സ്പോര്‍ട്സ് കൌണ്‍സില്‍ അധ്യക്ഷപദവി: പിന്മാറുന്നത് വ്യക്തിപരമായ കാരണങ്ങളാല്‍
Friday, November 27, 2015 11:18 PM IST
ടി.സി. മാത്യു

കോട്ടയം: കേരള സ്പോര്‍ട്സ് കൌണ്‍സില്‍ അധ്യക്ഷപദവി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടും പിന്മാറുന്നത് വ്യക്തിപരമായ കാരണങ്ങളാലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ടി.സി. മാത്യു. അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന് കായിക മന്ത്രിയും മറ്റുള്ളവരും തന്നോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. കെസിഎയിലെയും ബിസിസിഐയിലെയും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിനൊപ്പം സ്പോര്‍ട്സ് കൌണ്‍സിലിന്റെ ചുമതല കൂടി ഏറ്റെടുത്താല്‍ അതിനോടു പൂര്‍ണമായി നീതി പുലര്‍ത്താനാകുമെന്നു തോന്നുന്നില്ല. എന്നിരുന്നാലും കൌണ്‍സിലിനു വേണ്ടുന്ന എല്ലാ പിന്തുണയും തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മാത്യു കൂട്ടിച്ചേര്‍ത്തു. നിരവധി കാര്യങ്ങള്‍ ചെയ്യാനുള്ള താത്പര്യവും ഇച്ഛാശക്തിയും കായിക മന്ത്രിക്കുണ്ട്. അതുകൊണ്ടുതന്നെ സ്പോര്‍ട്സ് കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വിലയിരുത്തി.


അതിനിടെ, സ്പോര്‍ട്സ് കൌണ്‍സിലിന്റെ അധ്യക്ഷപദവിയിലേക്ക് കായിക താരങ്ങളിലാരെങ്കിലും വരുമെന്ന് ഉറപ്പായി. അന്തര്‍ദേശീയ തലത്തില്‍ നിരവധി മെഡലുകള്‍ വാരിക്കൂട്ടിയ ഷൈനി വില്‍സണ്‍, കെ.എം. ബീനാമോള്‍, അഞ്ജു ബോബി ജോര്‍ജ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ഒളിമ്പിക്സിന് മികച്ച കായിക താരങ്ങളെ കണ്െടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം സ്കീമിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട അഞ്ജു ബോബി ജോര്‍ജിനാണു കൂടുതല്‍ സാധ്യത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.