ലങ്കയ്ക്ക് ഏഴുവിക്കറ്റ് ജയം
Tuesday, June 30, 2015 11:23 PM IST
കൊളംബോ: മഴയുടെ ഭീഷണി അതിജീവിച്ച് പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ ശ്രീലങ്കയ്ക്ക് ഏഴു വിക്കറ്റ് ജയം. അവസാനദിനം വിജയലക്ഷ്യമായ 153 റണ്‍സ് മൂന്നുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആതിഥേയര്‍ മറികടന്നു. മൂന്നാംവിക്കറ്റില്‍ 77 റണ്‍സ് കൂട്ടിച്ചേര്‍ത്ത ദിമുത് കരുണരത്ന (50) നായകന്‍ എയ്ഞ്ചലോ മാത്യൂസ് (പുറത്താകാതെ 43) കൂട്ടുകെട്ടാണ് ജയം എളുപ്പമാക്കിയത്. ഇതോടെ മൂന്നു മത്സര പരമ്പര 1-1 എന്നനിലയിലായി. സ്കോര്‍: പാക്കിസ്ഥാന്‍ 138, 329 ശ്രീലങ്ക 315, മൂന്നിന് 152.

ആദ്യടെസ്റ്റില്‍ ഒമ്പതു വിക്കറ്റ് തോല്‍വി വഴങ്ങിയ ലങ്കയ്ക്കു രണ്ടാം ടെസ്റ്റില്‍ വിജയം സമ്മാനിച്ചത് ബൌളര്‍മാരുടെ മികവായിരുന്നു. അവസാനദിനങ്ങളില്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ പാക്കിസ്ഥാനെ ആദ്യ ഇന്നിംഗ്സില്‍ വെറും 138 റണ്‍സിനു പുറത്താക്കാന്‍ ലങ്കന്‍ ബൌളര്‍മാര്‍ക്കായി. സ്പിന്നര്‍ കൌശല്‍ സില്‍വയുടെ അഞ്ചു വിക്കറ്റ് പ്രകടനമായിരുന്നു ആദ്യ ഇന്നിംഗ്സില്‍ സന്ദര്‍ശകരെ തകര്‍ത്തത്. ദമിക പ്രസാദ് മൂന്നു വിക്കറ്റോടെ പിന്തുണ നല്കി. രണ്ടാം ഇന്നിംഗ്സില്‍ പ്രസാദിനും (നാലു വിക്കറ്റ്) 145 കിലോമീറ്റര്‍ സ്പീഡില്‍ പന്തെറിയുന്ന അരങ്ങേറ്റക്കാരന്‍ ചമീരയ്ക്കും (മൂന്നുവിക്കറ്റ്) മുന്നില്‍ പാക് നിര കീഴടങ്ങി. പ്രസാദാണ് കളിയിലെ താരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.