്പിൽ 3.50മാണ് ഈ വർഷത്തെ റേറ്റിംഗ്. 2015ൽ 4.5 ആയിരുന്ന സ്‌ഥാനത്തുനിന്നാണ് ഈ ഇടിച്ചിൽ. സോണി നെറ്റ് വർക്കാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തത്സമയ സംപ്രേക്ഷണം നടത്തുന്നത്.

ലീഗിലെ ഉദ്ഘാടന മത്സരത്തിലെ റേറ്റിംഗും വളരെ താഴ്ന്നതായിരുന്നു മുംബൈ ഇന്ത്യൻ കിംഗ്സ് ഇലവൻ പഞ്ചാബ് മത്സരത്തിന്റെ വ്യൂവർഷിപ്പ് വെറും 3.24 മാത്രമാണ്. തൊട്ടുപിന്നാലെ നടന്ന കോൽക്കത്ത– ഡൽഹി ഡെയർഡെവിൾസ് മത്സരത്തിൽ വീണ്ടും ഇടിവുണ്ടായി– 2.55.

കഴിഞ്ഞ സീസണിലെ ആദ്യ അഞ്ചു മത്സരങ്ങൾ കണ്ടത് 105 മില്യൺ ആളുകളാണ്. 2014ലേക്കാൾ ഒൻപത് ശതമാനം കൂടുതലാണിത്. 2015ൽ ഉദ്ഘാടന മത്സരത്തിന്റെ റേറ്റിംഗ് 4.5 ആയിരുന്നു. 2013ലാണ് ഇതിനുമുമ്പ് റേറ്റിംഗിൽ വൻ ഇടിവു രേഖപ്പെടുത്തിയത്. അന്ന് 3.8ന്റെ റേറ്റിംഗ് മാത്രമായിരുന്നു ഐപിഎലിനുണ്ടായത്.


ട്വന്റി–20 ലോകകപ്പിന്റെ ആലസ്യത്തിൽനിന്ന് ആരാധകർ ഉണരാത്തതാണ് ഇപ്പോഴത്തെ മാന്ദ്യത്തിനു കാരണമെന്നാണ് ഐപിഎൽ അധികൃതർ പറയുന്നു. എന്നാൽ അടിക്കടി ഉണ്ടാകുന്ന വിവാദങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ. ഒത്തുകളി വിവാദത്തെത്തുടർന്ന് ചെന്നൈ സൂപ്പർകിംഗ്സിനെയും രാജസ്‌ഥാൻ റോയൽസിനെയും രണ്ടു വർഷത്തേക്കു വിലക്കിയിരുന്നു. ആളുകളിൽ സംശയം ജനിപ്പിക്കാൻ ഈ സംഭവങ്ങൾ ഇടയാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.