കേരളത്തെ ക്രിക്കറ്റ് സംസ്ഥാനമാക്കി മാറ്റും: ടി.സി. മാത്യു
കേരളത്തെ ക്രിക്കറ്റ് സംസ്ഥാനമാക്കി മാറ്റും: ടി.സി. മാത്യു
Wednesday, March 4, 2015 10:40 PM IST
കൊച്ചി: അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ കേരളത്തെ രാജ്യത്തെ മികച്ച ക്രിക്കറ്റ് സംസ്ഥാനമാക്കി മാറ്റുകയാണു ലക്ഷ്യമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി.സി. മാത്യു. പുതിയ സ്ഥാനം ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നുണ്ട്. ഈ സ്ഥാനം കേരളത്തിനു ഗുണകരമാക്കാന്‍ ശ്രമിക്കുമെന്നും എറണാകുളം പ്രസ് ക്ളബ്ബിന്റെ മീറ്റ് ദ പ്രസില്‍ അദ്ദേഹം പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പ്രതികൂല സാഹചര്യങ്ങള്‍ തടസം സൃഷ്ടിക്കുന്നു. സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൂര്‍ണ പിന്തുണയുണ്െടങ്കില്‍ പത്തു വര്‍ഷത്തിനകം മെച്ചപ്പെട്ട ക്രിക്കറ്റ് സംസ്ഥാനമായി കേരളത്തെ മാറ്റാമെന്ന വിശ്വാസമുണ്ട്. അതിനു ക്രിക്കറ്റിനോടുള്ള പ്രയോഗിക സമീപനത്തില്‍ മാറ്റമുണ്ടാകേണ്ടതുണ്ട്. സ്കൂളുകളിലും കോളജുകളിലും മറ്റു കായിക ഇനങ്ങളെ പോലെ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ക്രിക്കറ്റ് കളിച്ചു വന്നവര്‍ കായിക അധ്യാപകരായി ഇല്ലാത്തതാണ് ഇതിനു കാരണം. ഇതിനു പുറമെ കളിസ്ഥലങ്ങള്‍ക്കും പരിമിതിയുണ്ട്. ക്രിക്കറ്റിനു പറ്റിയ കാലാവസ്ഥയല്ല കേരളത്തിലേത്. ഇത്തരം പ്രശ്നങ്ങള്‍ കുറച്ചുകൊണ്ടുവരണം. അതിനായുള്ള ശ്രമങ്ങളാണ് കെസിഎ നടത്തുന്നത്.

കൊച്ചിയില്‍ രാജ്യാന്തര സ്പോര്‍ട്സ് കോംപ്ളക്സ് കെസിഎയുടെ സ്വപ്ന പദ്ധതിയാണ്. എല്ലാ കായിക ഇനങ്ങള്‍ക്കും വേണ്ടിയുള്ളതായിരിക്കും ഇത്. സ്റേഡിയത്തിനു വേണ്ട ഭൌതിക സൌകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിത്തന്നാല്‍ കെസിഎ സ്വന്തം ചെലവില്‍ നിര്‍മിക്കാന്‍ സന്നദ്ധമാണ്. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകള്‍ നടന്ന കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റേഡിയം ക്രിക്കറ്റിനു മാത്രമായി വിട്ടുനല്‍കിയാല്‍ സ്റേഡിയത്തിന്റെ അറ്റകുറ്റപണി ഉള്‍പ്പെടെയുള്ളവ ഏറ്റെടുക്കാന്‍ തയാറാണ്. സര്‍ക്കാര്‍ നികുതി ഇളവ് അനുവദിച്ചാല്‍ ഈ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് ക്വാളിഫയര്‍ അടക്കമുള്ള കൂടുതല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കൊച്ചിയില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ദേശീയ ഗെയിംസ് കേരളം വളരെ ഭംഗിയായാണു നടത്തിയത്. ഇതേക്കുറിച്ചുണ്ടായ വിവാദങ്ങള്‍ അനാവശ്യമായിരുന്നു. അനാവശ്യ വിവാദങ്ങളാണ് മറ്റു മേഖലകളിലുമെന്നപോലെ കായിക രംഗത്തെയും വികസനം മുടക്കുന്നത്. കേരളത്തിനു പുതിയ കായിക നയം ഉണ്ടാവേണ്ടതുണ്ട്.

ഇതേകുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും സംസാരിച്ചിട്ടുണ്ട്. അനൂകൂലമായ സമീപനമാണ് ഇരുവരില്‍ നിന്നുണ്ടായത്.

ഐപിഎല്‍ കേസില്‍ കോടതിയില്‍നിന്ന് അനുകൂല വിധി വന്നാല്‍ ശ്രീശാന്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു തിരികെ എത്താനുള്ള എല്ലാ സഹായവും ചെയ്തുനല്‍കും. സഞ്ജു സാംസണ്‍ ദേശീയ ടീമിലേക്കു വരാനുള്ള സാധ്യത വിദൂരത്തല്ല. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാനാകാത്തതാണ് സഞ്ജുവിനു തടസമാകുന്നത്. സച്ചിനെപോലുള്ള ലോകോത്തര താരങ്ങളുടെ വരെ പ്രശംസ നേടാനായ താരമാണ് സഞ്ജുവെന്നും ടി.സി. മാത്യു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.