റയലിനു ജയം
Tuesday, February 9, 2016 11:31 PM IST
ഗ്രനേഡ: 85ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചിന്റെ ഗോളിലൂടെ റയല്‍ മാഡ്രിഡിനു ജയം. ഗ്രനേഡയുടെ ഗ്രൌണ്ടില്‍ നടന്ന മത്സരത്തില്‍ റയല്‍ 2-1ന് ജയിച്ചു. കരീം ബെന്‍സമ (30) റയലിനെ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ഗ്രനേഡ പകരക്കാരന്‍ യൂസേഫ് എല്‍-അറബിയുടെ (60) ഗോളില്‍ ഒപ്പമെത്തി. കളി സമനിലയിലേക്കെന്നു തോന്നിച്ച അവസരത്തില്‍ മാത്യു കൊവാസിച്ചിന്റെ പാസില്‍ മോഡ്രിച്ച് തകര്‍പ്പന്‍ ഒരു ഷോട്ട് ഉതിര്‍ത്തു. ജയത്തോടെ റയല്‍ ഒന്നാമതുള്ള ബാഴ്സലോണയുമായി പോയിന്റ് വ്യത്യാസം നാലായി കുറച്ചു. 23 കളിയില്‍ റയലിനു 50 പോയിന്റുമായി മൂന്നാമതാണ്. ഇത്രതന്നെ കളിയില്‍ രണ്ടാമതുള്ള അത്ലറ്റിക്കോ മാഡ്രിഡിന് 51 പോയിന്റായി. ഒരു കളി കുറച്ചു കളിച്ച് ബാഴ്സലോണയ്ക്ക് 54 പോയിന്റാണുള്ളത്.


കഴിഞ്ഞ മത്സരത്തില്‍ ലെവന്റയെ 2-0ന് തോല്‍പ്പിച്ച ബാഴ്സലോണ കിരീടപ്പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഡേവിഡ് നവാരോ(21)യുടെ സെല്‍ഫ് ഗോളില്‍ ബാഴ്സ അക്കൌണ്ട് തുറന്നു. തുടര്‍ന്ന് ലൂയിസ് സുവാരസ് (90+2)നേടിക്കൊണ്ട് ജയം പൂര്‍ത്തിയാക്കി. ബാഴ്സ പരിശീലകന്‍ ലൂയി എന്റികിന്റെ 100- മത് മത്സരമായിരുന്നു. വിവിധ ടൂര്‍ണമെന്റുകളില്‍ ബാഴ്സയുടെ തുടര്‍ച്ചയായ 28ാം ജയമായിരുന്നു. 2010-11ല്‍ പെപ് ഗാര്‍ഡിയോളയുടെ ബാഴ്സയുടെ അപാരജിത റിക്കാര്‍ഡിനൊപ്പമാണ് ഇപ്പോള്‍ എന്റിക്കയുടെ ബാഴ്സ. ഒക്ടോബറില്‍ എവേ മത്സരത്തില്‍ സെവിയ്യയോടാണ് അവസാനമായി ബാഴ്സ തോറ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.