കങ്കാരു ചാട്ടം തുടരും...
കങ്കാരു ചാട്ടം തുടരും...
Tuesday, March 31, 2015 11:07 PM IST
സി.കെ. രാജേഷ്കുമാര്‍

ലോകകായിക രംഗത്തു മഞ്ഞക്കടല്‍ എന്നത് ഒരു അലങ്കാരമാണ്. മഞ്ഞയില്‍ക്കുളിച്ച സ്റേഡിയങ്ങള്‍ കായികപ്രേമികളുടെ ഏറ്റവും വലിയ ആനന്ദവും. ബ്രസീലിയന്‍ ഫുട്ബോള്‍ ടീമിനെയും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെയും എന്തിന്, നമ്മുടെ കേരള ബ്ളാസ്റ്റേഴ്സിനെപ്പോലും ഏറ്റവും നന്നായി വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നത് ഈ പ്രയോഗം തന്നെയാണ്. എന്നാല്‍, മഞ്ഞപ്പട എന്നത് അഴകാകുന്നത് ബ്രസീലിയന്‍ ഫുട്ബോള്‍ ടീമിനെ വിശേഷിപ്പിക്കുമ്പോഴാണ്.

ക്രിക്കറ്റില്‍ ഓസ്ട്രേലിയയാണ് യഥാര്‍ഥ മഞ്ഞപ്പട, എല്ലാ അര്‍ഥത്തിലും. ഫുട്ബോളിലെ ബ്രസീലുമായി ചില താരതമ്യങ്ങളും ക്രിക്കറ്റിലെ ഓസ്ട്രേലിയയ്ക്കു സാധ്യമാണ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കി അഞ്ചു തവണ വീതം ലോക കിരീടം ചൂടിയവരാണ് ബ്രസീലും ഓസ്ട്രേലിയയും. അതുപോലെതന്നെ അഞ്ചു ഭൂഖണ്ഡങ്ങളിലും കിരീടം ചൂടിയ ടീമെന്ന പ്രത്യേകതയും ഇരുടീമിനും അവകാശപ്പെടാം. ഫുട്ബോളില്‍ എത്രത്തോളം അപ്രമാദിത്വം ബ്രസീലിനുണ്േടാ അതുപോലെയാണ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്കുമുള്ളത്.

ഉയിര്‍ത്തെഴുന്നേല്പ്

ലോകക്രിക്കറ്റില്‍ ഒന്നരപ്പതിറ്റാണ്േടാളം വിരാജിച്ച ടീമായിരുന്നു ഓസ്ട്രേലിയ. അവരുടെ തീവ്രപ്രഭയ്ക്കു മങ്ങലേല്പിച്ച് 2011ല്‍ ഇന്ത്യ ഏകദിന രാജാക്കന്മാരായി. സ്റ്റീവ് വോ, ആദം ഗില്‍ക്രിസ്റ്, ഷെയ്ന്‍ വോണ്‍, ഗ്ളെന്‍ മക്ഗ്രാത്ത് തുടങ്ങിയ അതികായരുടെ കാലം അപ്പോഴേക്കും അസ്തമിച്ചിരുന്നു. അതുകൊണ്ടുതന്നെ പഴയ പ്രതാപത്തിലേക്ക് അത്രവേഗം മടങ്ങിയെത്തുക ഏതൊരു ടീമിനെ സംബന്ധിച്ചും ബുദ്ധിമുട്ടാണ്. അവര്‍ കാത്തിരുന്നു, വീണ്ടുമൊരു നാലു വര്‍ഷം കൂടി. ഈ കാലയളവില്‍ പുതിയ ഒരു ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍. വലിയ അവകാശവാദങ്ങളോ ഒന്നും ഇല്ലാതെ ക്രിക്കറ്റ് ഓസ്ട്രേലിയ പുതിയ താരോദയങ്ങള്‍ തേടുകയായിരുന്നു. കണ്െടത്തിയവരെ രാകിമിനുക്കി. ഇപ്പോഴിതാ അവരുടെ ഏറ്റവും മികച്ച ആവിഷ്കാരം ലോകകപ്പ് വേദിയില്‍ത്തന്നെയായി. താരങ്ങള്‍ക്കപ്പുറം ടീമെന്ന നിലയില്‍ കളിക്കുന്ന ഓസ്ട്രേലിയ പുതിയ യുഗത്തിലും അതുതന്നെ തുടരുന്നു.

1999ലും 2003ലും 2007ലും തുടര്‍ച്ചയായി കിരീടം അവരുടെ ഷോക്കേസിലെത്തിയപ്പോള്‍ ക്രിക്കറ്റിനു പര്യായം ഓസ്ട്രേലിയ എന്നായി. എന്നാല്‍, 2011ല്‍ ധോണിയും സംഘവും അതിനൊരു മാറ്റം വരുത്തി. ഒരു പതിപ്പിന്റെ ഇടവേളയ്ക്കുശേഷം ഓസ്ട്രേലിയ വീണ്ടും കിരീടം തിരിച്ചുപിടിക്കുമ്പോള്‍ ക്രിക്കറ്റ് ലോകകപ്പ്് കിരീടം വീണ്ടും ഓസ്ട്രേലിയയിലേക്കു ചുരുങ്ങുകയാണോ?

യുവ ഓസ്ട്രേലിയ പോരാട്ടം തുടങ്ങുകയാണ്, ശുഭകരമായ വിജയപ്രഖ്യാപനത്തോടെ.
1987ല്‍ അലന്‍ ബോര്‍ഡറുടെ നേതൃത്വത്തില്‍ ഓസീസ് കിരീടം നേടിയപ്പോള്‍ മാത്രമാണ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്ക് എതിരാളികള്‍ അല്പമെങ്കിലും വെല്ലുവിളിയുയര്‍ത്തിയത്. ഇംഗ്ളണ്ടായിരുന്നു ഓസീസിന്റെ എതിരാളികള്‍.

1999 മുതലുള്ള മൂന്നു പതിപ്പിലും ഇപ്പോള്‍ 2015ലും എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഓസ്ട്രേലിയ പുറത്തെടുത്തത്. തികഞ്ഞ പ്രഫഷണലിസമാണ് ഓസ്ട്രേലിയയുടെ മുഖമുദ്ര. ഓരോ പന്തിലും നുരയുന്ന ആവേശം ഓരോ ഷോട്ടിലും ഓരോ ക്യാച്ചിലും നിറയും. അതുകൊണ്ടുതന്നെ ടീം സ്്പിരിറ്റിനും ഓസീസ് തന്നെ മുമ്പര്‍. അഞ്ചു കിരീടങ്ങള്‍, ഏഴു ഫൈനല്‍. ഓസ്ട്രേലിയ തുടരുകയാണ്.

ലോകകപ്പിലേക്ക്

1992ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ സെമിയില്‍ കടക്കാന്‍ പോലും ഓസ്ട്രേലിയയ്ക്കായില്ല. —അതിനു പ്രായശ്ചിത്തം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു ലോകകപ്പിനു മുമ്പുള്ള മൂന്നു മാസക്കാലം. ഇന്ത്യയെ സ്വന്തം നാട്ടില്‍ വിളിച്ചുവരുത്തി ഒട്ടുമിക്ക മത്സരങ്ങളിലും നാണംകെടുത്തി. അതൊരു തുടക്കമായിരുന്നു. ഇതിനിടെ, ജോര്‍ജ് ബെയ്ലിയെ മാറ്റി മൈക്കിള്‍ ക്ളാര്‍ക്കിനെ നായകനാക്കി. പരിക്കായിരുന്നു ക്ളാര്‍ക്കിനെ അകറ്റിനിര്‍ത്തിയത്.


ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ പരമ്പരാഗത വൈരികളായ ഇംഗ്ളണ്ടിനെ 111 റണ്‍സിനു തുരത്തി തുടങ്ങിയ ജൈത്രയാത്ര ലോകകിരീടത്തില്‍ മുത്തമിട്ടാണ് അവസാനിപ്പിച്ചത്. ഇതിനിടെ ഒരു തവണ മാത്രം പരാജയപ്പെട്ടു. ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരേ. ബംഗ്ളാദേശിനെതിരായ മത്സരം മഴ മൂലം മുടങ്ങി. ഒമ്പതു മത്സരം, ഏഴു വിജയം, ഒരു പരാജയം, ഒരു മത്സരം മുടങ്ങി. ഇതാണ് ലോകകപ്പില്‍ ഓസ്ട്രേലിയന്‍ പ്രകടനത്തിന്റെ സംക്ഷിപ്തം.

ഏവരും കൊതിച്ചിരുന്നു, ന്യൂസിലന്‍ഡിന്റെ വിജയം. എന്നാല്‍, ഫൈനലില്‍ മികച്ച രീതിയില്‍ കളിക്കാന്‍ ക്രിക്കറ്റില്‍ ഓസ്ട്രേലിയയെപ്പോലെ മറ്റൊരു ടീമില്ല. ടോസ് നഷ്ടപ്പെട്ടപ്പോള്‍ കിവീസ് പകുതി ജയിച്ചു എന്നാണ് പലരും കണക്കു കൂട്ടിയത്. എന്നാല്‍, മൈക്കിള്‍ ക്ളാര്‍ക്കും കൂട്ടരും കണക്കുകൂട്ടിയത് മറിച്ചായിരുന്നു. ഞങ്ങള്‍ ജയിക്കും. അതിനുള്ള ഏറ്റവും മികച്ച തുടക്കമായിരുന്നു, മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ പന്ത് നല്‍കിയത്. ഇന്നിംഗ്സിലെ അഞ്ചാമത്തെ പന്തില്‍ത്തന്നെ കിവീസ് നിരയിലെ ഏറ്റവും അപകടകാരിയായ ബ്രണ്ടന്‍ മക്കല്ലം പുറത്ത്. യഥാര്‍ഥത്തില്‍ അവിടെ കിവികളുടെ ചിറകറ്റു, അവര്‍ പാതി തോറ്റു. പിന്നീടെല്ലാം ചടങ്ങുമാത്രമായി. അതിനിടെ, എലിയട്ടും റോസ് ടെയ്ലറും നടത്തിയ പോരാട്ടം മികച്ച ഫലമുണ്ടാക്കാന്‍ പോകുന്നതായില്ല.

184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയയ്ക്ക് തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായെങ്കിലും ഡേവിഡ് വാര്‍ണറും മൈക്കിള്‍ ക്ളാര്‍ക്കും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് ഓസ്ട്രേലിയയ്ക്ക് അനായാസ വിജയം സമ്മാനിച്ചു.

ഓസീസ് ക്രിക്കറ്റില്‍ പുതുയുഗം പിറക്കുമ്പോള്‍ ആ ടീമിനെ നയിക്കാന്‍ നിരവധി താരങ്ങളുണ്ട്. സ്റ്റീവന്‍ സ്മിത്തും ഗ്ളെന്‍ മാക്സ്വെലും ഡേവിഡ് വാര്‍ണറും ജയിംസ് ഫോക്നറും മിച്ചല്‍ സ്റ്റാര്‍ക്കുമൊക്കെ അമരത്തുനില്‍ക്കുന്നു.

ഇനിയും കുറേക്കാലം കൂടി മികച്ച ഫോമില്‍ തുടരാമെന്നിരിക്കേ മൈക്കിള്‍ ക്ളാര്‍ക്ക് ഏകദിന ക്രിക്കറ്റില്‍നിന്നു വിരമിച്ചതുമാത്രമാണ് അവരുടെ സങ്കടം. ഇതിഹാസതാരങ്ങളായ മറ്റേത് ഓസീസ് താരത്തെയും പോലെ ഫോമിന്റെ പരകോടിയില്‍നില്‍ക്കുമ്പോള്‍ ക്ളാര്‍ക്കും അരങ്ങൊഴിഞ്ഞു. ക്ളാര്‍ക്കിന്റെ അഭാവം ഒരിക്കലും ഈ ടീമിനെ ബാധിക്കില്ല എന്നു നിസംശയം പറയാം. കാരണം ഏതെങ്കിലും വ്യക്തിയെ കേന്ദ്രീകരിച്ചല്ല ഓസ്ട്രേലിയയുടെ പ്രയാണം.

ഓസീസ് മാത്രം

ഈ ലോകകപ്പിന്റെ കണക്കെടുപ്പിലും ഒട്ടുമിക്ക മേഖലയിലും ഓസീസ് തന്നെയാണ് തിളങ്ങിനില്‍ക്കുന്നത്. ഈ ലോകകപ്പിലെ ഏറ്റവും ഉര്‍ന്ന സ്കോര്‍ അഫ്ഗാനിസ്ഥാനെതിരേ പെര്‍ത്തില്‍ അവര്‍ നേടിയ ആറിന് 417 ആണ്. മാന്‍ ഓഫ് ദ ടൂര്‍ണമെന്റായ മിച്ചല്‍ സ്റാര്‍ക്കിന്റെ പേരിലാണ് മികച്ച ബൌളിംഗ് പ്രകടനവും കൂടുതല്‍ വിക്കറ്റ് നേടിയെന്ന നേട്ടവും. ഗ്ളെന്‍ മാക്സ് വെല്‍ ശ്രീലങ്കയ്ക്കെതിരേ നടത്തിയ അസാമാന്യ പ്രകടനം മറക്കാനാകില്ല. അവസാനം ക്ളാര്‍ക്കിന്റെ വീരോചിത വിടവാങ്ങലും. ഈ ലോകകപ്പില്‍ അവര്‍ക്കു നിരാശ നല്‍കിയത് ഷെയ്ന്‍ വാട്സന്റെ പ്രകടനമാണ്. ബാറ്റിംഗില്‍ മോശമായി എന്നു മാത്രമല്ല, പാക് താരം വഹാബ് റിയാസുമായി വാഗ്വാദത്തിലേര്‍പ്പെട്ടതും നാണക്കേടായി.

എന്തായാലും അടുത്ത ലോകകപ്പിനായി ഇംഗ്ളണ്ടിലെത്തുമ്പോള്‍ സ്റ്റീവന്‍ സ്മിത്തിന്റെ നേതൃത്വത്തിലുള്ള ഓസീസ് ടീം ഇപ്പോഴത്തേക്കാള്‍ കരുത്താര്‍ജിക്കുമെന്നു കരുതാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.