ബാംഗളൂരിനെ തോല്‍പ്പിച്ചു ചെന്നൈ ഫൈനലില്‍
ബാംഗളൂരിനെ തോല്‍പ്പിച്ചു ചെന്നൈ  ഫൈനലില്‍
Saturday, May 23, 2015 12:17 AM IST
റാഞ്ചി: തന്ത്രങ്ങളുടെ ആശാന്‍ ധോണി തന്നെയെന്നു വീണ്ടും തെളിഞ്ഞു. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ മൂന്നുവിക്കറ്റിനു കീഴടക്കി ചെന്നൈ സൂപ്പര്‍കിംഗ്സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ കടന്നു. അവസാന ഓവറില്‍ അഞ്ചു റണ്‍സ് വേണ്ടിയിരുന്ന ചെന്നൈ ഒരുപന്ത് ബാക്കിനില്‍ക്കെ ലക്ഷ്യംകണ്ടു. നാളെ കോല്‍ക്കത്തയില്‍ നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സാണ് ചെന്നൈയുടെ എതിരാളികള്‍. സ്കോര്‍: ബാംഗളൂര്‍ എട്ടിന് 139, ചെന്നൈ ഏഴിന് 140.

ടോസ് മുതല്‍ ധോണിക്കൊപ്പമായിരുന്നു ഭാഗ്യവും ഗാലറികളും. രണ്ടാംപന്തില്‍ ആശിഷ് നെഹ്റയെ സിക്സിനു പറത്തി ഗെയ്ല്‍ തുടങ്ങിയെങ്കിലും സന്തോഷം അധികം നീണ്ടില്ല. അഞ്ചാം ഓവറിലെ ആദ്യപന്തില്‍ വിരാട് കോഹ്ലി പുറത്ത്. ഒമ്പതുപന്തില്‍ വെറും 12 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം. ആ ഓവറിലെ അവസാനപന്തില്‍ നെഹ്റ വീണ്ടും ആഞ്ഞടിച്ചു. ഡിവില്യേഴ്സ് ഒരുറണ്‍സോടെ പുറത്ത്. ലെഗ് സ്റമ്പിനു പുറത്തേക്ക് പോകുമായിരുന്ന പന്ത് പാഡില്‍ കൊണ്ടതേ അമ്പയര്‍ ക്രിസ് ഗഫാനെയുടെ വിരലുയര്‍ത്തി. കഴിഞ്ഞദിവസം അമ്പയറുടെ തീരുമാനത്തെ വിമര്‍ശിച്ച ധോണിയുടെ മുഖത്ത് സന്തോഷത്തേക്കാള്‍ ആശ്വാസമായിരുന്നു ആ നിമിഷം. റോയല്‍ ചലഞ്ചേഴ്സിന്റെ ബിഗ് ത്രീ ത്രയത്തിലെ രണ്ടുപേരും മടങ്ങിയതോടെ റണ്ണൊഴുക്കു നിലച്ചു. ഇതിനിടെ കഴിഞ്ഞ കളിയിലെ താരം മന്‍ദീപ് സിംഗും (നാല്) പവലിയനിലെത്തിയിരുന്നു. അവസാനപ്രതീക്ഷയായ ഗെയ്ലിനെ തകര്‍പ്പനൊരു റിട്ടേണ്‍ ക്യാച്ചിലൂടെ സുരേഷ് റെയ്ന തിരിച്ചയച്ചു. 43 പന്തില്‍ 41 റണ്‍സായിരുന്നു വെടിക്കെട്ട് താരത്തിന്റെ സമ്പാദ്യം. അവസാനനിമിഷം 17-കാരന്‍ സര്‍ഫ്രസ് ഖാന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ചെന്നൈക്കു മുന്നില്‍ 140 റണ്‍സിന്റെ വിജയലക്ഷ്യം വയ്ക്കാന്‍ ബാംഗളൂരിനെ പ്രാപ്തരാക്കിയത്.

ചെറിയ ലക്ഷ്യമെങ്കിലും ബാംഗളൂരിന്റെ പോരാട്ടവീര്യം ചെന്നൈക്കു കാര്യങ്ങള്‍ കടുപ്പമാക്കി. സ്മിത്തിനെ (17) മൂന്നാം ഓവറില്‍ തന്നെ നഷ്ടമായി. പിന്നീട് മൈക്ക് ഹസിക്കൊപ്പം ഡുപ്ളിസിസ് ചെന്നൈയെ മുന്നോട്ടു നയിച്ചു. എന്നാല്‍ യുവസ്പിന്നര്‍ യോഷ്വേന്ദ്ര ചഹാലിന്റെ തകര്‍പ്പന്‍ ബോളിംഗ് ബാംഗളൂരിനെ വീണ്ടും കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഡുപ്ളിസിസിനെയും (21) റെയ്നയെയും (പൂജ്യം) രണ്ടു പന്തിന്റെ വ്യത്യാസത്തില്‍ പുറത്താക്കിയതോടെ കോഹ്ലിയും കൂട്ടരും ജയപ്രതീക്ഷയിലായി. എന്നാല്‍, ഹസി ആദ്യമായി ഫോമിലായതോടെ ചെന്നൈ ജയത്തോടടുത്തു. 108ല്‍ വച്ച് 56 റണ്‍സെടുത്ത ഹസി പുറത്തായെങ്കിലും ചെന്നൈ ജയത്തോടെ ഫൈനലിലേക്കു കുതിച്ചു.


സ്കോര്‍ബോര്‍ഡ്

ബാംഗളൂര്‍ ബാറ്റിംഗ്

ഗെയ്ല്‍ സിആന്‍ഡ്ബി റെയ്ന 41, കോഹ്ലി സി ശര്‍മ ബി നെഹ്റ 12, ഡിവില്യേഴ്സ് എല്‍ബിഡബ്ള്യു നെഹ്റ ഒന്ന്, മന്‍ദീപ് സി ഹസി, ബി അശ്വിന്‍ 4, കാര്‍ത്തിക് സി ശര്‍മ ബി നെഹ്റ 28, സര്‍ഫ്രസ് സി നെഗി ബി ബ്രാവോ 31, വൈസ് സി ബ്രാവോ ബി ശര്‍മ 12, ഹര്‍ഷല്‍ പട്ടേല്‍ റണ്ണൌട്ട് 2, സ്റാര്‍ക്ക് നോട്ടൌട്ട് 1, അരവിന്ദ് നോട്ടൌട്ട് പൂജ്യം ആകെ 20 ഓവറില്‍ എട്ടിന് 139

ബൌളിംഗ്

നെഹ്റ 4-0-28-3, അശ്വിന്‍ 4-0-13-1, മോഹിത് 4-0-22-1, റെയ്ന 3-0-36-1, ബ്രാവോ 3-0-21-1, നെഗി 1-0-4-0, ജഡേജ 1-0-13-0

ചെന്നൈ ബാറ്റിംഗ്

സ്മിത്ത് സി സ്റ്റാര്‍ക്ക് ബി അരവിന്ദ് 17, ഹസി സി പട്ടേല്‍ ബി വൈസ് 56, ഡുപ്ളിസിസ് ബി ചഹാല്‍ 21, റെയ്ന സി വൈസ് ബി ചഹാല്‍ പൂജ്യം ധോണി സി കാര്‍ത്തിക് ബി പട്ടേല്‍ 26, നേഗി റണ്ണൌട്ട് 12, ബ്രാവോ ബി സ്റ്റാര്‍ക്ക് പൂജ്യം, ജഡേജ നോട്ടൌട്ട് പൂജ്യം, അശ്വിന്‍ നോട്ടൌട്ട് പൂജ്യം ആകെ 19.5 ഓവറില്‍ ഏഴിന് 140.

ബൌളിംഗ് സ്റ്റാര്‍ക്ക് 4-0-27-1, അരവിന്ദ് 4-0-25-1, ഹര്‍ഷല്‍ 3.5-0-26-1, വൈസ് 4-0-30-0, ചഹാല്‍ 4-0-28-2

നിര്‍ണായകമായതു നെഹ്റയുടെ നാല് ഓവര്‍

റാഞ്ചി: ആശിഷ് നെഹ്റയായിരുന്നു ഇന്നലെ റാഞ്ചിയിലെ താരം. നാല് ഓവറില്‍ വെറും 28 റണ്‍സ് വഴങ്ങി മൂന്നു നിര്‍ണായകവിക്കറ്റുകളാണ് ഈ വെറ്ററന്‍ താരം പിഴുതത്.

ക്രിസ് ഗെയ്ലും നായകന്‍ വിരാട് കോഹ്ലിയും ബാംഗളൂരിനു തകര്‍പ്പന്‍ തുടക്കം നല്കുന്നുവെന്നു തോന്നിച്ച നിമിഷത്തിലായിരുന്നു നെഹ്റ ആഞ്ഞടിച്ചത്. ആദ്യം കോഹ്ലിയെ വീഴ്ത്തി. ആ ഓവറില്‍ തന്നെ ഡിവില്യേഴ്സും വീണു. അമ്പയറുടെ തെറ്റായ തീരുമാനമായിരുന്നെങ്കിലും മാര്‍ക്ക് നെഹ്റയ്ക്കു തന്നെ. അതോടെ ബാംഗളൂരിന്റെ പ ത്തി താഴുകയും ചെയ്തു. ദിനേഷ് കാര്‍ത്തിക് ബാംഗളൂരിനെ കരകയറ്റുമെന്നു തോന്നിച്ച നിമിഷം ധോണി വീണ്ടും തന്റെ വിശ്വസ്തനെ വിളിച്ചു. വിശ്വാസം പാഴായില്ല. താഴ്ന്നുവന്ന ഫുള്‍ടോസില്‍ കാര്‍ത്തിക് പുറത്ത്.

സീസണ്‍ എട്ടിലെ വിക്കറ്റ് വേട്ടക്കാരില്‍ സഹതാരം ബ്രാവോയ്ക്കു പിന്നില്‍ രണ്ടാമനാണ് നെഹ്റ. നല്ല പ്രായം പിന്നിട്ടെങ്കിലും വീര്യം ചോര്‍ന്നിട്ടില്ലെന്നു തെളിയിക്കാന്‍ ഈ ഡല്‍ഹിക്കാരനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.