ഇന്ത്യക്ക് ഏഷ്യാ കപ്പ് കിരീടം
ഇന്ത്യക്ക് ഏഷ്യാ കപ്പ് കിരീടം
Monday, March 7, 2016 12:08 AM IST
മിര്‍പുര്‍: ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്മാര്‍ ഇന്ത്യ തന്നെ. തലയറുക്കുമെന്ന് വീമ്പിളക്കിയവര്‍ക്ക് തലതാഴ്ത്തി മടങ്ങേണ്ടിവന്നു. കന്നിക്കിരീടം തേടിയിറങ്ങിയ ബംഗ്ളാദേശിനെ എട്ടു വിക്കറ്റിന് തോല്പിച്ചാണ് ഇന്ത്യ ട്വന്റി-20യിലേക്കു മാറിയ ഏഷ്യാകപ്പില്‍ മുത്തമിട്ടത്. മഴമൂലം രണ്ടു മണിക്കൂറോളം വൈകിയതോടെ മത്സരം 15 ഓവറായി നിജപ്പെടുത്തിയിരുന്നു. സ്കോര്‍: ബംഗ്ളാദേശ് 15 ഓവറില്‍ അഞ്ചിന് 120, ഇന്ത്യ 13.5 ഓവറില്‍ രണ്ടിന് 122.

തന്ത്രപരമായ ക്യാപ്റ്റന്‍സിയും സമര്‍ഥമായ ബാറ്റിംഗുമാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും ആധിപത്യം പുലര്‍ത്താന്‍ ബംഗ്ളാദേശിനായില്ല.

ടോസ് ജയിച്ചു, കളിയും

നിര്‍ണായകമായ ടോസ് ലഭിച്ചതേ ഇന്ത്യ പാതി ജയിച്ചിരുന്നു. കനത്ത മഴയില്‍ പിച്ചില്‍ ഈര്‍പ്പം നിലനിന്നത് ബൌളര്‍മാര്‍ക്കു തുടക്കത്തിലെ അനുകൂലമായി. സ്പിന്നര്‍ ആര്‍. അശ്വിനെക്കൊണ്ടു പന്തെറിയാനുള്ള നീക്കവും പിഴച്ചില്ല. ആദ്യ ഓവറില്‍ വെറും അഞ്ചു റണ്‍സാണ് ബംഗ്ളാ ഓപ്പണര്‍മാര്‍ക്ക് നേടാനായത്. രണ്ടാം ഓവര്‍ എറിയാനെത്തിയ ആശിഷ് നെഹ്റയെ ബൌണ്ടറി കടത്തിയാണ് തുടങ്ങിയതെങ്കിലും ഏറെ നേരം ക്രീസില്‍ നില്‍ക്കാന്‍ തമീമിനോ സൌമ്യ സര്‍ക്കാരിനോ ആയില്ല. നാലാം ഓവറിലെ അവസാന പന്തില്‍ സൌമ്യയെ (14) നെഹ്റ വീഴ്ത്തി. മിഡ്ഓഫില്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കു ക്യാച്ച്. തൊട്ടടുത്ത ഓവറില്‍ ബുംറ തമീമിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി. 13 റണ്‍സെടുത്ത തമീം പുറത്താകുമ്പോള്‍ രണ്ടിന് 30 റണ്‍സെന്ന നിലയിലായിരുന്നു ആതിഥേയര്‍.

ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ ഫോമിലുള്ള ഷാബിര്‍ റഹ്മാനായിരുന്നു ടീമിനെ ട്രാക്കിലേക്കെത്തിക്കേണ്ട ചുമതല. ഷക്കീബ് അല്‍ഹസനൊപ്പം (21) 34 റണ്‍സ് കൂട്ടിച്ചേര്‍ത്ത് അടിത്തറയിടാന്‍ ഷബിറിനായി. രണ്ടിന് 64 റണ്‍സില്‍ നിന്ന് ഷക്കീബും, നാലു റണ്‍സെടുത്ത മുഷ്ഫിക്കുര്‍ റഹ്മാനും പെട്ടെന്ന് പോയതോടെ അഞ്ചിന് 75 റണ്‍സെന്നനിലയിലായി ആതിഥേയര്‍. 100 കടക്കുമോ എന്ന സംശയം ഗാലറികളില്‍ തിങ്ങിക്കൂടിയ ആയിരക്കണക്കിന് ബംഗ്ളാ ആരാധകരുടെ മനസിലേക്കെത്തിയ നിമിഷം. എന്നാല്‍, പതിവു സൌമ്യഭാവം വിട്ട് മഹമ്മദുള്ള കത്തിക്കയറിയതോടെ അവസാന ഓവറുകളില്‍ റണ്‍മഴയായി. ഹര്‍ദിക് പാണ്ഡ്യ എറിഞ്ഞ 14-ാമത്തെ ഓവറില്‍ പിറന്നത് രണ്ടു പടുകൂറ്റന്‍ സിക്സറുള്‍പ്പെടെ 21 റണ്‍സ്. കേവലം 13 പന്തില്‍ 33 റണ്‍സാണ് മഹമ്മദുള്ള അടിച്ചുകൂട്ടിയത്. രണ്ടുവീതം സിക്സറും ഫോറും. അമരക്കാരന്റെ റോള്‍ ഏറ്റെടുത്ത ഷാബിര്‍ 29 പന്തില്‍ 31 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.


സൂപ്പര്‍ ധവാന്‍

മറുപടി ബാറ്റിംഗില്‍ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്കു രോഹിത് ശര്‍മയെ നഷ്ടമായി. ഒരു റണ്‍സെടുത്ത രോഹിതിനെ അല്‍ അമീന്‍ ഹുസൈന്‍ സ്ളിപ്പില്‍ സര്‍ക്കാരിന്റെ കൈയിലെത്തിച്ചു. ഇന്ത്യ ഒരു വിക്കറ്റിന് അഞ്ചു റണ്‍സ്. ധവാനും കോഹ്ലിയും ചേര്‍ന്ന് ആദ്യ ഓവറുകളില്‍ പതറിയതോടെ പവര്‍പ്ളേയില്‍ കാര്യമായി റണ്ണൊഴുകിയില്ല. ആദ്യ അഞ്ചോവറില്‍ 33 റണ്‍സായിരുന്നു ഇന്ത്യന്‍ അക്കൌണ്ടിലുണ്ടായിരുന്നത്. റണ്ണും പന്തും തമ്മിലുള്ള അകലം കൂടുന്നതിനിടെ ധവാന്‍ ആക്രമിച്ചു കളിക്കാന്‍ തീരുമാനിച്ചതോടെ ഇന്ത്യ വീണ്ടും ട്രാക്കിലായി. ഷക്കീബ് എറിയാനെത്തിയതോടെ ബാറ്റ്സ്മാന്മാര്‍ക്കു സ്വാതന്ത്യ്രമായി. ഷക്കീബിന്റെ ആദ്യ പന്തില്‍ ബൌണ്ടറിയടിച്ച് കോഹ്ലിയും ഫോമിലായി. ആ ഓവറില്‍ 15 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇതിനിടെ ഒന്നു രണ്ട് അവസരങ്ങള്‍ ബംഗ്ളാ ഫീല്‍ഡര്‍മാര്‍ കളഞ്ഞുകുളിക്കുകയും ചെയ്തു.

പത്തോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ഒന്നിന് 71. 30 പന്തില്‍ ജയിക്കാന്‍ 50 റണ്‍സ് കൂടി. വിക്കറ്റ് കാര്യമായി നഷ്ടപ്പെട്ടിരുന്നില്ലാത്തത് ഇന്ത്യക്ക് ഗുണമായി. അനായാസം ജയത്തിലെത്താന്‍ ധോണിപ്പടയ്ക്കായി.

സ്കോര്‍ബോര്‍ഡ്

ബംഗ്ളാദേശ്


തമീം ഇക്ബാല്‍ എല്‍ബിഡബ്ള്യു ബി ബുംറ 13, സൌമ്യ സര്‍ക്കാര്‍ സി പാണ്ഡ്യ ബി നെഹ്റ 14, സാബിര്‍ റഹ്മാന്‍ 32, ഷക്കീബ് അല്‍ ഹസന്‍ സി ബുംറ ബി അശ്വിന്‍ 21, മുഷ്ഫിക്കര്‍ റഹിം റണ്ണൌട്ട് 4, മഷ്റഫേ മോര്‍ത്താസ സി കോഹ്ലി ബി ജഡേജ 0, മഹമദുള്ള നോട്ടൌട്ട് 33, എക്സ്ട്രാസ് 3, ആകെ അഞ്ച് വിക്കറ്റിന് 15 ഓവറില്‍ 120.



ബൌളിംഗ്

അശ്വിന്‍ 3-0-14-1, നെഹ്റ 3-0-33-1, ബുംറ 3-0-13-1, ജഡേജ 3-0-25-1, പാണ്ഡ്യ 3-0-35-0

ഇന്ത്യ

രോഹിത് ശര്‍മ സി സര്‍ക്കാര്‍ ബി അല്‍-അമീന്‍ ഹൊസൈന്‍ 1, ധവാന്‍ സര്‍ക്കാര്‍ ബി താസ്കിന്‍ 60, കോഹ്ലി നോട്ടൌട്ട് 41 ധോണി നോട്ടൌട്ട് 20 ആകെ 13.5 ഓവറില്‍ രണ്ടിന് 122

ബൌളിംഗ്

താസ്കിന്‍ 3-0-14-1, അല്‍ അമീന്‍ ഹൊസൈന്‍ 2.5-30-1 , അബു ഹൈദര്‍ 1-0-14-0 , ഷക്കീബ് 2-0-26-0 , മോര്‍ത്താസ 2-0-16-0 ,ഹുസൈന്‍ 3-0-22-0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.