കിരീടം തിരിച്ചുപിടിക്കാന്‍ മാന്‍. സിറ്റി
കിരീടം തിരിച്ചുപിടിക്കാന്‍ മാന്‍. സിറ്റി
Tuesday, August 4, 2015 11:36 PM IST
മാത്തുക്കുട്ടി ടി. കൂട്ടുമ്മേല്‍

പേരില്‍ മാഞ്ചസ്റര്‍ ഉണ്െടങ്കിലും മാഞ്ചസ്റര്‍ യുണൈറ്റഡിന്റെ പേരില്‍ ഒതുങ്ങിയപ്പോയ ക്ളബ്ബാണ് മാഞ്ചസ്റ്റര്‍ സിറ്റി. ക്ളബ് സ്ഥാപിതമായശേഷം പല കയറ്റിറങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1969-70 ല്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായശേഷം 1997-98 സീസണില്‍ ഇംഗ്ളണ്ടിലെ മൂന്നാം ഡിവിഷനില്‍ കളിച്ച ക്ളബ്ബ് ആദ്യമായാണ് ഒരു ഇംഗ്ളീഷ് ക്ളബ് യൂറോപ്യന്‍ ചാമ്പ്യന്മാരായശേഷം മൂന്നാം ഡിവിഷനിലേക്കു തള്ളപ്പെടുന്നത്. 2008നുശേഷമാണ് സിറ്റി പ്രീമിയര്‍ ലീഗില്‍ ഏറ്റവും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത്. രണ്ടു തവണ കിരീടം ഉയര്‍ത്തി. പലപ്പോഴും ആദ്യ നാലില്‍ ഇടം നേടാനായി. ആഴ്സണല്‍, ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റര്‍ യുണൈറ്റഡ് എന്ന വമ്പന്മാര്‍ക്കൊപ്പം സിറ്റിയും ഇടംപിടിച്ചു.

കഴിഞ്ഞ സീസണില്‍ ചെല്‍സിക്ക് അടിയറവയ്ക്കേണ്ടിവന്ന കിരീടം തിരിച്ചുപിടിക്കാനാണ് സിറ്റി ഇറങ്ങുന്നത്. പതിനൊന്നിന് വെസ്റ്ബ്രോംവിച്ചിനെതിരേയാണ് ഈ സീസണിലെ സിറ്റിയുടെ ആദ്യമത്സരം. വെസ്റ് ബ്രോമിന്റെ തട്ടകത്തിലാണിത്.

മാഞ്ചസ്റ്റര്‍ എന്ന ചരിത്രപ്രസിദ്ധമായ സ്ഥലത്തുനിന്നുമെത്തിയ രണ്ടാമത്തെ പ്രധാന ഫുട്ബോള്‍ ക്ളബ്ബാണ് മാഞ്ചസ്റ്റര്‍ സിറ്റി. 1880ല്‍ മാഞ്ചസ്റ്ററിലെ വെസ്റ്റ് ഗോര്‍ട്ടണില്‍ സെന്റ് മാര്‍ക്സ് എന്ന പേരില്‍ ക്ളബ്ബ് സ്ഥാപിതമായി.

1887ല്‍ അര്‍ഡ്വിക് അസോസിയേഷന്‍ ഫുട്ബോള്‍ ക്ളബ്ബ് എന്ന പേര് സ്വീകരിച്ചു. 1894 ഏപ്രില്‍ 16ന് അര്‍ഡ്വിക് എഎഫ്സി എന്ന പേര് മാറ്റി മാഞ്ചസ്റര്‍ സിറ്റി എന്ന പേര് സ്വീകരിച്ചു. 1899ല്‍ സെക്കന്‍ഡ് ഡിവിഷന്‍ മത്സരങ്ങളില്‍നിന്നും സിറ്റി ഫസ്റ് ഡിവിഷനിലേക്കെത്തി. 1903- 1904 സീസണിലെ എഫ്എ കപ്പ് ചാമ്പ്യന്മാരായി സിറ്റി ആദ്യത്തെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കി. അതിനുശേഷം 1902-03, 1909-10, 1927-28 സീസണുകളില്‍ രണ്ടാം ഡിവിഷനില്‍ കളിച്ചു. പിന്നീട് കയറ്റിറക്കങ്ങളുടെ കാലമായിരുന്നു. ക്ളബ്ബിന്റെ സാമ്പത്തിക ഭദ്രതയിലും വിള്ളലുണ്ടായി. 1933-34 സീസണിലും എഫ്എ കപ്പ് സിറ്റി സ്വന്തമാക്കി. ഇതിനുശേഷം ഒന്നാം ഡിവിഷനിലും രണ്ടാം ഡിവിഷനിലുമായി മാറി മാറി കളിച്ചു. ഈ കാലത്ത് കിരീട നേട്ടങ്ങള്‍ അകന്നു നിന്നു.

1950-51 സീസണുകളില്‍ രണ്ടാം ഡിവിഷനില്‍ കളിച്ചു. 1951 മുതല്‍ 1963 വരെ ഒന്നാം ഡിവിഷനിലേക്കു തിരിച്ചുവന്നു. ഈ കാലത്ത് എഫ്എ കപ്പ് ചാമ്പ്യന്മാരായി. 1955-56 സീസണിലായിരുന്നു എഫ്എ കപ്പ് നേട്ടം. 1963-1966 രണ്ടാം ഡിവിഷനിലായിരുന്നു സ്ഥാനം. 1966 മുതല്‍ 1987 വരെ ഒന്നാം ഡിവിഷനില്‍ തുടര്‍ന്നു. ഈ കാലയളവ് മികച്ചതായിരുന്നു. 1969-70 സീസണില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുയര്‍ത്തിയത്. 1967-68 സീസണില്‍ ഒന്നാം ഡിവിഷന്‍ ചാമ്പ്യന്മാരായി. 1968-69ല്‍ എഫ്എ കപ്പ്. പിന്നീട് 1987 മുതല്‍ 1989 വരെ രണ്ടാം ഡിവിഷന്‍. 1989-1992 വരെ വീണ്ടും ഒന്നാം ഡിവിഷനില്‍ തിരിച്ചെത്തി. 1992 മുതല്‍ 1996 വരെ പ്രീമിയര്‍ ലീഗില്‍ കളിച്ചു. 1997-98 സീസണില്‍ രണ്ടാം ഡിവിഷനില്‍നിന്നും സിറ്റി മൂന്നിലേക്കു പതിച്ചു. യുറോപ്യന്‍ ചാമ്പ്യന്‍മാര്‍ മൂന്നാം ഡിവിഷനില്‍ പതിച്ചു. ഇതിനു മുമ്പ് ജര്‍മന്‍ ക്ളബ് എഫ്സി മാഗ്ഡെബര്‍ഗ് മൂന്നാം ഡിവിഷനില്‍ കളിച്ചിട്ടുണ്ട്. 2000-01 സീസണില്‍ പോയിന്റ് പട്ടികയില്‍ 18 സ്ഥാനത്തായിരുന്ന സിറ്റി രണ്ടാം ഡിവിഷനിലേക്കു താഴ്ത്തപ്പെട്ടു. അടുത്ത സീസണില്‍ വീണ്ടും പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തി.


2008ല്‍ ക്ളബ്ബിന്റെ ഉടമസ്ഥരായി അബുദാബി യുണൈറ്റഡ് ഗ്രൂപ്പ് എത്തിയതോടെ ക്ളബ്ബിലേക്കു പണംമൊഴുക്കി. ഇതോടെ വന്‍ താരങ്ങളെ വന്‍ തുക നല്‍കി സ്വന്തമാക്കാനായി. ഇത് അവരുടെ തുടര്‍ന്നുള്ള പ്രകടനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തി. 2010-11 എഫ്എ കപ്പ് ചാമ്പ്യന്മാരായി.

ഈ സീസണില്‍ തന്നെ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി. നഗരവാസികളായ മാഞ്ചസ്റര്‍ യുണൈറ്റഡിന്റെ പേരിനു കീഴില്‍ മറഞ്ഞുനിന്ന സിറ്റി 2011-12 പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായി.

അതും അലക്സ് ഫെര്‍ഗുസന്റെ യുണൈറ്റഡിനെ വീഴ്ത്തിക്കൊണ്ട്. 1967-68 സീസണുശേഷം ആദ്യമായാണ് സിറ്റി ചാമ്പ്യന്മാരാകുന്നത്. അതിനു മുമ്പ് വരെ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റര്‍ എന്നു പേരിന് അവകാശികള്‍ മാഞ്ചസ്റര്‍ യുണൈറ്റഡ് മാത്രമായിരുന്നു. റോബര്‍ട്ടോ മാന്‍സിനിയായിരുന്നു ടീം പരിശീലകന്‍.

തൊട്ടടുത്ത സീസണില്‍ മാഞ്ചസ്റര്‍ യുണൈറ്റഡിനു പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. 2013-14 സീസണില്‍ ചിലിയില്‍നിന്നുള്ള പരിശീലകന്‍ മാനുവല്‍ പെല്ലെഗ്രിനിയുടെ കീഴില്‍ ടീം വീണ്ടും പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായി. 2014-15 സീസണില്‍ രണ്ടാം സ്ഥാനത്തായിരുന്നു. 2008ല്‍ പുതിയ ഉടമസ്ഥര്‍ എത്തിയതോടെ ക്ളബ്ബിലേക്ക് അഞ്ച് കിരീടങ്ങളാണെത്തിയത്. ഇതില്‍ രണ്ടു പ്രീമിയര്‍ ലീഗ് കിരീടങ്ങളും 2010-11ല്‍ എഫ്എ കപ്പും 2013-14ല്‍ ലീഗ് കപ്പും 2012ല്‍ ലീഗ് കപ്പും സ്വന്തമായി.

2014-15 സീസണില്‍ 38 കളികളില്‍ 24 ജയം സ്വന്തമാക്കിയപ്പോള്‍ ഏഴു തോല്‍വിയും അത്രതന്നെ സമനിലയും നേരിട്ടത്. പ്രധാന വൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍നിന്നുമാണ് 4-2ന്റെ ഏറ്റവും വലിയ തോല്‍വി നേരിട്ടത്. സിറ്റിയുടെ പല ജയങ്ങളിലും ഒന്നിലേറെ ഗോളുകളാണ് പിറന്നത്. ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്സിനെതിരെ 6-0ന്റെയും ന്യൂകാസില്‍ യുണൈറ്റഡിനെതിരെ 5-0ന്റെയും വലിയ ജയങ്ങള്‍ സ്വന്തമാക്കി.

ഏറ്റവും കൂടുതല്‍ ഗോളടിച്ച ടീം സിറ്റിയായിരുന്നു. ജയങ്ങള്‍ക്ക് സെര്‍ജിയോ അഗ്യൂറോ, ഡേവിഡ് സില്‍വ, യായ ടുറെ, ഫ്രാങ്ക് ലാംപാര്‍ഡ്, ജയിംസ് മില്‍നര്‍ എന്നിവരുടെ പ്രകടനങ്ങള്‍ നിര്‍ണായകമായി. അഗ്യുറോ 26 ഗോളുമായി ലീഗിലെ തന്നെ ടോപ് സ്കോററായി. സില്‍വ 12 ഗോളും ടുറെ 10 ഗോളും നേടി. ഈ സീസണില്‍ കൂടുതല്‍ മികച്ച ടീമിനെയാണ് ഒരുക്കുന്നത്. മധ്യനിരയെ കൂടുതല്‍ ശക്തമാക്കാന്‍ ലിവര്‍പൂളില്‍നിന്നും റഹീം സ്റെര്‍ലിംഗിനെ സിറ്റി സ്വന്തമാക്കി. അദ്ദേഹത്തിനുവേണ്ടി 44 മില്യണ്‍ പൌണ്ടാണ് ചെലവാക്കിയത്. ജോ ഹാര്‍ട്ട് എന്ന മിന്നും ഗോളി അവരുടെ കരുത്താണ്.

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കൈമാറ്റവും സ്റെര്‍ലിംഗിനെ സിറ്റിയില്‍ എത്തിച്ചതായിരുന്നു. പുതിയ സീസണില്‍ ലാംപാര്‍ഡിനെ സിറ്റി മേജര്‍ സോക്കര്‍ ലീഗ് ക്ളബ് ന്യൂയോര്‍ക്ക് സിറ്റിക്കു കൈമാറി. അല്‍വരോ നെഗ്രെഡോയെ വലന്‍സിയയ്ക്കു വിറ്റു. നെഗ്രെഡോ 2014-15 സീസണില്‍ വലന്‍സിയ്ക്കുവേണ്ടി വായ്പ അടിസ്ഥാനത്തില്‍ കളിക്കുകയായിരുന്നു.

പ്രീമിയര്‍ ലീഗ് (4): 1936-37, 1967-68, 2011-12, 2013-14
എഫ്എ കപ്പ് (5): 1903-04, 1933-34, 1955-56, 1968-69, 2010-11
ലീഗ് കപ്പ് (3): 1969-70, 1975-76, 2013-14
കമ്യൂണിറ്റി ഷീല്‍ഡ് (4): 1937, 1968, 1972, 2012
യുവേഫ കപ്പ് (1): 1969-70

പരിശീലകന്‍- മാനുവല്‍ പെല്ലെഗ്രിനി
നായകന്‍ -വിന്‍സന്റ് കോംപാനി
ഹോം ഗ്രൌണ്ട്: എത്തിഹാദ് സ്റേഡിയം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.