കേരളം തോറ്റു, ബംഗാളിനു ജയം
Friday, March 6, 2015 10:39 PM IST
ജലന്തര്‍: മികച്ച പ്രകടനം കാഴ്ചവച്ച കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൌണ്ടിലെ രണ്ടാമത്തെ മത്സരത്തില്‍ മിസോറാമിനോട് ഒരു ഗോളിനു തോറ്റു. 62-ാം മിനിറ്റില്‍ മിസോറാമിന്റെ ലാല്‍റിന്‍പ്യൂയ ആണ് വിജയ ഗോള്‍ നേടിയത്. ആദ്യകളിയില്‍ ഗോവയോടു ജയിച്ച കേരളം മിസോറാമിനെതിരേ ഇന്നലെ തുടര്‍ച്ചയായ രണ്ടാം ജയം നേടുമെന്നു തോന്നിപ്പിച്ചെങ്കിലും മിസോറാമിന്റെ അപ്രതീക്ഷിതമായ മുന്നേറ്റത്തില്‍ ഒരു ഗോളിനു പരാജയപ്പെടുകയായിരുന്നു. ഇതോടെ ബി ഗ്രൂപ്പില്‍ കേരളത്തിനു സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ അടുത്ത രണ്ടു മത്സരങ്ങളും ജയിച്ചേ മതിയാകൂ. ബി ഗ്രൂപ്പില്‍ രണ്ടു മത്സരങ്ങളില്‍നിന്ന് ആറു പോയിന്റുമായി നിലവിലെ ജേതാക്കളായ മിസോറാം ആണ് മുന്നില്‍. ലുധിയാനയില്‍ നടന്ന എ ഗ്രൂപ്പിലെ മത്സരത്തില്‍ ബംഗാള്‍ ഒന്നിനെതിരേ രണ്ടു ഗോളിനു മഹാരാഷ്്ട്രയെ തോല്‍പ്പിച്ചു.

ജലന്തറിലെ ഗുരു ഗോബിന്ദ് സിംഗ് സ്റേഡിയത്തില്‍ കേരളവും മിസോറാമും തമ്മിലുള്ള മത്സരം അത്യന്തം ആവേശകരമായിരുന്നു. നേരിയ മഴ വകവയ്ക്കാതെ മിസോറമിനെതിരേ ഉജ്വല പ്രകടനം കാഴ്ചവച്ച കേരളം ഗോള്‍ നേടുന്നതില്‍ പിറകോട്ടു പോവുകയായിരുന്നു. ഗോളാകുമായിരുന്ന നാലു തുറന്ന അവസരങ്ങളാണ് കേരളത്തിന്റെ യുവനിര പാഴാക്കിയത്. നസ്റുദീന്‍, സുഹൈര്‍, രാഹുല്‍രാജ്, ജിജോ ജോസഫ് എന്നിവരുടെ ഗോള്‍ ശ്രമങ്ങള്‍ ഓരോന്നായി പാഴാവുകയായിരുന്നു. മിസോറാമും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും കേരളത്തിനായിരുന്നു കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. എന്നാല്‍ ഫിനിഷിംഗിലെ പോരായ്മയാണ് കേരളത്തിനു വിനയായത്. ഇന്നു എ ഗ്രൂപ്പില്‍ ആസാം സര്‍വീസസും തമ്മിലും ബി ഗ്രൂപ്പില്‍ ഗോവയും ഡല്‍ഹിയും തമ്മിലും ഏറ്റുമുട്ടും. കേരളത്തിന്റെ അടുത്ത മത്സരങ്ങള്‍ എട്ടിനു ഡല്‍ഹിയുമായും പത്തിനു റെയില്‍വേസുമായാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.