ലീസ്റ്ററിനു ചങ്കിടിപ്പ്
Saturday, April 23, 2016 12:23 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിൽ കന്നിക്കിരീടം സ്വന്തമാക്കാൻ കച്ചമുറുക്കുന്ന ലീസ്റ്റർ സിറ്റി ഇന്ന് എവേ മത്സരത്തിൽ സ്വാൻസീ സിറ്റിയെ നേരിടും. ഇനിയുള്ള നാലു മത്സരങ്ങൾ വളരെ നിർണായകമാണെന്നിരിക്കേ, ലീസ്റ്ററിനു ചങ്കിടിപ്പ് ഏറുകയാണ്. പോയിന്റ് നിയലിൽ ഒന്നാമതാണെങ്കിലും ഇനിയുള്ള മത്സരങ്ങളിൽ കരുത്തരാണ് ലീസ്റ്ററിന് എതിരാളികളായി വരുന്നത്.

ഇനിയുള്ള നാലു കളിയിൽ എട്ട് പോയിന്റ് നേടിയാൽ ക്ലൗഡിയോ റെനേരി പരിശീലിപ്പിക്കുന്ന ലീസ്റ്റർ ചാമ്പ്യന്മാരാകും. ഇതുവരെ നടന്ന കളികളിൽ മൂന്നു മത്സരം മാത്രമാണ് ലീസ്റ്റർ തോറ്റിട്ടുള്ളത്. ഒന്നിൽ കൂടുതൽ കളി തോറ്റാൽ കാര്യം പരുങ്ങലിലാകും. രണ്ടാം സ്‌ഥാനത്ത് അഞ്ചു പോയിന്റ് പിന്നിൽ ടോട്ടനം ഹോട്സ്പറാണ്.

ലീസ്റ്ററിനെപ്പോലെ പരിചയസമ്പത്ത് കുറഞ്ഞ ഒരു ടീം ലീഗിലെ അവസാന മത്സരത്തോടടുക്കുമ്പോൾ കാര്യങ്ങൾ എങ്ങനെയാകുമെന്നു പറയുക വയ്യ. വെസ്റ്റ് ഹാമിനോട് സമനില വഴങ്ങിയതാണ് ലീസ്റ്ററിനു ചതിയായത്. ജയിച്ചിരുന്നെങ്കിൽ ടോട്ടനവുമായുള്ള പോയിന്റ് വ്യത്യാസം ഉയർത്താമായിരുന്നു.

അന്നത്തെ മത്സരത്തിൽ ലീസ്റ്റർ സൂപ്പർ സ്ട്രൈക്കർ ജാമി വാർഡി ചുവപ്പ് കാർഡ് കാണുകയും ചെയ്തു. അതുകൊണ്ട് ഇന്ന് സ്വാൻസി സിറ്റിയുമായുള്ള കളിയിൽ വാർഡി ഉണ്ടാകില്ല. അന്നത്തെ മത്സരം നിയന്ത്രിച്ച ജോൺ മോസിനോട് അപമര്യാദയായി പെരുമാറിയതിന് വാർഡിയെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള മത്സരവും നഷ്‌ടമാകും. ഇതോടെ ടോപ്സ്കോററാകാനുള്ള വാർഡിയുടെ ശ്രമത്തിന് തിരിച്ചടിയായി.

സ്വാൻസിയെ നേരിടുമ്പോൾ വാർഡിയുടെ അസാന്നിധ്യം അത്രപ്രകടമായേക്കില്ല. എന്നാൽ, മാഞ്ചസ്റ്റർ യുണൈറ്റഡിനപ്പോലൊരു ടീമിനെ അവരുടെ ഗ്രൗണ്ടിൽ നേരിടുമ്പോൾ മികച്ചൊരു ഗോളടിക്കാരൻ ആവശ്യമാണ്.

സ്വാൻസിയെ സ്വന്തം ഗ്രൗണ്ടിൽ നേരിട്ടശേഷം ലീസ്റ്റർ ഓൾഡ് ട്രാഫോഡിലേക്കു പോകും. യുണൈറ്റഡിന്റെ നിലവിലെ ഫോമിൽ ഒന്നും പ്രതീക്ഷിക്കുക വയ്യ. ലൂയിസ് വാൻ ഗാലിന്റെ ടീം ചിലപ്പോൾ ലീസ്റ്ററിനെ കീഴ്പ്പെടുത്താം. അതു കഴിഞ്ഞ് കിംഗ് പവർ സ്റ്റേഡിയത്തിൽ എവർട്ടണുമായി ഏറ്റുമുട്ടും. എവർട്ടണിൽനിന്നും വലിയ ഭീഷണി ഉണ്ടാകുമോ എന്നത് കാത്തിരുന്നു കാണേണ്ടിവരും. അവസാന മത്സരത്തിൽ ചെൽസിയെ നേരിടാൻ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്കു പോകുന്നുണ്ട്. അവിടെ ചെൽസിയെ തോൽപ്പിച്ചാൽ ലീസ്റ്റർ കിരീടം സ്വന്തമാക്കും. ലീസ്റ്റർ അടുത്ത മത്സരങ്ങളിൽ സ്വാൻസി(24)യെ തോൽപ്പിക്കുകയും മാഞ്ചസ്റ്റർ യുണൈറ്റഡി (മേയ് 1)നോടു തോൽക്കുകയും ചെയ്യാം. പിന്നെ വരുന്നത് എവർട്ടണും (മേയ് 7) അവസാനം ചെൽസിയും (മേയ് 15) രണ്ടു കളിയും ജയിച്ചാൽ കുറുക്കന്മാർക്ക് 82 പോയിന്റാകും. ഇതോടെ കിരീടം ലീസ്റ്ററിനു സ്വന്തമാക്കാം.


മറുവശത്ത് ഉത്തര ലണ്ടൻ ക്ലബ്ബായ ടോട്ടനം അവരുടെ ഏറ്റവും മികച്ച അവസ്‌ഥയിൽ അസാധാരണമായ പ്രകടനം നടത്തുന്നവരാണ്. കഴിഞ്ഞ കളികളിൽ അവരതു തെളിയിക്കുകയും ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡും സ്റ്റോക് സിറ്റിയും ടോട്ടനത്തിന്റെ ആക്രമണത്തിൽ തകർന്നടിഞ്ഞു. നിലവിലെ ഫോമിൽ അടുത്ത നാലു കളിയും ജയിക്കാം. ഹാരി കെയ്നും ഡെലെ അലിയും സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ്. കെയ്ൻ ഇതുവരെ 24 തവണ എതിർവല കുലുക്കി. മുന്നേറ്റത്തിൽ കെയ്നും പിൻനിരയിലെ ടോബി അൽഡെർവെയ്റൽഡും പാറപോലെ ഉറച്ചുനിൽക്കുകയും ചെയ്യുന്നുണ്ട്. എല്ലാ മേഖലയിലും ടീം മികച്ചുനിൽക്കുന്നു. ലീഗിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളടിച്ചതും കുറച്ചു ഗോൾ വഴങ്ങിയ ടീമും ടോട്ടനം തന്നെ.

ഇനി രണ്ടു ഹോം മത്സരവും അത്ര തന്നെ എവേ മത്സരവും ടോട്ടനം കളിക്കണം. ടോട്ടനം പുറത്തു കളിച്ച പതിനാറു ലീഗ് മത്സരങ്ങളിൽ ഒന്നിൽ മാത്രമേ തോറ്റിട്ടുള്ളൂ. ചെൽസിയെയും അവസാനം ന്യൂകാസിൽ യുണൈറ്റഡിനെയും അവരുടെ ഗ്രൗണ്ടിലാണ് നേരിടുന്നത്. മൗറിന്യോ പോക്കറ്റിനോയുടെ ടീം നാളെ നേരിടുന്നത് വെസ്റ്റ്ബ്രോംവിച്ചി(25)നെ. ഇവർ ടോട്ടനത്തിനു വലിയ ഭീഷണിയാകാൻ സാധ്യതയില്ല. പിന്നെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ലണ്ടൻ ഡെർബിയിൽ ചെൽസി(മേയ് 2) യുമായി പൊരുതും. ചെൽസിയാണ് ടോട്ടനത്തിനു വെല്ലുവിളിയാകുന്ന ടീം. മെയ് എട്ടിനു സതാംപട്ൺ ടോട്ടനത്തിന്റെ വൈറ്റ് ലെയ്ൻ സ്റ്റേഡിയത്തിലെത്തും. യൂറോപ്പ ലീഗ് ഉന്നം വയ്ക്കുന്ന സതാംപ്ടണെ കുറച്ചുകാണാനാവില്ല. അവസാന മത്സരത്തിൽ തരംതാഴ്ത്തൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ന്യൂകാസിൽ യുണൈറ്റഡുമായി(മെയ് 15) ഏറ്റുമുട്ടും. ഒന്നാം ഡിവിഷനിൽ തുടരുക എന്ന ലക്ഷ്യത്തോടെ സ്വന്തം കാണികളുടെ മുന്നിൽ ഇറങ്ങുന്ന ന്യൂകാസിൽ ടോട്ടനത്തെ വളരെ ശക്‌തമായി നേരിടാനും സാധ്യതയുണ്ട്. ലീസ്റ്റർ തുടർച്ചയായി ജയം നേടിയാലും ടോട്ടനവും അതേപോലെ മുന്നേറിയാലും കിരീടം കുറുക്കൻമാർ കൊണ്ടുപോകും.

ടോട്ടനം നിലവിലെ ഫോമിൽ അടുത്ത നാലു കളിയും ജയിക്കുമെന്നു തന്നെ കരുതാം. ജയിച്ചാൽ തന്നെ 80 എൺപത് പോയിന്റാകുകയേയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.