ലീസ്റര്‍ കുതിക്കുന്നു, ലിവര്‍പൂളും ജയിച്ചു
ലീസ്റര്‍ കുതിക്കുന്നു, ലിവര്‍പൂളും ജയിച്ചു
Monday, March 7, 2016 12:12 AM IST
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലീസ്റര്‍ സിറ്റിയുടെ കുതിപ്പ് തുടരുന്നു. ലാറ്റ്ഫോര്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച ലീസ്റര്‍ പോയിന്റ് നിലയില്‍ കൂടുതല്‍ സുരക്ഷിത സ്ഥാനത്തെത്തി. അള്‍ജീരിയന്‍ മധ്യനിരതാരം റിയാദ് മെഹ്റെസിന്റെ (56) ഗോളിലായിരുന്നു ലീസ്റ്ററിന്റെ വിജയം. ടോട്ടനം-ആഴ്സണല്‍ മത്സരം സമനിലയായതോടെ രണ്ടാമതുള്ള ടോട്ടനവുമായുള്ള പോയിന്റ് വ്യത്യാസം ലീസ്റ്റര്‍ അഞ്ചാക്കി ഉയര്‍ത്തി. 29 കളിയില്‍ ലീസ്ററിനു 60 പോയിന്റും അത്ര തന്നെ കളികളില്‍ ടോട്ടനത്തിന് 55 ഉം ആഴ്സണലിനു 52 പോയിന്റുമാണുള്ളത്. മൂന്നു ടീമിനും ലീഗില്‍ ഇനി ശേഷിക്കുന്നത് ഒമ്പത് മത്സരം കൂടിയാണ്.

മത്സരത്തില്‍ ലീസ്ററിനായിരുന്നു അവസരങ്ങള്‍ കൂടുതലും ലഭിച്ചത് എന്നാല്‍ അതൊന്നും ഗോളാക്കാന്‍ ലീസ്റ്ററിനായില്ല. മത്സരത്തിനിടെ മെഹ്റെസിനു തുടഞരമ്പിനേറ്റ് പരിക്കിനെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നു.

കളി തുടങ്ങി നാലാം മിനിറ്റില്‍ ലീസ്റര്‍ ഗോളിനടുത്തെത്തിയിരുന്നു. എന്നാല്‍ ഷിന്‍ജി ഒകാസാകിയുടെ ഗോള്‍ശ്രമത്തെ വാറ്റ്ഫോര്‍ഡിന്റെ നഥാന്‍ അകി ടാക്കിള്‍ ചെയ്തു രക്ഷപ്പെടുത്തി. ഇതിനുശേഷം ജെയ്മി വാര്‍ഡിയും മെഹ്റെസും ചേര്‍ന്ന് മുന്നേറ്റം നടത്തിയെങ്കിലും അതും ഗോളായില്ല. ആദ്യ പകുതി ഗോള്‍രഹിതമായി പിരിഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലീസ്റ്ററിന്റെ ആക്രമണങ്ങളെ ചെറുത്തുനില്‍ക്കാന്‍ വാറ്റ്ഫോര്‍ഡിനായി. എന്നാല്‍ മെഹ്റെസിന്റെ മനോഹരമായ ഗോള്‍ ആതിഥേയരുടെ വല കുലുക്കി. സമനില പിടിക്കാനുള്ള വാറ്റ്ഫോര്‍ഡ് ശ്രമം നടത്തിയെങ്കിലും ലീസ്റര്‍ ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്മീസെല്‍സിനെ മറികടക്കാനായില്ല.



ലിവര്‍പൂള്‍ ജയിച്ചു

ക്രിസ്റല്‍ പാലസിന്റെ ഒന്നിനെതിരെ രണ്ടു ഗോളടിച്ച് ലിവര്‍പൂള്‍ ജയിച്ചു. 48-ാം മിനിറ്റില്‍ ജോയല്‍ ലെഡ്ലിയുടെ ഗോളില്‍ ക്രിസ്റ്റല്‍ പാലസ് മുന്നിലെത്തി. ഇതിനു മറുപടി പറയാനായി കാത്തിരുന്ന ലിവര്‍പൂളിനെ വിഷമത്തിലാക്കിക്കൊണ്ട് 62-ാം മിനിറ്റില്‍ ജയിംസ് മില്‍നര്‍ക്ക് മാര്‍ച്ചിംഗ് ഓര്‍ഡര്‍ ലഭിച്ചു. പത്തുപേരുമായി ചുരുങ്ങിയിട്ടും തളരാതെ പോരാടിയ ലിവര്‍പൂള്‍ റോബര്‍ട്ടോ ഫിര്‍മിനോയിലൂടെ സമനില പിടിച്ചു. മത്സരം ഇഞ്ചുറി ടൈമിലേക്കു നീങ്ങിയപ്പോള്‍ വിജയഗോള്‍ പെനാല്‍റ്റിയിലൂടെ അവസാന മിനിറ്റില്‍ (90+6) ക്രിസ്റ്യന്‍ ബെന്റക് പെനാല്‍റ്റിയിലൂടെ വിജയം കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.